സബ് കലക്ടര്‍ക്ക് ദളിത് കോളനികളില്‍ എന്താണ് കാര്യം?

By Pusthakappuzha Book Shelf  |  First Published Feb 28, 2020, 3:41 PM IST

സാമൂഹിക നീതിക്കുവേണ്ടിയുള്ള പോരാട്ടങ്ങള്‍ക്ക് ജീവിതം ഉഴിഞ്ഞുവെച്ച മലയാളിയായ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ പി എസ് കൃഷ്ണന്റെ ജീവിതം പറയുന്ന 'സാമൂഹിക നീതിയ്ക്കായി ഒരു സമര്‍പ്പിത ജീവിതം: പി എസ് കൃഷ്ണന്‍: ജീവിതവും തൊഴിലും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നിരന്തരമായ ഇടപെടലുകളും' എന്ന പുസ്തകത്തിലെ ഒരു ഭാഗം. മനോന്മണിയം  സുന്ദരനാര്‍ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വാസന്തി ദേവി എഴുതിയ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം നിര്‍വഹിച്ചത് മാധ്യമപ്രവര്‍ത്തകനായ കെ. എ ഷാജി ആണ്. 


സാമൂഹിക നീതിയുമായി ബന്ധപ്പെട്ട കൃത്യവും വ്യക്തവും ഫലപ്രദവുമായ നിരവധി  ദീര്‍ഘകാല ഇടപെടലുകളിലൂടെ രാജ്യമാകെ ശ്രദ്ധേയനാണ് 2019 നവംബര്‍ പത്തിന് ഡല്‍ഹിയില്‍ അന്തരിച്ച മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ പി എസ് കൃഷ്ണന്‍. മനോന്മണിയം  സുന്ദരനാര്‍ സര്‍വകലാശാലയുടെ മുന്‍ വൈസ് ചാന്‍സലര്‍ ഡോ. വാസന്തി ദേവി പി എസ് കൃഷ്ണന്റെ അവസാന കാലങ്ങളില്‍ അദ്ദേഹവുമായി നടത്തിയ അഭിമുഖസംഭാഷണങ്ങള്‍ 'സാമൂഹിക നീതിയ്ക്കായി ഒരു സമര്‍പ്പിത ജീവിതം: പി എസ് കൃഷ്ണന്‍: ജീവിതവും തൊഴിലും ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള നിരന്തരമായ ഇടപെടലുകളും' എന്ന പുസ്തകം ചെന്നൈയിലെ സൗത്ത് വിഷന്‍ ബുക്‌സ് ഈയിടെ പ്രസിദ്ധീകരിച്ചു. ഏറെ ശ്രദ്ധയമായ ആ പുസ്തകം ഇപ്പോള്‍ മലയാളത്തിലും പുറത്തിറങ്ങുകയാണ്. മാധ്യമപ്രവര്‍ത്തകനായ കെ. എ ഷാജി വിവര്‍ത്തനം ചെയ്ത ആ പുസ്തകത്തിലെ ഒരധ്യായമാണ് 'പുസ്തകപ്പുഴ'യില്‍ ഇന്ന്. ഒപ്പം, പി എസ് കൃഷ്ണനെക്കുറിച്ച് ഡോ. വാസന്തി ദേവി എഴുതിയ ആമുഖക്കുറിപ്പും.  


 

Latest Videos

ഡോ. വാസന്തിദേവി, പുസ്തകം
 

undefined

ആരാണ് പി.എസ്. കൃഷ്ണന്‍; എന്തുകൊണ്ട് ഈ പുസ്തകം/ ഡോ. വാസന്തി ദേവി 

''അടിച്ചമര്‍ത്തപ്പെടുന്ന വിഭാഗങ്ങളോടുള്ള കടുത്ത പക്ഷപാതിത്വം, മിശ്രവിവാഹങ്ങള്‍ക്കുവേണ്ടിയുള്ള ഉറച്ച നിലപാട്, മതത്തെ പൊളിച്ചുകാട്ടുന്നതില്‍  സംസ്‌കൃതത്തിലുള്ള തന്റെ അവഗാഹം ഉപയോഗപ്പെടുത്തല്‍, അതത് പ്രദേശത്തെ  ഗ്രാമീണരിലുള്ള തന്റെ വിശ്വാസം പ്രയോജനപ്പെടുത്തല്‍, ഔദ്യോഗിക സംവിധാനങ്ങളെ ദുര്‍ബലപ്പെടുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍.''

കൃഷ്ണന്റെ കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ തൊഴിലിന്റെ ആദ്യ പകുതിയില്‍ ഉന്നതനായ ഒരുദ്യോഗസ്ഥന്‍ കുറിച്ചുവച്ചത് ഇതൊക്കെയായിരുന്നു. കുറ്റാരോപണം പോലെ.

ചിലര്‍ ജനിക്കുന്നത് കൃത്യമായ ഒരു ലക്ഷ്യത്തോടെ ആയിരിക്കും. കുട്ടിക്കാലം മുതല്‍ തന്നെ ആ ദിശാബോധം അവരില്‍ ശക്തമാകുകയും ജീവിതത്തിലുടനീളം അതവരെ നയിച്ചുകൊണ്ട് പോവുകയും ചെയ്യും. പോരാളിയെയും അയാളുടെ ദൗത്യത്തെയും പലപ്പോഴും വേര്‍തിരിച്ച് കാണാനാവില്ല. വിജയങ്ങളെയും തിരിച്ചടികളെയും നാഴികക്കല്ലുകളാക്കി അവന്‍ മുന്നോട്ട് പോകുന്നു. ഈ പുസ്തകം രണ്ടുനിലയില്‍ പ്രസക്തമാണ്. ഒന്നാമതായി ഇത് പോരാളിയെ ആദരിക്കുന്നു. ഒപ്പം തന്നെ അദ്ദേഹം മുന്നോട്ട് കൊണ്ടുപോയ ദൗത്യത്തെ പുനരഭിവാദ്യം ചെയ്യുകയും ചെയ്യുന്നു.. 

ഇന്ത്യന്‍ സമൂഹത്തിലെ തുടര്‍ച്ചയായി അടിച്ചമര്‍ത്തപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയും ചെയ്യുന്ന വിഭാഗങ്ങളുടെ മുന്‍നിര പോരാളിയാണ് പി.എസ്. കൃഷ്ണന്‍. ജീവിതവും തൊഴിലും അദ്ദേഹത്തിന് പോരാട്ടമായിരുന്നു. കേരളത്തില്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലഘട്ടത്തില്‍ തന്നെ സാമൂഹിക മാറ്റത്തിനുള്ള പ്രവര്‍ത്തനങ്ങളില്‍ അദ്ദേഹം പങ്കാളിയായി. ഐ എ എസ്  ഓഫീസറായി ആന്ധ്രാപ്രദേശ് കേഡറില്‍ 1956 ല്‍ പ്രവര്‍ത്തിച്ചു തുടങ്ങുമ്പോഴും ആ പോരാട്ടം തുടര്‍ന്നു. ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങളെ പുനഃവിഭജനം ചെയ്യുന്നതിനുമുമ്പ് ഹൈദരാബാദ് കേഡര്‍ എന്നായിരുന്നു അത് അറിയപ്പെട്ടത്.) തുടര്‍ന്ന് അദ്ദേഹം നിരവധി നിര്‍ണ്ണായകമായ പദവികള്‍ വഹിച്ചു. കേന്ദ്ര സര്‍ക്കാരില്‍ സെക്രട്ടറിയായിരുന്നു. തൊഴിലില്‍ നിന്ന് വിരമിച്ചതിനുശേഷം പട്ടികജാതിക്കാര്‍, പട്ടിക വര്‍ഗക്കാര്‍, സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍, മതന്യൂനപക്ഷങ്ങള്‍ തുടങ്ങിയവരുടെ ഉന്നമനത്തിനായി ഏകാഗ്രതയോടെയും ദൃഢനിശ്ചയത്തോടുകൂടിയും പ്രവര്‍ത്തിച്ചു. 

സിവില്‍ സര്‍വീസ് ഓഫീസര്‍ എന്ന നിലയില്‍ ഭരണ നിര്‍വ്വഹണത്തെ അടിസ്ഥാന ജനവിഭാഗങ്ങളുടെ വിമോചന പോരാട്ടങ്ങള്‍ക്കുള്ള ഉത്തേജനമാക്കി മാറ്റുകയായിരുന്നു അദ്ദേഹം ചെയ്തിരുന്നത്. ആ ശ്രമത്തിനിടയില്‍ ശക്തരായ ആളുകളുടെ എതിര്‍പ്പും ക്രോധവും കുറ്റവിചാരണയും അദ്ദേഹത്തിന് നേരിടേണ്ടിവന്നു. എന്നാല്‍ അവിടെയെല്ലാം ഒട്ടുംതന്നെ പതറാതെ അദ്ദേഹം ധീരമായി നിലകൊണ്ടു. ഭരണ നിര്‍വ്വഹണത്തിലെ പരമ്പരാഗത രീതികളില്‍ നിന്നും മാറിനടന്നതിനും വ്യവസ്ഥാപിതമായ കാര്യങ്ങളെ ധിക്കരിച്ചതിനും പലപ്പോഴും ഉന്നത അധികാരികള്‍ അദ്ദേഹത്തെ വഴക്ക് പറഞ്ഞിട്ടുണ്ട്. എന്നിരിക്കിലും പി.എസ്. കൃഷ്ണന്റെ ജീവിതവും പ്രവൃത്തികളും ഇന്ത്യന്‍ ഉദ്ദ്യോഗസ്ഥ സംവിധാനത്തിനുള്ളില്‍ അപൂര്‍വ്വമായി വേറിട്ടുനില്‍ക്കുന്നു. സാമൂഹ്യ നീതിയോടുള്ള അടങ്ങാത്ത പ്രതിബദ്ധതയാണ് പി.എസ്. കൃഷ്ണനെ ഉന്നതനായ ഉദ്യോഗസ്ഥനും  സാമൂഹിക പരിഷ്‌കര്‍ത്താവും പോരാളിയുമായി മാറ്റിത്തീര്‍ക്കുന്നത്.

സ്വതന്ത്ര ഇന്ത്യയുടെ ആദ്യവര്‍ഷങ്ങളില്‍ തന്നെ രാജ്യത്തുണ്ടായ നിരവധിയായ മര്‍ദ്ദനങ്ങള്‍ക്കും അടിച്ചമര്‍ത്തലുകള്‍ക്കും പ്രതിരോധം തീര്‍ക്കാന്‍ കൃഷ്ണനായിട്ടുണ്ട്. ഉന്നത ജാതി എന്നതിനെ  അല്പം പരിഹസിച്ചുകൊണ്ട് അദ്ദേഹം വിളിക്കുന്നത് 'Upper most class' എന്നാണ്. അതിനുള്ളില്‍ ജനിച്ച അദ്ദേഹം ജീവിതം തന്നെ ജാതിവ്യവസ്ഥയ്ക്ക് എതിരെയുള്ള പോരാട്ടമാക്കി മാറ്റി. ഇന്ത്യയുടെ സംസ്‌ക്കാരപരമായ അപചയങ്ങളിലൊന്നാണ് ജാതിവ്യവസ്ഥയെന്ന് അദ്ദേഹം കണ്ടെത്തുന്നു. 
അദ്ദേഹത്തിന്റെ ദര്‍ശനങ്ങള്‍ രൂപപ്പെടുന്നത് ഏതെങ്കിലും ഒരു പ്രത്യശാസ്ത്രത്തില്‍ നിന്നല്ല. മറിച്ച് ഒരുപാട് ദര്‍ശനങ്ങളുടെ ആകെത്തുക ആയാണ്. അംബേദ്കറും, ഗാന്ധിയും, നാരായണ ഗുരുവും, വിവേകാനന്ദനും , പെരിയാറും, മാര്‍ക്‌സും ഉള്‍ച്ചേരുന്ന ഒരു ദര്‍ശനമാണ് അദ്ദേഹത്തിന്‍േറത്. ഈ ദര്‍ശനങ്ങള്‍  ഒരുക്കിയ ശക്തമായ  അടിത്തറയ്ക്കുമേലാണ്  അദ്ദേഹം തന്റെ തന്ത്രങ്ങളും സമീപനങ്ങളും രൂപപ്പെടുത്തിയത്. ഇന്ത്യയുടെ ആയിരക്കണക്കിന് വരുന്ന ജാതികളും ഉപജാതികളും സംബന്ധിച്ച് വിപുലമായ അറിവുകള്‍ അദ്ദേഹത്തിനുണ്ട്.. ഭരണഘടനാപരവും നിയമപരവുമായ കാര്യങ്ങളിലെ ഗഹനമായ അറിവ് അദ്ദേഹത്തിന് ഇത്തരം പോരാട്ടങ്ങളില്‍ മുതല്‍ക്കൂട്ടാകുകയും ചെയ്യൂന്നു.

ചെറുപ്പക്കാരനായ ഉദ്യോഗസ്ഥനെന്ന നിലയില്‍ 1957 ല്‍ ആന്ധ്രാപ്രദേശില്‍ അദ്ദേഹം ജോലിചെയ്തു തുടങ്ങുമ്പോള്‍ ഒരു പുതിയ സമീപന രീതി സൃഷ്ടിച്ചു. പട്ടികജാതിക്കാരുടെ കോളനികളിലും ആദിവാസി ഗ്രാമങ്ങളിലും പിന്നോക്കക്കാരുടെ ചേരികളിലും തുടര്‍ച്ചയായി പോയി താമസിക്കുകയും അവരില്‍ ആത്മ വിശ്വാസവും സ്വാഭിമാനവും ഉണ്ടാക്കി എടുക്കുകയും ചെയ്തു. എന്നാല്‍ ആ സമീപന രീതി ഉന്നത ജാതിക്കാരിലും വര്‍ഗക്കാരിലും കൂടുതല്‍ വിദ്വേഷവും ജനിപ്പിച്ചു. ഭരണത്തിന്റെ ഉന്നതതലത്തിലിരിക്കുന്ന പലര്‍ക്കും അത് തലവേദനയായി. ആന്ധ്രാപ്രദേശിലെ ഭരണ നിര്‍വ്വഹണ രംഗത്ത് വലിയ നാഴികക്കല്ലുകളായി മാറുംവിധം ഭൂരഹിതരും വീടില്ലാത്തവരുമായ ആളുകള്‍ക്ക് ആവശ്യമായ ഭൂമി ലഭ്യമാക്കുന്ന വലിയ തുടക്കങ്ങള്‍ക്ക് അദ്ദേഹം കാരണമായി.

കലക്ടര്‍ മുതല്‍ കേന്ദ്ര ഗവണ്‍മെന്റ് സെക്രട്ടറി വരെയുള്ള വ്യത്യസ്ത പദവികളിലായിരുന്നുകൊണ്ട് രാജ്യത്തിന് മൊത്തം മാതൃകയായ ഒരുപാട് കാര്യങ്ങള്‍ക്ക് അദ്ദേഹം തുടക്കം കുറിച്ചു. പട്ടികജാതിക്കാര്‍ക്കുവേണ്ടിയുള്ള സസ്‌പെന്‍ഷന്‍ കോമ്പോണന്റ് പ്ലാന്‍ (1978), സംസ്ഥാനങ്ങളിലെ പട്ടികജാതി വിഭാഗങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള കേന്ദ്രസഹായം, പട്ടികജാതി കോര്‍പ്പറേഷനുകള്‍ രൂപീകരിക്കാനും അവ നടപ്പിലാക്കാനും സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്ര സഹായം എന്നിങ്ങനെ ഒരുപാട് കാര്യങ്ങള്‍ അവയില്‍പ്പെടുന്നു.

വലിയ ചലനങ്ങളുണ്ടാക്കിയ ഭരണഘടനാപരവും നിയമ രൂപീകരണപരവുമായ ഒരുപാട് നീക്കങ്ങളുടെ ഹൃദയവും തലച്ചോറും പ്രേരണാശക്തിയും അദ്ദേഹമായിരുന്നു. പട്ടികജാത- പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കുവേണ്ടിയുള്ള ദേശീയ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്ന 1990 ലെ 65-ാം ഭരണഘടനാ ഭേദഗതി നിയമം, ബുദ്ധമതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെട്ട ദളിതര്‍ക്ക് പട്ടികജാതി പദവി നല്‍കുന്ന നിയമം, 1989-ലെ പട്ടികജാതി- പട്ടികവര്‍ഗ്ഗക്കാര്‍ക്ക് എതിരായ അതിക്രമങ്ങള്‍ തടയുന്ന നിയമം, അതില്‍ 2015 ല്‍ കൊണ്ടുവന്ന ഭേദഗതികള്‍, തോട്ടിപ്പണിയിലേര്‍പ്പെട്ടവര്‍ക്ക് തൊഴിലും പുനരധിവാസവും ഉറപ്പുവരുത്തുകയും ശൗചാലയങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്യുന്നതു സംബന്ധിച്ച 1993-ലെ നിയമം, 2003-ല്‍ അതില്‍ കൊണ്ടു വന്ന ഭേദഗതികള്‍ എന്നിവയിലെല്ലാം അദ്ദേഹം വലിയ പങ്ക് വഹിച്ചു. 1990-ല്‍ ക്ഷേമ മന്ത്രാലയത്തിലെ സെക്രട്ടറി എന്ന നിലയില്‍, സാമൂഹികമായും വിദ്യാഭ്യാസപരമായും  പിന്നോക്കം നില്‍ക്കുന്ന ജനവിഭാഗങ്ങള്‍ക്ക് ദേശീയ തലത്തില്‍ നീണ്ടകാലമായി നിഷേധിക്കപ്പെട്ട അംഗീകാരം നല്‍കുവാനും, അവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തുവാനും ഉദ്ദേശിച്ചുള്ള മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രചോദിപ്പിച്ചു. നടപ്പിലാക്കപ്പെട്ടപ്പോള്‍  ആ തീരുമാനങ്ങളെ സുപ്രീംകോടതിയില്‍ വിജയകരമായി പ്രതിരോധിക്കുകയും ചെയ്തു.

സര്‍വ്വീസില്‍ നിന്നും 1990-ല്‍ വിരമിച്ച അദ്ദേഹം തുടര്‍ന്നുള്ള രണ്ട് വര്‍ഷക്കാലം പട്ടികജാതി-പട്ടിക വര്‍ഗ്ഗക്കാരുടെ ക്ഷേമത്തിനായുള്ള ദേശീയ കമ്മീഷനിലംഗമായി. 1991-1992 ല്‍ പിന്നോക്ക വിഭാഗങ്ങള്‍ക്ക് വേണ്ടിയുള്ള വിദഗ്ധ കമ്മിറ്റിയില്‍ അംഗമായി പ്രവര്‍ത്തിച്ചു. പിന്നോക്ക വിഭാഗങ്ങള്‍ക്കായുള്ള ദേശീയ കമ്മീഷന്‍ മെമ്പര്‍ സെക്രട്ടറിയായി 1993 മുതല്‍ 2000 വരെ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആ നിലയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാമൂഹികമായും, വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നവര്‍ക്കു വേണ്ടിയുള്ള നിരവധിയായ ഇടപെടലുകള്‍  അദ്ദേഹം നടത്തി. അത്തരം ജനവിഭാഗങ്ങളുടെ കേന്ദ്രത്തിലെ പൊതുലിസ്റ്റ് തയ്യാറാക്കിയപ്പോള്‍ അര്‍ഹതയുണ്ടായിട്ടും നീണ്ടകാലമായി പുറത്തുനില്‍ക്കേണ്ടിവന്ന വിഭാഗങ്ങളെ തിരികെ കൊണ്ടുവരികയും അനര്‍ഹരെ ഒഴിവാക്കുകയും ചെയ്തു.

പട്ടികജാതി, പട്ടികവര്‍ഗ, ഇതര പിന്നോക്ക വിഭാഗങ്ങളിലെ അര്‍ഹരായവര്‍ക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം നല്‍കുന്നത് സംബന്ധിച്ച നിയമം സുപ്രീംകോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ അതിനെ പ്രതിരോധിക്കാന്‍ 2006 ല്‍ കേന്ദ്ര സര്‍ക്കാര്‍ അദ്ദേഹത്തിന്റെ സഹായം തേടുകയുണ്ടായി. ആ നിയമത്തിന്റെ ആവശ്യകത സുപ്രീംകോടതിയെ ബോധ്യപ്പെടുത്താനും അതിന് ഭരണഘടനാ പരിരക്ഷ ഉറപ്പാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു. ആന്ധ്രാപ്രദേശ് ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ സഹായത്തോടെയാണ് സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന മുസ്ലീങ്ങള്‍ക്കായി സംവരണം ഏര്‍പ്പെടുത്തിയത്. വിഷയത്തിലുള്ള തന്റെ അവഗാഹം അദ്ദേഹം ഉപയോഗപ്പെടുത്തുകയും നാല് ശതമാനം  സംവരണം ആ വിഭാഗത്തിന് അനുവദിക്കുന്ന നിയമം ഉണ്ടാവുകയും ചെയ്തു. ഹൈക്കോടതിയിലും പിന്നീട് സുപ്രീം കോടതിയിലും ആ നിയമത്തെ അദ്ദേഹം ശക്തമായി പ്രതിരോധിക്കുകയും ചെയ്തു. പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍, ഇതര പിന്നോക്കക്കാര്‍, മതന്യൂനപക്ഷങ്ങള്‍ എന്നിവയുടെയെല്ലാം ക്ഷേമത്തിനായുള്ള നിരവധി ഗവണ്‍മെന്റിതര സംവിധാനങ്ങളുമായി അദ്ദേഹം യോജിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. ഈ വിഭാഗങ്ങള്‍ക്ക് വേണ്ടി, ആസൂത്രണ കമ്മീഷനും സര്‍ക്കാരും രൂപീകരിച്ച വിവിധ കമ്മിറ്റികളില്‍ അദ്ദേഹം അംഗമായിരുന്നു.

നിരവധി പുസ്തകങ്ങള്‍, രേഖകള്‍, ഗവേഷണ പ്രബന്ധങ്ങള്‍ എന്നിവയെല്ലാം സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റേതായുണ്ട്. അവയില്‍ കുറെയെണ്ണം പ്രസിദ്ധീകൃതമാണ്. മറ്റുള്ളവ പ്രസിദ്ധീകരിക്കാനിരിക്കുന്നു. പട്ടികജാതി വിഭാഗങ്ങള്‍ക്കായുള്ള സ്‌പെഷ്യല്‍ കോമ്പോണന്റ് പ്ലാന്‍, ആദിവാസി സബ്പ്ലാന്‍, പട്ടികജാതി-പട്ടിക വര്‍ഗ വികസന അതോറിറ്റികള്‍ എന്നിവയെല്ലാം സംബന്ധിച്ച് സംസ്ഥാനതലത്തിലും ദേശീയതലത്തിലുമുള്ള നിയമ നിര്‍മ്മാണങ്ങള്‍ക്കായി അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 

 

ഡോ. വാസന്തി ദേവി പി എസ് കൃഷ്ണനൊപ്പം 

 

ഈ പുസ്തകത്തിന് അസാധാരണമായ ഒരു രൂപമാണുള്ളത്. പരമ്പരാഗത മാതൃകയിലുള്ള ആത്മകഥയോ ഓര്‍മ്മക്കുറിപ്പുകളോ അല്ല ഇത്. കൃഷ്ണനുമായി ഞാന്‍ നടത്തിയ നീണ്ട അഭിമുഖങ്ങളുടെ ഫലമാണിത്. അദ്ദേഹത്തിന്റെ ബൃഹത്തായ പ്രവൃത്തിപഥങ്ങളില്‍ നിന്നും ഓര്‍മ്മകളുടെ ആഴങ്ങളില്‍ മായാതെ സൂക്ഷിക്കുന്ന കൃത്യമായ സ്ഥിതിവിവര കണക്കുകളില്‍ നിന്നും കുറേ ഉള്‍ക്കാഴ്ചകളെ കണ്ടെത്താനുള്ള ശ്രമമാണിത്. അദ്ദേഹത്തിന്റെ ജീവിതയാത്ര, പ്രവര്‍ത്തനങ്ങള്‍, ആശയങ്ങള്‍ എന്നിവയെ വിഷയാനുപാതത്തില്‍ ചോദ്യങ്ങളുടെ അടിസ്ഥാനത്തില്‍ അടുക്കി വയ്ക്കുകയാണ് ചെയ്യുന്നത്. സാധാരണ ജീവചരിത്രങ്ങളിലും ആത്മകഥകളിലും കാണുന്നതുപോലെ ക്രമാനുഗതമായ അദ്ധ്യായങ്ങള്‍ തിരിക്കല്‍ ഇവിടില്ല. വിഷയങ്ങളുടെ തുടര്‍ച്ചയിലും ഏകാഗ്രതയിലുമാണ് ഞങ്ങള്‍ ഊന്നിയിരിക്കുന്നത്. ഈ ചോദ്യങ്ങള്‍ ഞാന്‍ രൂപപ്പെടുത്തുന്നത് വാസ്തവത്തില്‍ മറ്റൊരു സന്ദര്‍ഭത്തിലാണ്. ടി  നീതിരാജന്‍ തമിഴിലേയ്ക്ക് വിവര്‍ത്തനം ചെയ്ത കൃഷ്ണന്റെ ഒരു പുസ്തകത്തിന് ആമുഖം എഴുതാന്‍ നിയുക്തയായപ്പോള്‍ അദ്ദേഹത്തില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കുവാനാണ് ഈ ചോദ്യങ്ങള്‍ രൂപപ്പെടുത്തിയത്. ജാതി ഒഴുപ്പുക്കാന ചെന്നൈ പ്രകടന (ജാതി നിര്‍മ്മാര്‍ജ്ജനത്തിനുള്ള ചെന്നൈ പ്രഖ്യാപനം) എന്ന പേരില്‍ ആ പുസ്തകം 2017 ജനുവരി 9 ന് പ്രകാശനം ചെയ്യുകയുമുണ്ടായി. എന്റെ ഓരോ ചോദ്യങ്ങള്‍ക്കും പരമാവധി ദൈര്‍ഘ്യത്തില്‍ വിശദമായ ഉത്തരം നല്‍കാന്‍ അദ്ദേഹത്തോട് ആവശ്യപ്പെടുകയാണ് ഇവിടെ ചെയ്തത്. അതിന്റെ ഫലമാണ് ഈ പുസ്തകം. 

 

കെ. എ ഷാജി, പുസ്തകത്തിന്റെ മലയാള വിവര്‍ത്തനം

 

പുസ്തകത്തിലെ ഒരു ഭാഗം:
.....................................................

സബ് കലക്ടര്‍ക്ക് ദളിത് കോളനികളില്‍ എന്താണ് കാര്യം? 

ദളിതര്‍ക്കും ഇതര അടിച്ചമര്‍ത്തപ്പെട്ട ജനവിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ഡിവിഷനിലും ജില്ലയിലും സംസ്ഥാനത്തുടനീളം എന്നെ പ്രശസ്തനാക്കി. അത് ചിലരില്‍ നിന്നും കടുത്ത അതൃപ്തി വിളിച്ചുവരുത്തുകയും ചെയ്തു. എന്‍. സജീവ റെഡ്ഡിയും അദ്ദേഹത്തിന്റെ വിശ്വസ്തനായ ധനമന്ത്രി ബ്രഹ്മാനന്ദ റെഡ്ഡിയുമായിരുന്നു അവരില്‍ പ്രധാനികള്‍. ഉദ്യോഗസ്ഥ തലത്തിലാവട്ടെ മുന്‍ ചീഫ് സെക്രട്ടരി എന്‍. വി. പൈയുടെ അതൃപ്തി അതു വിളിച്ചുവരുത്തി. ഓങ്കോള്‍ ഉള്‍പ്പെടുന്ന ഗുണ്ടൂര്‍ ജില്ലയില്‍ നിന്നുള്ള ആളായിരുന്നു ബ്രഹ്മാനന്ദറെഡ്ഡി. നരസറാവുപേട്ട് ആയിരുന്നു അദ്ദേഹത്തിന്റെ ജന്‍മസ്ഥലം. ഓങ്കോള്‍ ഡിവിഷനില്‍ ഭൂവുടമകളും ദളിതര്‍ക്ക് കൊള്ളപ്പലിശയ്ക്ക് കടംകൊടുത്തിരുന്നവരുമായ ചില ഉന്നത ജാതിക്കാര്‍ ധനമന്ത്രി വഴി മുഖ്യമന്ത്രിയെ സമീപിക്കുകയും വായ്പകള്‍ തിരിച്ചടയ്ക്കരുതെന്ന് ഞാന്‍ ദളിതരെ ഉപദേശിച്ചിരുന്നെന്ന് പരാതിപ്പെടുകയും ചെയ്തു. 

എന്നാല്‍ മിക്ക വായ്പകളും ആവശ്യത്തിന് പലിശയടക്കം തിരികെ നല്‍കിക്കഴിഞ്ഞതാണ്. അനധികൃതമായി ഈടാക്കിയിരുന്ന കൊള്ളപ്പലിശകളാണ് അവരെ എന്നും കടക്കാരാക്കി നിലനിര്‍ത്തിയത്. വായ്പയും പലിശയും എന്നും പെരുകിക്കൊണ്ടിരുന്നു. ഒരിക്കലും അവസാനിക്കാത്ത ഈ വായ്പയും പലിശയും ഉയര്‍ന്ന ജാതിക്കാര്‍ക്ക് ദളിതരുടെയും കര്‍ഷക തൊഴിലാളികളുടെ മേലും കടുത്ത നിയന്ത്രണം നിലനിര്‍ത്തി. മുതലും പലിശയുമായി വന്‍തുക അടച്ചിട്ടുള്ള ദളിതര്‍ തുടര്‍ന്നുള്ള അടവുകള്‍ ലംഘിക്കുന്നതില്‍ ഒരു തെറ്റും ഉണ്ടായിരുന്നില്ല. കൃത്രിമമായി പെരുപ്പിച്ചുണ്ടാക്കിയ പലിശ കണക്കുകളായിരുന്നു അവയെന്ന് ദളിതര്‍ക്ക് അറിയാമായിരുന്നു. അവരുടെ ഗ്രാമങ്ങളില്‍ ഞാന്‍ പോയി താമസിച്ചിരുന്നത് തീര്‍ച്ചയായും ഇത്തരം അനീതികളെ ചോദ്യം ചെയ്യാനുള്ള ധാര്‍മിക ബലം അവര്‍ക്ക് നല്‍കുകയുണ്ടായി. 


ആരോപണങ്ങള്‍, മറുപടികള്‍

സബ് കലക്ടര്‍ ഓരോ ദളിത് ഗ്രാമത്തിലും ക്യാമ്പ് ചെയ്യുമ്പോള്‍ അവിടം ആ ഡിവിഷന്റെ ആസ്ഥാനമാകുകയും ഇതര പ്രദേശങ്ങളില്‍ നിന്നുള്ളവര്‍ക്ക് ആവലാതികളുമായി അവിടെ ചെല്ലേണ്ടിയും വരുമായിരുന്നു. അതുകൊണ്ടുതന്നെ വായ്പകള്‍ തിരിച്ചടയ്ക്കരുത് എന്ന് കൃത്യമായി പറഞ്ഞിട്ടില്ലെങ്കിലും അത്തരം അനീതികളെ എതിര്‍ക്കാന്‍ ദളിതര്‍ക്ക് ധൈര്യം കിട്ടി. അവരുടെ ആത്മ വിശ്വാസവും അഭിമാന ബോധവും വര്‍ദ്ധിച്ചു. അതുകൊണ്ടുതന്നെ സജ്ജീവറെഡ്ഡിക്കും ബ്രഹ്മാനന്ദ റെഡ്ഡിക്കും ഉള്ള പരാതികളില്‍ എനിക്കെതിരെ ഉയര്‍ന്നുനിന്നത് ഈ വിഷയമാണ്. 

ഉന്നത കുലജാതര്‍ ദളിത് ബെസ്തികളില്‍പോയി ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിക്കുന്നു എന്ന മറ്റൊരാരോപണവും എനിക്കെതിരെ ഉയര്‍ന്നുവന്നു. യഥാര്‍ത്ഥത്തില്‍ ആരേയും എവിടെനിന്നും ഭക്ഷണം കഴിക്കാന്‍ ഞാന്‍ നിര്‍ബന്ധിച്ചിരുന്നില്ല. ദളിത് ബെസ്തികള്‍ സന്ദര്‍ശിക്കുമ്പോള്‍ അവിടത്തുകാര്‍ ഒരു മര്യാദയുടെ പേരില്‍ എനിക്ക് ഭക്ഷണം തരികയും ഞാനത് കഴിക്കുകയും ചെയ്യും. അവരുടെ വീടുകളില്‍ നിന്ന് ഭക്ഷണവും വെള്ളവും കഴിക്കുന്നത് ശക്തവും വ്യക്തവുമായ പ്രതീകങ്ങളാണ് സമൂഹത്തിന് നല്‍കിയിരുന്നത്. തൊട്ടുകൂടായ്മയെയും ജാതിമേല്‍ക്കോയ്മകളെയും അത് തകര്‍ത്തു. ഈ സന്ദര്‍ഭങ്ങളില്‍ ദളിതര്‍ എനിക്കൊപ്പമുള്ള വില്ലേജ് ഓഫീസര്‍മാര്‍ക്കും മറ്റുള്ളവര്‍ക്കും ഭക്ഷണം വിളമ്പും. സബ്കലക്ടര്‍ തന്നെ ഈ ഭക്ഷണം കഴിക്കുമ്പോള്‍ അവര്‍ക്കത് നിരസിക്കാനാവില്ല. ഈ ഒരവസ്ഥയാണ് പെരുപ്പിച്ച് എനിക്കെതിരെയുള്ള ഒരു പരാതിയായി കൊണ്ടുവന്നിരിക്കുന്നത്. 

ഞാന്‍ ആരേയും ഭീഷണിപ്പെടുത്തി അനുശീലിച്ചിട്ടില്ല. അക്കാലത്തെ ശക്തനായ ഐ.സി.എസ്. ഓഫീസറും റവന്യൂ സെക്രട്ടറിയും ഉന്നതജാതിക്കാരും ഭൂ ഉടമകളുമായിരുന്ന എം ടി രാജു പില്‍ക്കാലത്ത് ചീഫ് സെക്രട്ടറിയും എം പിയുമെല്ലാം ആയി. അദ്ദേഹം നെല്ലൂര്‍ ജില്ലയില്‍ സഞ്ചരിക്കുമ്പോള്‍ എന്റെ ബാച്ചിലുണ്ടായിരുന്ന ബി. നാരായണ റാവുവിനോട് ചോദിച്ചത്. ഓങ്കോളിലെ സബ് കലക്ടര്‍ ആരാണെന്നും എന്തിനാണയാള്‍ വര്‍ഗ്ഗസമരം ആളിക്കത്തിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് എന്നുമായിരുന്നു. നാരായണ റാവു ആകട്ടെ യഥാര്‍ത്ഥത്തില്‍ ദളിതര്‍ക്കുവേണ്ടി ഞാനെന്താണ് ചെയ്യുന്നതെന്ന് കൃത്യമായി പറഞ്ഞ് മനസ്സിലാക്കി.എന്നിരിക്കലും ദളിത് കോളനികളില്‍ താമസിച്ചതും അവരുടെ പ്രശ്‌നങ്ങള്‍ കൈയ്യോടെ പരിഹരിച്ചതും ഭൂമിയും വീടും ജാതി സര്‍ട്ടിഫിക്കറ്റ് സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിച്ചതും മറ്റ് എല്ലാ വര്‍ഗ്ഗക്കാര്‍ക്കും പരിഹാരം തേടി ദളിത് കോളനികളില്‍ വരേണ്ടിവരുന്നതുമാണ് വര്‍ഗസമരത്തിന്റെ പ്രചരണവും ആളിക്കത്തിക്കലുമായി ചിത്രീകരിച്ചത്. 

എന്റെ പ്രവൃത്തികളെ മനസ്സിലാക്കുകയും അവയോട് മതിപ്പുകാണിക്കുകയും ചെയ്ത മന്ത്രിമാരില്‍ ഒരാള്‍ അനഗാണി ഭഗവന്തറാവു ആയിരുന്നു. സാമൂഹ്യമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്ന തെങ്ങുകയറ്റക്കാരുടെ ജാതിയായ ഇഡികയില്‍ നിന്നുമായിരുന്നു അദ്ദേഹം. തമിഴ്നാട്ടിലെ നാടാര്‍മാര്‍ കേരളത്തില്‍ ഈഴവര്‍ തെക്കന്‍ കര്‍ണാടകത്തിലെ ബില്ലവകള്‍ എന്നിവരുമായി തൊഴില്‍  പരമായി സാമ്യമുള്ളവരാണ് ആന്ധ്രാപ്രദേശിലെ ഇഡികകള്‍. എന്നാല്‍ തമിഴ്നാട്ടിലും കേരളത്തിലും ദക്ഷിണ കര്‍ണാടകത്തിലും പോലെ ഇഡികകള്‍ തൊട്ടുകൂടാത്തവരായിരുന്നില്ല. ആന്ധ്രയിലെ ചില ഭാഗങ്ങളില്‍ ഇഡികകളുടെ പേര് സെട്ടിബിലിജ എന്നായിരുന്നു. പരമ്പരാഗതമായ ജാതിപ്പേരിനേക്കാള്‍ ആദരവ് ഉറപ്പാക്കുന്ന ഒരു പേര്. എന്നാല്‍ ഇന്ന് ഇഡികകളുടെ സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ നിലവാരം ഈഴവരെയും നാടാര്‍മാരെയും്കാള്‍ ഏറെ പുറകിലാണ്. അവരില്‍ നല്ലൊരു പങ്ക് ഇന്നും തെങ്ങുചെത്തുകാരായി തുടരുന്നു. 

അടുത്തകാലത്തെ യാത്രകളില്‍ ഞാനും ഭാര്യയും ഓരോ വിഭാഗം ആളുകളോടും അവരുടെ ഇതുപോലത്തെ സാഹചര്യം എന്തെന്ന് തിരക്കിയിരുന്നു. ഏറ്റവും ദരിദ്രമായി വസ്ത്രധാരണം ചെയ്തിരുന്നവരോ ഷര്‍ട്ട് തന്നെ ഇല്ലാത്തവരോ ആയിരുന്നു ഇഡികകളും ആട്ടിടയരായ ദുര്‍മകളും. വിപ്ലവത്തിനുമുമ്പുള്ള ഫ്രാന്‍സിലെ സാന്‍സ്‌കുലോട്ടസുകളെ അവര്‍ ഓര്‍മ്മപ്പെടുത്തി. ആട്ടിടയന്‍മാര്‍ റോഡുകളിലൂടെ തങ്ങളുടെ ആടുകളുമായി പോകുന്നതും തെങ്ങുചെത്തുന്ന ഉപകരണങ്ങളുമായി പരമ്പരാഗത വേഷത്തില്‍ ഇഡികകള്‍ നടന്നും സൈക്കിളിലും പോകുന്നതും ഞങ്ങള്‍ കണ്ടു. അവര്‍ക്കിടയില്‍ മെട്രിക്കുലേഷനും അതിനുമുകളില്‍ വിദ്യാഭ്യാസവും ഉള്ളവരും ഉണ്ടായിരുന്നു. എന്റെ ഡിവിഷനോട് ചേര്‍ന്നുകിടക്കുന്ന തെനാലിയില്‍ നിന്നുള്ള അനഗാണി ഭഗവന്തറാവുവിനെ ഞാനാദ്യം കാണുന്നത് ചിരാല ഗസ്റ്റ് ഹൗസില്‍ വച്ചായിരുന്നു. മറ്റുള്ളവരോട് സംസാരിക്കുന്നതിനിടയിലും എന്റെ കൈകളില്‍ ചേര്‍ത്തുപിടിച്ചുകൊണ്ട് അദ്ദേഹം എന്റെ പ്രവൃത്തികളെ അംഗീകരിച്ചു. വളരെ ഊഷ്മളമായിത്തന്നെ സംഭാഷണം നടത്തുകയും ചെയ്തു. 

 

പി എസ് കൃഷ്ണന്‍ സ്വാമി അഗ്‌നിവേശിനൊപ്പം 

 

മതനിന്ദ, കമ്യൂണിസം-കുറ്റങ്ങള്‍ ഇങ്ങനെയൊക്കെ 

ഓങ്കോളിലെ ഹില്‍ ബംഗ്ലാവില്‍ വച്ച് 1958 -ല്‍ ഞാനുമായി തര്‍ക്കത്തില്‍ ഏര്‍പ്പെട്ട അനന്തരാമന്‍ എനിക്കെതിരെയുള്ള ഒരന്വേഷണത്തില്‍ തെളിവെടുക്കുന്നതിനായി ജില്ലാ ആസ്ഥാനമായ ഗുണ്ടൂരിലെത്തി. അദ്ദേഹമെന്നെ ഗുണ്ടൂര്‍ ഗസ്റ്റ് ഹൗസിലേയ്ക്ക് വിളിപ്പിച്ചു. ദളിതരെ ഞാന്‍ ശക്തമായി പിന്‍തുണച്ചു. അവരോട് ഐകദാര്‍ഢ്യം പുലര്‍ത്തി നടത്തുന്ന പ്രവര്‍ത്തികളില്‍ കുപിതരായ ആളുകള്‍ അയച്ച പരാതികളാണെന്ന് പറഞ്ഞ് ഒരു കെട്ട് എന്നെ കാണിച്ചു. തൊട്ടുകൂടായ്മയുടെ ഇരകളാണ് ദളിതരെന്ന് ഞാന്‍ പറഞ്ഞ് മനസ്സിലാക്കിക്കാന്‍ ശ്രമിച്ചു. ഭരണ ഘടന തന്നെ തൊട്ടുകൂടായ്മ നിരോധിച്ചതാണ്. എന്നാലിന്നും സമൂഹത്തില്‍ അത് നിലവിലുണ്ട്. ഇത്തരം പ്രശ്‌നങ്ങളെ പരിഹരിക്കുക എന്നതാണ് ഓരോ ഐ.എ.എസ്. ഉദ്യോഗസ്ഥരുടെയും കടമയും കര്‍ത്തവ്യവും. ഞാന്‍ എന്‍േറതായ ആ ഉത്തരവാദിത്വം നിര്‍വ്വഹിക്കുക മാത്രമേ ചെയ്തിട്ടുള്ളൂ.

തൊട്ടുകൂടായ്മ നമ്മുടെ മതത്തിലില്ലെന്ന് അനന്തരാമന്‍ എന്നോട് പറഞ്ഞു. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ മനുസ്മൃതി അനുസരിച്ച് ജാതി നിലനില്‍ക്കുന്നുണ്ടെന്ന് ഞാനദ്ദേഹത്തിന് മറുപടി കൊടുത്തു. ഇരയ്ക്കും കുറ്റം ചെയ്തവര്‍ക്കും ജാതിയുടെ അടിസ്ഥാനത്തില്‍ വ്യത്യസ്ഥമായ കാര്യങ്ങളാണ് മനുസ്മൃതി പറയുന്നത്. എന്റെ അഭിപ്രായത്തില്‍ മനുസ്മൃതി ഹിന്ദുമതത്തിന്റെ ഭാഗമല്ല എന്ന് പറയുന്നതാണ് കൂടുതല്‍ ഉപകാരപ്പെടുക. ഹിന്ദുമതത്തിലെ രണ്ട് ഉന്നതരായ നവോത്ഥാന നായകരും വ്യാഖ്യാതാക്കളുമായിരുന്ന സ്വാമി ദയാനന്ദസരസ്വതിയും സ്വാമി വിവേകാനന്ദനും ആ അഭിപ്രായക്കാരായിരുന്നു. സ്വാമി ശ്രദ്ധാനന്ദയുടെ ചിന്തകളും ആ വഴിക്കായിരുന്നു. മനുസ്മൃതി മതത്തിന്റെ ഭാഗമാണെന്ന് പറഞ്ഞ അനന്തരാമന്‍ കോപംകൊണ്ട് ജ്വലിച്ചു. ഞാനിവിടെ വന്നത് മതത്തിനെതിരെയുള്ള നിങ്ങളുടെ ദുഷ്പ്രചാരണം കേള്‍ക്കാന്‍വേണ്ടിയല്ലെന്ന് അദ്ദേഹം പറഞ്ഞു. വേഗം അകത്തേയ്ക്ക് അദ്ദേഹം പോവുകയും ചെയ്തു. 

യഥാര്‍ത്ഥത്തില്‍ ഞാന്‍ ഹിന്ദുദൈവങ്ങളെ അപമാനിക്കയായിരുന്നില്ല. മറിച്ച് ജാതി വ്യവസ്ഥയും തൊട്ടുകൂടായ്മയും രൂപപ്പെടുത്തിയെടുത്ത സാമൂഹ്യാസമത്വങ്ങളെ ചൂണ്ടിക്കാട്ടുക മാത്രമായിരുന്നു ചെയ്തത്. മനുസ്മൃതിയില്‍ ആധികാരികത വരുത്തിയിരുന്ന തൊട്ടുകൂടായ്മയും ജാതിക്രമങ്ങളും ഒരിക്കലും ഒരു മതത്തിന്റെ സൂചകങ്ങളായിരുന്നില്ല. അതോടെ അന്വേഷണം തീര്‍ന്നു. എന്നാല്‍ കാര്യങ്ങള്‍ വിചാരിച്ചതുപോലെ അവസാനിച്ചില്ല. സംസ്‌കൃതത്തിലുള്ള എന്റെ അറിവ് മതത്തെ അവഹേളിക്കാന്‍ ഉപയോഗിക്കുകയാണെന്ന് കോണ്‍ഫിഡന്‍ഷ്യല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തു. 

അന്വേഷണത്തിന്റെ ഒരു ഘട്ടത്തില്‍ ഞാനൊരു കമ്മ്യൂണിസ്റ്റാണെന്ന് പരാതിയുണ്ടെന് അനന്തരാമന്‍ പറഞ്ഞു. ദളിതര്‍ക്കും മറ്റ് അടിച്ചമര്‍ത്തപ്പെട്ട വിഭാഗങ്ങള്‍ക്കും നീതി നടപ്പാക്കിക്കൊടുക്കുന്ന ഉദ്യോഗസ്ഥനില്‍ കമ്മ്യൂണിസ്റ്റ് ബന്ധം ആരോപിക്കുന്നത് സ്വയം തോല്‍പിക്കുന്നതിന് സമാനമാണെന്ന് ഞാന്‍ വിശദീകരിച്ചുകൊടുത്തു. ആ ആരോപണം ഉയര്‍ത്തുന്നവരില്‍ വന്‍കിട ഭൂവുടമകള്‍ മുതല്‍ പിന്നീട് ഓങ്കോളില്‍ നിന്നുള്ള മന്ത്രിയായ റൊണ്ടനായപ്പ റെഡ്ഡിവരെ ഉണ്ടായിരുന്നു. എന്നെ അദ്ദേഹം കാണാന്‍വന്ന രണ്ട് മൂന്ന് സന്ദര്‍ഭങ്ങളില്‍ രാജ്യസഭയില്‍ അംഗമായിരുന്ന വി.സി. കേശവറാവു കൂടെയുണ്ടായിരുന്നു. ദളിതനായ റാവു ചര്‍ച്ചയില്‍ ഒരു നിശ്ശബ്ദപങ്കാളിയായിരുന്നു. നായപ്പറെഡ്ഡി മാത്രം സംസാരിച്ചു. ആദ്യം കണ്ടപ്പോള്‍ ഞാനൊരു ദളിതനാണെന്ന് വിചാരിച്ചെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍  ഉന്നതകുല ജാതനാണെങ്കിലും ദളിതരോടുള്ള സഹാനുഭൂതികാരണം പ്രത്യയശാസ്ത്രങ്ങളില്‍ മാറ്റം വരുത്തി കമ്മ്യൂണിസ്റ്റ് ആവുകയാണ് ഞാന്‍ ചെയ്തതെന്നും അദ്ദേഹം കണ്ടെത്തി. 

അവര്‍ സ്ഥിരമായി ഉപയോഗിച്ചിരുന്ന പേരിനുടമയായ ഗാന്ധി സ്ഥിരമായി ദളിതരുടെ താമസസ്ഥലങ്ങള്‍ സന്ദര്‍ശിച്ചിരുന്നു എന്ന് ഞാന്‍ പറഞ്ഞു. അതുകൊണ്ട് തന്നെ ദളിത് കുടിലുകള്‍ സന്ദര്‍ശിക്കുന്ന ആരെയും ഗാന്ധിജിയായി ചിത്രീകരിച്ചുകൂടാ. ദളിത് കുടിലുകള്‍ സന്ദര്‍ശിക്കുന്നവര്‍ എല്ലാരും കമ്മ്യൂണിസ്റ്റുകാരായി തീരണമെന്നുമില്ല. എന്നെപ്പോലെ തന്നെ അവരോട് സൗഹാര്‍ദ്ദം പുലര്‍ത്തുന്നവരും അങ്ങനെയായിത്തീരണമെന്നില്ല. ഗാന്ധിജിയെ പിന്‍പറ്റുന്നു എന്നതുകൊണ്ട് മാത്രം ആളുകള്‍ക്ക് ദളിതരോട് ഇഷ്ടമുണ്ടാവണമെന്നുമില്ല. വേട്ടപ്പാലം പഞ്ചായത്ത് സമിതി, അവിടത്തെ ബി.ഇ.ഒ. യ്ക്ക് എതിരെ വന്ന ചില പരാതികള്‍ക്ക് പിന്‍തുണ നല്‍കുന്ന റിപ്പോര്‍ട്ടുകള്‍ ഞാന്‍ കൊടുത്തില്ല എന്നതുമായിരുന്നു അവരുടെ അസംതൃപ്തിയുടെ പിന്നൊരുകാരണം. വിശദമായ അന്വേഷണങ്ങളും നേരിട്ടുള്ള പരിശോധനകളും നടത്തിയിട്ടും ആരോപണങ്ങളില്‍ ഒരു സത്യവും കണ്ടെത്താനായിട്ടില്ലെന്നും അതുകൊണ്ടാണ് അവര്‍ നിരപരാധികള്‍ എന്ന റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്ക് നല്‍കിയതെന്നും ഞാന്‍ പറഞ്ഞു. അനന്തരാമന്റെ ചോദ്യങ്ങള്‍ക്കുള്ള എന്റെ ഉത്തരം അതായിരുന്നു. 

ഞാന്‍ മനസ്സിലാക്കിയിടത്തോളം, ആന്ധ്രാപ്രദേശിലെ ക്യാബിനറ്റ്, ഓങ്കോള്‍ സബ്കലക്ടറുടെ സ്വഭാവവും പെരുമാറ്റവും വിശദമായി ചര്‍ച്ചചെയ്തു. ഭൂമി ഉടമസ്ഥരും കൊള്ളപലിശയ്ക്ക് പണം കടംകൊടുക്കുന്നവരുമായ ബരസാവുപ്പേട്ട ഏരിയയിലും മറ്റിടങ്ങളിലുമുള്ള ആളുകളുടെ പ്രതിബന്ധമായി ഞാന്‍ മാറിയതെങ്ങനെയെന്നും അവര്‍ ചര്‍ച്ച ചെയ്തു. എന്നെ എങ്ങനെ അവിടെ നിന്നും മാറ്റുമെന്നതായി അടുത്ത ചിന്ത. അയാളുടെ പ്രവൃത്തികളും ക്യാബിനറ്റില്‍ ചര്‍ച്ചയാവുന്നത് ആദ്യമായിട്ടായിരിക്കണം. ഗവണ്‍മെന്റിന് എന്നിലുള്ള അനിഷ്ടം പ്രകടമാകും വിധം അപ്രധാനമായൊരു പദവിയിലേയ്ക്ക് മാറ്റാന്‍ തീരുമാനമായി. ക്യാബിനറ്റില്‍ എനിക്കനുകൂലമായി ഉയര്‍ന്ന ഏക സ്വരം അനഗാണി ബഗവന്തറാവുവിന്‍േറതു മാത്രമായിരുന്നു. ദുര്‍ബല ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ഒരോഫീസര്‍ ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചാല്‍ ഉണ്ടാവുന്നവയായി എനിക്കെതിരായുയര്‍ന്ന ആരോപണങ്ങളേയും ആക്രമണങ്ങളേയും അദ്ദേഹം ചിത്രീകരിച്ചു. 

ഓങ്കോളിന്റെ സബ്കലക്ടറായി ഞാന്‍ ചാര്‍ജ്ജെടുത്തതുമുതല്‍ തന്നെ ഞാനവിടെ അധികം വാഴില്ലെന്ന് കൊള്ളപലിശക്കാരും ജാതിമത വര്‍ഗീയവാദികളും പറഞ്ഞു നടന്നിരുന്നു. ഞാനവിടെ എത്തി രണ്ട് മാസത്തിനകം തന്നെ ഈ പ്രചരണം അവിടെ ആരംഭിച്ചു. ലിങ്കം മാരിയമ്മയും വിജയ രാജരത്‌നവും നിങ്ങളെ ഇവിടെ തുടരാന്‍ അനുവദിക്കില്ലായെന്ന്.


ജാതിമേല്‍ക്കോയ്മ സംരക്ഷിക്കുന്ന ഉന്നതര്‍ 

ഭരിക്കുന്ന രാഷ്ട്രീയ സംവിധാനത്തിന്റെ പ്രതികരണങ്ങളിലും നിലപാടുകളിലും എനിക്കത്ഭുതം തോന്നിയില്ല. അതിന്റെ നിലപാടുകള്‍ ജാതിയധിഷ്ഠിതമായിരുന്നതും ജാതിമേല്‍ക്കോയ്മകളെ സംരക്ഷിക്കുന്നതുമായിരുന്നു. ഗ്രാമീണ ഭൂവുടമസ്ഥരുടെ അനീതികള്‍ക്കൊപ്പം അത് നിന്നു. സഞ്ജീവ റെഡ്ഡിയുടെ രണ്ട് പ്രസംഗങ്ങള്‍ ഇപ്പോഴും എന്റെ കാതുകളില്‍ കൃത്യമായി മുഴങ്ങുന്നുണ്ട്. ഒന്നാമത്തേത് അദ്ദേഹം മുഖ്യമന്ത്രിയായിരിക്കുമ്പോഴായിരുന്നു. രണ്ടാമത്തേത് ഹൈക്കോടതിയുടെ ചില പരാമര്‍ശങ്ങളെതുടര്‍ന്ന് അദ്ദേഹം മുഖ്യമന്ത്രിപദം ഒഴിവാക്കുകയും കേന്ദ്രത്തിലേയ്ക്ക് മാറിപോവുകയും ചെയ്തതിന് ശേഷമായിരുന്നു. 

ആദ്യത്തേത് എന്റെ  ഡിവിഷന് കീഴിലുള്ള റട്ടിപ്പാട്  എന്ന സ്ഥലത്തായിരുന്നു. അവിടെ വെച്ച് മരിച്ചുപോയ കലാവെങ്കിട്ടറാവുവിനെക്കുറിച്ചുള്ള ദു:ഖം അദ്ദേഹം രേഖപ്പെടുത്തി. പട്ടികജാതിക്കാര്‍ അവര്‍ക്ക് കൃഷിഭൂമി നല്‍കാമെന്ന് പറഞ്ഞവരെ മാത്രമേ അനുസരിക്കുന്നുള്ളൂ എന്ന വസ്തുത കലാവെങ്കിട്ടറാവുവിനെ വല്ലാതെ അലോസരപ്പെടുത്തിയിരുന്നെന്ന് ആദ്യത്തെ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു. അസി. സെറ്റില്‍മെന്റ് ഓഫീസറായി ശിക്ഷാനടപടികളുടെ ഭാഗമായി എന്നെ നിയമിച്ച അനന്തപ്പൂരിലായിരുന്നു അദ്ദേഹത്തിന്റെ രണ്ടാമത്തെ പ്രസംഗം. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ഞാനാ പ്രസംഗം ശ്രദ്ധിച്ചു. സംസ്ഥാനത്ത് തന്റെ സേവനങ്ങളെക്കുറിച്ചുള്ളതായിരുന്നു അതിലെ ഏറിയ പങ്കും. 

അവിടെ അദ്ദേഹം പ്രത്യേകമായി പരാമര്‍ശിച്ചവയിലൊന്ന്, ഭൂപരിധിനിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ മുഖ്യമന്ത്രി എന്ന നിലയില്‍ തന്റെ മേല്‍ പാര്‍ട്ടിയുടെ സമ്മര്‍ദ്ദം ഉണ്ടായിരുന്നിട്ടും മിച്ചഭൂമി ഉള്ളവര്‍ക്ക് വേണ്ട സ്ഥലം അനുവദിക്കാനായി എന്നതാണ്. പുനഃക്രമീകരിക്കാനും പുനര്‍ വിതരണം ചെയ്യാനും സമയം കൊടുക്കുക വഴി അവരുടെ അധിക ഭൂസ്വത്തുക്കള്‍ നിയമത്തിന്റെ പരിധിക്കുള്ളില്‍ കൊണ്ടുവരാന്‍ സഹായം നല്‍കാനായെന്നും അദ്ദേഹം പറഞ്ഞു. അക്കാലഘട്ടത്തില്‍ വലിയ ഭൂവുടമകള്‍ തങ്ങളുടെ ഭൂവുടമസ്ഥതയിലുള്ള ഭൂമി തങ്ങളുടെ കുടുംബക്കാര്‍ക്കിടയില്‍ വിഭജിച്ച് ഭൂപരിധി നിയമത്തില്‍ നിന്ന് രക്ഷപ്പെടുമായിരുന്നു. ചിലരെല്ലാം ഇക്കാര്യത്തിനായി, കെട്ടിച്ചമച്ച വിവാഹ മോചനങ്ങള്‍വരെ ഉണ്ടാക്കി. ഭൂപരിധി നിയമപ്രകാരം ലഭ്യമാക്കുന്ന അധിക ഭൂമികൊണ്ട് ദളിതര്‍ക്കും ഇതര ഭൂരഹിത കര്‍ഷക വിഭാഗങ്ങള്‍ക്കും കിട്ടേണ്ടരീതി അട്ടിമറിക്കുകയായിരുന്നു ഇതിന്റെ ഫലം. 

എനിക്കു മേല്‍ അവര്‍ ക്രോധം ചൊരിയുമ്പോഴും ഞാന്‍ ഗ്രാമങ്ങള്‍തോറുമുള്ള സഞ്ചാരം തുടരുകയും ദളിത് ബെസ്തികളിലും മത്സ്യ തൊഴിലാളി കോളനികളിലും മുന്‍പത്തെപ്പോലെ പണിയെടുക്കുകയും ചെയ്തു. അവരുടെ പ്രശ്‌നങ്ങള്‍ക്ക് കൈയ്യോടെ പരിഹാരം കണ്ടു. ദളിതരായ ഗ്രാമീണരില്‍ നിന്നുമുള്ള ഒരു പരാതി പരിഹരിക്കുന്നതിനായി തിണ്‍മ സ്വതന്ത്രഗ്രാമത്തിലേയ്ക്ക് പോകുമ്പോഴായിരുന്നു ജില്ലാതല പരിശീലനത്തിനെത്തിയ എസ്.ആര്‍. ശങ്കറിനെ ഞാന്‍ ആദ്യമായി കാണുന്നത്. 

 

.....................................................

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ നേരത്തെ പ്രസിദ്ധീകരിച്ച പി എസ് കൃഷ്ണന്‍ അനുസ്മരണക്കുറിപ്പ്:  ജാതിവ്യവസ്ഥയെ വെല്ലുവിളിച്ച മലയാളി ഐഎഎസ് ഉദ്യോഗസ്ഥന്‍

പി എസ് കൃഷ്ണന്‍: അവസാന കാലത്തെ ഒരു ചിത്രം


സര്‍ക്കാര്‍ പ്രതികാരം 
വൈകാതെതന്നെ ചീഫ് സെക്രട്ടറിയില്‍ നിന്നും എനിക്കൊരു കത്തുകിട്ടി. ജില്ലാ കളക്ടറുടേതിന് തുല്യമെങ്കിലും വലിയ തിളക്കമൊന്നുമില്ലാത്ത സെറ്റില്‍മെന്റ് ഓഫീസര്‍ പദവിയിലേയ്ക്ക് ഞാന്‍ നിയോഗിക്കപ്പെടുകയാണ്. അതിനുള്ള മുന്നൊരുക്കങ്ങളുടെ ഭാഗമായി അനന്തപ്പൂരിലെ അസി. സെറ്റില്‍മെന്റ് ഓഫീസറായി എന്നെ സ്ഥലം മാറ്റുന്നു. നീണ്ട ആലോചനകളുടെയും പദ്ധതികളുടെയും ഭാഗമായി എന്നെ ഒതുക്കാനുള്ള ഒരു പോസ്റ്റ് കണ്ടെടുക്കപ്പെട്ടിരിക്കുന്നു. സബ് കലക്ടറുടെയോ ജില്ലാ കലക്ടറുടെയോ പോലെ പൊതുജനങ്ങളുമായി നേരിട്ടിടപെടുന്ന ഒരു ജോലിയല്ല ഇപ്പോഴുള്ളത്. എനിക്ക് മുമ്പോ ശേഷമോ ഉള്ള ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥരും അസിസ്റ്റന്റ് സെറ്റില്‍മെന്റ് ഓഫീസറായി നിയമിക്കപ്പെട്ടിട്ടില്ല. സാധാരണ ഗതിയില്‍ സംസ്ഥാന സര്‍വ്വീസിലുള്ള ഡെപ്യൂട്ടി കലക്ടര്‍മാരാണ് ആ പദവിയിലെത്തുക. ഇപ്പോഴത്തെ പോസ്റ്റ് എന്നെ അപമാനിക്കാനാണെന്ന് വ്യക്തമായിരുന്നു. പട്ടിക വര്‍ഗക്കാര്‍ക്കും ഇതര ദരിദ്രര്‍ക്കും അനുകൂലമായി സബ്കലക്ടര്‍ പദവിയിലിരുന്ന് ഞാന്‍ ചെയ്ത കാര്യങ്ങളിലുള്ള ഗവണ്‍മെന്റിന്റെ  അതൃപ്തി രേഖപ്പെടുത്താനാണ് തീരുമാനം. എന്നെ ഒരു പാഠം പഠിപ്പിക്കുക എന്ന ലക്ഷ്യത്തിനൊപ്പം മറ്റുള്ളവര്‍ക്ക് ഒരു പാഠമായി എന്നെ മാറ്റുകയുമാവാം. 

സംസ്ഥാന സര്‍വ്വീസില്‍ ഡെപ്യൂട്ടി കലക്ടറായ തട്ടൂരി വെങ്കിടേശ്വര റാവുവിന് ഞാന്‍ ചുമതലകള്‍ കൈമാറി. അദ്ദേഹം നല്ലൊരു മനുഷ്യനായിരുന്നു. മുമ്പ് ഞാനും എന്റെ ബാച്ചിലുള്ളവരും പരിശീലനത്തിലായിരുന്നപ്പോള്‍ ഒരുമാസത്തെ സെറ്റില്‍മെന്റ് പരിശീലനം വിശാഖപട്ടണം ജില്ലയിലായിരുന്നു. ഇന്ന് വിശാഖപട്ടണം, വിഴിയ നഗരം എന്നിങ്ങനെ രണ്ട് ജില്ലകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. അന്ന് ഞങ്ങളുടെ പരിശീലനകേന്ദ്രങ്ങള്‍ അനഗപ്പള്ളയും വിഴിയം നഗരവുമായിരുന്നു. അവിടത്തെ അസി. സെറ്റില്‍മെന്റ് ഓഫീസറായിരുന്ന വെങ്കിടേശ്വരറാവുവിനായിരുന്നു ഞങ്ങളുടെ പരിശീലന ചുമതല. അദ്ദേഹം ചാര്‍ജ്ജെടുക്കാന്‍ വന്നപ്പോള്‍ ഞങ്ങള്‍ പഴയ സൗഹൃദം പുതുക്കി. എന്റെ പശ്ചാത്തലമറിയാവുന്ന അദ്ദേഹം വന്നുപെട്ട ദുരന്തത്തില്‍ സഹാനുഭൂതി കാണിക്കുകയും ആശ്വസിപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്തു. 'ശുദ്ധജാതിയില്‍' ജനിച്ചിട്ടും താങ്കളെന്തിന് ഇങ്ങനെയൊക്കെ ചെയ്യണം എന്നതായിരുന്നു ചോദ്യം. ദളിതര്‍ക്കും ഇതര വിഭാഗങ്ങള്‍ക്കും വേണ്ടിയുള്ള എന്റെ പ്രവര്‍ത്തനങ്ങളെയാണ് അദ്ദേഹം ഉദ്ദേശിച്ചത്. 1959 നവംബര്‍ 18 ന് ഞാന്‍ ചുമതലയൊഴിഞ്ഞു. കൃത്യം ഒരു കൊല്ലവും ഒരു മാസവും ഒരു ദിവസവുമായിരുന്നു കാലാവധി. നിലവിലുള്ള സംവിധാനത്തിന് ഒരു ദിവസംപോലും അധികം എന്നെ സഹിക്കാന്‍ പറ്റുമായിരുന്നില്ല. 

 

'പുസ്തകപ്പുഴ' പ്രസിദ്ധീകരിച്ച പുസ്തക ഭാഗങ്ങളും കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം
 

click me!