'ചൂടന്‍ചിത്ര'ങ്ങളുടെ പേരില്‍ സഹോദരന്‍ കൊലപ്പെടുത്തിയ സോഷ്യല്‍മീഡിയ സ്റ്റാര്‍; ബലോച്ചിനെക്കുറിച്ച് മഹറെഴുതിയതോ?

By Pusthakappuzha Book Shelf  |  First Published Feb 17, 2020, 3:56 PM IST

എന്നാല്‍, അതിനെ ബലോച്ച് നേരിട്ടത് ഈ വാക്കുകള്‍ കൊണ്ടാണ്, 'എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തോളൂ. നിങ്ങളെന്നെ സ്നേഹിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടാകും. നിങ്ങളെന്നെ വെറുക്കുകയാണെങ്കില്‍ നിങ്ങളുടെ മനസിലും.' അവളെഴുതി.


ഖന്ദീല്‍ ബലോച്ച് എന്ന ഫൗസിയ അസീമിന് വിശേഷണങ്ങളൊരുപാടുണ്ട്. ഫെമിനിസ്റ്റ്, ധൈര്യശാലി, സാമൂഹ്യമാധ്യമങ്ങളിലെ താരം, എന്തിന് പാകിസ്ഥാന്‍ 'കിം കർദാഷ്യാൻ' എന്നുപോലും അവള്‍ വിളിക്കപ്പെട്ടു. പക്ഷേ, ഈ കൂസലില്ലായ്‍മയും പ്രശസ്‍തിയും ഒരുപാടുപേരെ വിറളിപിടിപ്പിച്ചു. ചുറ്റുമുള്ള യാഥാസ്ഥിതിക സമൂഹം അവളെ കൊല്ലും കൊല്ലുമെന്ന് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവിലാ ഭീഷണി നടപ്പിലാക്കിയതാകട്ടെ ബലോച്ചിന്‍റെ സ്വന്തം സഹോദരനും. അടുത്ത മാസം ഒന്നാം തീയ്യതി അവരുടെ ജനനദിവസമാണ്. ബലോച്ചിന്‍റെ ജീവിതവും മരണവും പൂര്‍ണമായും വിശദമായും വിവരിക്കുന്ന ഒരു പുസ്‍തകവും ഇറങ്ങിയിട്ടുണ്ട്. പേര് എ വുമണ്‍ ലൈക്ക് ഹെര്‍: ദ ഷോര്‍ട്ട് ലൈഫ് ഓഫ് ഖന്ദീല്‍ ബലോച്ച് (A Woman Like Her: The Short Life of Qandeel Baloch). എഴുതിയിരിക്കുന്നത് പത്രപ്രവര്‍ത്തകയായ സനം മഹര്‍. പുസ്‍തകം തയ്യാറാക്കുന്നതിനുവേണ്ടി നൂറുകണക്കിന് അഭിമുഖങ്ങളാണ് സനം മഹര്‍ എടുത്തത്. അതില്‍ ബലോച്ചിന്‍റെ കുടുംബക്കാരുണ്ട്. മാധ്യമപ്രവര്‍ത്തകരുണ്ട്, മതപണ്ഡിതരുണ്ട്, ഫെമിനിസ്റ്റുകളും മനുഷ്യാവകാശ പ്രവര്‍ത്തകരുമുണ്ട്, സൈബര്‍ ക്രൈം അന്വേഷിക്കുന്നതിലെ വിദഗ്ദരുണ്ട്. 

Latest Videos

സനം മഹറും പുസ്‍തകവും

ബലോച്ചിന്‍റെ സഹോദരനായ വസീം അസീം തന്നെയാണ് സഹോദരിയെ ശ്വാസംമുട്ടിച്ചു കൊന്നുകളഞ്ഞത്. എന്നാല്‍, ആ കൊലപാതകത്തിന്‍റെ ഉത്തരവാദി അവന്‍ മാത്രമല്ല എന്നാണ് മഹര്‍ പറയുന്നത്. സോഷ്യല്‍മീഡിയാ താരമായിരുന്ന ബലോച്ചിന് അമേരിക്കന്‍ ഉച്ചാരണരീതിയായിരുന്നു. ദശലക്ഷക്കണക്കിന് ഫോളോവര്‍മാരുണ്ടായിരുന്നു അവള്‍ക്ക്. താന്‍ ധനികനായൊരു ഭൂവുടമയുടെ മകളാണ് എന്നാണ് ബലോച്ച് സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാല്‍, കൊല്ലപ്പെടുന്നതിന് കുറച്ചുനാളുകള്‍ മുമ്പ് അവളാരാണ് എന്ന യാഥാര്‍ത്ഥ്യം വെളിപ്പെട്ടിരുന്നു. 

ആരായിരുന്നു ഫൗസിയ അസീം അഥവാ ഖന്ദീല്‍ ബലോച്ച് 

1990 മാര്‍ച്ച് ഒന്നിന് പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലായിരുന്നു ബലോച്ച് ജനിച്ചത്. സാമ്പത്തികമായി വളരെ താഴ്‍ന്ന കുടുംബത്തിലായിരുന്നു അവളുടെ ജനനം. മാതാവ് അന്‍വര്‍ ബീബി, പിതാവ് മുഹമ്മദ് അസീം. കൃഷിയൊക്കെ നടത്തിയാണ് ഉപജീവനം. ആറ് സഹോദരന്മാരും രണ്ട് സഹോദരിമാരുമായിരുന്നു ബലോച്ചിന്. പഠിക്കുന്നതോടൊപ്പം ഡാന്‍സിലും പാട്ടിലുമെല്ലാം താല്‍പര്യമുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നു അവള്‍. എന്നാല്‍, പതിനേഴാമത്തെ വയസ്സില്‍ പ്രദേശത്തു തന്നെയുള്ള അവളുടെ അമ്മയുടെ കസിന്‍ കൂടിയായ ഒരാളുമായി അവളുടെ വിവാഹം കഴിഞ്ഞു. അവര്‍ക്കൊരു മകനുമുണ്ടായിരുന്നു. ഭര്‍ത്താവിന്‍റെ ഭാഗത്തുനിന്നും നിരന്തരം അക്രമങ്ങളേറ്റുവാങ്ങേണ്ടി വന്നിരുന്നു ബലോച്ചിന്. അതിനെത്തുടര്‍ന്ന് തന്‍റെ കുഞ്ഞുമകനുമായി ഒരു സ്ത്രീയുടെ അഭയത്തില്‍ കഴിയേണ്ടിവന്നു അവള്‍ക്ക്. അവളുടെ മാതാപിതാക്കളാകട്ടെ ഭര്‍ത്താവിന്‍റെ അടുത്തേക്ക് തിരികെപ്പോവാന്‍ പറഞ്ഞ് നിരന്തരം അവളെ ബുദ്ധിമുട്ടിക്കുകയും ചെയ്‍തു. ബലോച്ചിന്‍റെ മരണശേഷം അടക്കുന്നതിനായി അവളുടെ ശരീരം വൃത്തിയാക്കുമ്പോള്‍ മാത്രമാണ് തന്‍റെ മകളുടെ കൈകളില്‍ അവളുടെ ഭര്‍ത്താവ് സിഗരറ്റുവെച്ച് പൊള്ളിച്ചതിന്‍റെ അടയാളം പോലും അവര്‍ കാണുന്നത്.  

ബലോച്ചിന്‍റെ മാതാപിതാക്കള്‍

അഭയാര്‍ത്ഥിയായി കഴിയുന്നതിനിടെ ബലോച്ച് തന്‍റെ മകനെ അവന്‍റെ അച്ഛനെ തന്നെ ഏല്‍പ്പിച്ചു. 'എനിക്ക് എന്‍റെ ജീവിതമുണ്ടാക്കിയെടുക്കേണ്ടതുണ്ട്' എന്നാണ് അവള്‍ പറഞ്ഞത്. അത്രയേറെ ആ ചെറുപ്രായത്തില്‍ത്തന്നെ അവള്‍ അനുഭവിച്ചിട്ടുണ്ടായിരുന്നു. ''എന്തൊക്കെ ഞാന്‍ ആയിത്തീരണമെന്നാഗ്രഹിച്ചാലും ഒരു കുഞ്ഞിന്‍റെ ഭാരം കൂടി ചുമന്നുകൊണ്ടത് പറ്റില്ല. ഞാന്‍ നിസ്സഹായ ആയിപ്പോകും'' എന്നുതന്നെ അവള്‍ പറഞ്ഞു. മകനെ ഭര്‍ത്താവിന്‍റെ വീട്ടുകാരെ ഏല്‍പ്പിച്ചു. 

താരമെന്ന തരത്തിലുള്ള അവളുടെ വളര്‍ച്ച തുടങ്ങുന്നത് 2013 -ല്‍ പാകിസ്ഥാന്‍ ഐഡല്‍ എന്ന റിയാലിറ്റി ഷോയുടെ ഓഡിഷനില്‍ പങ്കെടുക്കുന്നതോടെയാണ്. ഷോയില്‍നിന്ന് പുറത്താക്കപ്പെട്ടപ്പോഴുള്ള അവളുടെ കരച്ചിലും പരിഭവവും പിന്നീട് വൈറലായി. പിന്നീടാണ് ബലോച്ചിന്‍റെ വ്യത്യസ്‍തമായ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടുതുടങ്ങിയത്. ചൂടന്‍ ചിത്രങ്ങളായിരുന്നു അവള്‍ മിക്കപ്പോഴും പോസ്റ്റ് ചെയ്‍തിരുന്നത്. ഒപ്പം 'എന്നെ കാണാന്‍ എങ്ങനെയുണ്ട്' 'ഗയ്‍സ് ആരാണ് എന്‍റെ അടുത്ത 'മോശം' ചിത്രം കാണാനാഗ്രഹിക്കുന്നത്' തുടങ്ങിയ കാപ്‍ഷനുകളും നല്‍കി. പിന്നീടിങ്ങോട്ട് അവളുടെ ചിത്രങ്ങളും കൊച്ചുകൊച്ചുവീഡിയോയും എല്ലാം സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു. അതേസമയംതന്നെ അവളുടെ കമന്‍റ് സെക്ഷനാകട്ടെ അശ്ലീലവാക്കുകള്‍കൊണ്ടും കൊലപാതകഭീഷണികൊണ്ടും നിറഞ്ഞു. 'ഈ സ്ത്രീയെ തനിച്ചുകണ്ടാല്‍, ആ സ്ഥലത്തുവച്ചുതന്നെ ഞാനവരെ കൊല്ലും' തുടങ്ങി ഒരുപാടൊരുപാട് ഭീഷണികളാണ് അതിലുണ്ടായിരുന്നത്. 

 

എന്നാല്‍, അതിനെ ബലോച്ച് നേരിട്ടത് ഈ വാക്കുകള്‍ കൊണ്ടാണ്, 'എന്നെ സ്നേഹിക്കുകയോ വെറുക്കുകയോ ചെയ്തോളൂ. നിങ്ങളെന്നെ സ്നേഹിക്കുകയാണെങ്കില്‍ ഞാന്‍ നിങ്ങളുടെ ഹൃദയത്തിലുണ്ടാകും. നിങ്ങളെന്നെ വെറുക്കുകയാണെങ്കില്‍ നിങ്ങളുടെ മനസിലും.' അവളെഴുതി. 'ഞാന്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങളെന്നെ തീര്‍ച്ചയായും മിസ് ചെയ്യും' എന്നും അവളൊരിക്കല്‍ പോസ്റ്റ് ചെയ്‍തു. 'നിങ്ങളെന്നെ കാണാനിഷ്‍ടപ്പെടുന്നു. എന്നിട്ട് നിങ്ങള്‍ ചോദിക്കുന്നു നീയെന്താണ് പോയി മരിക്കാത്തത്' എന്നാണ് വേറൊരു പോസ്റ്റില്‍ അവളെഴുതിയത്. ചിലനേരങ്ങളിലാകട്ടെ എന്തുകൊണ്ടാണ് തന്‍റെ ഫോളോവേഴ്‍സ് തന്നെ വെറുക്കുന്നതെന്ന് അവള്‍ ആശ്ചര്യപ്പെട്ടു. 

2016 -ലാണ് ബലോച്ച് ഒരു കോമഡിഷോയില്‍ പ്രത്യക്ഷപ്പെടുന്നത്. ആത്മീയനേതാവായ അബ്ദുള്‍ ഖാവിയുമായിട്ടായിരുന്നു പരിപാടിയില്‍ അവള്‍ പങ്കെടുത്തത്. അതുകഴിഞ്ഞ് കുറച്ച് മാസങ്ങള്‍ക്ക് ശേഷം ഒരു ഹോട്ടല്‍മുറിയില്‍വെച്ച് ഇരുവരും ഒരുമിച്ചിരിക്കുന്ന ഒരു ഫോട്ടോ ബലോച്ച് പോസ്റ്റ് ചെയ്‍തു. അതില്‍ ഖാവിയുടെ തൊപ്പി ബലോച്ച് ധരിച്ചിരിക്കുകയായിരുന്നു. 'യേ... അബ്‍ദുള്‍ ഖാവിയുമായൊത്തുള്ള അവിസ്‍മരണീയമായ നേരം' എന്നാണ് കാപ്‍ഷന്‍ നല്‍കിയിരുന്നത്. അത് വലിയ സാമൂഹ്യശ്രദ്ധ പിടിച്ചുപറ്റി. വലിയ ചര്‍ച്ചകളും വിവാദവുമുണ്ടാക്കി. ഖാവിയെ സ്ഥാനത്തുനിന്ന് നീക്കം ചെയ്‍തതായും വാര്‍ത്തയുണ്ടായി. ആ സമയത്തുതന്നെ ബലോച്ചിന്‍റെ യഥാര്‍ത്ഥ വ്യക്തിത്വത്തെ കുറിച്ചുള്ള ചര്‍ച്ചകളുമുയര്‍ന്നു. 

 

എന്നാല്‍, ബലോച്ച് ധൈര്യത്തോടെ തനിക്ക് പറയാനുള്ള കാര്യങ്ങളൊക്കെ പറഞ്ഞു, എത്ര ഭീഷണിയയുര്‍ന്നിട്ടും സമൂഹമാധ്യമങ്ങളില്‍ സജീവസാന്നിധ്യമായി. എന്നാല്‍, ഒരുമാസം കഴിഞ്ഞപ്പോള്‍ അവള്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടതോടെ സഹതാപതരംഗത്തില്‍ ബലോച്ചിന്‍റെ കഥ ലഘൂകരിക്കപ്പെട്ടു. 'ഒരു തലമുറയിലെ പാകിസ്ഥാന്‍ സ്ത്രീകളുടെ ശബ്‍ദം' എന്നാണ് ദേശീയ മാധ്യമങ്ങള്‍ അവളെക്കുറിച്ചെഴുതിയത്. നിരവധി പ്രതിഷേധങ്ങളും അവളുടെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായി.

പ്രതിഷേധത്തില്‍നിന്ന്

തന്‍റെ ഇഷ്‍ടത്തിനനുസരിച്ച് ജീവിക്കാന്‍ ആഗ്രഹിച്ച ഒരു വ്യക്തിയായിട്ടാണ് മഹര്‍ തന്‍റെ പുസ്‍തകത്തില്‍ ബലോച്ചിനെ കുറിച്ചെഴുതുന്നത്. സാമൂഹ്യമാധ്യമം ചെലുത്തിയ സ്വാധീനം, അത് പാകിസ്ഥാനിലുണ്ടാക്കിയ മാറ്റം എന്നിവയെല്ലാം പറയാനും മഹര്‍ ശ്രമിക്കുന്നുണ്ട്. ഒരു യാഥാസ്ഥിതിക സമൂഹത്തോട് നടത്തിയ യുദ്ധമായിട്ടാണ് ബലോച്ചിന്‍റെ ജീവിതത്തെ അവര്‍ കാണുന്നത്. സ്വയം കണ്ടെത്താനും തന്നെ ആവിഷ്‍കരിക്കാനും ബലോച്ചിന് കഴിഞ്ഞിരുന്നുവെന്നും മഹര്‍ പറയുന്നുണ്ട്. അവര്‍ ചോദിക്കുന്നു, “എന്തുകൊണ്ടാണ് അവളുടെ കഥയ്ക്ക് ഇത്രയധികം ശ്രദ്ധ ലഭിച്ചത്? എന്തുകൊണ്ടാണ് നാം ഇപ്പോഴും അവളിൽ ആകൃഷ്ടരാകുന്നത്, അവളുടെ വീഡിയോകൾ കാണുമ്പോഴോ അവളുടെ ഏറ്റവും പുതിയ ഫോട്ടോ കാണുമ്പോഴോ, അവളുടെയാ ചിത്രം നമ്മെ വീണ്ടും ഓര്‍മ്മിപ്പിക്കുന്നതും പ്രതിഫലിപ്പിക്കുന്നതും എന്താണ്? ” ബലോച്ച് കൊല്ലപ്പെടേണ്ടിവന്നു അവളൊരു ഫെമിനിസ്റ്റാണെന്ന് സമൂഹത്തിന് ബോധ്യപ്പെടാനെന്ന് സ്ക്രോളിന് നല്‍കിയ അഭിമുഖത്തില്‍ സനം മഹര്‍ പറഞ്ഞിരുന്നു. 

കൊലപാതകവും ശിക്ഷയും

സഹോദരിയുടെ സാമൂഹ്യമാധ്യമങ്ങളിലും മറ്റുമുള്ള ഇടപെടലുകളും ചിത്രങ്ങളും സമൂഹത്തില്‍ വലിയ ചര്‍ച്ചയായതും അതിന്‍റെ പേരില്‍ ആക്ഷേപമേറ്റുവാങ്ങേണ്ടിവന്നതും കുടുംബത്തിന് അപമാനമായിരുന്നു. അതിനാലാണ് താന്‍ അവരെ ശ്വാസം മുട്ടിച്ച് കൊന്നതെന്നാണ് ബലോച്ചിന്‍റെ സഹോദരന്‍ വസീം അസീം പൊലീസിനോട് ഏറ്റുപറഞ്ഞത്. മൊബൈല്‍കട നടത്തുന്ന തന്നോട് ആളുകള്‍ സഹോദരിയുടെ ചൂടന്‍ ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്‍തുതരുമോ എന്ന് ചോദിച്ചത് നാണക്കേടുണ്ടാക്കിയെന്നും വസീം പറഞ്ഞിരുന്നു. വീട്ടില്‍ ഉറങ്ങിക്കിടക്കവെയാണ് ബലോച്ചിനെ അവന്‍ ശ്വാസം മുട്ടിച്ചുകൊന്നത്. 

പത്രസമ്മേളനത്തില്‍ ബലോച്ച്

കൊല്ലപ്പെടുന്നതിന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പുതന്നെ തനിക്കു ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷവേണമെന്നും ബലോച്ച് പൊലീസിനോടും മറ്റും അപേക്ഷിച്ചിരുന്നു. എന്നാല്‍, നടപടികളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെനിന്നും കുറച്ചുദിവസങ്ങള്‍ കഴിഞ്ഞയുടനെയാണ് സ്വന്തം വീട്ടില്‍വെച്ച് സഹോദരനാല്‍ അവര്‍ കൊല്ലപ്പെടുന്നത്. എന്നാല്‍, സഹോദരിയെ കൊന്നത് എന്തോ വീരകൃത്യമായിട്ടാണ് വസീം കണ്ടത്. അയാള്‍ക്കതില്‍ ഒരിക്കലും കുറ്റബോധം തോന്നിയിരുന്നില്ലായെന്നും പറയുന്നു. ബലോച്ചിന്‍റെ കൊലപാതകത്തോടെയാണ് കൊലയാളികള്‍ക്ക് മാപ്പ് നല്‍കാന്‍ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ക്ക് അവസരം നല്‍കുന്ന നിയമത്തിലെ പഴുതുകളടച്ചത്. അതുവരെ കൊല്ലപ്പെട്ടവരുടെ ബന്ധുക്കള്‍ മാപ്പ് നല്‍കിയാല്‍ കൊലപാതകികള്‍ക്ക് ശിക്ഷയിലിളവ് ലഭിക്കുമായിരുന്നു.

 

വസീമിന്‍റെ മൂത്ത സഹോദരന്മാരിലൊരാളെ ബലോച്ചിന്‍റെ കൊലപാതകത്തിലുള്‍പ്പെട്ടുവെന്ന് കാണിച്ച് സൗദി നാട് കടത്തിയിരുന്നു. ഗൂഢാലോചന നടത്തിയെന്ന് ആരോപിക്കപ്പെടുന്ന മറ്റുള്ളവരെ വിട്ടയച്ചു. കൊലപാതകത്തിന് പ്രേരിപ്പിച്ചതായി ആരോപിക്കപ്പെടുന്ന അബ്‍ദുള്‍ ഖാവിയെയും വിട്ടയച്ചു. പുറത്തിറങ്ങിയപ്പോള്‍ അനുയായികള്‍ അയാളെ റോസാദളങ്ങളെറിഞ്ഞാണ് സ്വീകരിച്ചത്. 

 

യാഥാസ്ഥിതികമായ ഒരു സമൂഹത്തില്‍ തന്‍റെ അര്‍ദ്ധനഗ്ന ചിത്രമടക്കം സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുകയും തനിക്ക് പറയാനുള്ളത് യാതൊരു പേടിയും കൂടാതെ പറയുകയും ചെയ്‍തിരുന്നു ബലോച്ച്. അതുതന്നെയാണ് സഹോദരങ്ങളെയടക്കം ദേഷ്യം പിടിപ്പിച്ചതും അവളുടെ കൊലപാതകത്തില്‍വരെ എത്തിച്ചേര്‍ന്നതും. കൃത്യമായ ദുരഭിമാനക്കൊലയായിരുന്നു ബലോച്ചിന്‍റേത്. ഒരു യാഥാസ്ഥിതികസമൂഹത്തില്‍ ഇത്രയേറെ ചര്‍ച്ചകളുണ്ടാക്കിയ, മരണമേറ്റുവാങ്ങിയ അവളെ ഫെമിനിസ്റ്റ് എന്നുതന്നെ അടയാളപ്പെടുത്തേണ്ടതുണ്ട്. എന്തായാലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ച പുസ്‍തകമാണ് മഹറിന്‍റെ എ വുമണ്‍ ലൈക്ക് ഹെര്‍. 

click me!