ഹീറോ കരിസ്മ എക്സ്എംആർ 210 ന്റെ വിൽപ്പനയിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി.കഴിഞ്ഞ പാദത്തിൽ ഒരൊറ്റ ബൈക്ക് പോലും വിറ്റുപോയില്ല.കരിസ്മ എക്സ്എംആർ 250 പുറത്തിറക്കുന്നതിന് മുമ്പ് ഈ മോഡൽ നിർത്തലാക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
കരിസ്മ എക്സ്എംആർ 210 ന്റെ വിൽപ്പനയിൽ കാര്യമായ നേട്ടമുണ്ടാക്കാൻ ഹീറോ മോട്ടോ കോർപ്പ് പാടുപെടുകയാണെന്ന് റിപ്പോർട്ട്. 2023 ഓഗസ്റ്റിലാണ് കരിസ്‍മ എക്സ്എംആർ 210 പുറത്തിറക്കിയത്. 2003 ൽ ആദ്യമായി പുറത്തിറക്കിയതുമുതൽ കരിസ്‍മ ബ്രാൻഡ് നെയിമിന് ഒരു പാരമ്പര്യമുണ്ട്. എങ്കിലും അടുത്തകാലത്തായി ഈ ബൈക്ക് ിവൽക്കാൻ കമ്പനി പാടുപെടുകയാണ്. കഴിഞ്ഞ പാദത്തിൽ പൂജ്യം വിൽപ്പന മാത്രമാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ ഈ മോഡലിന്റെ ഒരു മോട്ടോർസൈക്കിൾ പോലും വിറ്റുപോയിട്ടില്ല.
കഴിഞ്ഞ ഒരു വർഷത്തിനിടയിൽ (2024 മാർച്ച് മുതൽ 2025 ഫെബ്രുവരി വരെ) 4,806 ഹീറോ കരിസ്‍മ XMR 210 വിറ്റഴിക്കപ്പെട്ടു.ശരാശരി പ്രതിമാസം 739 എണ്ണം വിൽപ്പന. 2024 ഡിസംബർ മുതൽ 2025 ഫെബ്രുവരി വരെ ഒരു കരിസ്‍മ പോലും വിറ്റുപോയിട്ടില്ല. കൂടാതെ, കരിസ്മ എക്സ്എംആർ 250 പുറത്തിറക്കുന്നതിന് മുമ്പ് ഇത് നിർത്തലാക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം കരിസ്മ എക്സ്എംആർ 210 നിർത്തലാക്കുന്നത് സംബന്ധിച്ച് ഹീറോ ഔദ്യോഗിക പ്രഖ്യാപനം നടത്തുകയോ വെബ്‌സൈറ്റിൽ നിന്ന് അത് നീക്കം ചെയ്യുകയോ ചെയ്തിട്ടില്ല. അത്തരമൊരു സാഹചര്യത്തിൽ, ബൈക്ക് അപ്‌ഡേറ്റ് ചെയ്യുന്നതും കമ്പനി പരിഗണിച്ചേക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇതിനുപുറമെ, കരിസ്‍മ XMR 210 ന് പകരം 2024 നവംബറിൽ പ്രദർശിപ്പിച്ച XMR 250 അവതരിപ്പിക്കാനുള്ള പദ്ധതികളും ഉണ്ടായേക്കാം.
2023 ഓഗസ്റ്റിലാണ് കരിസ്‍മ എക്സ്എംആർ 210 പുറത്തിറക്കിയത്. ബ്ലൂടൂത്ത് കണക്റ്റിവിറ്റിയും ഫസ്റ്റ്-ഇൻ-സെഗ്മെന്റ് ടേൺ-ബൈ-ടേൺ നാവിഗേഷൻ ടെക്നുമായി വരുന്ന പൂർണ്ണമായ ഡിജിറ്റൽ കളർ എൽസിഡി ഡിസ്പ്ലേ ഇതിൽ അവതരിപ്പിച്ചിരിക്കുന്നു. ഐക്കോണിക് യെല്ലോ, മാറ്റ് റെഡ്, ഫാന്റം ബ്ലാക്ക് എന്നിങ്ങനെ മൂന്ന് വ്യത്യസ്‍ത കളർ ഓപ്ഷനുകളിൽ ഈ ബൈക്ക് ലഭ്യമാകും. 25.15 ബിഎച്ച്‍പി പീക്ക് പവറും 20.4 എൻഎം പരമാവധി ടോർക്കും പുറപ്പെടുവിക്കുന്ന 210 സിസി സിംഗിൾ സിലിണ്ടർ ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്തേകുന്നത്. ട്രാൻസ്മിഷൻ ഡ്യൂട്ടിക്കായി ആറ് സ്പീഡ് ഗിയർബോക്സുമായി എഞ്ചിൻ ജോടിയാക്കിയിരിക്കുന്നു. സുസുക്കി ജിക്സര്‍ SF 250 , കെടിഎം ആര്‍സി 200, യമഹ R15 V4 എന്നിവയ്‌ക്കെതിരെയാണ് പുതിയ ഹീറോ കരിസ്‍മ XMR മത്സരിക്കുന്നത്.