ദളിതന് ഈ മണ്ണിൽ ആത്മാഭിമാനത്തോടെ തലയുയർത്തി ജീവിക്കുന്നതിന് ഭൂമിയും, വിദ്യാഭ്യാസവും ആണ് ഏറ്റവും അത്യാവശ്യം എന്ന് അയ്യങ്കാളി തിരിച്ചറിഞ്ഞിരുന്നു. അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കാണ് ആ മനുഷ്യ സ്നേഹി ജീവിതം മുഴുവൻ സമർപ്പിച്ചത്.
കേരളീയ നവോത്ഥാനത്തിന് രണ്ടു ശക്തമായ ധാരകളാണുള്ളത്. അതിൽ ആദ്യത്തേതും, ഏറ്റവും ശക്തവുമായത് കീഴാള നവോത്ഥാന ധാരയാണ്. അയ്യങ്കാളി പ്രതിനിധാനം ചെയ്യുന്ന കീഴാള നവോത്ഥാനധാര ഒരേസമയം ജാതി വ്യവസ്ഥക്കെതിരെ പോരാടുകയും, ഒപ്പം പൊതു ഇടങ്ങളും, പൊതുവിദ്യാഭ്യാസവുമെല്ലാം ജനാധിപത്യ വൽക്കരിക്കുവാനുള്ള ശ്രമങ്ങൾക്കുമാണ് പ്രാധാന്യം കൊടുത്തത്. അടിമത്തവും, കടുത്ത ജാതി വിവേചനവും നിലനിന്നിരുന്ന തിരുവിതാം കൂറിന്റെ മണ്ണിൽ കീഴാളനെ മനുഷ്യനായി കാണാനുള്ള, അവരെ ആത്മബോധത്തിലേക്കുയർത്താനുള്ള പോരാട്ടങ്ങൾക്കാണ് അയ്യങ്കാളി നേതൃത്വം നൽകിയത്. രാഷ്ട്രീയമായും, കായികമായും ഒക്കെ അദ്ദേഹം സവർണ്ണമോധാവിത്തത്തെ ചെറുത്തു നിന്നിട്ടുണ്ട്. നായർ പ്രമാണിമാരുടെ ചട്ടമ്പിക്കൂട്ടങ്ങളുടെ ആക്രമണത്തെ വിധേയത്വത്തിന്റെ ഭാരമില്ലാതെ തിരിച്ചു പ്രതിരോധിക്കാൻ കഴിഞ്ഞ അയ്യങ്കാളിയുടെ ജീവിതത്തിന് ഒരു വിരേതിഹാസ നായകന്റെ പരിവേഷമല്ല മറിച്ച് മനുഷ്യാന്തസ്സ് ഉയർത്തിപ്പിടിക്കാനും, അടിമ ബോധത്തിൽ നിന്ന് തന്റെ ജനതയെ മോചിപ്പിക്കുവാനുമുള്ള ദളിതനായ ഒരു പോരാളിയുടെ വീറും സന്നദ്ധതയുമാണ് ജ്വലിക്കുന്നത്.
നിയമനിർമ്മാണസഭയിലെ അയ്യങ്കാളി
ദളിതരുടെ മനുഷ്യാവകാശ പോരാട്ടങ്ങളിലൂടെ അവരുടെ അനിഷേധ്യ നേതാവായി അയ്യങ്കാളി ജ്വലിച്ചു നിൽക്കുന്ന കാലത്താണ് അദ്ദേഹം തിരുവിതാംകൂറിലെ ശ്രീമൂലം പ്രജാസഭയിലേക്ക് നോമിനേറ്റ് ചെയ്യപ്പെടുന്നത്. 1888 -ൽ ആണ് ഇന്ത്യയിലെ തന്നെ ആദ്യത്തെ നാട്ടുരാജ്യ നിയമനിർമ്മാണ സഭ തിരുവിതാംകൂറിൽ രൂപം കൊണ്ടത്. എട്ട് അംഗങ്ങൾ മാത്രമുണ്ടായിരുന്ന ഈ സഭ പിന്നീട് 1904 -ൽ ഏഴ് അംഗങ്ങളെ കൂടി ഉൾപ്പെടുത്തി വികസിപ്പിക്കുകയും ശ്രീമൂലം പ്രജാസഭ എന്ന പേര് സ്വീകരിക്കുകയും ചെയ്തു. ഓരോ മതക്കാരനും, ജാതിക്കാരനും, ജന്മിക്കും മറ്റും അവരവരുടെ സമൂഹത്തിന്റെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിച്ച് പരിഹാരം നേടാൻ പ്രത്യേകം പ്രതിനിധികൾ ഉണ്ടായിരുന്നു. ആദ്യകാലങ്ങളിൽ ഈഴവ സമുദായംഗങ്ങൾക്ക് സഭയിൽ പ്രാതിനിധ്യം ഉണ്ടായിരുന്നു. എന്നാൽ, പുലയരുൾപ്പെടുന്ന ദളിത് സമുദായക്കാരുടെ പ്രശ്നങ്ങൾ സഭയിൽ അവതരിപ്പിച്ചിരുന്നത് നായർ സമുദായത്തിലെ കെ. ഗോവിന്ദപ്പിള്ളയായിരുന്നു.
സാധുജനപരിപാലന സംഘത്തിന്റെ നേതാവായി അയ്യങ്കാളി വളരെ സജീവമായി പ്രവർത്തിക്കുകയും പുലയരുൾപ്പെടുന്ന കർഷകത്തൊഴിലാളികളുടെ പ്രശ്നങ്ങൾ ഭരണാധികാരികൾക്കുമുമ്പിൽ നിവേദനങ്ങളായി എത്തിക്കുകയും ചെയ്തിരുന്നു. വിദ്യാഭ്യാസം, ഭൂമി അയിത്താചാരങ്ങളും തുടർന്നുള്ള സവർണ്ണ ആക്രണങ്ങൾ തുടങ്ങി സമുദായത്തിന്റെ എല്ലാ പ്രശ്നങ്ങളും അദ്ദേഹം ദിവാനടക്കമുള്ള ഉയർന്ന ഉദ്യേഗസ്ഥന്മാരുടെ മുമ്പിൽ എത്തിക്കുമായിരുന്നു. ഈ അവസരത്തിലാണ് അയിത്തജാതിക്കാർ നേരിടുന്ന പ്രശ്നങ്ങൾ അവതരിപ്പിക്കാൻ അതേ സമുദായത്തിൽപ്പെട്ടവർ തന്നെ വേണമെന്നുള്ള നിർദ്ദേശങ്ങൾ സഭയിലുയർന്നു വന്നത്. പുലയരുടെയും, മറ്റു അധഃസ്ഥിത സമുദായക്കാരുടെയും നേതാവായിരുന്ന അയ്യങ്കാളിയുടെ പേരു തന്നെയാണ് ഈ സ്ഥാനത്തേക്ക് ഏറ്റവും കൂടുതൽ ഉയർന്നുവന്നത്.
അയ്യങ്കാളിയുടെ പ്രവർത്തനങ്ങളോട് ഏറെ താൽപര്യം കാണിച്ച തഹസിൽദാർ പ്രാക്കുളം പത്മനാഭപ്പിള്ളയടക്കമുള്ള പ്രമുഖർ ഈ കാര്യം ദിവാനോടു സൂചിപ്പിച്ചിരുന്നു. അങ്ങനെ 1911 ഡിസംബർ 5 -ലെ സർക്കാർ ഗസറ്റിലൂടെ ഗവൺമെന്റ് അയ്യങ്കാളിയെ ശ്രീമൂലം പ്രജാസഭ മെമ്പറായി നോമിനേറ്റു ചെയ്തതായി പ്രഖ്യാപിച്ചു. 1912 ഫെബ്രുവരി 27 -ാം തീയ്യതി കൂടിയ ശ്രീമൂലം പ്രജാസഭയുടെ 8 -ാമത് യോഗത്തിൽ അയ്യങ്കാളി പങ്കെടുത്തു സംസാരിച്ചു. തന്റെ സമുദായമടക്കമുള്ള അധഃസ്ഥിത സമൂഹം നേരിടുന്ന ബഹുമുഖ പ്രശ്നങ്ങൾ ആർജ്ജവത്തോടെ സഭയിൽ അവതരിപ്പിക്കാനും ലക്ഷ്യം കാണാനും നിരക്ഷരനായ അയ്യങ്കാളിക്കു സാധിച്ചിരുന്നു. ഭൂമിയുടെയും, വിദ്യാഭ്യാസത്തിന്റെയും വിഷയങ്ങൾക്കാണ് അദ്ദേഹം ഏറ്റവും കൂടുതൽ പ്രാധാന്യം നൽകിയത്. സഭയിൽ എത്തിയ ഉടൻ തന്നെ തങ്ങളുടെ സമുദായത്തിൽ നിന്ന് കൂടുതൽ പ്രതിനിധികളെ സഭയിലുൾപ്പെടുത്തണമെന്ന് അദ്ദേഹം ദിവാനോട് അഭ്യർത്ഥിച്ചു. ''ഞങ്ങൾ ആറുലക്ഷം ആളുകളുണ്ട്. ഓരോ ലക്ഷത്തിനും ഓരോ പ്രതിനിധിയെ വീതം നൽകാൻ ദയവുണ്ടാകണം...'' ഇതിനെ തുടർന്ന് വ്യത്യസ്തജാതികളിൽ നിന്നുള്ള പ്രതിനിധികളെ സഭയിലുൾപ്പെടുത്തി.
1912 ഫെബ്രുവരി 27 -ാം തീയ്യതി അയ്യങ്കാളി പ്രജാസഭയിൽ ആദ്യമായി സംസാരിച്ചത് പുതുവൽഭൂമി അഥവാ പുറമ്പോക്ക് ഭൂമി പതിച്ചു നൽകുന്നതിനെക്കുറിച്ചായിരുന്നു.
''പുലയജാതിക്കാരുടെ പ്രതിനിധിയായി സഭായോഗത്തിൽ ഒരു സമാജികനായി എന്നെ നിയമിച്ചതിന് ഗവൺമെന്റിനോടും ഇത്തവണ പുലയജാതിക്കാരുടെ പ്രതിനിധിയായി ഒരു പുലയനെതന്നെ നിയമിക്കണം എന്നുമുള്ള അപേക്ഷയെ ഏകാഭിപ്രായമായി സ്വീകരിച്ചതിനായി കഴിഞ്ഞ സഭായോഗത്തിലെ സമാജികന്മാരോടും ഞാൻ നന്ദി പറയുന്നു. പുതുവൽ ഭൂമികളെ പുലയന്മാരുടെ പേരിൽ പതിക്കുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ യോഗത്തിൽ ചെയ്ത നിവേദനത്തിന് കിട്ടിയ മറുപടി അനുസരിച്ച് നെയ്യാറ്റിൻക്കര, മിളവംകോട്, തിരുവനന്തപുരം, നെടുമങ്ങാട് താലൂക്കുകളിൽ ചില പുതുവൽ ഭൂമികളെ ഞങ്ങളുടെ പേരിൽ പതിച്ചുകിട്ടാനായി അനേകം ഹർജികൾ ബോധിപ്പിച്ചിരുന്നു. എന്നാൽ യാതൊരു ഫലവും ഉണ്ടായില്ല. ഈ പ്രദേശങ്ങളിലെ നിവാസികൾ ഞങ്ങളുടെ പ്രയത്നത്തിന് അനേകം തടസ്സങ്ങൾ വരുത്തി, അതിൽ അവർക്ക് റവന്യൂ ജീവനക്കാരുടെ സഹായവും ഉണ്ടായിരുന്നു. ഇതിന്റെ ഫലമായി ഇതിനുമുൻപിൽ ജനങ്ങൾ അറിഞ്ഞിട്ടില്ലാതിരുന്നിട്ടും എന്നാൽ, പുലയന്മാർ അന്വേഷിച്ച് അറിഞ്ഞതുമായ പുതുവൽ ഭൂമികൾ ധനികന്മാരായ ഉയർന്ന ജാതിക്കാർക്ക് ലഭിച്ചു. പുലയരെ ഹിംസിക്കുകയും, അവരെ പാർപ്പിടങ്ങളിൽ നിന്ന് വെളിയിലാക്കപ്പെടുകയും ചെയ്യപ്പെട്ടു. എന്നുതന്നെയുമല്ല മുമ്പ് ഉണ്ടായിരുന്നതുകൂടി ഇപ്പോൾ ഞങ്ങൾക്ക് ഇല്ലാതായിതീർന്നു. കൃത്യതുല്യമായ ഗവൺമെന്റിന്റെ കരുണയ്ക്കായി അപേക്ഷിക്കുകയല്ലാതെ ഞങ്ങൾക്ക് ഗത്യന്തരമില്ല. എന്റെ ജാതിക്കാർക്ക് കുറേയെങ്കിലും പുതുവൽഭൂമികൾ പതിച്ചു തരണം എന്നും, പേരിൽ ചതിക്കപ്പെട്ട തരിശുഭൂമികളിൽ ഉപയോഗമില്ലാതെ കിടക്കുന്നവയിൽ ചിലതിനെ പരീക്ഷണാർത്ഥം ഞങ്ങളുടെ സൗഖ്യത്തിനും, സൗകര്യത്തിനുമായി തരണം എന്നും അപേക്ഷിക്കുന്നു. ധനികന്മാരുടെ വസ്തു ഉടമസ്ഥന്മാരുടെ പക്കൽ നിന്നും ഞങ്ങൾ സങ്കടങ്ങൾ അനുഭവിച്ചു വരുന്നുണ്ട്. എന്തെന്നാൽ ഞങ്ങൾ ഇതുവരെ വാക്കാൽ സമ്മതിക്കപ്പെട്ടിരുന്നതും ഞങ്ങളുടെ സ്വന്തം പ്രയത്നത്താൽ വസിക്കപ്പെട്ടതും, ഫലപ്രദമാക്കപ്പെട്ടതുമായ ഭൂമികളിൽ നിന്ന് ഞങ്ങളെ അവർ വെളിയിലാക്കിയിരിക്കുന്നു. ഇതുമാത്രമല്ല വനം ഡിപ്പാർട്ട്മെന്റിലെ ചില ഉദ്യോഗസ്ഥന്മാർ ആ പ്രദേശത്തിലെ ഏതാനും ധനികൻമാരോട് യോജിച്ച് കൊണ്ട്, ഒഴിച്ചിടപ്പെട്ട വനങ്ങളാണെന്നുള്ള വാദത്തെ പുറപ്പെടുവിച്ച് വനങ്ങളിലുള്ള ഞങ്ങളുടെ കുടിലുകളിൽ നിന്നും പോകാൻ ഞങ്ങളെ നിർബന്ധിച്ചു വരുകയും അതേ സമയത്തുതന്നെ മറ്റുള്ളവർ ആ പ്രദേശങ്ങളെ കൈവശപ്പെടുത്തുവാൻ അനുവദിക്കുകയും ചെയ്യുന്നു. ഈ മാതിരിയുള്ള സ്വേച്ഛാ പ്രവർത്തി പ്രധാനമായും ചെങ്ങന്നൂർ താലൂക്കിൽ റാന്നി പ്രവൃത്തിയിൽ വലിയ കാവുങ്കലിലും, ചങ്ങനാശ്ശേരി താലൂക്കിൽ ആലപ്രാമുറിയിലലും തിരുവല്ലാ താലൂക്കിൽ പെരുംമ്പാത്ത് മുറിയിലും ആണ് നടന്നു വരുന്നത്. ഇപ്രകാരമുള്ള സങ്കടങ്ങളെ നിവർത്തിക്കണം എന്ന് ഞാൻ അപേക്ഷിക്കുന്നു.''
ഈ അപേക്ഷയിൻമേൽ ദിവാൻ ഇങ്ങനെ മറുപടി നൽകി. ''പുലയരെ സഹായിക്കുന്നതിന് കഴിവുള്ളതെല്ലാം ഗവൺമെന്റ് ചെയ്യുന്നുണ്ട്. പുതുവൽവസ്തുക്കളെ പേരിൽ പതിക്കാനായി പുലയർക്കു വേണ്ടി കൊടുത്തിട്ടുള്ള 779 ഹർജ്ജികളിൽ 769 എണ്ണത്തോളവും പേരിൽ പതിച്ചുകൊടുക്കാൻ പാടില്ലാത്ത പുറംപോക്ക് ഭൂമികളെ സംബന്ധിച്ചവ ആകുന്നു. പേരിൽ പതിച്ചുകൊടുക്കാവുന്നവയായി വിളപ്പിൽ പകുതിയിൽ 500 ഏക്കറിൽപരം വിസ്താരമുള്ള തരിശുഭൂമികൾ കിടപ്പുണ്ട്. അവിടെ പോകുന്നതിന് പുലയന്മാർക്ക് മനസ്സാണെങ്കിൽ പേഷ്ക്കാരോട് അപേക്ഷിക്കാവുന്നതാണ്.''
അയ്യങ്കാളിയുടെ ഈ അപേക്ഷയുടെ ഫലമായി തിരുവനന്തപുരം താലൂക്കിൽ പള്ളിപ്പുറം പകുതിയിൽ 5000 ഏക്കറും നെയ്യാറ്റിൻകര താലൂക്കിൽ വിളപ്പിൽ പകുതിയിൽ 300 ഏക്കറും പുറമ്പോക്ക് ഭൂമി തറവില, തടിവില കൂടാതെ കുടി ഒന്നിന് ഒരേക്കർ വീതം പതിച്ചു കൊടുക്കുന്നതിന് ഉത്തരവുണ്ടായി. വിളപ്പിൽ പകുതിയിൽ അനുവദിച്ച 300 ഏക്കറും, കുടിയൊന്നിനു ഒരേക്കർ വീതം പതിച്ചു കൊടുക്കുകയും, പള്ളിപ്പുറം പകുതിയിൽ അനുവദിച്ച 500 ഏക്കറും റദ്ദ് ചെയ്ത് അതിനു പകരം നെടുമങ്ങാട്ടു താലൂക്കിൽ ഉഴവലയ്ക്കൽ പകുതിയിൽ പുതുവൽ ഭൂമി അനുവദിച്ചുകൊടുക്കുകയും ചെയ്തു.
1912 ഫെബ്രുവരി 12 -നു നടന്ന രണ്ടാമത്തെ പ്രജാസഭയോഗത്തിൽ തന്റെ നിവേദനത്തെ പരിഗണിച്ചതിൽ അയ്യങ്കാളി നന്ദി രേഖപ്പെടുത്തുന്നുണ്ട്.
''പുലയർക്ക് കെട്ടിടം വച്ച് കൊടുക്കുന്നതിനായി നെയ്യാറ്റിൻകര താലൂക്കിൽ വിളപ്പിൽ പകുതിയിൽ തറവില കൂടാതെ 500 ഏക്കർ തരിശ്ശുഭൂമി കൊടുത്ത് കഴിഞ്ഞ സഭായോഗത്തിൽ ഈ വിഷയത്തെപ്പറ്റി ഞാൻ ബോധിപ്പിച്ച നിവേദനത്തെ ആദരിച്ചതിലേക്കും ഞാൻ ഗവൺമെന്റിനോട് എന്റെ കൃതജ്ഞത ബോധിപ്പിച്ചു കൊള്ളുന്നു.
പള്ളിപ്പുറം പകുതിയിലും, കഴക്കൂട്ടം പകുതിയിലും 1000 -ൽ പരം പുലയപാർപ്പിടങ്ങൾ ഇല്ലാതായിരിക്കുന്നു. കിടപ്പുള്ള തരിശ്ശുഭൂമികളെ അവരുടെ പേരിൽ പതിച്ചു കിട്ടുന്നതിന് അവരിൽ ചിലർ റവന്യു ഡിപ്പാർട്ട്മെന്റിൽ അപേക്ഷകൾ കൊടുത്തിട്ടുണ്ട്. പേരിൽ പതിവ് സംബന്ധിച്ച നടപടികളെ വേഗം പൂർത്തിയാക്കുന്നതിനും ആ ഭൂമികളെ അവർക്ക് കൊടുക്കുന്നതിനും വേണ്ട ഉത്തരവുകൾ സംബന്ധിച്ച റവന്യൂ ഡിപ്പാർട്ട്മെന്റിൽ അയച്ച് സംസ്ഥാനത്തിൽ ആ ഭാഗത്തുള്ള എന്റെ വർഗ്ഗക്കാരുടെ സങ്കടങ്ങളെ തീർക്കണമെന്ന് ഞാൻ പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ പാർപ്പിനായി സംസ്ഥാനത്തിലെ പല ഭാഗങ്ങളിലും ഇതുപോലെയുള്ള ഭൂമികളെ എന്റെ വർഗ്ഗക്കാർക്ക് പതിച്ചു കൊടുക്കുന്നതിന് വ്യവസ്ഥകൾ ചെയ്യണമെന്ന് പൊതുവായി ഞാൻ അപേക്ഷിച്ചുകൊള്ളുന്നു.''
1916 -ലും, 1918 -ലും പ്രജാസഭയിൽ നടത്തിയ പ്രസംഗത്തിൽ സാങ്കേതിക പ്രശ്നങ്ങൾ പറഞ്ഞ് ദളിതർക്ക് ഭൂമി പതിച്ചു നൽകാത്ത, ഉദ്യോഗസ്ഥന്മാർക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. എല്ലാ യോഗങ്ങളിലും നിരന്തരമായി ഭൂപ്രശ്നം ഉന്നയിച്ചിട്ടും വേണ്ടത്ര രീതിയിൽ ഭൂമി വിതരണം നടന്നിട്ടുണ്ടായിരുന്നില്ല. 1923 -ൽ നടന്ന പ്രജാസഭയുടെ 19 -ാമത്തെ കുടിച്ചേരലിൽ പുലയരുടെ ഭൂപ്രശ്നങ്ങളോടൊപ്പം അവർ നേരിടുന്ന മറ്റു പല തരത്തിലുള്ള വിവേചനങ്ങളെയും കുറിച്ച് അയ്യങ്കാളി അവതരിപ്പിച്ചിട്ടുണ്ട്.
വെള്ളയാണി കായലിനു സമീപം തിരുവല്ലം വില്ലേജിൽ നെയ്യാറ്റിൻകര താലൂക്കിൽ ഉൾപ്പെടുന്ന 172 ഏക്കർ കരഭൂമിയിൽ 50 സെന്റ് ഭൂമി വീതം ഓരോ പുലയ കുടുംബത്തിനും പതിച്ചു നൽകണം. സവർണ ഹിന്ദുക്കളിൽ നിന്നും പുലയർക്ക് കാര്യമായ സഹായങ്ങൾ ഒന്നും തന്നെ ലഭ്യമല്ല എന്നും അദ്ദേഹം പരാതി ഉന്നയിച്ചു. ക്രിസ്ത്യൻ മിഷണറിമാർ പുലയർക്കു ആവശ്യമായ സഹായം നൽകുന്നതിനാൽ അവരെല്ലാം തന്നെ പ്രസ്തുത മതത്തിലേക്ക് ആകർഷിക്കപ്പെടുകയാണ്. ദാരിദ്ര്യവും തൊട്ടുകൂടായ്മയും കാരണം അധഃസ്ഥിതർ മറ്റും മതങ്ങളിൽ അംഗങ്ങളാകുന്നു. റോഡ്, കിണർ, വാസസ്ഥലങ്ങൾ എന്നിവയുടെ കാര്യത്തിലും, വിദ്യാഭ്യാസ സാമ്പത്തിക അഭിവൃദ്ധിയുടെ കാര്യത്തിലും, സാംബവരുടെ ആവശ്യങ്ങളിൻമേൽ അടിയന്തര നടപടി സ്വീകരിക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
തങ്ങൾക്കു കിട്ടിയ ഭൂമിയിൽ നിന്ന് കൈവശക്കാരെ ഒഴിപ്പിച്ചെടുക്കാൻ ദളിതർക്കു നിയമനടപടികളിലേക്കു പോകേണ്ട അവസ്ഥയുണ്ടായിരുന്നു. സൗജന്യമായി കിട്ടിയ ഭൂമിയുടെ ഉടമസ്ഥ അവകാശം സ്ഥാപിക്കാൻ വലിയ തുക മുടക്കി കോടതിയിൽ കേസ് നടത്തേണ്ട ദളിതരുടെ ഗതികേട് അയ്യങ്കാളി നിയമസഭയിൽ അവതരിപ്പിച്ചു.
ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച പാഠമില്ലെങ്കില്‍ പാടത്തേക്കില്ല പുസ്‍തകം ഇവിടെ വാങ്ങാം
''സർക്കാർ ദയവുകൊണ്ട് പുതവലുകൾ പതിച്ചുകിട്ടിയ പലർക്കും കൈവശക്കാരനെ ഒഴിപ്പിച്ചെടുക്കുന്നതിനായി കോടതി കയറിയിറങ്ങേണ്ട അവസ്ഥയിലാണിപ്പോൾ. എന്റെ പാവപ്പെട്ട ജനങ്ങൾക്ക് ഇതുമൂലം ഒരുപാട് കഷ്ടനഷ്ടങ്ങൾ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് സൗജന്യപ്പതിവുകൾക്ക് കൈവശവകാശത്തിനുവേണ്ടി കേസ്സുകൾകൊടുക്കേണ്ടി വരുമ്പോൾ അവരെ കോർട്ടു ഫീസു കൊടുക്കുന്നതിൽ നിന്നും ഒഴിവാക്കിത്തരുമാറാകണം. ഈ ആവശ്യം അംഗീകരിക്കാൻ സാധ്യമല്ലെങ്കിൽ കോർട്ട്ഫീസ് ഇല്ലാതെ തന്നെ കേസ് സ്വീകരിക്കുകയും, എതിർകക്ഷിയിൽ നിന്നും അത് ഈടാക്കുകയും ചെയ്യണമെന്നും ഭൂമിക്കു വേണ്ടിയുള്ള അപേക്ഷകളിൽ കോർട്ട് ഫീസ് സ്റ്റാബ് ഒട്ടിക്കുന്നതിൽ നിന്നും ഒഴിവാക്കണമെന്നും അപേക്ഷിക്കുന്നു''
ദളിതന് ഈ മണ്ണിൽ ആത്മാഭിമാനത്തോടെ തലയുയർത്തി ജീവിക്കുന്നതിന് ഭൂമിയും, വിദ്യാഭ്യാസവും ആണ് ഏറ്റവും അത്യാവശ്യം എന്ന് അയ്യങ്കാളി തിരിച്ചറിഞ്ഞിരുന്നു. അതിനു വേണ്ടിയുള്ള പോരാട്ടങ്ങൾക്കാണ് ആ മനുഷ്യ സ്നേഹി ജീവിതം മുഴുവൻ സമർപ്പിച്ചത്. തന്റെ സമുദായത്തിൽ നിന്ന് പത്തു ബിഎക്കാരെയെങ്കിലും കണ്ട് മരിക്കണമെന്ന ആഗ്രഹത്തിനുവേണ്ടി അദ്ദേഹം പ്രജാസഭയിൽ നിരന്തരം പോരാടിയിരുന്നു.
1912 മാർച്ച് 4 -ാം തീയ്യതി പ്രജാസഭയിൽ അദ്ദേഹം ഉന്നയിച്ച പ്രശ്നങ്ങൾ വിദ്യാഭ്യാസം നേടുന്നതിനുവേണ്ടി പുലയർ നേരിടുന്ന സ്വാതന്ത്ര്യമില്ലായ്മയെക്കുറിച്ചായിരുന്നു.
''വെങ്ങാനൂർ എലിമെന്ററി പള്ളിക്കൂടത്തിൽ പുലയ വിദ്യാർത്ഥികളെ ചേർക്കുന്ന കാര്യത്തിൽ എന്റെ വർഗ്ഗക്കാരുടെ നേർക്ക് ദയവായി ചെയ്തിട്ടുള്ള സഹായത്തിനായി പുലയന്മാരുടെ പ്രതിനിധിയായി ഞാൻ ഗവൺമെന്റിനു നേർക്കുള്ള കൃതജ്ഞത ബോധിപ്പിച്ചു കൊള്ളുന്നു. തെക്കൻ തിരുവിതാം കോട്ടിൽ ഏഴു പള്ളിക്കൂടങ്ങളിൽ മാത്രമേ ഇപ്പോൾ പുലയർക്ക് പ്രവേശനം നൽകുന്നുള്ളൂ. സംസ്ഥാനത്തെ എല്ലാ പള്ളിക്കൂടങ്ങളിലും അവർക്ക് പ്രവേശനം കൊടുക്കുന്നത് അഭിലഷണീയമാണെന്ന് ഞാൻ ബോധിപ്പിക്കുന്നു. പുലയ വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ചും ഫീസ് ആനുകൂല്യങ്ങൾ കൊടുക്കേണ്ടതാകുന്നു. തുലോം മുന്നിട്ടു നിൽക്കുന്ന മുഹമ്മദന്മാർക്ക് കൊടുത്തിട്ടുള്ള ഫീസിലെ ആനുകൂല്യങ്ങൾപോലും ഞങ്ങൾക്ക് അനുവദിച്ചിട്ടില്ല.
വിദ്യാഭ്യാസം, എഞ്ചിനീയറിംഗ്, മെഡിക്കൽ ഈ ഡിപ്പാർട്ട്മെന്റ് ജീവനക്കാരനായി പുലയന്മാരെ നിയമിക്കാവുന്നതാണ്. വിദ്യാഭ്യാസ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യാൻ ശേഷിയുള്ള ആളുകൾ ഉണ്ട്.''
അയ്യങ്കാളിയുടെ ഈ നിർദ്ദേശങ്ങൾ ദിവാൻ സ്വീകരിക്കുകയും പുലയക്കുട്ടികളെ പഠിപ്പിക്കാൻ ശേഷിയുള്ള പുലയർ വല്ലവരും ഉണ്ടെങ്കിൽ അവരുടെ ലിസ്റ്റ് തയ്യാറാക്കി ഡയറക്ടറുടെ പക്കൽ കൊടുക്കണമെന്ന് അദ്ദേഹത്തോടെ അവശ്യപ്പെടുകയും ചെയ്തു.
ഗവൺമെന്റിൽ നിന്നും അനുകൂലമായ നിരവധി ഉത്തരവുകൾ ഉണ്ടായിട്ടുണ്ടെങ്കിലും, സാമൂഹികമായ എതിർപ്പുകൾ സവർണ്ണരിൽ നിന്ന് ഏറെ നേരിട്ടു. സ്കൂൾ അധികൃതർ പുലയകുട്ടികളെ സ്കൂളിൽ നിന്നും ആട്ടിയോടിക്കുന്ന നടപടികൾ തുടർന്നു കൊണ്ടേയിരുന്നു. ഈ പ്രശ്നങ്ങൾ അയ്യങ്കാളി നിരന്തരം സഭയിൽ ഉന്നയിച്ചു. ഈ സാഹചര്യത്തിൽ 1916 ഫെബ്രവരി 29 -ാം തീയ്യതി നടന്ന യോഗത്തിൽ അയ്യങ്കാളി ഇങ്ങനെ സംസാരിച്ചു.
''ഗവൺമെന്റിന്റെ സഹായത്തോടും, അനുവാദത്തോടും കൂടി പുലയരുടെ വിദ്യാഭ്യാസത്തിൽ ഇനിയും അഭിവൃദ്ധി ഉണ്ടാക്കാൻ കഴിയുന്നതാണെന്ന് കഴിഞ്ഞ ആണ്ടിൽ പുലയസമുദായത്തിന് ഉണ്ടായിട്ടുള്ള വിദ്യാഭിവൃദ്ധിയിൽ നിന്ന് കാണുന്നു. എല്ലാ പബ്ലിക്ക് സ്ഥലങ്ങളും, മിക്ക ഡിപ്പാർട്ട്മെന്റ് പാഠശാലകളും അവർക്ക് പ്രവേശ്യമായിരിക്കുന്നു എന്ന് വരികിലും യഥാർത്ഥത്തിൽ ഇരുപത്തഞ്ചിൽ കവിയാത്ത പാഠശാലകളിൽ മാത്രമേ അവരെ ചേർക്കുന്നുള്ളൂ. പുലയരുടെ ഉന്നതിക്കുള്ള ഏക പ്രതിബന്ധം ഇതര സമുദായങ്ങളിലെ വിദ്യാഭ്യാസമില്ലാത്തവരായ ആളുകളിൽ നിന്ന് ഉണ്ടാകുന്നതത്രേ. പഠിപ്പുള്ള ആളുകളും, ഗവൺമെന്റും പുലയരുടെ നേർക്ക് അനുഭാവം കാണിക്കുകയാണെങ്കിൽ പ്രതിബന്ധം വേഗത്തിൽ മാറിപ്പോകും. പള്ളിക്കൂടത്തിൽ ഇരിക്കുമ്പോൾ ഒരു പുലയക്കുട്ടി ഒരിക്കലും മലിനനായിരിക്കില്ല. അതുകൊണ്ട് പുലയക്കുട്ടികളെ പള്ളിക്കൂടത്തിൽ ചേർക്കാതിരിക്കാനുള്ള ഒരു കാരണം അവരുടെ മലിന ശീലങ്ങളാണെന്ന് പറയുന്നത് ശരിയല്ല. അപരിഷ്കൃത നിലയിൽ ഇരിക്കുന്നു എന്നുള്ള കാരണത്തിൻമേൽ അവരെ ബഹിഷ്കരിക്കുന്നത് അന്യമതങ്ങളിൽ ചേരുന്നതിന് അവരെ പ്രേരിപ്പിക്കുകയായിരിക്കും.
എന്തുകൊണ്ടെന്നാൽ, അപ്രകാരം ചെയ്ത ഉടൻ സ്കൂൾ പ്രവേശനം ലഘുവായി ലഭിക്കുന്നു. പുലയർക്ക് പഠിപ്പുണ്ടായാല്‍ നിലങ്ങളിൽ വേല ചെയ്യാൻ തക്ക വേലക്കാരുടെ എണ്ണം കുറഞ്ഞു പോകുമെന്ന ആശങ്ക അടിസ്ഥാനരഹിതമാകുന്നു. എന്തുകൊണ്ടെന്നാൽ അടിമക്കച്ചവടം നിർത്തലാക്കിയപ്പോൾ വ്യാവസായിക അഭിവൃദ്ധിയും കൃഷിസംബന്ധിതമായ അഭിവൃദ്ധിയും ഉണ്ടായി. സംസ്ഥാനമൊട്ടുക്ക് അവർക്കായി പ്രത്യേകം പാഠശാലകൾ ഏർപ്പെടുത്തുന്നത് യുക്തമല്ല, എന്നു മാത്രമല്ല അപ്രകാരം ചെയ്യുന്നതുകൊണ്ട് പബ്ലിക്ക് പാഠശാലകളിൽ പുലയർക്ക് പ്രവേശനം നിഷേധിക്കപ്പെടും. പകുതി ഫീസ് കുറച്ചു കൊടുത്തിരിക്കുന്ന ആനുകൂല്യം വാസ്തവത്തിൽ പുലയർക്ക് ഗുണകരമായിരിക്കുന്നില്ല. എന്തുകൊണ്ടെന്നാൽ ഇപ്പോൾ ആനുകൂല്യങ്ങൾ അനുഭവിക്കുന്നവരായിട്ട് 30 ഹിന്ദു പുലയക്കുട്ടികളും, ഒരു പെൺകുട്ടിയും മാത്രമേയുള്ളൂ. ഉയർന്ന വിദ്യാഭ്യാസം നേടുന്ന അനേകം വിദ്യാർത്ഥി വേതനങ്ങൾ പുലയരെ വളരെ സഹായിക്കും. ധനസമൃദ്ധിയുള്ള മുഹമ്മദ് സമുദായത്തിന് പകുതി ഫീസ് മുതലായ ആനുകൂല്യങ്ങൾ നൽകിയിരിക്കുമ്പോൾ പുലയരെ സംബന്ധിച്ചിടത്തോളം മുഴുവൻ ഫീസും കുറച്ചു കൊടുക്കണം എന്നുള്ള പ്രാർത്ഥന ക്രമത്തിൽ കൂടുതലല്ല. പെൺപള്ളിക്കൂടങ്ങളിൽ പ്രവേശനം ലഭിക്കാൻ ഇതിലധികം വൈഷമ്യങ്ങൾ ഉണ്ട്. സാമാന്യ വിദ്യാഭ്യാസത്തോടു കൂടി പുലയക്കുട്ടികളെ വല്ല തൊഴിലോ കൈത്തൊഴിലോ കൂടി പരിശീലിപ്പിക്കണം''
പുലയർ വിദ്യാഭ്യാസം നേടുന്നതിനെതിരെയുള്ള സവർണ്ണ മേലാളന്മാരുടെ എതിർപ്പുകളെ സാമൂഹികമായി നേരിടുന്നതിനോടൊപ്പം തന്നെ നിയമപരമായി തന്റെ സമുദായത്തിനെ സംരക്ഷിക്കാനുള്ള ശ്രമവും പ്രജസഭയിലെ അംഗത്വം ഉപയോഗിച്ച് അയ്യങ്കാളി നടത്തിയിരുന്നു എന്നതിന്റെ തെളിവുകളാണ് അദ്ദേഹത്തിന്റെ നിയമസഭയിലെ പ്രസംഗങ്ങൾ. 20 വർഷത്തോളം അദ്ദേഹം അതിനുവേണ്ടിയുള്ള ശ്രമങ്ങൾ നിരന്തരം നടത്തി. വിദ്യാഭ്യാസത്തോടൊപ്പം തന്നെ അവർക്ക് ജോലി ഉറപ്പിക്കുന്നതിനും, ആനുകൂല്യങ്ങൾ നേടികൊടുക്കുന്നതിനും വേണ്ടി അദ്ദേഹം ശക്തമായി വാദിച്ചു. അയ്യങ്കാളി നിയമസഭയിൽ ആദ്യം മുതൽ അവസാനം വരെ നടത്തിയ പ്രസംഗങ്ങൾ പരിശോധിച്ചാൽ എത്രയൊക്കെ നിയമങ്ങളും, ഭരണവർഗ്ഗത്തിന്റെ പിന്തുണയുമുണ്ടായിട്ടും പുലയരുടെയും മറ്റു 'അയിത്തജാതി' ക്കാരുടെയും സാമൂഹികവും, സാമ്പത്തികവുമായ അവസ്ഥകൾക്ക് വലിയ രീതിയിലുള്ള മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല എന്ന കാര്യം വ്യക്തമാണ്. 1932 മാർച്ച് 18 -ന് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ ആവശ്യങ്ങൾ ആവർത്തിക്കുന്നതു കാണാം. ആ പ്രസംഗം ഇപ്രകാരമാണ്.
''വിദ്യാഭ്യാസം, സർക്കാർ സർവ്വീസുകളിൽ നിയമനം എന്നീ കാര്യങ്ങളിൽ പുലയ സമുദായത്തിന് ഇപ്പോൾ നൽകിയിട്ടുള്ള നിരവധി ഇളവുകൾക്ക് നന്ദിപറയാതെ വയ്യെങ്കിലും സമുദായത്തിന്റെ ഇന്നത്തെ അവസ്ഥ പരിഗണിക്കുമ്പോൾ ഇവ മതിയാവുന്നതല്ല. വിദ്യാഭ്യാസം, തൊഴിൽ എന്നീ മേഖലകളിൽ കൂടുതൽ ഇളവുകൾ അനുവദിക്കേണ്ടതുണ്ട്. സ്കൂൾ ഫീസ്, പരീക്ഷാ ഫീസ് എന്നിവയിൽ പുലയസമുദായത്തിന് ഇളവ് വരുത്തേണ്ടതുണ്ട്. വിദ്യാഭ്യാസ വിഷയത്തിൽ സമുദായം ഇന്നു വളരെ പിന്നിലാണ്. ഒരു ബിരുദധാരിപോലും സമുദായത്തിലില്ലെന്നത് പ്രത്യേകം ശ്രദ്ധയർഹിക്കുന്നു. കോളേജ് വിദ്യാഭ്യാസത്തിനായി ചുരുങ്ങിയത് അഞ്ച് പുലയ വിദ്യാർത്ഥികൾക്കെങ്കിലും വർഷാവർഷം ആനുകൂല്യം ലഭ്യമാക്കണം. കോളേജ് വിദ്യാഭ്യാസത്തിന് യോഗ്യത നേടിയ പലരും സമുദായത്തിലുണ്ടെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം പഠനം തുടരാൻ സാധിക്കുന്നില്ല. റോസ ഹെന്റി എന്ന പുലയ വിദ്യാർത്ഥിനിയുടെ കാര്യം ഇവിടെ ശ്രദ്ധേയമാണ്. മാതാപിതാക്കൾ സാമ്പത്തിക ബുദ്ധിമുട്ടിലായതിനാൽ വിദ്യാഭ്യാസം തുടരുന്നതിനുള്ള സഹായം സർക്കാറിൽ നിന്നും ചെയ്തുകൊടുക്കണം. സർക്കാർ സർവ്വീസുകളിൽ നിയമനം ലഭിക്കുന്നതിന് യോഗ്യരായ പുലയ സമുദായാംഗങ്ങൾക്ക് പ്രത്യേക പരിഗണന നൽകേണ്ടതുണ്ട്. ഈ ഇളവുകൾ വരുന്ന 15 വർഷത്തേക്ക് തുടരണമെന്നും എനിക്ക് അഭിപ്രായമുണ്ട്. മാതൃഭാഷാ സ്കൂളുകളിൽ പഠിച്ച് ആറും, ഏഴും ക്ലാസ്സുകളിൽ എത്തിയ പുലയ സമുദായാംഗങ്ങളെ സർക്കാർ ഡിപ്പാർട്ട്മെന്റുകളിൽ പ്യൂൺ നിയമനത്തിന് പരിഗണിക്കണം. മലയാളം സ്കൂളുകളിൽ ആറാം ക്ലാസ് വിദ്യാഭ്യാസം പൂർത്തിയാക്കിയതും ഇംഗ്ലീഷ് സ്കൂളുകളിൽ രണ്ടാം ഫോറം കഴിഞ്ഞവരുമായ പുലയ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ അനുവദിക്കണം. സർവ്വേ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ട പുലയ വിദ്യാർത്ഥികൾക്ക് സൗജന്യപരിശീലനം നൽകണം. സമുദായത്തിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന നെയ്ത്തു പരിശീലന കേന്ദ്രത്തിൽ സർക്കാറിൽ നിന്ന് പ്രത്യേക ധനസഹായം ലഭ്യമാക്കണം. നെയ്ത്ത്, കരകൗശല പരിശീലനം എന്നിവയിൽ ഏർപ്പെട്ടിരിക്കുന്ന പുലയ സമുദായത്തിലെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ധനസഹായം ലഭ്യമാക്കുന്ന കാര്യവും സർക്കാർ പരിഗണിക്കണം.''
'ഹരിജനങ്ങൾക്ക് സർക്കാർ സർവ്വീസിൽ നിയമനം ലഭിക്കുന്നതിന് അയ്യങ്കാളി വേണ്ട ഇടപെടൽ നടത്തിയതിന്റെ ഫലമായി ഏതാനും പേരെ സർക്കാർ സർവ്വീസിൽ പ്രവേശിപ്പിക്കുന്നതിനായി സാധിച്ചു. ഇംഗ്ലീഷ് പരിജ്ഞാനമുള്ളവർക്കും, മലയാളം താഴ്ന്നതരം പരീക്ഷകൾ പാസ്സായ ഏതാനും പേരെയാണ് ആദ്യമായി സർക്കാർ സർവ്വീസിൽ പ്രവേശിപ്പിക്കാൻ കഴിഞ്ഞത്. 1974 -ൽ അയ്യങ്കാളിയുടെ മകളുടെ മകൻ വെങ്ങാനൂർ സുരേന്ദ്രൻ തയ്യാറാക്കിയ ശ്രീ അയ്യങ്കാളി സ്മാരക ഗ്രന്ഥത്തിൽ ഇങ്ങനെ രേഖപ്പെടുത്തുന്നു.
''രണ്ടുപേരെ മുൻസിഫ് കോർട്ടു ടൈപ്പിസ്റ്റുമാരായും നാലുപേരെ സ്കൂൾ അധ്യാപകരായും, ഒരാളെ രജിസ്റ്റർ കച്ചേരി ക്ലാർക്കായും ഒരാളെ കീപ്പറുമായാണ് ഉദ്യോഗത്തിൽ രംഗപ്രവേശം ചെയ്യിപ്പിച്ചത്. ഇവരിൽ ഒരാളൊഴികെ ബാക്കി എട്ടുപേരും ക്രിസ്തുമതാവലംബികളായിരുന്നു.'' ക്രൈസ്തവമതാവലംബികളായ സ്വസ്സമുദായാംഗങ്ങളെ വ്യത്യസ്തമായ നിലയിൽ അയ്യങ്കാളി കണ്ടിരുന്നില്ല എന്നതിന്റെ മറ്റൊരു തെളിവുകൂടിയായിരുന്നു ഇത്.
സവർണ്ണഹിന്ദുക്കളിൽ നിന്നുള്ള നിരന്തരമായ പീഢനങ്ങളും ദാരിദ്ര്യവും മൂലം നിരവധി ദളിത് സമുദായാംഗങ്ങൾ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് പരിവർത്തനം നടത്തിയിരുന്നു. ക്രിസ്ത്യൻ മിഷണറിമാരുടെ സാമ്പത്തിക ധനസഹായങ്ങളും, സൗജന്യ വിദ്യാഭ്യാസ പരിപാടികളുമെല്ലാം ദളിതരെ കൂട്ടത്തോടെ ക്രിസ്തുമതത്തിലേക്ക് ആകർഷിച്ചു. ഏതു മതത്തിലായാലും ദളിതരോടുള്ള സാമൂഹിക മനോഭാവത്തിന് യാതൊരു മാറ്റവും ഉണ്ടായിട്ടില്ല എന്ന തിരിച്ചറിവ് അയ്യങ്കാളിക്കുണ്ടായിരുന്നു. മതപരിവർത്തനത്തിനെ അദ്ദേഹം അനുകൂലിച്ചിരുന്നില്ലെങ്കിലും എതിർത്തിരുന്നില്ല. 1923 മാർച്ച് 21-ാം തീയ്യതി അയ്യങ്കാളി പ്രജാസഭയിൽ നടത്തിയ പ്രസംഗം മതപരിവർത്തിനത്തോടുള്ള അദ്ദേഹത്തിന്റെ സമീപനം വ്യക്തമാക്കുന്നതായിരുന്നു.
''ഇപ്പോൾ സംസ്ഥാനത്ത് നാലുലക്ഷം പുലയരാണുള്ളത്. എന്നാൽ കഴിഞ്ഞ സെൻസസ് പ്രകാരം അമ്പതുശതമാനത്തോളം പേർ മാറ്റു മതങ്ങളിലേക്കു പോയി എന്നാണ് കാണുന്നത്. ഇതിനുള്ള പ്രധാന കാരണം ദാരിദ്രവും അയിത്തവുമാണ്. സവർണ്ണ ഹിന്ദുക്കളിൽ നിന്നും അവർക്ക് യാതൊരു സഹായവും കിട്ടാത്തതുകൊണ്ടും അവർ ക്രിസ്തുമത്തിലേക്ക് വളരെയേറെ ആകർഷിക്കപ്പെടുകയാണ്. മൃഗങ്ങളേക്കാൾ മോശമായ രീതിയിൽ പരിഗണിക്കപ്പെടുന്ന പുലയർ ക്രിസ്തുമതത്തിലോ ഇസ്ലാം മതത്തിലോ ചേർന്ന് കഴിഞ്ഞാൽ ഈ വിധത്തിലുള്ള പരാധീനതകൾ പെട്ടെന്നുതന്നെ മാറുന്നു. ഇപ്പോൾ നിലനിൽക്കുന്ന അയിത്തം യാതൊരു ദൈവവിശ്വാസത്തിന്റെയും അടിസ്ഥാനത്തിലല്ല. എന്റെ ആളുകൾക്ക് വീടോ, പൂജ നടത്താൻ ക്ഷേത്രങ്ങളോ, കുടിവെള്ളത്തിന് കിണറോ ഇല്ല. അതുകൊണ്ട് ഇക്കാര്യത്തിൽ മറ്റ് സമുദായങ്ങൾക്ക് ചെയ്യുന്നതിനേക്കാൾ കൂടുതൽ ഞങ്ങൾക്കു സർക്കാർ ചെയ്തു തരണമെന്നപേക്ഷിക്കുന്നു. കുറേ കിണറുകളും, അമ്പലങ്ങളും ഞങ്ങളുടെ ആവശ്യത്തിനു നിർമ്മിച്ചു തരണമെന്നും കുറച്ചു പുലയരെയെങ്കിലും കോടതി പോലുള്ള സർക്കാർ സ്ഥാപനങ്ങളിൽ ശിപായിമാരായി നിയമിക്കണമെന്നും, പുലയക്കുട്ടികളെ ഒന്നും രണ്ടും ക്ലാസ്സുകളിൽ ട്യൂഷൻ പഠിപ്പിക്കുന്നതിന് അദ്ധ്യാപകർക്ക് ഗ്രാന്റ് നൽകണമെന്നും അപേക്ഷിക്കുന്നു.''
മതപരിവർത്തനത്തിനെ അയ്യങ്കാളി എതിർത്തിരുന്നുവെങ്കിലും പരസ്യമായി അതു തടയാൻ ശ്രമിച്ചിരുന്നില്ല. മതപരിവർത്തനം നടക്കുന്ന സാമൂഹ്യ സാഹചര്യത്തെക്കുറിച്ചുള്ള വ്യക്തമായ ബോധം അദ്ദേഹത്തിനുണ്ടായിരുന്നു. നിയമസഭയിൽ എല്ലാ ദളിതർക്കും വേണ്ടി തന്നെയായിരുന്നു അദ്ദേഹം പോരാടിയത്. 1912 മുതൽ ഇരുപത്തഞ്ച് വർഷത്തിലേറെ ശ്രീമൂലം പ്രജാസഭയിൽ അംഗമായിരുന്ന അയ്യങ്കാളിക്ക് നിയമസഭക്കകത്തും പുറത്തുമുള്ള പോരാട്ടങ്ങളെ ഏകോപിപ്പിച്ചു പ്രവർത്തിക്കാൻ സാധിച്ചിരുന്നു.
(ഇന്‍സൈറ്റ് പബ്ലിക്ക പ്രസിദ്ധീകരിച്ച പാഠമില്ലെങ്കില്‍ പാടത്തേക്കില്ല എന്ന പുസ്‍തകത്തില്‍നിന്ന് ഒരു ഭാഗം. പുസ്‍തകം ഇവിടെ വാങ്ങാം)
വാക്കുത്സവത്തില്‍:
ഇറച്ചിക്കലപ്പ, അജിജേഷ് പച്ചാട്ട് എഴുതിയ കഥ
ഞാന്‍ കണ്ടു, എം പി പ്രതീഷിന്റെ കവിത
ബന്ദര്‍, കെ എന്‍ പ്രശാന്ത് എഴുതിയ കഥ
അമ്മ ഉറങ്ങുന്നില്ല, അനുജ അകത്തൂട്ടിന്‍റെ കവിത
പനിക്കിടക്ക, തോമസ് ജോസഫ് എഴുതിയ കഥ
പ്രപഞ്ചം റീലോഡഡ്, ടി പി വിനോദ് എഴുതിയ കവിത
ചിത്ര കെ. പി: തൂത്തുക്കുടിക്കവിതകള്‍
മഞ്ഞക്കുതിര, മിനി പി സി എഴുതിയ കഥ
ജൈവ ബുദ്ധന്‍, സ്മിത നെരവത്ത് എഴുതിയ കവിത
നാളെ നാളെ നാളെ, ജേക്കബ് ഏബ്രഹാം എഴുതിയ കഥ
കുട്ടിക്കാലത്തെ മൊട്ടത്തലയില്‍ സൂര്യന്‍ വിരല്‍തൊട്ടു, അക്ബറിന്റെ അഞ്ച് കവിതകള്‍
മഞ്ഞ റോസാപ്പൂക്കള്‍, ജംഷദ് ഖമര്‍ സിദ്ദിഖിയുടെ ഹിന്ദി കഥയുടെ വിവര്‍ത്തനം
എന്റെ കവിത വസന്തത്തോട് അതിന്റെ പേരുചോദിച്ചു, കുഴൂര്‍ വിത്സന്റെ മരക്കവിതകള്‍
സചേതനം അയാള്‍, ഫര്‍സാന അലി എഴുതിയ കഥ
പുസ്തകപ്പുഴയില്‍
മൻമോഹൻ സിങിന്റെ മകൾ വരയ്ക്കുന്നു, മധ്യകാല ഇന്ത്യാചരിത്രത്തിന്റെ ഹസ്തരേഖ..!
കുഞ്ഞാലി മരക്കാര്‍. ടി പി രാജീവന്‍ എഴുതിയ ആമുഖക്കുറിപ്പും വിവാദ തിരക്കഥയില്‍നിന്നൊരു ഭാഗവും
കവിതയിലെ മൊസാര്‍ട്ട്; വീസ്‌വാവ ഷിംബോര്‍സ്‌ക്ക: ജീവിതവും കവിതകളും
ക്രിസോസ്റ്റം: നര്‍മ്മങ്ങളും കേള്‍ക്കാത്ത കഥകളും
ഫെര്‍ണാണ്ടോ പെസൊവയുടെ 'അശാന്തിയുടെ പുസ്തകത്തിന്റെ' (The Book of Disquiet) വായനാനുഭവം.