അതായിരുന്നു ഞാന്‍ പറഞ്ഞ ആദ്യത്തെ ഫലിതം

By Pusthakappuzha Book Shelf  |  First Published Aug 8, 2019, 6:40 PM IST

പുസ്തകപ്പുഴയില്‍ മജീഷ്യന്‍ സാമ്രാജ് എഴുതിയ 'ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും' എന്ന പുസ്തകത്തില്‍നിന്ന് ഒരു ഭാഗം 


പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മുഖ്യമന്ത്രി പിണറായി വിജയനും ഒരേ പോലെ അടുത്തിരിക്കാന്‍ പറ്റുന്ന ഒരാള്‍. മാര്‍ ക്രിസോസ്റ്റം തിരുമേനിയെ വേണമെങ്കില്‍ അങ്ങനെ വിളിക്കാം. എല്ലാ തരം മനുഷ്യര്‍ക്കും ചെന്നിരിക്കാവുന്ന ഒരിടമാണ് അദ്ദേഹം. അഭിപ്രായ വ്യത്യസങ്ങളെല്ലാം മാറ്റിവെച്ച് യോജിക്കാന്‍ കേരളത്തിന്റെ കൈായിലുള്ള ചുരുക്കം ഇടങ്ങളില്‍ ഒന്നു കൂടിയാണത്. അതു കൊണ്ടാണ് ഒരു മതത്തിന്റെ പരാമോന്നത ആചാര്യനായിരിക്കുമ്പോഴും അദ്ദേഹം എല്ലാ മതക്കാരുടെയും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും പ്രിയങ്കരനായിരിക്കുന്നത്. 

തിരുമേനിയുടെ ജീവിതത്തിലെ ആരും കേൾക്കാത്ത നർമ്മങ്ങളും കഥകളും തിരുമേനിയുടെ സന്തതസഹചാരി എബിയുടെ ഓർമ്മകളിലൂടെ മജീഷ്യൻ സാമ്രാജ് അവതരിപ്പിക്കുന്നു. തിരുജീവിതംപോലെ ലളിതമായ ഉള്ളടക്കത്തിൽ എബിയുടെ കണ്ണിലൂടെ കണ്ട അപൂർവ്വസംഭവങ്ങളും കൗതുകങ്ങളും ഉൾക്കാഴ്ചകളും ചിന്തകളും  പങ്കുവെയ്ക്കുന്നു.

Latest Videos

undefined

 

 

അപാരമായ നര്‍മ്മബോധമാണ് അദ്ദേഹത്തിന്റെ ഒരു സവിശേഷത. കൂടെയുള്ളവരെ ചിരിപ്പിക്കാനും ഒപ്പം ചിന്തിപ്പിക്കാനും പറ്റുന്ന നര്‍മ്മബോധമാണത്. ചിരിയും ചിന്തയും ലയിച്ചുചേരുമ്പോള്‍ സംഭവിക്കുന്ന ഫലിതത്തിന്റെ അനിതരസാധാരണമായ ഒഴുക്ക്. സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും കൂടെ ചിരിയാണത്. ആ തമാശകള്‍ ഇപ്പോഴൊരു പുസ്തകമാണ്. മജീഷ്യന്‍ സാമ്രാജാണ് തിരുമേനിയുടെ തമാശക്കഥകള്‍ സമാഹരിച്ചത്. ഡിസി ബുക്‌സാണ് ഈ പുസ്തകം പ്രസിദ്ധീകരിച്ചത്. ആ പുസ്തകത്തില്‍നിന്നുള്ള അഞ്ച് കഥകള്‍ ഇവിടെ വായിക്കാം. '

ഈ പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

1. തിരുമേനി പറഞ്ഞ ആദ്യതമാശ

ഞങ്ങള്‍ അഞ്ചുസഹോദരങ്ങളും സ്‌കൂളില്‍നിന്നും വൈകുന്നേരം വീട്ടിലേക്ക് വരുമ്പോള്‍ അമ്മ ചെറുപലഹാരങ്ങള്‍ ഉണ്ടാക്കി കാത്തിരിക്കും. കൊഴുക്കട്ട, വട്ടയപ്പം തുടങ്ങിയവയാണ് പലഹാരങ്ങള്‍. 

ഒരു ദിവസം ഞങ്ങള്‍ വന്നപ്പോള്‍ അമ്മ പലഹാരമുണ്ടാക്കിയിരുന്നില്ല. 

"പലഹാരമില്ലേ അമ്മേ?" 

ഞങ്ങള്‍ ചോദിച്ചു.

"ഇന്ന് പലഹാരമില്ല'' അമ്മയുടെ വാക്കുകള്‍ കേട്ട് ചെറിയ കുട്ടികളായ ഞങ്ങള്‍ ചിണുങ്ങി.

"ഒരു ദിവസം കാളയെ തൊഴുത്തില്‍ കെട്ടിയിട്ടില്ലായെന്നു കരുതി ഒന്നും സംഭവിക്കാനില്ല."

അമ്മ പറഞ്ഞത് ഞങ്ങള്‍ക്ക് മനസ്സിലായില്ല.

"അതിന് കാള നമ്മുടെ വീട്ടിലില്ലല്ലോ?"

എന്റെ സഹോദരന്‍ ചോദിച്ചപ്പോള്‍ അമ്മ ദേഷ്യത്തില്‍ എണീറ്റുപോയി

"പലഹാരമാണ് നമ്മുടെ വീട്ടിലെ കാള" എന്നു ഞാന്‍ പറഞ്ഞു തുടങ്ങിയപ്പോള്‍ അതുകേട്ട് നടന്നുപോയ അമ്മച്ചി തിരിഞ്ഞു നിന്ന് ഉറക്കെ ചിരിച്ചു.അതായിരുന്നു ഞാന്‍ പറഞ്ഞ ആദ്യത്തെ ഫലിതം. ചിരിച്ചത് അമ്മച്ചിയും.

അമ്മച്ചി സണ്‍ഡേ സ്‌കൂളില്‍ പഠിപ്പിക്കുമ്പോള്‍ ഞാനും അതേ ക്ലാസ്സിലുണ്ട്. 

ഒരു ദിവസം അമ്മച്ചി പറഞ്ഞു.

"ദൈവത്തിന് കൊടുക്കാന്‍ എന്റെ കൈയ്യില്‍ ഒന്നുമില്ല. അതുകൊണ്ട് നിങ്ങളെ ദൈവവിശ്വാസമുള്ളവരാക്കാനാണ് ഞാന്‍ ദൈവവാക്യം പഠിപ്പിക്കുന്നത്. അതാണ് ദൈവത്തിനുള്ള എന്റെ സംഭാവന."

അമ്മയുടെ വാക്കുകള്‍ തിരുമേനിയപ്പച്ചന്റെ മനസ്സില്‍ ഇടം നേടി.

കുട്ടികള്‍ക്ക് പറഞ്ഞുകൊടുത്ത വാചകങ്ങള്‍ അക്ഷരംപ്രതി തിരുമേനിയപ്പച്ചന് അനുസരിക്കേണ്ടിവന്നു. അങ്ങനെയാണ് തിരുമേനിയപ്പച്ചന്‍ തന്റെ ജീവിതം ദൈവസമര്‍പ്പണമാക്കുന്നത്.

ഒന്നുമില്ലായ്മയില്‍ നിന്നും  എല്ലാം നല്‍കാന്‍ കഴിയുമെന്ന ഒരാശയം ഒരിക്കല്‍ തിരുമേനിയപ്പച്ചന്‍ പറഞ്ഞത് ഓര്‍ക്കുന്നു. അത് ടാഗോറിന്റെ ഗീതാഞ്ജലിയിലെ ഒരു കഥാസന്ദര്‍ഭമാണ്.  പൂക്കള്‍ നിറച്ച കുട്ടയുമായി ഈശ്വരനെ കാത്ത് ഒരാള്‍ മരത്തണലില്‍ ഇരുന്നു. അതുവഴി വന്നവരൊക്കെ പൂക്കളുമായി കടന്നുപോയി. ഒടുവില്‍ പൂക്കൂട ഒഴിഞ്ഞു. അപ്പോഴാണ് ഈശ്വരന്‍ വന്നത്. എന്നാല്‍ അദ്ദേഹം വന്നപ്പോള്‍ ആ പൂക്കൂട ഒഴിഞ്ഞതായിരുന്നില്ല. 

പൂര്‍ണ്ണത്തില്‍ നിന്നും പൂര്‍ണ്ണം എടുത്തു മാറ്റിയാലും പൂര്‍ണ്ണം അവശേഷിക്കുമെന്ന ഒരു ഉപനിഷദ് വാക്യം പിന്നീടൊരിക്കല്‍ തിരുമേനി പങ്കുവച്ചു. 

ഇതു രണ്ടും ഇപ്പോള്‍, തിരുമേനിയപ്പച്ചന്റെ അമ്മയുടെ വാക്കുകളിലൂടെ ഞാന്‍ ഓര്‍ത്തെടുക്കുന്നു. 

 

 

2. തമാശ എന്നാലെന്ത്?

തിരുമേനിയോട് ഒരിക്കല്‍ ഒരു ചാനല്‍ അവതാരകന്‍ തമാശയെപ്പറ്റിയാണ് ചോദിച്ചത്. 

അപ്പോള്‍ ക്രിസേസ്റ്റം തിരുമേനി മറുചോദ്യം ഉയര്‍ത്തി. 

"തമാശ എന്നാലെന്താണ്?"

അവതാരകന്‍ മറുപടി പറഞ്ഞില്ല. തിരുമേനിയില്‍ നിന്നുതന്നെ അതിനുള്ള ഉത്തരം കേള്‍ക്കുവാനായി അയാള്‍ കാത്തു. 

അപ്പോള്‍ തിരുമേനി തന്റെ കുട്ടിക്കാലത്തെ ഒരു കഥ പറഞ്ഞു. പല വേദികളിലും സംസാരിക്കുമ്പോള്‍ തിരുമേനി ഈ കഥ പറയാറുണ്ട്.

ബാല്യകാലത്ത് കൂടെ പഠിച്ചിരുന്ന അയല്‍പക്കത്തെ കൂട്ടുകാരനായ പട്ടര് പയ്യന് മാനസിക പ്രശ്നമുണ്ടാവുകയും ആശുപത്രിയില്‍ കിടത്തുകയും ചെയ്തു. ആ കൂട്ടുകാരനെ കാണാന്‍ ചെന്നു. അവന്‍ പറഞ്ഞു.

"എടാ, നിന്റെ അസുഖം എനിക്കും പിടിച്ചെടാ." 

തിരുമേനി വീട്ടില്‍ വന്ന് ജ്യേഷ്ഠനോട് ഇത് പറഞ്ഞപ്പോള്‍ ജ്യേഷ്ഠന്‍ ചിരിച്ചുകൊണ്ടു പറഞ്ഞു.

"അവന്റെ അസുഖം മാറി. അതാണവന്‍ സത്യം പറഞ്ഞത്."

കൂട്ടുകാരനും ജ്യേഷ്ഠനും ഏതാണ്ട് ഒരേപോലെ സംസാരിക്കുന്നു. അതു കേള്‍ക്കുന്നവര്‍ അതിനെ മറ്റൊരു തരത്തില്‍ ഇഷ്ടമായി അത് സ്വീകരിക്കുന്നു. ഇതാണ് 'തമാശ'യെന്ന് അദ്ദേഹം പറഞ്ഞു.

ഇതിലെന്താണിത്ര തമാശയെന്നു ചോദിച്ചേക്കാം. ആലോചിച്ചാല്‍ ഇതിലാണ് തമാശയുള്ളതെന്നു കണ്ടെത്താന്‍ കഴിയും. അത് സ്വാഭാവികമായും വരുന്നതാണ്. മറ്റൊരാളിലും അത് സ്വാഭാവികമായ സന്തോഷം സൃഷ്ടിിക്കണം. 'തമാശ'യ്ക്ക് തിരുമേനി നല്‍കിയ അനുഭവകഥയിലും സ്വാഭാവികതയുടെ സന്തോഷം അടങ്ങിയിട്ടുണ്ട്.

 

3. കുട്ടനാട്ടിലെ നെല്‍ചെടിക്ക് എന്നോട് നന്ദിയുണ്ട്

കുട്ടനാട്ടിലെ ഒരു പള്ളിയിലായിരുന്നു ചടങ്ങ്. ചടങ്ങിനുശേഷം പള്ളി സെക്രട്ടറി, വികാരി, കമ്മറ്റി അംഗങ്ങള്‍ തുടങ്ങി കുറെ അധികം പേര്‍ യാത്രയാക്കാന്‍ കാറിനരുകിലെത്തി.

പള്ളിയുടെ തൊട്ടടുത്ത് വയലുണ്ട്. നീണ്ടുനിവര്‍ന്ന് മനോഹരമായി പാടം ചിരിതൂകി തലയാട്ടുന്നത് തിരുമേനിക്ക് കാണാം. ഇളംകാറ്റ് വട്ടമിട്ടെത്തിയപ്പോള്‍ തിരുമേനി അവരോട് പറഞ്ഞു

"കുട്ടനാട്ടുകാര്‍ക്ക് എന്നോട് നന്ദിയില്ലെങ്കിലും പാടത്തിനുണ്ട്'"

"അതെന്താണ് തിരുമേനീ ഞങ്ങള്‍ക്ക് നന്ദിയില്ലായെന്ന് പറഞ്ഞത്?" 

പള്ളി സെക്രട്ടറി ചോദിച്ചു.

"എന്റെ വീടിന്റെ മുന്നിലൂടെയാണ് പമ്പാ നദി ഒഴുകുന്നത്. അഞ്ചുവയസ്സുള്ളപ്പോള്‍ മുതല്‍ പമ്പയിലാണ് ഞാന്‍ കുളിക്കുന്നത്. നദി ഒഴുകിയെത്തുന്നത് കുട്ടനാട്ടിലാണ്. ആ വെള്ളമാണ് നെല്‍ച്ചെടികളുടെ ജീവവായു. നെല്‍ച്ചെടികള്‍ തഴച്ചുവളരാന്‍ കാരണം പമ്പാനദിയില്‍ ഞാന്‍ കുളിക്കുമ്പോളുണ്ടാകുന്ന വളമാണ്" 

അതുശരിയാണല്ലോ എന്ന മട്ടില്‍ അവിടെ കൂടിയിരുന്നവര്‍ ചിരിയോടെ സമ്മതിച്ചു.

തിരുമേനി അവരോട് ചോദിച്ചു. 

"നെല്ല് കൊയ്യുമ്പോള്‍ വളത്തിന്റെ കാശ് തരാന്‍ വിളിക്കണം. മേടിക്കാന്‍ ചാക്കുമായി ഞാന്‍ വരാം'''


4. വീടിനുമുമ്പിലെ ആട് വളര്‍ത്തല്‍

തിരുമേനി താമസിക്കുന്ന മാരാമണ്ണിലെ വീടിനുമുന്‍പിലായി ഒരുപാട് ആടുകളേയും കോഴികളേയും അദ്ദേഹം വളര്‍ത്തുന്നുണ്ട്. തരാതരത്തിനുള്ള കൂടാണ് അവയ്ക്കുവേണ്ടി ഉണ്ടാക്കിയിരിക്കുന്നത്. അതിനുള്ള ആഹാരവും ചുറ്റുവട്ടവും കണ്ടാല്‍ നാട്ടിന്‍പുറത്തെ ഒരു കൃഷിക്കാരന്റെ വീടാണെന്നു പറയും. പമ്പയാറിനെ തട്ടി കടന്നുവരുന്ന കാറ്റില്‍ ആട്ടിന്‍കാഷ്ഠത്തിന്റെയും കോഴികാഷ്ഠത്തിന്റെയും ദുര്‍ഗന്ധം അനുഭവപ്പെടാറുണ്ട്. തിരുമേനിയെ കാണാന്‍ വരുന്നവരില്‍ ചിലര്‍ക്ക് ഇത് അസഹനീയമായി തോന്നിയിട്ടുണ്ട്. 

ഒരിക്കല്‍ ഒരാള്‍ തിരുമേനിയോട് ചോദിച്ചു.

"ഈ ദുര്‍ഗന്ധം തിരുമേനി എങ്ങനെ സഹിക്കുന്നു. വല്ല ആവശ്യമുണ്ടോ തിരുമേനിക്ക് ഈ പ്രായത്തില്‍ ഇതിനെയൊക്കെ വളര്‍ത്താന്‍..."

സ്വതസിദ്ധമായ ശൈലിയില്‍ തിരുമേനി പറഞ്ഞു.

"നിങ്ങള്‍ എന്നെ കാണാന്‍ ഇങ്ങോട്ട് വന്നതല്ലേ. ആടിന്റെയും കോഴിയുടേയും മണമെന്തിനാണ് നിങ്ങള്‍ ശ്രദ്ധിക്കുന്നത്. ഇഷ്ടമില്ലങ്കില്‍ ഇങ്ങോട്ട് വരണ്ട! മണം നിങ്ങളെ അന്വേഷിച്ച് ഒരിക്കലും വരില്ല."

അപ്രിയസത്യങ്ങള്‍ അപ്പാടെ പറയുന്നതിനും അപ്പച്ചനു ഒരു മടിയുമില്ല. തന്റെ നിലപാട് ശരിയാണെന്ന് നിശ്ചയമുള്ളപ്പോള്‍ അതിഥിയുടെ ഇംഗിതത്തിനനുസരിച്ച് പറയുവാന്‍ അദ്ദേഹത്തിനാവില്ലല്ലോ. തിരുമേനി അപ്പച്ചനെ പൊതുസമൂഹത്തില്‍ അംഗീകരിക്കുന്നതിന്റെ കാരണം ഇത്തരത്തിലുള്ള നിലപാടുകളാണെന്നാണ് എനിക്കു തോന്നിയിട്ടുള്ളത്. 

ആടുകള്‍ വലുതാകുന്നതല്ലാതെ അവയുടെ എണ്ണം കൂടാത്തതിനാല്‍ ഡോക്ടറെ വിളിക്കാന്‍ എന്നോടു പറഞ്ഞു.

ഞാന്‍ പോയി മൃഗഡോക്ടറെ കൊണ്ടുവന്നു.

"എന്താണ് ഡോക്ടറെ എന്റെ ആടുകള്‍ പ്രസവിക്കാത്തത്?"

ഡോക്ടര്‍ ആടുകളെ പരിശോധിച്ചു. 

"ഇതെല്ലാം മുട്ടനാടുകളാണ്."

"തീറ്റകൊടുത്ത് ആടുകളെ മുട്ടനാക്കിയതാണ് ഞാന്‍ ചെയ്ത തെറ്റ് ഡോക്ടറെ" തിരുമേനിയുടെ മറുപടി കേട്ട് ആടുകള്‍പോലും തലയാട്ടി.


5. അമ്മ പറഞ്ഞ ആദ്യ തമാശ

ക്രിസോസ്റ്റം തിരുമേനി ബാല്യകാലത്ത് നാലുവയസ്സ് വരെ കോഴഞ്ചേരിയിലും പിന്നീട് മാരാമണ്ണിലുമാണ് വളര്‍ന്നത്. മാരാമണ്‍ പള്ളിയിലെ പുരോഹിതനായിട്ട് തിരുമേനിയുടെ അച്ഛന്‍ ചുമതല ഏറ്റപ്പോള്‍ മുതല്‍ താമസം മാരാമണ്ണിലേക്ക് മാറ്റി.

തിരുമേനിയുടെ അമ്മ സണ്‍ഡേ സ്‌കൂള്‍ അധ്യാപികയായിരുന്നു. തിരുമേനി ഗര്‍ഭത്തിലായിരുന്നപ്പോള്‍ ഇരട്ടക്കുട്ടികളാണെന്നാണ് പലരും പറഞ്ഞിരുന്നതെന്ന് തിരുമേനി ഒരിക്കല്‍ പറഞ്ഞു.

"എബി ഞാന്‍ പിറന്നുവീണപ്പോഴേ തമാശ തുടങ്ങി. കുഞ്ഞിനെ കാണാന്‍ വന്ന ആരോ പറഞ്ഞിരുന്നതായി അമ്മ പറഞ്ഞതാണ്, ഇവന് നീളം കൂടുതലാണല്ലോ ശോശാമ്മേ"

അതുകേട്ട് അമ്മ പറഞ്ഞതിങ്ങനെയാണ്. 

"രണ്ടുകുട്ടികളുടെ നീളമുണ്ടാകും. ഇരട്ടക്കുട്ടികളാണെന്നായിരുന്നുവല്ലോ എല്ലാവരും പറഞ്ഞിരുന്നത്."

നീളം മാത്രല്ല. അതിനുതക്ക വണ്ണവും തിരുമേനിയപ്പച്ചന് ഉണ്ട്. അതിനു ചേരുന്ന, അതിനൊക്കെ മീതേയുള്ള വലിയ മനസ്സും അപ്പച്ചനുണ്ട്. ഇതൊരു അനുഗ്രഹമാണ്. നൂറ്റാണ്ടിനിടയില്‍ സംഭവിക്കുന്ന ഒരു പ്രതിഭാസം എന്നാണ് അനുഭവസ്ഥന്‍ എന്ന നിലയില്‍ എനിക്ക് ഇതിനെക്കുറിച്ച് പറയുവാനുമുള്ളത്.' 

ഈ പുസ്തകം വാങ്ങാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

 

 

വാക്കുത്സവത്തില്‍: 

ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ

ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത

ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ

അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത

പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ

പ്രപഞ്ചം റീലോഡഡ്,  ടി പി വിനോദ് എഴുതിയ കവിത

ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍

മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ

ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത

നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ

എന്നിട്ടും പതിനൊന്നു കൊല്ലങ്ങള്‍ക്കു ശേഷം യാദ്യച്ഛികത അവര്‍ക്കിട്ടു പണിഞ്ഞു,  ഷാജു വിവിയുടെ അഞ്ച് കവിതകള്‍

 

പുസ്തകപ്പുഴയില്‍

പ്രണയ് ലാല്‍ എഴുതിയ ഇന്‍ഡിക്ക: ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ പാരിസ്ഥിതിക ചരിത്രം എന്ന പുസ്തകത്തിലെ ഒരു ഭാഗം

അവസാനത്തെ സോവിയറ്റുകള്‍

മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!

കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും

പുതിയ മതങ്ങള്‍  എവിടെനിന്നാവും പിറവിയെടുക്കുക, യുവാല്‍ നോവാ ഹരാരി എഴുതിയ 'ഹോമോ ദിയൂസ്: മനുഷ്യഭാവിയുടെ ഒരു ഹ്രസ്വചരിത്രം' എന്ന പുസ്തകത്തില്‍നിന്നൊരു ഭാഗം

click me!