കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമമുണ്ടായാല്‍ അത് തുറന്നുപറയാനും കുഞ്ഞുങ്ങളോടുതന്നെ കാര്യങ്ങള്‍ ചോദിച്ചറിയാനും നിയമസഹായം നേടാനും എല്ലാം നമുക്ക് ഭയമാണ്. അത് തുറന്നുപറയുന്നത് കുഞ്ഞുങ്ങള്‍ക്ക് മോശം വരുത്തും എന്ന സമൂഹത്തിന്‍റെ കാഴ്‍ചപ്പാട് തന്നെയാണിവിടെ പ്രശ്‍നം.
കുഞ്ഞുങ്ങള്‍ക്ക് നേരെ നടക്കുന്ന അതിക്രമങ്ങളുടെ വാര്‍ത്ത ഓരോ ദിവസവും കൂടിക്കൂടി വരുന്നു. സ്വന്തം ബന്ധുക്കളില്‍ നിന്ന് തുടങ്ങി, അധ്യാപകരില്‍ നിന്നും അയല്‍ക്കാരില്‍നിന്നും അപരിചിതരില്‍നിന്നുമെല്ലാം കുട്ടികള്‍ക്ക് നേരെ അതിക്രമങ്ങളുണ്ടാവാറുണ്ട്. അവിടെ ആണ്‍കുഞ്ഞെന്നോ പെണ്‍കുഞ്ഞെന്നോ ഉള്ള വ്യത്യാസമില്ല. നേരത്തെയും ഇങ്ങനെ ഉണ്ടാകുന്നുണ്ടായിരുന്നു. അന്നുപക്ഷെ, ഇത്രത്തോളം നിയമങ്ങളെ കുറിച്ചുള്ള അറിവോ, വാര്‍ത്തയാവലോ ഇല്ലായിരുന്നുവെന്ന വ്യത്യാസം മാത്രമേയുള്ളൂ.
കുട്ടികളെ സംബന്ധിച്ച് പലപ്പോഴും നമുക്ക് നേരിടേണ്ടി വന്നത് അതിക്രമമാണ് എന്ന് തിരിച്ചറിയാന്‍ കഴിഞ്ഞുകൊള്ളണമെന്നില്ല. അവരെ നല്ല സ്‍പര്‍ശവും ചീത്ത സ്‍പര്‍ശവും പഠിപ്പിക്കേണ്ടത് രക്ഷിതാക്കളും അധ്യാപകരും ഒക്കെത്തന്നെയാണ്. അതുപോലെ തന്നെയാണ് അവരെ പ്രതികരിക്കാനും അവര്‍ക്ക് നേരിടേണ്ടിവന്ന അതിക്രമങ്ങളെ കുറിച്ച് ഉറ്റവരോട് തുറന്നുപറയാനും പരിശീലിപ്പിക്കേണ്ടതും.
ഏതായാലും ചിത്രങ്ങളുടെ സഹായത്തോടുകൂടി കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും അധ്യാപകരെയുമെല്ലാം ലൈംഗികാതിക്രമങ്ങളെ കുറിച്ച് ബോധവല്‍ക്കരിക്കുന്നതിനായി ഒരു പുസ്‍തകം ഇറങ്ങിയിട്ടുണ്ട്. കുഞ്ഞുങ്ങളുടെ ഉള്ളിലേക്ക് ഏറ്റവും എളുപ്പത്തില്‍ കയറിച്ചെല്ലാനാവുന്നത് ചിത്രങ്ങള്‍ക്കാണ് അല്ലേ? അതുകൊണ്ട് തന്നെയാണ് അവര്‍ക്കറിയേണ്ട കാര്യങ്ങളെ ചിത്രകഥാരൂപത്തില്‍ ഇറക്കിയിരിക്കുന്നത്. ദില്ലിയിലെ ഉത്തം നഗര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ -യുടെ നേതൃത്വത്തിലാണ് ഈ പുസ്‍തകം ഇറങ്ങിയിരിക്കുന്നത്. കുഞ്ഞുങ്ങള്‍ക്കേല്‍ക്കേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള തുറന്നുപറയലുകളെങ്ങനെയാവാം എന്ന് കാണിക്കുന്നതാണ് പുസ്‍തകം.
പ്രോത്സാഹന്‍ ഇന്ത്യ ഫൗണ്ടേഷന്‍ ജനുവരിയില്‍ പ്രസിദ്ധീകരിച്ച പുസ്‍തകത്തിന്‍റെ പേര് കാന്‍ ഐ ടെല്‍ യൂ സംതിങ് ( Can I Tell You Something) എന്നാണ്. ബ്ലൂറോസ് പബ്ലിഷേഴ്‍സ് ഇറക്കിയ പുസ്‍തകം എഴുതിയിരിക്കുന്നത് ജസ്‍വിന്ദര്‍ സിങ് ആണ്. ഓര്‍ഗനൈസേഷന്‍റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ കൂടിയാണ് സിങ്. ആര്‍ത്തി വര്‍മയാണ് ചിത്രങ്ങള്‍ വരച്ചിരിക്കുന്നത്.
എന്താണ് പുസ്‍തകത്തില്‍?
ലണ്ടനില്‍ ജീവിക്കുന്ന 15 -കാരിയായ അലൈസ എന്ന പെണ്‍കുട്ടിയുടെ കണ്ണിലൂടെയാണ് പുസ്‍തകത്തില്‍ കഥ പറയുന്നത്. സ്‍കൂളില്‍വെച്ച് അവള്‍ക്ക് നേരിടേണ്ടി വന്ന ലൈംഗികാതിക്രമവും അതിനെത്തുടര്‍ന്ന് അവള്‍ നടത്തുന്ന കൂടുതല്‍ പഠനങ്ങളുമാണ് പുസ്‍തകത്തില്‍ വിവരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള മായ, അവി, സൗത്ത് ആഫ്രിക്കയില്‍ നിന്നുള്ള ലന്ദിവ്, യു എസ്സില്‍ നിന്നുള്ള മാക്സ്, യുകെയില്‍ നിന്നുള്ള വിന്നി എന്നിവരെല്ലാം ഇതിലെ കഥാപാത്രങ്ങളാണ്. ഇവരിലൂടെ, നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് എന്തെങ്കിലും തരത്തിലുള്ള അതിക്രമം നേരിടേണ്ടി വന്നാല്‍ എന്തൊക്കെ നിയമസഹായം ലഭിക്കും എന്ന് മനസിലാവും. ഈ ഓരോ രാജ്യത്തും ലഭിക്കുന്ന നിയമത്തെ കുറിച്ചുള്ള വിവരണം പുസ്‍തകത്തിലുണ്ട്.
കഥയാണെങ്കിലും പ്രോത്സാഹന്‍ എന്ന എന്‍ജിഒ -യുടെ പ്രവര്‍ത്തനകാലത്ത് താന്‍ കേട്ടും കണ്ടും അറിഞ്ഞ കുഞ്ഞുങ്ങളുടെ അനുഭവങ്ങളിലൂടെ തന്നെയാണ് സിങ് ചിത്രകഥ പൂര്‍ത്തിയാക്കിയിരിക്കുന്നത്. അതില്‍, ലിംഗസമത്വം, ലൈംഗികത, പ്രായപൂര്‍ത്തിയാകല്‍, അനുവാദം (consent) എന്നിവയെല്ലാം വരുന്നു. മതപരമായ കാര്യങ്ങളും ആണ്‍കുഞ്ഞുങ്ങള്‍ക്ക് നേരിടേണ്ടി വരുന്ന പീഡനങ്ങളും എല്ലാം പുസ്‍തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്. പ്രതിരോധം, ധൈര്യം എന്നിവയെക്കുറിച്ചും പുസ്‍തകം വ്യക്തമാക്കുന്നു.
സിങ് തന്‍റെ പുസ്‍തകത്തെ കുറിച്ച് പറയുന്നതിങ്ങനെയാണ്, 'കലാപരമായി ഒരുപാട് പരിപാടികളില്‍ ഞാന്‍ പങ്കെടുത്തിട്ടുണ്ട്. അതില്‍നിന്നെല്ലാം എങ്ങനെയാണ് കലകളിലൂടെ കുഞ്ഞുങ്ങളിലേക്ക് കാര്യങ്ങളെത്തിക്കുക എന്ന് മനസിലാക്കിയിട്ടുണ്ട്. അതുതന്നെയാണ് പുസ്‍തകത്തിലൂടെയും ഉദ്ദേശിക്കുന്നത്. അതുകൊണ്ടാണ് അതിലേക്ക് കൂടുതല്‍ കൂടുതല്‍ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഏത് ചിത്രങ്ങളാണ് കുഞ്ഞുങ്ങളെ ആകര്‍ഷിക്കാതിരിക്കുക.'
പുസ്‍തകം കുഞ്ഞുങ്ങളെ ഉദ്ദേശിച്ചു മാത്രമല്ല. രക്ഷിതാക്കളെയും അധ്യാപകരെയും ഒക്കെ ഉദ്ദേശിച്ചുള്ളതാണ്. ലൈംഗികാതിക്രമങ്ങളെ അതിജീവിച്ചവരെയും അവരുടെ രക്ഷിതാക്കളെയും അധ്യാപകരെയും ഒക്കെ ഒന്നിച്ചുചേര്‍ത്തുനിര്‍ത്തണമെന്നും സിങ് പറയുന്നു. കുഞ്ഞുങ്ങള്‍ക്ക് നേരെ ലൈംഗികാതിക്രമമുണ്ടായാല്‍ അത് തുറന്നുപറയാനും കുഞ്ഞുങ്ങളോടുതന്നെ കാര്യങ്ങള്‍ ചോദിച്ചറിയാനും നിയമസഹായം നേടാനും എല്ലാം നമുക്ക് ഭയമാണ്. അത് തുറന്നുപറയുന്നത് കുഞ്ഞുങ്ങള്‍ക്ക് മോശം വരുത്തും എന്ന സമൂഹത്തിന്‍റെ കാഴ്‍ചപ്പാട് തന്നെയാണിവിടെ പ്രശ്‍നം. അത് മാറ്റിയെടുക്കുക എന്നതുകൂടി പുസ്‍തകത്തിന്‍റെ ലക്ഷ്യമാണ്.
ഇന്ത്യയുടെ പ്രൊട്ടക്ഷന്‍ ഓഫ് ചില്‍ഡ്രന്‍ ഫ്രം സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് 2012, സൗത്ത് ആഫ്രിക്കയുടെ ക്രിമിനല്‍ ലോസ് (സെക്ഷ്വല്‍ ഒഫന്‍സ് ആന്‍ഡ് റിലേറ്റഡ് മാറ്റേഴ്‍സ്) അമന്‍ഡ്മെന്‍റ് ആക്ട്2007, യു കെ -യുടെ സെക്ഷ്വല്‍ ഒഫന്‍സ് ആക്ട് 2003 എന്നിവയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഈ ചിത്രകഥാ പുസ്‍തകത്തിലുണ്ട്.
നമ്മുടെ നിയമങ്ങള്‍ക്ക് ശക്തിയില്ലാത്തതല്ല, മറിച്ച് നിയമസഹായം തേടാത്തതും ആ നിയമം നടപ്പിലാക്കാത്തതുമാണ് പലപ്പോഴും ഇവിടെ കുഞ്ഞുങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നും സിങ് പറയുന്നു. പ്രത്യേകിച്ച് ഗ്രാമങ്ങളിലും മറ്റുമുള്ള ആളുകളില്‍ ഇക്കാര്യത്തെ കുറിച്ച് അവബോധമുണ്ടാക്കണമെന്നും അദ്ദേഹം പറയുന്നു.
ചെറുപ്പത്തിലെ ലൈംഗികാതിക്രമങ്ങളെ അതിജീവിച്ച ആയിരക്കണക്കിനുപേര്‍ നമുക്കിടയില്‍ ജീവിക്കുന്നുണ്ട്. അതില്‍ പലരുടെയും കഥകള്‍ ഇതില്‍ പറയുന്നുണ്ട്. നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ലതും ചീത്തയുമായ സ്‍പര്‍ശനത്തെ കുറിച്ച് പറഞ്ഞുനല്‍കുക എന്നതുതന്നെയാണ് പുസ്‍തകത്തിന്‍റെ ആത്യന്തികമായ ലക്ഷ്യം. ഇംഗ്ലീഷിലാണ് പുസ്‍തകം എന്നതുകൊണ്ട് തന്നെ അത് കൂടുതല്‍ പേരിലെത്തുന്നതിന് വെല്ലുവിളികളുണ്ട്. അതിനാല്‍, വിവിധ ഭാഷകളിലേക്ക് അത് വിവര്‍ത്തനം ചെയ്യുന്നതിനായുള്ള ആളുകളെ അന്വേഷിക്കുകയാണിപ്പോള്‍ സിങ്.
പുസ്‍തകത്തിന്‍റെ സഹായത്തോടെയാണെങ്കിലും അല്ലെങ്കിലും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് നല്ല സ്‍പര്‍ശവും ചീത്ത സ്‍പര്‍ശവും നാം പറഞ്ഞുകൊടുക്കണം. അത് തുറന്നുപറയാനുള്ള അടുപ്പവും നമുക്കവരോടുണ്ടാകണം. നോക്കുകൊണ്ടോ, വാക്കുകൊണ്ടോ, സ്‍പര്‍ശനംകൊണ്ടോ ഒന്നും ഒരു കുഞ്ഞും ഇവിടെ അക്രമിക്കപ്പെടാതിരിക്കട്ടെ.