'കുടുംബത്തിലെ ഒരാൾ തിരിച്ചുവരാനും, അടഞ്ഞു കിടന്ന കുടുംബവീടിന്റെ വാതിലുകൾ വീണ്ടും തുറക്കാനും കാത്തിരുന്ന ആ കറുത്ത മയിലിന് നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുസ്തകം ആരംഭിക്കുന്നത് തന്നെ.
1947 -ലെ വിഭജനത്തിന് ശേഷം ഇന്ത്യയിലേക്കോ പാക്കിസ്ഥാനിലെയ്ക്കോ മാറി താമസിക്കേണ്ടി വന്ന മിക്ക കുടുംബങ്ങൾക്കും അവരുടെ പൂർവികരുടെ വീടുകൾ വീണ്ടും സന്ദർശിക്കാനുള്ള ഭാഗ്യം കിട്ടാറില്ല. എന്നാൽ 56 കാരനായ തരുൺജിത് സിംഗ് ബുട്ടാലിയക്ക് പാകിസ്ഥാനിലുള്ള തന്റെ പൂർവികരുടെ വീട് സന്ദർശിക്കാനുള്ള ഭാഗ്യമുണ്ടായി. അതിന് അദ്ദേഹത്തെ സഹായിച്ചത് ഒരു കറുത്ത മയിലാണ്. മുത്തശ്ശിയുടെ ഓർമകളിൽ തെളിഞ്ഞ് നിന്ന വീടിന്റെ ചുമരിൽ വരച്ചിട്ട ഒരു കറുത്ത മയിൽ. അദ്ദേഹത്തിന്റെ വേരുകൾ തേടിയുള്ള യാത്ര ‘മൈ ജേർണി ബാക്ക് ഹോം - ഗോയിങ്ങ് ബാക്ക് ടു ലെഹന്ദ പഞ്ചാബ്’ എന്ന പുസ്തകത്തിൽ അദ്ദേഹം വിവരിക്കുന്നു.
1947 -ൽ പാകിസ്താനിലെ ഗുജ്രൻവാലയിലെ ബുത്താല ഗ്രാമത്തിലായിരുന്നു അദ്ദേഹത്തിന്റെ കുടുംബവീട്. ആ വീടിന്റെ പുറത്തെ ചുവരിൽ ഒരു കറുത്ത മയിലിനെ വരച്ചിരുന്നു. വിഭജനത്തിന് 72 വർഷങ്ങൾക്ക് ശേഷം, 2019 ഡിസംബറിൽ, തരുൺജിത് തന്റെ കുടുംബവീടിന് മുന്നിൽ തിരിച്ചെത്തി. പൊട്ടിപ്പൊളിഞ്ഞ വീടിന്റെ ചുവരിൽ ആ കറുത്ത മയിൽ അപ്പോഴും അദ്ദേഹത്തെ കാത്ത് അവിടെ ഉണ്ടായിരുന്നു. മുത്തശ്ശി പലതവണ അവരുടെ ജീവിത കഥ കൊച്ചുമോനോട് പങ്കുവച്ചിരുന്നു. അവർ എങ്ങനെയാണ് അവരുടെ ഗ്രാമം ഉപേക്ഷിച്ച് 1947 -ൽ ഇന്ത്യയുടെ ഭാഗമായ പഞ്ചാബിൽ വന്നതെന്ന് പറയുമായിരുന്നു. ഒരിക്കൽ കഥ കേൾക്കുന്നതിനിടയിൽ അദ്ദേഹം തമാശയായി ആ വീട് കാണാൻ കഴിയുമോ എന്ന് മുത്തശ്ശിയോട് തിരക്കി. എന്നാൽ, മുത്തശ്ശി അത് തമാശയായി കണ്ടില്ല. നീ തീർച്ചയായും വീട് കണ്ടെത്തുമെന്ന് അവർ പറഞ്ഞു. എന്നാൽ എങ്ങനെ ഞാൻ തിരിച്ചറിയുമെന്ന കൊച്ചുമോന്റെ ചോദ്യത്തിന് വീടിന് മുൻവശത്ത് ഒരു കറുത്ത മയിലിനെ വരച്ചിട്ടുണ്ടെന്ന് അവർ അടയാളം പറഞ്ഞു.
'കുടുംബത്തിലെ ഒരാൾ തിരിച്ചുവരാനും, അടഞ്ഞു കിടന്ന കുടുംബവീടിന്റെ വാതിലുകൾ വീണ്ടും തുറക്കാനും കാത്തിരുന്ന ആ കറുത്ത മയിലിന് നന്ദി' എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം പുസ്തകം ആരംഭിക്കുന്നത് തന്നെ. യുഎസ് ആസ്ഥാനമായുള്ള ഇന്റർഫെയ്ത്ത് പ്രവർത്തകനും സിഖ് കൗൺസിൽ ഫോർ ഇന്റർഫെയ്ത്ത് റിലേഷൻസിന്റെ സ്ഥാപക ട്രസ്റ്റിയുമാണ് തരുൺജിത്. അദ്ദേഹം ജനിച്ചതും വളർന്നതും ചണ്ഡിഗഡിലായിരുന്നു. പിന്നീട് അമേരിക്കയിലേക്ക് മാറി. "1965 -ൽ ഇന്ത്യയും പാകിസ്ഥാനും യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുമ്പോഴാണ് ഞാൻ ജനിച്ചത്. എന്റെ അച്ഛൻ ഇന്ത്യൻ ആർമിയിലായിരുന്നു. ഞങ്ങൾ അതിർത്തി പട്ടണമായ ടാർൻ തരാനിലേക്ക് മാറിയതിനു ശേഷമാണ് അതിർത്തിയുടെ അപ്പുറമുള്ള എന്റെ കുടുംബ വേരുകളെ കുറിച്ച് അറിയാൻ എനിക്ക് താൽപര്യം തോന്നിയത്" അദ്ദേഹം പറഞ്ഞു.
1947 ഒക്ടോബറിൽ അതിർത്തിയിൽ എത്തിപ്പെടുന്നതിന് മുമ്പ് പാകിസ്താനിലെ ഒരു മുസ്ലീം കുടുംബം തന്റെ മുത്തശ്ശനെയും, മുത്തശ്ശിയെയും സംരക്ഷിച്ച കഥ അദ്ദേഹം ഓർക്കുന്നു. "സെപ്റ്റംബറിൽ, ഞങ്ങളുടെ വീട് ജനക്കൂട്ടം തീയിട്ടു. എന്നാൽ പക്ഷേ തീയണക്കാൻ പ്രദേശവാസികൾ ഓടിവന്നു. എന്റെ മുത്തശ്ശി നരീന്ദർ കൗറിനെയും മുത്തശ്ശൻ ക്യാപ്റ്റൻ (റിട്ട) അജിത് സിംഗ് ബൂട്ടാലിയയെയും അവർ രക്ഷിച്ചു. തുടർന്ന് അവർ ഇന്ത്യയിലേയ്ക്ക് പോകാൻ തീരുമാനിച്ചു. പോകേണ്ട ദിവസം, ഒരു ചെറുപ്പക്കാരൻ വീട്ടിൽ കയറി വന്ന് വസ്ത്രങ്ങൾ ഒഴികെ ഒന്നും കൊണ്ടുപോകരുതെന്ന് ഭീഷണിപ്പെടുത്തി. ഇനി അവിടെ നിന്നാൽ അപകടമാണെന്ന് അവർ മനസ്സിലാക്കി. ഇനി ഒരിക്കലും തങ്ങൾക്ക് വീട്ടിലേയ്ക്ക് മടങ്ങാനാകില്ലെന്ന് അവർ വേദനയോടെ തിരിച്ചറിഞ്ഞു. അവിടെ നിന്ന് ഇറങ്ങി ദിവസങ്ങളോളം നടന്ന് അവർ ഗുജ്രൻവാലയ്ക്കടുത്തുള്ള ഒരു അഭയാർത്ഥി ക്യാമ്പിലെത്തി.
undefined
"അവിടെ വച്ച് കരസേനയിൽ സേവനമനുഷ്ഠിച്ചിരുന്ന ആളാണ് മുത്തച്ഛൻ എന്ന് തിരിച്ചറിഞ്ഞ ഒരു ബ്രിട്ടീഷ് ഉദ്യോഗസ്ഥൻ അതിർത്തി കടക്കാൻ അവരെ സഹായിച്ചു. എന്നാൽ, ക്യാമ്പിൽ നിന്ന് അതിർത്തിയിലേക്കുള്ള വഴിയിൽ, ഒരു സംഘം വാഹനം തടഞ്ഞ് കുടുംബത്തെ തങ്ങൾക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ, എന്റെ മുത്തച്ഛനെ അവരിൽ ചിലർ തിരിച്ചറിഞ്ഞു, അവരുടെ മനസ്സ് മാറി. സംഘം അവരെ ലാഹോറിലേക്ക് കൊണ്ടുപോയി അവർക്ക് അഭയം നൽകി. ഏതാനും ആഴ്ചകളോളം അവർ ലാഹോറിൽ ഒരു മുസ്ലീം കുടുംബത്തോടൊപ്പം താമസിച്ചു. 1947 ഒക്ടോബർ അവസാനത്തോടെ അവർ അതിർത്തി കടന്നു” തരുൺജിത് പുസ്തകത്തിൽ എഴുതി.
2019 -ൽ പാക്കിസ്ഥാൻ സന്ദർശിച്ച അദ്ദേഹത്തിന് ആ യാത്രയെക്കുറിച്ച് നല്ലതേ പറയാനുള്ളൂ: "രണ്ടാഴ്ചയോളം പാകിസ്ഥാന്റെ ഭാഗമായി പഞ്ചാബിൽ ഞാൻ ചെലവഴിച്ചു. അവിടത്തെ നാട്ടുകാരുടെ ആതിഥ്യമര്യാദ കണ്ട് ഞാൻ ആശ്ചര്യപ്പെട്ടു. ആളുകൾ സ്നേഹത്തോടെ 'സർദാർ ജി' എന്നാണ് എന്നെ വിളിച്ചത്. റെസ്റ്റോറന്റുകളും ക്യാബ് ഡ്രൈവർമാരും പണം വാങ്ങിയില്ല.” മുത്തശ്ശിയുടെ മനോഹരമായ ഓർമ്മകളിൽ നിറഞ്ഞ് നിന്ന കറുത്ത മയിൽ അപ്പോഴും അവിടെ ഉണ്ടായിരുന്നു. "1947 -ൽ എന്റെ മുത്തശ്ശനും മുത്തശ്ശിയും ആ വീട്ടിൽ നിന്ന് വേദനയോടെയാണ് പടിയിറങ്ങിയത്. 72 വർഷം ആ കറുത്ത മയിൽ കാത്തിരുന്നു. അതിനാൽ എനിക്ക് എന്റെ കുടുംബവീടിന്റെ വാതിലുകൾ ഒരിക്കൽ കൂടി തുറക്കാനും എന്റെ വേരുകൾ തേടിച്ചെല്ലാനും കഴിഞ്ഞു” അദ്ദേഹം പറയുന്നു.