ആബിദ് സൂർതിയുടെ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തില്‍ നിന്നുള്ള ഒരു ഭാഗം
മുംബൈയിലെ ദോംഗ്രിയില്‍ വളര്‍ന്ന രണ്ടു കുട്ടികളുടെ കഥയാണ് ആബിദ് സുര്‍തി എഴുതിയ 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകം. അതേ, കരിം ലാലയുടെയും, ഹാജി മസ്താന്റെയും, ദാവൂദ് ഇബ്രാഹിമിന്റെയും ഒക്കെ ഡോംഗ്രി. ആ കുട്ടികളിലൊരാൾ ഇഖ്ബാല്‍ റുപാനി. മറ്റേയാള്‍ ആബിദ് സൂർതി
അഴിമതിക്കാരനായ ഒരു പൊലീസുദ്യോഗസ്ഥന്റെ സഹായത്തോടെ ഇഖ്ബാല്‍ കൗമാരത്തിലേ കുറ്റകൃത്യങ്ങളുടെ ലോകത്തിലെത്തി. പതുക്കെ അയാള്‍ കള്ളക്കടത്തിലേക്കു നീങ്ങി. അധോലോക നേതാവായി മാറി. തികച്ചും വ്യത്യസ്തമായ ചില ധാര്‍മിക സദാചാര മൂല്യങ്ങള്‍ മുറുക്കെപ്പിടിച്ചായിരുന്നു അയാളുടെ വളര്‍ച്ച. മദ്യപാനമില്ല, കൊലപാതകങ്ങളില്ല. ദാര്‍ശനികത കലര്‍ന്ന സംസാരവും സവിശേഷമായ ജീവിതരീതിയും കാരണം അയാള്‍ അധോലോകത്തില്‍ 'സൂഫി' എന്നറിയപ്പെട്ടു. ആബിദ് സൂർതി എന്ന മറ്റേ കുട്ടി പ്രശസ്തനായ ഒരെഴുത്തുകാരനായി.
എങ്ങനെയാണ് ഒരേ വഴിയില്‍ ജീവിതമാരംഭിച്ച ഇവര്‍ രണ്ടു പേരും രണ്ടു വഴികളിലേക്ക് തിരിഞ്ഞത് എന്ന കാര്യമാണ് 'സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' പറയുന്നത്. കാര്‍ട്ടൂണിസ്റ്റ്, പെയിന്റര്‍, എഴുത്തുകാരന്‍, തിയറ്റര്‍ ആക്ടിവിസ്റ്റ്, തിരക്കഥാകൃത്ത്, ജേണലിസ്റ്റ്, പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്നിങ്ങനെ അനേകം പ്രവര്‍ത്തന മേഖലകള്‍ സ്വന്തമായുള്ള ആബിദ് സൂർതി വിവിധ മേഖലകളിലായി എട്ടു പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പെന്‍ഗ്വിന്‍ പ്രസിദ്ധീകരിച്ച സൂഫി - അധോലോകത്തിലെ അദൃശ്യമനുഷ്യന്‍' എന്ന പുസ്തകത്തിലെ ഒരു ഭാഗത്തിന്റെ വിവര്‍ത്തനമാണിത്. വിവര്‍ത്തനം: ബാബു രാമചന്ദ്രന്‍.
ഈ കഥ, അമ്പതുകളിലെ ബോംബെയുടെതാണ്. കിഴക്കുനിന്നും പടിഞ്ഞാറുനിന്നും ഒക്കെ വരുന്ന ചരക്കുകപ്പലുകള്‍ ബോംബെയില്‍ നങ്കൂരമിട്ടിരുന്ന തുറമുഖമായിരുന്നു മസ്ഗാവ് ഡോക്ക്. അധോലോകത്തിലേക്ക് കാലെടുത്തുവെക്കുന്ന പുത്തന്‍കൂറ്റുകാര്‍ അടിതടയുടെ ബാലപാഠങ്ങള്‍ അഭ്യസിക്കുന്ന കളരി. തുടക്കം, ഈ കപ്പലുകളില്‍ വന്നിറങ്ങുന്ന ഫോറിന്‍ സിഗററ്റിലും വാച്ചിലും സ്‌കോച്ചിലും ട്രാന്‍സിസ്റ്റര്‍ റേഡിയോയിലും മറ്റുമാണ്. കസ്റ്റംസുകാരെ വെട്ടിച്ച് അതൊക്കെ പുറത്ത് ആവശ്യക്കാര്‍ക്ക് എത്തിച്ചുകൊടുത്താല്‍ ചെറിയൊരു കമ്മീഷന്‍ തരപ്പെടുത്താം.
കപ്പലില്‍ നിന്നും ചരക്കെടുക്കാന്‍ മൂലധനമില്ലാതെ നിന്ന ഇക്ബാലിനെ 25 രൂപ വായ്പ നല്‍കി സഹായിച്ചത് അലി ആയിരുന്നു. ഇക്ബാല്‍ കുറേദിവസം ആ പണിയും കൊണ്ട് നടന്നു. പോകെപ്പോകെ ഒരു കാര്യം മനസ്സിലായി അവന്. മിനക്കെടുന്നതിനു മാത്രം ലാഭം അതില്‍നിന്നും ഉണ്ടാക്കാന്‍ പറ്റുന്നില്ല. എന്നുമെന്നും കപ്പല്‍ ഡോക്കില്‍ അടുപ്പിച്ചുകൊള്ളണമെന്നില്ല. മാത്രവുമല്ല, ഇടയ്‌ക്കൊക്കെ ഒരാഴ്ചയോളം കപ്പലടുക്കാത്ത പഞ്ഞക്കാലവും ഉണ്ടാവാറുണ്ട്.
ഇക്ബാല്‍ വീണ്ടും അലിയെത്തന്നെ ചെന്നുകണ്ടു. കാര്യം അവതരിപ്പിച്ചപ്പോള്‍ അലിയും ചിരിച്ചു. 'ഇതൊക്കെ കൊച്ചു പിള്ളേര്‍ക്കുള്ള പണിയല്ലേ..'
അലി ഇക്ബാലിന് മുന്നില്‍ വഴി വേറൊന്ന് തുറന്നുകൊടുത്തു. ' കുറേ കുപ്പികള്‍ ഒരിടത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുകൊടുക്കണം. കുപ്പിയൊന്നിന് ഒരുരൂപ വെച്ച് കിട്ടും. അഞ്ചു കുപ്പി കടത്തിയാല്‍ അഞ്ചു രൂപ. നൂറുകുപ്പി കടത്തിയാല്‍ നൂറ്..'
'കുപ്പിയില്‍ എന്താണ്..?' ഇക്ബാല്‍ ചോദിച്ചു.
'മരുന്നാണ്..' എന്ന് മറുപടി.
'എന്ത് മരുന്ന്..?' എന്ന് ഇക്ബാല്‍ വീണ്ടും.
സൂഫിയുടെ ഫ്‌ളാറ്റിന്റെ ടെറസിലെ ഈസിചെയറിലിരുന്ന് അവന്‍ പറഞ്ഞുകൊണ്ടിരുന്ന കഥ അത്രനേരവും ഞാന്‍ സൂക്ഷിച്ചു കേട്ടുകൊണ്ടിരിക്കുകയായിരുന്നു. ഞാനും അറിയാതെ സൂഫിയോട് ചോദിച്ചുപോയി, 'എന്ത് മരുന്ന്..?'
അവന്‍ മറുപടി പറയാന്‍ തുടങ്ങും മുമ്പ് മാസൂമ ഒരു ഗ്ലാസ് ഷര്‍ബത്തുമായി കടന്നുവന്നു. അവള്‍ തിരിച്ച് അകത്തുപോകും വരെ നിശ്ശബ്ദതയുടെ ഏതാനും നിമിഷങ്ങള്‍ ഞങ്ങളുടെ സംഭാഷണത്തെ മുറിച്ചു.
ആഴ്ചയില്‍ ഒരു ദിവസം സൂഫിയുടെ കഥ കേള്‍ക്കും. അതായിരുന്നു ഞങ്ങള്‍ക്കിടയിലെ ഡീല്‍. എല്ലാ വ്യാഴാഴ്ചയും ഇത് ഞങ്ങളുടെ പതിവ് സംഭാഷണമായി മാറി. അവനായിരുന്നു സംസാരം മൊത്തം. ഞാന്‍ കേട്ടുകൊണ്ടിരിക്കും ഇടക്കെന്തെങ്കിലുമൊക്കെ സംശയം ചോദിക്കും. നോട്ടുകള്‍ കുറിച്ചെടുക്കും. ഞാന്‍ ഷര്‍ബത്ത് പെട്ടെന്ന് കുടിച്ചു തീര്‍ത്ത് ഗ്‌ളാസ് മേശപ്പുറത്ത് വെച്ചുകൊണ്ട് എന്റെ ചോദ്യം ഒന്നുകൂടി ആവര്‍ത്തിച്ചു, 'എന്ത് മരുന്ന്..?'
അവന്‍ എന്റെ ചോദ്യത്തിന് മറുപടി പറഞ്ഞുകൊണ്ട് കഥ തുടര്‍ന്നു. ' മരുന്ന് എന്ന് അവര്‍ പറഞ്ഞിരുന്നത് ഈതൈല്‍ ആല്‍ക്കഹോള്‍ ആയിരുന്നു. സ്പിരിറ്റ്. ഫാക്ടറികളില്‍ അത് സുഗന്ധദ്രവ്യങ്ങള്‍ ഉണ്ടാക്കാന്‍ വേണ്ടി ഉപയോഗിച്ചിരുന്നു. അധോലോകം അതിനു കണ്ടിരുന്ന ഉദ്ദേശ്യം വേറെയായിരുന്നു..'
'എന്ത്..?'
'മദ്യം.. ബ്രാണ്ടി നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായിരുന്നു മേല്‍പ്പറഞ്ഞ'മരുന്ന്'
'നിനക്ക്, അന്നെത്ര വയസ്സുണ്ടായിരുന്നു..?'
'ഞാനന്ന് ആറാം ക്ളാസില്‍ പഠിക്കുന്നു..'
ഇത് അവന്റെ ജീവിതത്തിലെ ഒരു വഴിത്തിരിവായിരുന്നു എന്ന് ഞാന്‍ കരുതി. അതുകൊണ്ടുതന്നെ ഞാന്‍ അവനോട് അതില്‍ത്തന്നെ ഊന്നിക്കൊണ്ട് പറഞ്ഞു, 'അതിനിടെ ഈദ് വന്നില്ലായിരുനെങ്കില്‍ നിന്റെ ജീവിതം മറ്റൊരു വഴിക്കായേനെ.. അല്ലേ സൂഫീ..?'
'ഏയ്.. ഇല്ല.'
അവന്‍ തലകുലുക്കിക്കൊണ്ട് എന്നെ തിരുത്തി. 'ഇത് വെറുമൊരു ഒഴിവുകഴിവു മാത്രമായിരുന്നു. സ്‌കൂളില്‍ പോകാന്‍ ഫീസടക്കണം. അതിനുള്ള പണമില്ലായിരുന്നു. പിന്നെ, ഞാന്‍ പറയാന്‍ മറന്നു, അതിനിടെ ഉമ്മ രണ്ടുവട്ടം കൂടി പ്രസവിച്ചിരുന്നു. രണ്ടു കുഞ്ഞുപിള്ളേരുകൂടി എന്റെ താഴെ. അവര്‍ക്കും ഈദെന്നു വെച്ചാല്‍ വളരെ കാര്യമായിരുന്നു. പണം, എങ്ങനെയും ഉണ്ടാക്കിയേ പറ്റുമായിരുന്നുള്ളൂ..'
കച്ചവടത്തിനും ഇക്ബാലിനും ഇടയില്‍ ഒരൊറ്റ തടസ്സം മാത്രം, മുതല്‍മുടക്ക്. അന്നൊക്കെ മൊഗുല്‍ മസ്ജിദിന്റെ അടുത്ത് സ്പിരിറ്റ് ഒരു കുപ്പിക്ക് ആറു രൂപ വെച്ച് വിട്ടുകൊണ്ടിരുന്ന ഒരു ലോക്കല്‍ ദാദയുണ്ടായിരുന്നു. അയാളോട് ചോദിച്ചാല്‍ സാധനം കിട്ടിയേനെ. പക്ഷേ, ഒരു ബോട്ടില്‍ വാങ്ങാനുള്ള കാശുപോലുമില്ല കയ്യില്‍.
അലി ആ പ്രശ്‌നത്തിനും പരിഹാരമുണ്ടാക്കി. അവന്‍ തന്റെ പരിചയക്കാരനായ മാര്‍വാഡിയെ ഇക്ബാലിന് പരിചയപ്പെടുത്തി. അലിയുമായുള്ള പരിചയത്തിന്റെ പുറത്ത് മാര്‍വാഡി ഇക്ബാലിന് അറുപതു രൂപ വായ്പയായി നല്‍കി. കഴുത്തറുക്കുന്ന പലിശയാണ്. പത്തുശതമാനം ദിവസവും കൊടുക്കണം. ആറു രൂപ എങ്ങനെയും ഒരു ദിവസം സമ്പാദിച്ചേ പറ്റൂ.
അങ്ങനെ കൊള്ളപ്പലിശയ്ക്കെടുത്ത മൂലധനവുമായി അവിടെനിന്നും പുറത്തിറങ്ങിയ ഇക്ബാലിനെ അലി കൂട്ടിക്കൊണ്ടുപോയത് അനാഥാലയത്തിനു പിന്നിലെ ഒരു ഖോലിയിലേക്കാണ്. ഒരു ഇടുങ്ങിയ കെട്ടിടം. ആ കെട്ടിടത്തിന്റെ നിലവറയിലെ ഒരു കുഞ്ഞുമുറി. മങ്ങിയ വെളിച്ചത്തില്‍ കത്തുന്ന ഒരു ബള്‍ബുമാത്രമുണ്ട് വെളിച്ചത്തിന്. മുറിക്കുള്ളില്‍ നിറയെ സ്പിരിറ്റ് കുപ്പികള്‍. അതിനു നടുവില്‍ ബീഡിയും പുകച്ചുകൊണ്ട് ഇരിപ്പുണ്ട് സാക്ഷാല്‍ മൊഗുല്‍ ദാദ.
ദാദയുടെ അടുത്തുചെന്ന് അലി മുരടനക്കി. 'ചാച്ചാ.. ഇത് എന്റെ ഒരു സ്‌നേഹിതനാണ്.. നന്നായി പഠിക്കും.. നന്നായി അടിയും കൂടും..'
'ഓഹോ.. അങ്ങനെയാണോ..?'
'ഒരു ദിവസം തല്ലുണ്ടാക്കിയപ്പോള്‍ എന്റെ മൂക്കിടിച്ച് ചോരവരുത്തി ഇവന്‍.'
അത്രയും പറഞ്ഞതോടെ ദാദ ഇക്ബാലിനെ ഒന്ന് ഉഴിഞ്ഞു നോക്കി. കാക്കി പാന്റ്‌സ്, ഇന്‍ ചെയ്ത വെളുത്ത ഹാഫ് സ്ലീവ് കുപ്പായം. കാന്‍വാസ് ഷൂസ്, ചുരുളന്‍ മുടി. കുഴിഞ്ഞ കവിള്‍. ശുഷ്‌കിച്ച മുഖവും മെലിഞ്ഞ ദേഹവുമായിരുന്നു അവന്‍േറത്.
'പണം കൊണ്ടുവന്നിട്ടുണ്ടോ.. ?' ദാദ ചോദിച്ചു.
'ഉവ്വ്..' പോക്കറ്റില്‍ നിന്നും ആറ് പത്തുരൂപ നോട്ടുകള്‍ പുറത്തെടുത്തുകൊണ്ട് ഇക്ബാല്‍ പറഞ്ഞു.
അത് അവന്റെ പുതിയ ഒരു കരിയറിന്റെ തുടക്കമായിരുന്നു. ഇക്ബാലിന് വേണ്ട എല്ലാ സഹായങ്ങളും അലി ചെയ്തുകൊടുത്തിരുന്നു. ദാദയില്‍ നിന്നും വാങ്ങിയ കുപ്പികള്‍ വില്‍ക്കാന്‍ രണ്ടു മദ്യഷാപ്പുകളുടെ അഡ്രസ് അലിയില്‍ നിന്നും ഇക്ബാലിന് കിട്ടിയിരുന്നു. ഒന്ന്, ഡോംഗ്രിയിലേത്, രണ്ടാമത്തേത് മസ്ഗാവിലേതും.
'അലീ..' ഇക്ബാല്‍ ചോദിച്ചു, ' നിന്റെ ഈ നല്ല പണി നീ എനിക്ക് കൈമാറിയത് എന്തിനാണ്..?'
'നീ അത് അര്‍ഹിക്കുന്നുണ്ട് ഇക്ബാല്‍..' അലി പറഞ്ഞു.
'അപ്പോള്‍ നീ ഇനി എന്ത് ചെയ്യും..?'
'ഞാനീ സീന്‍ വിട്ടാലോ എന്നാലോചിക്കുകയായിരുന്നു.. അതാ.'
'അതെന്താ..?'
'ഞാന്‍ മസ്താന്റെ ഗാങ്ങില്‍ ചേരാന്‍ പോവുകയാണ്..'
ദാദയില്‍ നിന്നും വാങ്ങിയ പത്തു കുപ്പി സ്പിരിറ്റ് ഇക്ബാല്‍ രണ്ടു കടയിലുമായി വിറ്റു. ഒരു രൂപ കയറ്റിയായിരുന്നു വില്പന. അന്നത്തെ ആകെ വരുമാനം പത്തു രൂപ. മാര്‍വാഡിക്ക് കൊടുക്കേണ്ട ആറുരൂപ കിഴിച്ചാല്‍ ഒരു ദിവസത്തെ ലാഭം നാലു രൂപ. അങ്ങനെ ഒരു മാസം കൊണ്ട് 120 രൂപ വരുമാനം. അടുത്തമാസം തന്നെ മാര്‍വാഡിയുടെ പൈസ തിരിച്ചുകൊടുത്ത് അയാളെ ഒഴിവാക്കി. ബാക്കി മിച്ചം പിടിച്ച പണത്തില്‍ നിന്നും ഇക്ബാല്‍ തന്റെ അനുജന്മാരായ റസാക്കിനും ഫിറോസിനും
ഈദിനു പുത്തന്‍ കുപ്പായം വാങ്ങിക്കൊടുത്തു.
ഇവിടെ വെച്ച് ഞാന്‍ ഒന്നിടപെട്ടു. 'ആറാം ക്ളാസില്‍ പഠിക്കുമ്പോഴാണ് ഈ ജോലി ചെയ്തത് എന്നല്ലേ പറഞ്ഞുകൊണ്ടിരിക്കുന്നത്..?'
'അതെ..'
'അപ്പോള്‍ സ്‌കൂളില്‍ പോണ്ടേ..?'
'അത്, രാവിലെ പത്തുമുതല്‍ വൈകുന്നേരം അഞ്ചുവരെ..'
'പിന്നെപ്പോഴാ ഇതിനൊക്കെ നേരം കിട്ടുന്നത്..?'
'സ്‌കൂള്‍ വിട്ടുവന്ന ശേഷം..'
.......................
ഇക്ബാല്‍ സ്‌കൂളില്‍ നിന്നും നേരെ ഓടി വീട്ടില്‍ വരും. ചായകുടിച്ച ശേഷം ക്രിക്കറ്റുകളിക്കാന്‍ എന്നും പറഞ്ഞ് പുറത്തേക്കുപോകും. പോവുന്നത് മുണ്ടാ കളിയിലെ മൊഗുല്‍ ദാദയുടെ നിലവറയിലേക്കാവും എന്നുമാത്രം. ദാദയും ഇക്ബാലിന്റെ തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയില്‍ സംപ്രീതനായിരുന്നു. പത്തുകുപ്പി നിത്യം ഡെലിവറി നടത്തി തുടങ്ങിയ പയ്യന്‍ ഇപ്പോള്‍ രണ്ടു തവണയായി നാല്‍പതുകുപ്പി സ്പിരിറ്റാണ് വിറ്റുകൊടുക്കുന്നത്. ആദ്യത്തെ സെറ്റ് അസീസ് ദിലീപിന്റെ ഡോംഗ്രിയിലെ താവളത്തിലും, രണ്ടാമത്തേത് ശങ്കര്‍ മറാത്തയുടെ മടയിലേക്കും. രണ്ടും ഓടിപ്പാഞ്ഞ് കൊണ്ടുകൊടുത്ത് എട്ടുമണിക്കുള്ളില്‍ വീടുപറ്റും.
അക്കാലത്ത് ഇക്ബാല്‍ ദിവസവും 40 രൂപ വരെ സമ്പാദിക്കുമായിരുന്നു. അതേസമയം, പണമുള്ളത് പുറത്ത് കാട്ടാതിരിക്കാനുള്ള വിവേകവും അവനുണ്ടായിരുന്നു. സ്വന്തം വീട്ടുകാരോടുപോലും അതേപ്പറ്റി വെളിപ്പെടുത്തിയില്ല. അച്ഛന്‍ ഹുസ്സൈന്‍ അലിക്ക് പകലന്തിയോളം ജോലിചെയ്തിട്ടും കിട്ടുന്ന കാശ് രണ്ടറ്റം മുട്ടിക്കാന്‍ തികയുന്നില്ലായിരുന്നു. അതിനിടയിലാണ്, കഷ്ടി പന്ത്രണ്ടുവയസ്സുള്ള മകന്‍ തന്റെ അനുജന്മാര്‍ക്ക് പെരുന്നാളിന് പുത്തന്‍കുപ്പായവും വാങ്ങി വീട്ടിലെത്തുന്നത്. എന്തോ പന്തികേടു മണത്ത ഹുസ്സൈന്‍ അലി ഇക്ബാലിനെ ചോദ്യം ചെയ്യാന്‍ വിളിച്ചുനിര്‍ത്തി.
'നിനക്കെവിടുന്നാ ഇത്രയും കാശ്..?'
'എന്റെ ഫ്രെണ്ടില്ലേ അലി.. അവന്‍ എന്നെ വൈകുന്നേരം ഒരു കുപ്പി വില്‍ക്കുന്ന പണി പഠിപ്പിച്ചു തന്നു..'
'കുപ്പിയോ.. എന്ത് കുപ്പി..?'
'മരുന്നിന്റെ കുപ്പി..'
'സ്പിരിറ്റൊന്നും അല്ലല്ലോ..?'
'ഹേ... അല്ലുപ്പാ...'
അച്ഛനും മകനും തമ്മിലുള്ള ആ സംഭാഷണം അവിടെ അവസാനിച്ചു. പക്ഷേ, അധികം താമസിയാതെ തന്നെ മറ്റൊരു കാര്യം കൂടി ഹുസൈന്‍ അലി അറിഞ്ഞു. ആ വീട്ടിലെ സകല ചെലവുകളും നോക്കുന്നത് ഇപ്പോള്‍ മകന്‍ ഇക്ബാല്‍ ആണെന്നുള്ള സത്യം. അത് അയാളെ ഞെട്ടിപ്പിച്ചു.
ഇത്തവണ അയാള്‍ മകനോട് ഒന്നും ചോദിയ്ക്കാന്‍ ചെന്നില്ല. പകരം ഭാര്യയോട് ചോദിച്ചു, 'ഗുല്‍ ബാനൂ.. ഞാനീ കേള്‍ക്കുന്നതൊക്കെ സത്യമാണോ..?'
'അതേ, എന്തെ..?'
'അവന് ആ കുപ്പി വില്‍ക്കുന്നതില്‍ നിന്നും അത്രയ്ക്കൊക്കെ പണം കിട്ടുന്നുണ്ടെങ്കില്‍ അത് മരുന്നൊന്നും ആവാന്‍ ഇടയില്ല കേട്ടോ.. !'
'അല്ല,, അത് മരുന്നുതന്നെയാ..'
'നിനക്കെന്തുറപ്പാ ഉള്ളത്..?'
'എനിക്കും നിങ്ങളുടെ അതേ സംശയം തോന്നിയതാ, തുടക്കത്തില്‍.. ഒരു ദിവസം അവന്‍ എനിക്കൊരു കുപ്പി കൊണ്ടുവന്നു കോര്‍ക്ക് തുറന്നു മണപ്പിച്ചു തന്നു. അത് മരുന്ന് തന്നെയാണ്..'
'എങ്കില്‍ ഒന്നുകൂടി കൊണ്ടുവരാന്‍ പറയൂ അവനോട്.. എനിക്കും ഒന്ന് മണപ്പിച്ചു നോക്കണം..'
'എന്തേ.. എന്നെ വിശ്വാസമില്ലേ നിങ്ങള്‍ക്ക്.. ?'
'സത്യത്തെ നിനക്ക് അത്രയ്ക്ക് ഭയമാണോ ഗുല്‍..?'
'അതേ... ' ഗുല്‍ ബാനോ ദേഷ്യം കൊണ്ട് വിറയ്ക്കുകയായിരുന്നു, 'എനിക്ക് സത്യങ്ങളെ ഭയമാണ്.. കാരണം എന്റെ ജീവിതത്തിലെ സത്യങ്ങള്‍ അങ്ങനെയുള്ളതാണ്. കഴിഞ്ഞ നാലുമാസമായി നിങ്ങള്‍ ഈ വീട്ടിലേക്ക് ഒരു അരിമണി പോലും കൊണ്ടുതന്നിട്ടില്ല.. നിങ്ങള്‍ക്ക് അഞ്ചുപൈസയുടെ വരുമാനമില്ല! വീട്ടിലെ സ്ഥിതി കണ്ടറിഞ്ഞ് ആ പാവം കുട്ടി പഠിത്തത്തിനിടയില്‍ പാടുപെട്ട് ജോലിചെയ്ത് നാല് കാശുണ്ടാക്കുന്നു. അത് നിങ്ങള്‍ക്ക് സഹിക്കുന്നില്ല. അവനെ നിങ്ങള്‍ സൈ്വരമായി ജീവിക്കാന്‍ അനുവദിക്കില്ല! ഞാന്‍ ഈ വീട്ടിലെ കാര്യങ്ങള്‍ നോക്കാന്‍ ഇനി വേറെ എന്ത് തൊഴിലിനിറങ്ങണമെന്നാ..?'
ഗുല്‍ ബാനു പറഞ്ഞ മറുപടിയിലെ അവസാനത്തെ വാചകത്തിന് വല്ലാത്ത കനമുണ്ടായിരുന്നു. അതിനുള്ള മറുപടി ഹുസൈന്‍ അലിയിലൂടെ പക്കല്‍ ഇല്ലായിരുന്നു. വീട്ടിലെ ചെലവിനുള്ള പണമെല്ലാം കണ്ടെത്തുന്നത് മകന്‍ ഒറ്റയ്ക്ക് അദ്ധ്വാനിച്ചാണെന്നോര്‍ത്തപ്പോള്‍ അയാള്‍ക്ക് സങ്കടവും കുറ്റബോധവും ഒക്കെ തോന്നി.
പിന്നെ അയാള്‍ ഒരക്ഷരം മിണ്ടിയില്ല..!
രാത്രി ഇരുട്ടിക്കഴിഞ്ഞാണ് ഇക്ബാല്‍ വന്നത്. ജോലിക്കായുള്ള ഓട്ടത്തിനിടെ ആകെ തളര്‍ന്നുപോയിരുന്നു അവന്‍. അടുത്ത ദിവസത്തേക്ക് ചെയ്തുകൊണ്ട് പോകാന്‍ ഹോംവര്‍ക്ക് ഉണ്ടായിരുന്നു സ്‌കൂളില്‍ നിന്നും. അത്താഴം കഴിച്ച ശേഷം അവന്‍ പുസ്തകങ്ങളുമായി ഇരിപ്പായി. ഗുല്‍ ബാനു വെള്ളം പിടിക്കാന്‍ വേണ്ടി പോയിരിക്കയായിരുന്നു. എല്ലാ വര്‍ഷവും ഈ സമയമാകുമ്പോള്‍ വെള്ളത്തിന്റെ പ്രെഷര്‍ കുറയും. താഴെപ്പോയി പിടിക്കേണ്ടി വരാറുണ്ട്. താഴെ മുനിസിപ്പാലിറ്റിയുടെ പമ്പില്‍ ചെന്നു പിടിച്ചുകൊണ്ടുവരണം.
ഹുസൈന്‍ അലി മകനെ തന്റെ കിടക്കക്ക് അരികിലേക്ക് വിളിച്ചു. അയാള്‍ മകന്റെ തലമുടിയില്‍ സ്‌നേഹത്തോടെ തഴുകിക്കൊണ്ട് സകല ധൈര്യവും സംഭരിച്ച് ഒരു അച്ഛന്റെ ഭാഗത്തുനിന്നുള്ള ആ ഉപദേശം അവനു നല്‍കി, 'മോനേ.. പണമുണ്ടാക്കാന്‍ രണ്ടു വഴികളുണ്ട്.. ഒന്ന് ഹലാലായത്, രണ്ട് ഹറാമായത്. ഞാന്‍ മുമ്പ് ഡോക്കില്‍ പണിചെയ്തിരുന്ന കാലത്ത് ചില ഹറാം പിറന്ന പണികള്‍ ചെയ്തിരുന്നു, കുറച്ചുകാലം. അതിന്റെ ഫലമാണ് ഞാന്‍ ഇന്നും അനുഭവിക്കുന്നത്..! '
'ഞാന്‍ എന്ത് ചെയ്തെന്നാണ് ഉപ്പയീ പറഞ്ഞു വരുന്നത്..?' നിലത്തു നിന്നും കണ്ണുയര്‍ത്തി ഹുസൈന്‍ അലിയുടെ കണ്ണുകളിലേക്ക് ഉറ്റുനോക്കിക്കൊണ്ട് ഇക്ബാല്‍ ചോദിച്ചു. അവന്റെ വായില്‍ നിന്നും പുറപ്പെട്ട ആ ഒരു വാചകത്തിനു പിന്നില്‍ സംശയവും, ഭീതിയും, സങ്കടവും നിറഞ്ഞ പല ചോദ്യങ്ങളുമുണ്ടായിരുന്നു.. ' എനിക്കെന്തെങ്കിലും പറ്റുമോ ഉപ്പാ..? എന്റെ പഠിത്തം മുടങ്ങുമോ? എന്റെ അനിയന്മാരെ അത് ബാധിക്കുമോ.. ? അങ്ങനെ പലതും.. !
ഹുസൈന്‍ അലി അതിനു മറുപടിയൊന്നും പറഞ്ഞില്ല. അതിനുള്ള മറുപടി അയാളുടെ പക്കല്‍ ഉണ്ടായിരുന്നില്ല..!
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
'ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും'