അവധിക്കാലങ്ങളില്‍ ജീവിതത്തെ ആവേശഭരിതമായി സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ച ചില പുസ്തകങ്ങള്‍. ഒരു തലമുറയുടെ ജീവിതത്തെ വായനയിലേക്ക് തിരിച്ചുവെച്ച പുസ്തകങ്ങള്‍.
ദിയാന്‍ക , തോംചിക് ഇനീ ചെന്നായ്ക്കുട്ടികളുടെ കഥയാണ് ആദ്യത്തേത്. മുട്ടാളനായ മീഷ്‌ക എന്ന മാറല്‍(സൈബീരിയന്‍ മാന്‍), കുഞ്ഞികുറുക്കന്‍ ഫ്രാന്‍തിക്, ഈഷ്‌ക, അവളുടെ കുസൃതിക്കുഞ്ഞ് മീല്‍ക്ക എന്നിവരുടെയെല്ലാ കഥകള്‍ നമ്മെ രസിപ്പിക്കും. വാസ്‌ക എന്ന പാവം കടുവയും ചുബാറി എന്ന കുതിരയും നമ്മളെ കരയിക്കുക തന്നെ ചെയ്യും.
അവധിക്കാലമാണ്. മൊബൈല്‍ ഫോണുകളിലും ടാബുകളിലും ലാപ്‌ടോപ്പുകളിലും ടിവി സെറ്റുകള്‍ക്കു മുന്നിലുമായി കുട്ടികള്‍ തിരക്കിലാണ്. എങ്കിലും, ഒരു ചെറിയ വിഭാഗമെങ്കിലുമുണ്ടാവും ഇതിനിടയില്‍ പുസ്തകങ്ങളിലേക്ക് കണ്ണുനട്ടിരിക്കുന്നവര്‍. അത്തരം കുട്ടികള്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്. ഇതുപോലുള്ള അവധിക്കാലങ്ങളില്‍ ജീവിതത്തെ ആവേശഭരിതമായി സ്‌നേഹിക്കാന്‍ പ്രേരിപ്പിച്ച ചില പുസ്തകങ്ങള്‍. ഞാനടക്കം ഞങ്ങളുടെ തലമുറയുടെ ജീവിതത്തെ വായനയിലേക്ക് തിരിച്ചുവെച്ച പുസ്തകങ്ങള്‍.
നല്ലൊരു ലൈബ്രറി ഉണ്ടായിരുന്നു എന്റെ അച്ഛന്. ബാലസാഹിത്യകൃതികളും നിരവധി ഉണ്ട് അച്ചച്ചായുടെ ശേഖരത്തില്‍. വളരെയേറെ ബാലസാഹിത്യകൃതികള്‍ ഞാന്‍ ആവര്‍ത്തിച്ചു വായിച്ചിട്ടുണ്ട് ചെറുപ്പത്തില്‍. വായിച്ച പുസ്തകം തന്നെ എന്തിനാണ് ഞാന്‍ വീണ്ടും വായിക്കുന്നതെന്ന് അച്ചച്ചായ്ക്ക് ഒരിക്കലും മനസ്സിലായിരുന്നില്ല. ആ സമയം കൊണ്ട് പുതിയൊരു പുസ്തകം വായിച്ചു കൂടെ എന്നായിരുന്നു അച്ചച്ചായുടെ ന്യായം. ഇഷ്ട്ടപ്പെട്ട പുസ്തകം പിന്നെയും പിന്നെയും വായിക്കുക എന്ന ശീലം ഒരു പക്ഷെ അമ്മയില്‍ നിന്ന് കിട്ടിയതാവാം. വിലാസിനിയുടെ 'അവകാശികള്‍' എന്ന നോവല്‍ ഓരോ വര്‍ഷവും അമ്മ വീണ്ടും വീണ്ടും വായിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ശബ്ദതാരാവലിയുടെ അത്രയും വലുപ്പമുണ്ട് അതിന്റെ ഒരു ഭാഗത്തിന്. അതുപോലെയുള്ള നാലോ അഞ്ചോ ഭാഗങ്ങളാണ് ആ നോവലിനുള്ളത്!
കോളേജില്‍ പഠിക്കുന്ന കാലത്ത്, ഒരിക്കല്‍ ഹോസ്റ്റലില്‍ നിന്ന് വീട്ടിലെത്തിയപ്പോള്‍ എന്റെ കുറേ പുസ്തകങ്ങള്‍ കാണുന്നില്ല. (അതെല്ലാം എന്റെ സ്വന്തം തന്നെയെന്ന് ഞാന്‍ ഉറപ്പിച്ചിരുന്നു.) കോളേജിലെത്തിയ മക്കള്‍ക്ക് ഇനി പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ വായിക്കുന്ന പുസ്തങ്ങളുടെ ആവശ്യമില്ല എന്ന് കരുതിയ അച്ചച്ചാ അതെല്ലാം പൊതു ലൈബ്രറികള്‍ക്കു കൊടുത്തതായിരുന്നു. എന്റെ സങ്കടം കണ്ട് 'നീയതൊന്നും ഇനി വായിക്കുമെന്ന് കരുതിയില്ല' എന്ന് അച്ചച്ചാ പറഞ്ഞത് എനിക്കിന്നും ഓര്‍മ്മയുണ്ട്. എന്തായാലും ഞങ്ങളുടെ നാട്ടിലെ വായനശാലയില്‍ പോയി അച്ചച്ച കൊടുത്തതില്‍ നിന്ന് ചെറിയൊരു പങ്ക് ഞാന്‍ തിരിച്ചു കൊണ്ടുവന്നു. പക്ഷെ ഞാന്‍ വളരെയധികം ഇഷ്ട്ടപ്പെട്ടിരുന്ന വര്‍ണ്ണശബളമായ ചിത്രങ്ങളോട് കൂടിയ നിരവധി റഷ്യന്‍ (പഴയ സോവിയറ്റ് റഷ്യ) വിവര്‍ത്തന കഥാപുസ്തകങ്ങള്‍ തിരിച്ചു കിട്ടിയില്ല. അവയൊന്നും പിന്നീട് പുസ്തക കടകളിലോ പുസ്തകമേളകളിലോ കണ്ടിട്ടുമില്ല.
എനിക്ക് വളരെ ഇഷ്ടമായ, ഞാന്‍ ഇപ്പോഴും ഓര്‍ത്തിരിക്കുന്ന -ഓര്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്ന - ചില കുട്ടിപുസ്തകങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. ഇവയൊക്കെ എന്റെ കുട്ടിക്കാലത്തിന്റെ ഓര്‍മ്മകളാണ്. ഇവയില്‍ പലതും ഇപ്പോള്‍ ലഭ്യമാവണമെന്നുമില്ല. എങ്കിലും ഈ പുസ്തകങ്ങളെ പ്രിയപ്പെട്ട കൂട്ടുകാര്‍ക്ക് പരിചയപ്പെടുത്തുക എന്നത് അനിവാര്യമാണ് എന്നു തോന്നുന്നു.
വിക്രമാദിത്യനും വേതാളവും
ഇത് എല്ലാവര്‍ക്കും പ്രിയപ്പെട്ട കഥകളാണ്. വിക്രമാദിത്യന്‍ വേതാളത്തെ ചുമലിലെടുത്തു കൊണ്ട് പോകുന്നതും വേതാളം കഥപറയുന്നതും കഥയുടെ അവസാനത്തെ ചോദ്യവും എല്ലാം രസകരമാണ്. പേശാമടന്തയുടെ കഥയൊക്കെ ഞാന്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. രാജാവും റാണിയും രാജകുമാരിയുമെല്ലാം കുട്ടികള്‍ക്ക് ഇപ്പോഴും പ്രിയങ്കരമായ വിഷയങ്ങളാണ്, അപ്പോള്‍ അതില്‍ കുറെ വിസ്മയാവഹമായ ഇന്ദ്രജാലങ്ങള്‍ കൂടി ചേര്‍ന്നാലോ? ആ ഒരു അനുഭവമാണ് ഈ കഥകള്‍ നമുക്ക് നല്‍കുന്നത്.
റോബിന്‍സണ്‍ ക്രൂസോ
റോബിന്‍സണ്‍ ക്രൂസോ വായിക്കാത്തവരായി ആരുമുണ്ടാവില്ല, അത് പോലെ തന്നെ ഞാനും. കുട്ടികള്‍ക്കായുള്ള ലളിതമായ പരിഭാഷയാണ് ആദ്യം വായിച്ചത്. സാഹസികത അതിന്റെ ഉന്നതിയില്‍ എത്തി നില്‍ക്കുന്ന ഈ കഥ വായിച്ച്, അങ്ങനെയൊരു ആള്‍വാസമില്ലാത്ത ദ്വീപില്‍ എത്തിപ്പെട്ടാല്‍ ഞാന്‍ എന്ത് ചെയ്യും എന്നൊക്കെ ആലോചിച്ച് പല പ്ലാനുകളും പദ്ധതികളും ഇട്ടിട്ടുണ്ട് ചെറുപ്പത്തില്‍.
ചുക്കും ഗെക്കും
''ചുക്കും ഗെക്കും', പ്രസിദ്ധ റഷ്യന്‍ കഥാകാരനായ അര്‍ക്കാദി ഗൈദറിന്റെ രചനയാണ്. ഇരട്ടകളായ ഈ കുസൃതികള്‍ മോസ്‌കോ നഗരത്തില്‍ അമ്മയോടൊപ്പമാണ് താമസം. ഇവരുടെ അച്ഛന്‍ ജോലി സംബന്ധമായി വളരെ ദൂരെയുള്ള സൈബീരിയയിലാണ്. ഒരവധിക്കാലം ചിലവഴിക്കാനായി അച്ഛന്റെ അടുത്തേയ്ക്കു അമ്മയും രണ്ടു മക്കളും കൂടി നടത്തുന്ന യാത്രയാണ് ഈ പുസ്തകത്തിന്റെ ഇതിവൃത്തം. മഞ്ഞുമൂടിയ വഴികളിലൂടെ തീവണ്ടിയിലും പിന്നെ മൃഗങ്ങള്‍ വലിക്കുന്ന വണ്ടിയിലും യാത്ര ചെയ്ത് തൈഗയിലെത്തുന്ന അവരെ കാത്തിരിക്കുന്നത് ആകസ്മിക സംഭവങ്ങളാണ്. അതെന്താണെന്നു ഞാന്‍ പറയുന്നില്ല, നിങ്ങള്‍ പുസ്തകം വായിച്ചു നോക്കൂ.
സര്‍ക്കസ്, പോരാട്ടം
മാലിയുടെ കഥകളെല്ലാം എനിക്കിഷ്ടമാണ്. മാലി രാമായണം, ജന്തു കഥകള്‍, സര്‍വജിത്തിന്റെ കഥകള്‍, കിഷ്‌കിന്ധ എല്ലാം എല്ലാം. കോമന്‍ മാസ്റ്ററും അദ്ദേഹത്തിന്റെ പ്രിയമൃഗങ്ങളും ചേര്‍ന്ന സര്‍ക്കസ് കൂടാരത്തിന്റെ കഥയാണ് സര്‍ക്കസ്. സത്യത്തില്‍ മനുഷ്യരേക്കാള്‍ പ്രാധാന്യം ഇതില്‍ മൃഗങ്ങള്‍ക്ക് തന്നെ.
വള്ളുവക്കോനാതിരിക്കു വേണ്ടി സാമൂതിരിയെ വധിക്കാന്‍ തയ്യാറെടുക്കുന്ന ചേകവരുടെ കഥയാണ് മാലിയുടെ പോരാട്ടം. ഓരോ പന്ത്രണ്ടു വര്‍ഷവും കൂടുമ്പോള്‍ നടക്കുന്ന മാമാങ്കത്തിന്റെ പശ്ചാത്തലത്തിലാണ് ഈ കഥ. നല്ലവനായ കുങ്കനെയും ചതിയനായ കോരനെയും ഈ നോവല്‍ വായിച്ചവര്‍ മറക്കില്ല. കുങ്കന്റെ സഹോദരിയുടെ മക്കളായ ഇരട്ടക്കുട്ടികള്‍ കൂടി ഈ പോരിലേയ്ക്ക് എത്തുമ്പോള്‍ വായനക്കാരന്റെ പിരിമുറുക്കം വര്‍ദ്ധിക്കുന്നു.
കൊച്ചു നീലാണ്ടന്‍
മഹാ വികൃതിയായ കൊച്ചു നീലാണ്ടനെ എനിക്കിഷ്ടമാണ്. പട്ടാളക്കാരനായ അച്ഛനെയും അമ്മയെയും അച്ഛന്റെ അമ്മാവനെയും 'ക്ഷ' വരപ്പിക്കുന്ന, കുമ്പിളപ്പം എന്ന് കേട്ടാല്‍ വായില്‍ കപ്പലോടിക്കാന്‍ വേണ്ടുവോളം വെള്ളമൂറുന്ന കൊച്ചു നീലാണ്ടന്‍. അവന്റെ ഓരോരോ കൈയിലിരുപ്പുകള്‍ കൊണ്ട് അച്ഛന്റെ അമ്മാവന്‍ ശരിക്ക് കഷ്ട്ടപ്പെടുന്നുണ്ട്. അവന്റെ വികൃതി കൂടുമ്പോള്‍ അച്ഛന്റെ അമ്മാവന്‍ ഒരു ചെറിയ കടിഞ്ഞാണിടും. എന്നാലും രണ്ടുപേര്‍ക്കും പരസ്പരം ഏറെ ഇഷ്ടമാണ്. രസകരമായ ഈ കഥ പക്ഷെ അന്ത്യത്തില്‍ ഒരു ഗദ്ഗദത്തിലാണ് അവസാനിക്കുന്നത്. യുദ്ധത്തില്‍ കാല്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന അച്ഛനെ കണ്ടു കൊച്ചുനീലാണ്ടന്‍ വിങ്ങിപ്പൊട്ടി ' ഞാനിനി വികൃതിയൊന്നും കാണിക്കില്ല. പഠിച്ചു വലുതായി അച്ഛനെയും അമ്മയെയും അച്ഛന്റെ അമ്മാവനെയും നോക്കും' എന്ന് പറയുമ്പോള്‍ അവനോടൊപ്പം നമ്മളും കരഞ്ഞു പോകുന്നു.
കുട്ടന്റെ കുട്ടിക്കാലം.
ബാലകൃഷ്ണന്‍ മാങ്ങാടിന്റെ ഈ പുസ്തകം തികച്ചും ഗ്രാമീണമായ അന്തരീക്ഷത്തിലുള്ള ഒരു കൃതിയാണ്. കൃഷിക്കാരനായ അച്ഛന്റെയും ഗൃഹനാഥയായ അമ്മയുടെയും മകനായ കുട്ടന്റെ ചെറിയ കുസൃതികളും അനുഭവങ്ങളുമാണ് ഇതിവൃത്തം. അമ്മയോട് വാശിപിടിക്കുന്ന, മൃഗങ്ങളെ സ്‌നേഹിക്കുന്ന, അവധിക്കാലത്ത് പന്ത് കളിക്കാനും നീന്താനും പോകുന്ന കുട്ടന്‍. ആനപ്പുറത്തു കേറുമ്പോള്‍ പേടിക്കുന്ന, ആദ്യമായി തീവണ്ടി കാണാമ്പോള്‍ അമ്പരക്കുന്ന. സൈക്കിള്‍ ചവിട്ടാന്‍ പഠിക്കാന്‍ എത്ര ശ്രമിച്ചിട്ടും നടക്കാത്തതില്‍ നിരാശപ്പെടുന്ന കുട്ടന്‍. സ്‌കൂള്‍ മാസ്റ്ററെയും ടീച്ചറിനെയും കൂട്ടുകാരെയും അച്ഛനെയും അമ്മയെയും അകമഴിഞ്ഞ് സ്‌നേഹിക്കുന്ന കുട്ടന്റെ കുട്ടിക്കാലമാണ് ഇതിലുള്ളത്.
രഹസ്യം
സുമംഗലയുടെ മിഠായിപ്പൊതി വായിച്ചിട്ടില്ലാത്തവര്‍ ഉണ്ടാവില്ല. എന്നാല്‍, 'രഹസ്യം' വായിച്ചിട്ടുണ്ടോ? ജയവിജയന്മാര്‍ എന്ന ഇരട്ട സഹോദരന്മാര്‍, ഒരു കള്ളനോട്ടിനെ പിന്തുടര്‍ന്ന് നടത്തുന്ന ചെറിയ തോതിലുള്ള അന്വേഷണമാണ് ഈ സമാഹാരത്തിലെ ഒരു കഥ. ഇവരുടെ അന്വേഷണം ഒടുവില്‍ വിജയത്തിലെത്തി എങ്കിലും ഈ കുറ്റകൃത്യത്തിന് പിന്നില്‍ തങ്ങള്‍ക്കു പ്രിയപ്പെട്ടവരുണ്ടെന്ന അറിവ് അവരെ ദുഖിതരാക്കുന്നു.
അവധിക്കാലം ചിലവഴിക്കാന്‍ കൂട്ടുകാരിയായ ലതയുടെ വീട്ടിലെത്തുന്ന അനാഥയായ സുമതിക്ക് ഉണ്ടാകുന്ന ചില അസന്തുഷ്ട അനുഭവങ്ങളും അതേത്തുടര്‍ന്നുള്ള സംഭവപരമ്പരകളുമാണ് ഈ പുസ്തകത്തിലെ രണ്ടാമത്തെ കഥ.
പിന്നീട് ഷെര്‍ലക് ഹോംസ്, അഗത ക്രിസ്റ്റീ തുടങ്ങിയ ഡിറ്റക്ടീവ് പരമ്പരകളുടെ കടുത്ത ആരാധികയായി മാറിയ ഞാന്‍ ആദ്യം വായിച്ച കുറ്റാന്വേഷണ പുസ്തകം 'രഹസ്യം' തന്നെയാണ്.
സിന്ദൂരപുഷ്പം, മഴവില്‍പ്പൂ, പിന്നെ പേരോര്‍മ്മയില്ലാത്ത ഒരു പുസ്തകം.
തന്റെ മകളാവശ്യപ്പെട്ട സിന്ദൂരപുഷ്പം പറിച്ചെടുത്തതിന്റെ ശിക്ഷയായി, മകളെ ഒരു ഭീകരസത്വത്തിന്റെ കൊട്ടാരത്തിലേക്കയക്കേണ്ടി വരുന്നു അച്ഛന്. അന്ത്യത്തില്‍, സത്വത്തെ ആത്മാര്‍ഥമായി സ്‌നേഹിച്ച ആ പെണ്‍കുട്ടി, അതിനെ ഒരു ശാപത്തില്‍ നിന്ന് മോചിപ്പിക്കുന്നു. സത്വം രാജകുമാരനായി മാറുന്നു. പിന്നെ എല്ലാ യക്ഷിക്കഥകളും പോലെ 'അവര്‍ എന്നെന്നേക്കും സന്തോഷത്തോടെ ജീവിച്ചു'. നമ്മളെല്ലാം ഫെയറി റ്റെല്‍സ് ഇഷ്ടപ്പെടുന്നത് അന്ത്യത്തില്‍ 'അവരെല്ലാം എന്നെന്നേക്കും സന്തോഷത്തില്‍ ജീവിച്ചു' എന്നതുകൊണ്ടുകൂടിയല്ലേ?
ഷേനിയ എന്ന കൊച്ചു പെണ്‍കുട്ടിയുടെയും അവളുടെ കാലു വയ്യാത്ത കളിക്കൂട്ടുകാരന്റെയും കഥയാണ് മഴവില്‍പ്പൂ. ഷേനിയയ്ക്ക് ഏഴ് ഇതളുകളുള്ള മഴവില്‍പ്പൂ ലഭിക്കുന്നതില്‍ നിന്നാണ് കഥയുടെ തുടക്കം. പൂവിന്റെ ഓരോ ഇതളുകള്‍ക്കും ഓരോ നിറങ്ങള്‍. മഴവില്ലിന്റെ ഏഴ് നിറങ്ങള്‍. പൂവിന്റെ ഒരു ഇതള്‍ മുകളിലേക്കെറിഞ്ഞു ആഗ്രഹം പറയുകയേ വേണ്ടു, അത് എന്തായാലും സാധിച്ചിരിക്കും. എന്നാല്‍ വീണ്ടു വിചാരമില്ലാതെ അവള്‍ ആറ് അവസരങ്ങള്‍ പാഴാക്കി കളയുന്നു.എന്നാല്‍ ഏഴാമത്തെ ഇതള്‍, ഏറ്റവും വലിയ ഒരു നന്മ ചെയ്യാന്‍ അവള്‍ ഉപയോഗിക്കുന്നു.
അടുത്ത പുസ്തകത്തിന്റെ പേര് ഓര്‍മ്മിച്ചെടുക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍ കഥയും ചിത്രങ്ങളും ഓര്‍മ്മയുണ്ട്. യെലേന എന്ന രാജകുമാരിയുടെ കഥയാണത്. രാജകുമാരി പല നിലകളുള്ള ഒരു കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കും. കുതിരപ്പുറത്തു കയറിയാണ് രാജകുമാരിയെ വിവാഹം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ വരുന്നത്. വെറുതെ വന്നതുകൊണ്ടായില്ല. കുതിരയെ, രാജകുമാരി ഇരിക്കുന്ന അത്രയും പൊക്കത്തില്‍ ചാടിച്ചു യെലേനയുടെ കൈകളില്‍ സ്പര്‍ശിക്കണം(അതോ ചുംബിക്കണം എന്നാണോ?... ശരിക്കു ഓര്‍മ്മ കിട്ടുന്നില്ല)
ഏന്തായാലും, നിങ്ങള്‍ ഊഹിക്കുന്ന പോലെ തന്നെ, പലരും ശ്രമിച്ചു, പക്ഷെ നടന്നില്ല... പിന്നീട് നാടിനും വീടിനു കൊള്ളില്ലാത്തവന്‍ എന്ന് പേരുള്ള ഒരു സാധാരണക്കാരന്‍ വെള്ളക്കുതിരപുറത്തേറി വന്ന് ഈ പരീക്ഷയില്‍ ജയിക്കുന്നു. ശേഷം, ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ, 'അവര്‍ എന്നെന്നേക്കും സന്തോഷത്തോടെ ജീവിച്ചു!)
ഈ മൂന്ന് റഷ്യന്‍ കഥകളും, എന്റെ നഷ്ടപ്പെട്ടു പോയ പുസ്തകങ്ങളില്‍ ഉള്‍പ്പെടുന്നു. ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്ന വര്‍ണശബളമായ പുസ്തകങ്ങള്‍. സത്വത്തെ സ്‌നേഹിച്ച പെണ്‍കുട്ടിക്ക് നിലത്തു മുട്ടുന്ന അത്ര മുടിയുണ്ടായിരുന്നു. ഏഴു നിറങ്ങളില്‍ സുന്ദരിയായി നില്‍ക്കുന്ന മഴവില്‍പ്പൂവിന്റെ ചിത്രം ഇപ്പോഴും ഒരല്‍പം പോലും നിറം മങ്ങാതെ ഓര്‍മ്മകളിലുണ്ട്. ഒരു 30 വര്‍ഷം മുന്‍പ് പോപ്പ്അപ് ബുക്ക് എന്നൊന്നും കേട്ടിട്ടുകൂടിയില്ലാത്ത ഒരു കാലത്ത്, മുകളില്‍ പറയുന്ന മൂന്നാമത്തെ പുസ്തകം തുറന്നാല്‍ ഒരു കൊട്ടാരം പൊങ്ങി വരുമായിരുന്നു. അടഞ്ഞു കിടക്കുന്ന ജനാല തുറന്നാല്‍... അതാ ഇരിക്കുന്നു യെലേന രാജകുമാരി.
ഗ്രിമ്മിന്റെ കഥകള്‍
ഗ്രിം സഹോദരങ്ങളായ ജേക്കബ് ഗ്രിം, വില്യം ഗ്രിം എന്നിവരുടെ ശേഖരമാണ് ഗ്രിമ്മിന്റെ കഥകള്‍ എന്ന പേരില്‍ പ്രസിദ്ധമായ സമാഹാരം. ജര്‍മനിയിലെ പ്രസിദ്ധമായ നാടോടിക്കഥകളാണ് ഇവ. ഹാന്‍സെലും ഗ്രെറ്റലും, റാപ്പുന്‍സെല്‍, ചെങ്കുപ്പായക്കാരി, അഷ്പുട്ടല്‍ തുടങ്ങി ഒരുപാടു രസകരമായ കഥകള്‍ ഈ സമാഹാരത്തിലുണ്ട്.
കുട്ടികളും കളിത്തോഴരും
ഒല്‍ഗ പിറോവ്സ്‌ക്കയ രചിച്ച 'കുട്ടികളും കളിതോഴരും (Kids and Cubs)' അവരുടെ തന്നെ അനുഭവങ്ങളുടെ ഒരു സമാഹാരമാണ്. 5 കഥകളാണ് ഇതിലുള്ളത്. അഞ്ചും ഒന്നിനൊന്നു മെച്ചം. ഇതെന്നാണ് ആദ്യമായി വായിച്ചതെന്നു എനിക്ക് ഓര്‍മ്മയില്ല, പക്ഷെ അനേകം തവണ ഞാന്‍ ഇത് വായിച്ചിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം, ആകെ അലങ്കോലം എന്ന ഒരവസ്ഥയില്‍ ഞാന്‍ മാനസികമായി എത്തുമ്പോള്‍ അതില്‍ നിന്ന് പുറത്തുകടക്കാന്‍ ഞാന്‍ പ്രയോഗിക്കുന്ന കുറുക്കുവഴികളില്‍ ഒന്നാണ് വായന. അങ്ങനെയുള്ള അവസരത്തില്‍ എനിക്ക് വായിക്കാന്‍ ഇഷ്ടമുള്ള ബുക്കുകളില്‍ ഒന്നാണ് ഇത്. കുറെയേറെ വളര്‍ത്തുമൃഗങ്ങളോട് കൂടിയ ഒരു ബാല്യം ആയിരുന്നു എന്റേത്. അത് കൊണ്ടാണോ ഈ പുസ്തകത്തോട് എനിക്ക് ഭ്രാന്തമായ ഒരിഷ്ടം എന്നറിയില്ല.
സോന്യ, ഒല്‍ഗ, യൂലിയ, നതാഷ എന്നീ സഹോദരിമാരുടേയും അവരുടെ കളിക്കൂട്ടുകാരായ വളര്‍ത്തു മൃഗങ്ങളുടേയും - മിക്കവയും വന്യമൃഗങ്ങള്‍- കഥയാണ് ഇത്. അച്ഛനും അമ്മയും, ഫലവൃക്ഷങ്ങള്‍ നിറഞ്ഞ തോട്ടവും അതിനു നടുക്കുള്ള അവരുടെ കൊച്ചു വീടും, എല്ലാം ഈ കഥകളുടെ ഭാഗമാണ്. അല്‍മാ-അത്തായിലാണ് അവര്‍ താമസിച്ചിരുന്നത്. ഇപ്പോള്‍ കസാഖ്സ്ഥാനിലെ ഏറ്റവും വലിയ നഗരമായ അല്‍മാ-അത്താ അല്ല, പണ്ട് സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്ന, ഒരു ഉള്‍നാടന്‍ പട്ടണമായിരുന്ന അല്‍മാ-അത്താ. ദിയാന്‍ക , തോംചിക് ഇനീ ചെന്നായ്ക്കുട്ടികളുടെ കഥയാണ് ആദ്യത്തേത്. മുട്ടാളനായ മീഷ്‌ക എന്ന മാറല്‍(സൈബീരിയന്‍ മാന്‍), കുഞ്ഞികുറുക്കന്‍ ഫ്രാന്‍തിക്, ഈഷ്‌ക, അവളുടെ കുസൃതിക്കുഞ്ഞ് മീല്‍ക്ക എന്നിവരുടെയെല്ലാ കഥകള്‍ നമ്മെ രസിപ്പിക്കും. വാസ്‌ക എന്ന പാവം കടുവയും ചുബാറി എന്ന കുതിരയും നമ്മളെ കരയിക്കുക തന്നെ ചെയ്യും. ലളിതവും സത്യസന്ധവുമായ ആഖ്യാനമാണ് ഇതില്‍ നമ്മളെ പിടിച്ചിരുത്തുന്ന ഘടകം.
ഈ പട്ടിക ഇവിടെ അവസാനിപ്പിക്കുകയാണ്. എഴുതി തുടങ്ങിയപ്പോഴാണ് മനസ്സിലായത് എനിക്ക് ഇഷ്ട്ടമുള്ള വളരെയധികം കുട്ടി പുസ്തകങ്ങള്‍ ഉണ്ടെന്ന്. പുരാണങ്ങള്‍, അവയുടെ ഉപകഥകള്‍, പഞ്ചതന്ത്രം, ഏവൂരിന്റെ കഥകള്‍, മാണിക്യക്കല്ല്, ഗള്ളിവറിന്റെ യാത്രകള്‍, ടോം സോയര്‍, ഐതിഹ്യമാല, അറബിക്കഥകള്‍, ഈസോപ്പ് കഥകള്‍...വളരെ നീളമുള്ള ഒന്നായിരിക്കും ഈ പട്ടിക.