ട്വിങ്കിള്‍ റോസയും  പന്ത്രണ്ട് കാമുകന്‍മാരും, സംവിധായകന്‍ വേണുവിന്റെ വായനാനുഭവം

By Pusthakappuzha Book Shelf  |  First Published Apr 30, 2020, 4:49 PM IST

പുസ്തകപ്പുഴയില്‍ ഇന്ന് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്‍മാരും' എന്ന കഥാസമാഹാരം. അതിലെ 'ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്‍മാരും' എന്ന കഥയുടെ വായനാനുഭവം. ഛായാഗ്രാഹകനും സംവിധായകനുമായ വേണു എഴുതുന്നു.


പുസ്തകപ്പുഴയില്‍ ഇന്ന് ജി ആര്‍ ഇന്ദുഗോപന്‍ എഴുതിയ 'ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്‍മാരും' എന്ന കഥാസമാഹാരം. അതിലെ 'ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്‍മാരും' എന്ന കഥയുടെ വായനാനുഭവം. ഛായാഗ്രാഹകനും സംവിധായകനുമായ വേണു എഴുതുന്നു. ഡി സി ബുക്‌സാണ് 'ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്‍മാരും' പ്രസിദ്ധീകരിച്ചത്. 

 

Latest Videos

undefined

 

കായലില്‍നിന്നൊരു കാറ്റു കേറിവന്നു. 
വല വിരിച്ചപോലെ അവളുടെ മുടി ഉയര്‍ന്നുപടര്‍ന്നു. 
മുറ്റത്തെ ചെമ്പരത്തിമൊട്ടെല്ലാം ഒന്നനങ്ങി 
ഒന്നൂടൊന്നു വിടര്‍ന്നു

ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്‍മാരും
-ജി. ആര്‍. ഇന്ദുഗോപന്‍

 

പലതരം നിലാവുകളും അതിനെല്ലാം വെവ്വേറെ വിളിപ്പേരുകളും ഉള്ള ലോകമാണ് ജി.ആര്‍. ഇന്ദുഗോപന്റെ പുണ്യാളന്‍ ദ്വീപ്. ട്വിങ്കിള്‍ റോസയുടെ മനസ്സമ്മതത്തിന്റെ തലേന്നു രാത്രി പശപ്പറ്റ് എന്ന ഒരിനം ചാരനിലാവ് കായലിനു മീതേ നീങ്ങിക്കൊണ്ടിരിക്കുകയായിരുന്നു എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. അവിടെ സൂര്യവെളിച്ചത്തില്‍ മാത്രമല്ല നിലാവിലും മഴവില്ല് തെളിയും. അപ്പോള്‍ കായലില്‍ അതിന്റെ ഏഴു നിറം പടരും. ഓളത്തില്‍ അതിന്റെ പ്രതിബിംബം പതിനാല് നിറങ്ങളായി സഞ്ചരിക്കും. നേരില്‍ കാണാതെതന്നെ ട്വിങ്കിള്‍ റോസയ്ക്ക് ഇതെല്ലാം നേരത്തേ അറിയാമായിരുന്നു. എല്ലാം നേരിട്ട് കാണാനാണ് അവള്‍ പുണ്യാളന്‍ ദ്വീപുകാരന്‍ ടെറിയെ കെട്ടി ഇങ്ങോട്ടു വന്നത്. അമാവാസിക്ക് ശാസ്താംകോട്ട കായലിനു കലങ്ങിയ വയലറ്റുനിറമായിരിക്കും എന്നും ആര്‍നോള്‍ഡ് വാവ മാലാഖയല്ലെന്നും ടെറിയുടെ കസിനാണെന്നും അങ്ങനെയാണ് അവളറിഞ്ഞത്. ആര്‍നോള്‍ഡ് വാവ, തന്നെ പിന്തുടരുന്ന നീര്‍നായ്ക്കളെ ഭയന്നു കായലില്‍ നീന്തി മുങ്ങിമരിച്ച കഥ പറയുമ്പോഴും ടെറിക്ക് നീര്‍നായ്ക്കളോടു വിരോധമില്ല.

''ഇതെന്തോന്ന് കൈ നിറയെ പാട്?'' അവള്‍ ചോദിച്ചു.

''നീര്‍നായ്ക്കളു കടിക്കുന്നതാ. നമ്മളു ലാളിക്കാനാ ചെല്ലുന്നതെന്ന് അതുങ്ങള്‍ക്ക് അറിഞ്ഞൂടല്ലോ. ഇണങ്ങുന്നതുണ്ട്. ഇവിടെ കേറിവരാറുണ്ട്; എന്നെത്തിരക്കി. ചിലതിനെ വിശ്വസിക്കാന്‍ ഒക്കത്തില്ല. അതുകൊണ്ട് പാള കാലിന്റെടയിലൂടെ വച്ചു കയറുകൊണ്ട് അരയില്‍ കെട്ടും.''

''അതെന്തിനാ...''

''വിശ്വസിക്കാനൊക്കത്തില്ലെന്നു പറഞ്ഞില്ലേ.'' 

അവള്‍ അവന്റെ നെഞ്ചത്തു കിടന്ന് കുലുങ്ങിച്ചിരിച്ചു.

അവന്‍ പറഞ്ഞു: ''നീര്‍നായുടെ എറച്ചി ഭയങ്കര ടേസ്റ്റാ. പക്ഷേ, ഞാനതിനെ ഒന്നും ചെയ്യത്തില്ല. തോന്നത്തില്ല.''

''കിട്ടിയാ ഞാന്‍ കഴിക്കും'' അവള്‍ പറഞ്ഞു.

''ഓ, വേണ്ടെടീ... പാവമാ...''

''ഞാന്‍ പക്ഷേ, ഭയങ്കര ലിബറലാ ടെറിച്ചാ...'' അവള്‍ പറഞ്ഞു.

അതു ശരിയാണ്. ലോകത്ത് എന്താണ് പൊളിറ്റിക്കലി കറക്റ്റ്, എന്താണ് അല്ലാത്തത് എന്ന് ഒരുപാട് അരിച്ചുപെറുക്കി നോക്കിയാല്‍ പലപ്പോഴും മിച്ചം കാണുന്നത് വിരസമായ ചില സ്ഥിരം ഉരുവിടലുകള്‍ മാത്രമായിരിക്കും. നീര്‍നായുടെ ഇറച്ചിയുടെ രുചി എന്ന വിഷയം പ്രകൃതിയെ സ്‌നേഹിക്കുന്നവര്‍ സംസാരിക്കണ്ട വിഷയമല്ല. അത് പൊളിറ്റിക്കലി ഇന്‍കറക്റ്റ് ആണ്. എന്നാല്‍ ട്വിങ്കിള്‍ റോസയ്ക്ക് മനുഷ്യന്റെ ശരാശരി സമവാക്യങ്ങള്‍ ബാധകമല്ല. അവള്‍ ലിബറലാണ്. വേറേ ലെവലാണ്...

''എന്റെ സ്വപ്നത്തിന് പല നിലയുണ്ട് ഹാരോച്ചാ. പക്ഷേ, എനിക്ക് താഴത്തെ നിലയാ ഇഷ്ടം.''

എന്നു പറഞ്ഞ് പൊട്ടിച്ചിരിക്കുന്ന ട്വിങ്കിള്‍ റോസ മഞ്ഞക്കക്കാ വാരാന്‍ കായലിന്റെ എറ്റവും താഴത്തെ നിലയിലേക്ക് ടെറിയോടൊപ്പം ആദ്യമായി മുങ്ങുമ്പോള്‍ അടിത്തട്ടില്‍ കണ്ടത് ഇതാണെന്ന് ഇന്ദുഗോപന്‍ പറയുന്നു.

കായലിന്റെ വെളുത്ത മണല്‍ത്തട്ടിലൂടെ മാര്‍ദവമുള്ള പേശികള്‍ കാലുകളാക്കി തത്തിത്തത്തി സഞ്ചരിക്കുന്ന മഞ്ഞക്കക്കകള്‍. ഒന്നും രണ്ടുമല്ല. ലക്ഷക്കണക്കിന്. അത്രയും നക്ഷത്രങ്ങള്‍ ചിമ്മിച്ചിമ്മിനില്‍ക്കുന്ന ആകാശംപോലെ കക്കാപ്പറ്റത്തിന്റെ അനങ്ങിയനങ്ങിയുള്ള യാത്ര.

 

...............................................

Read more: ജി. ആര്‍. ഇന്ദുഗോപന്‍ എഴുതിയ കഥ, ഉള്ളിക്കുപ്പം! 
...............................................

 

ഇതേ മഞ്ഞക്കക്കകള്‍ കാരണമാണ് തന്റെ പന്ത്രണ്ട് പൂര്‍വകാമുകന്‍മാര്‍ തന്നെത്തേടി ഇങ്ങാട്ടു വരാന്‍ പോകുന്നതെന്ന് അന്നേരം ട്വിങ്കിള്‍ റോസയ്ക്കറിയില്ലായിരുന്നു.

ട്വിങ്കിള്‍ റോസയുടെ അച്ഛന്‍ എഴുകോണ്‍ ദിവ്യദാസ് ഗാനമേള ഗായകനാണ്. മുടിയൊക്കെ നീട്ടിവളര്‍ത്തി താടിയൊക്കെ ഉള്ള ഒരു നിഷ്‌കളങ്കന്‍. ട്വിങ്കിളിന്റെയും ടെറിയുടെയും കല്യാണദിവസം വീട്ടില്‍ ചെറിയ ഒരു ഗാനമേള ഉണ്ടായിരുന്നു.

അസാധാരണമായ രചനാവൈഭവത്തോടെയാണ് ഇന്ദുഗോപന്‍ ഇവിടെ ഈ രംഗം ആവിഷ്‌കരിച്ചിരിക്കുന്നത്.

എഴുകോണ്‍ ദിവ്യദാസ് പാടിത്തുടങ്ങി: ''ഇടയകന്യകേ... പോരുകനീ...''

''ഒന്ന് മാറിയേ...'' ആരോ പറഞ്ഞു.

ഹാരോ ഒതുങ്ങിക്കൊടുത്തു. പെണ്ണും ചെറുക്കനും പുറത്തേക്കിറങ്ങുകയാണ്. മെല്ലെ ട്വിങ്കിള്‍ ടെറിയുടെ കയ്യില്‍ പിടിച്ചിട്ട് മെല്ലെപ്പറഞ്ഞു: ''നില്ല്. അപ്പന്‍ പാടിത്തീരട്ടെ.''

അവള്‍ക്കവളുടെ അപ്പനെ അറിയാം. കടുത്ത കലാകാരന്റെ മകളാണവള്‍.

 

..........................................................

'ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്‍മാരും' ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

 

പ്രകൃതിയുടെ പ്രതിരൂപമായി പ്രതിഷ്ഠിക്കപ്പെട്ട സ്ത്രീ പുതിയ കാഴ്ചയല്ല. എന്നാല്‍ ഇവിടെ കക്കയും കായലും നിലാവും നിലയില്ലാക്കയങ്ങളും കണ്ടലും ഞണ്ടുകളും പായല്‍ക്കൂനകളില്‍ അന്തിയുറങ്ങാനെത്തുന്ന ആളപ്പക്ഷികളും എല്ലാം ഒരാള്‍ക്കു വേണ്ടിയാണ് നിര്‍മിക്കപ്പെട്ടിട്ടുള്ളത്. അത് ട്വിങ്കിള്‍ റോസയാണ്. അവള്‍ ഒന്നിന്റെയും പ്രതിഛായയല്ല. അവളേപ്പോലെ മറ്റൊന്നില്ല. ആദ്യരാത്രിയില്‍ നിലാവ് കാണാനിറങ്ങിയ ട്വിങ്കിള്‍ റോസയുടെ കാലില്‍ മീന്‍കൊത്തിയ കഥ ഇന്ദുഗോപന്‍ 
പറയുന്നത് ഇങ്ങനെയാണ്: ''അവള്‍ വെള്ളത്തിലേക്ക് കാല്‍വച്ചു. വെള്ളിക്കൊലുസില്‍ പൂര്‍ണചന്ദ്രന്റെ പ്രകാശമാണ് ആദ്യം കയറി കൊത്തിയത്. പിന്നാലെ നൂറു നൂറു മീനുകള്‍ വന്ന് മുത്തിത്തുടങ്ങി. ആ തുരുത്തിന്റെ ചരിത്രത്തില്‍ ഇത്രയും സുന്ദരമായൊരു കാല്‍പാദം കണ്ടിട്ടില്ലെന്ന മട്ടില്‍ മീനുകള്‍ മല്‍സരിച്ചു. ഉമ്മകളുടെ ഉല്‍സവം. അവള്‍ കണ്ണടച്ചു. ആദ്യരാത്രി ഇത്രയും ഉമ്മകള്‍ കിട്ടിയ ഒരു പെണ്‍കുട്ടി ലോകത്തുണ്ടാവില്ലെന്ന് അവള്‍ക്കു തോന്നി.''

താനെന്നും ജീവിക്കാന്‍ ആഗ്രഹിച്ച പുണ്യാളന്‍ദ്വീപിലെ നിലാവ് മിന്നുന്ന കായലിന്റെ ആഴത്തിലേക്ക് ടെറിയുടെകൂടെ മുങ്ങുന്ന ട്വിങ്കിള്‍ റോസയെ നോക്കൂ. 'പിന്നീടവന്‍ ട്വിങ്കിളുമായി ചേര്‍ന്നു മുങ്ങി. അവളുടെ കൈയില്‍ കോരികയും വലയും കൊടുത്തു. അവളെക്കൊണ്ട് കക്കാ വാരിച്ചു. അപ്പോഴവന്റെ ചുണ്ടുകള്‍ അവളുടെ കഴുത്തിലായിരുന്നു. അവളപ്പോഴൊരു നെടുവീര്‍പ്പിട്ടു. അതിന്റെ കുമിളകള്‍ മുകളിലേക്കുയര്‍ന്നപ്പോള്‍ അതിന്റെ ചലനത്തിനു പിന്നാലെ ചെമ്മീന്‍കൂട്ടം ഹെലികോപ്ടര്‍ പൊന്തുംപോലെ ഉയര്‍ന്നു ചെന്നു.  

പ്രകൃതിയുടെ സൂക്ഷ്മഭാവങ്ങള്‍ നേരിട്ട് ശ്രദ്ധിക്കുന്നവര്‍ക്കുമാത്രം വിവരിക്കാന്‍ കഴിയുന്ന അസംഖ്യം ദൃശ്യങ്ങളും ശബ്ദങ്ങളും ഈ പുസ്തകത്തില്‍ ഉടനീളം കാണാം.
അതിരാവിലെ കണ്ടല്‍ക്കായലുകള്‍ നോക്കി നിന്ന ട്വിങ്കിള്‍ റോസ കണ്ട കാഴ്ച, ഇന്ദുഗോപന്‍ ചുരുക്കം ചില വാക്കുകളിലൂടെ വരച്ചു കാണിക്കുന്നതു നോക്കുക. ഈ വാക്കുകളുടെ ദൃശ്യവല്‍ക്കരണശേഷി വളരെ വലുതാണ്. ഇത്രയുംമാത്രമാണ് ഇന്ദുഗോപന്‍ പറയുന്നത്. 

അന്നേരം വെള്ളത്തിലൊരു ഓളപ്പെരുക്കം കണ്ടു. കണ്ടലീന്ന് കുറെ കിളി പറന്നു. ഒരു പ്രേതവള്ളം ആളില്ലാതെ അനങ്ങി വന്നു. വെള്ളത്തില്‍ ഒരു ഉടലും തലയും പൊന്തിവന്നു.

ഇവിടെപ്പറയുന്ന ഇതേ സ്ഥലംതന്നെ, കഥയുടെ മറ്റൊരു ഭാഗത്ത് പ്രതിപാദിക്കപ്പെടുന്ന രീതിയും രസാവഹമാണ്. ഇവിടെയും നീരീക്ഷണപാടവവും നേരിട്ടുള്ള അനുഭവം സമ്മാനിക്കുന്ന കൃത്യതയും ആണ് നോവലിസ്റ്റിനു സഹായമാകുന്നത്.

ഭയങ്കരമായി ടവര്‍ മാറി മാറി അടിക്കുന്ന ഏരിയായിലാണ് തുരുത്ത്. ചിലപ്പോ ശക്തികുളങ്ങര. ചിലപ്പോ നീണ്ടകര. ഇല്ലെങ്കില്‍ ചവറ സൗത്ത്. കാഞ്ഞാവെളി.
എല്ലാം കൃത്യമാണ്. ഡോള്‍ഫിന്‍ കാമുകനുമായി കായലില്‍ കെട്ടി മറയുന്ന ക്രിസ്റ്റീന പറയുന്നത് നോക്കൂ.

''എന്റെ കാമുകനാടീ...' അവള്‍ പറഞ്ഞു. മെല്ലെപ്പറഞ്ഞു: ''ആണാ. അതിനെന്റടുത്ത് ഭയങ്കര പ്രേമമാ. അതാ ഒറ്റയ്ക്കു വരുന്നത്...''

''അവനാളു മിടുക്കനാ. അവന്റെ പെണ്ടാട്ടിയെയും ഓങ്കുകളെയും (കുഞ്ഞു ഡോള്‍ഫിന്‍) കടലില്‍ അഷ്ടമുടിയുടെ വായില്‍ നീണ്ടകര പാലത്തിന്റടിയില്‍ കാത്തുനിര്‍ത്തിയിട്ടാ, ദാ ഇപ്പോ വരാമെന്നു പറഞ്ഞ് എന്നെത്തേടി വരുന്നത്....''

...വെള്ളത്തിലേക്കു ചാഞ്ഞ ഒരു കണ്ടല്‍മരത്തിന്റെ കൊമ്പില്‍ അവള്‍ കയറിയിരുന്നു. അതിന്റെ ആട്ടത്തില്‍ മരംമാത്രമല്ല, ആ കാടു മുഴുവന്‍ അനങ്ങി. കടല്‍ക്കാക്കകളും ചേരക്കോഴികളും ഒരുമിച്ച് പറന്നു.

ഇതാണ് ട്വിങ്കിള്‍ റോസയുടെ പുണ്യാളന്‍ ദ്വീപ്. ഇവിടെ യഥാര്‍ത്ഥമല്ലാത്തതൊന്നും ഇല്ല. ഇവിടുത്തെ സ്വപ്നങ്ങള്‍പോലും സത്യമാണ്. ആര്‍നോള്‍ഡ് വാവയും ഡോള്‍ഫിന്‍ കാമുകനും പ്രേതവള്ളവും പശപ്പറ്റും ശരിക്കുള്ളതാണ്. ട്വിങ്കിള്‍ റോസയും സത്യമാണ്.

 

'ട്വിങ്കിള്‍ റോസയും പന്ത്രണ്ട് കാമുകന്‍മാരും' ഓണ്‍ലൈന്‍ ആയി വാങ്ങാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യാം

....................................................

വാക്കുല്‍സവത്തില്‍ ഇതുവരെ പ്രസിദ്ധീകരിച്ച കവിതകളും കഥകളും നിരൂപണക്കുറിപ്പുകളും ഇവിടെ വായിക്കാം

click me!