അടുത്തിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വാഹന നിർമ്മാതാക്കളെ ആശങ്കയിലാക്കുന്നു.
ദില്ലി: ഇലക്ട്രിക് വാഹനങ്ങൾക്ക് തീപിടിക്കുന്നുവെന്ന വാർത്തകൾ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ 1,441 യൂണിറ്റ് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ തിരിച്ചുവിളിക്കുമെന്ന് പ്രമുഖ ഇലക്ട്രിക് സ്കൂട്ടർ നിർമാതാക്കളായ ഒല. മാർച്ച് 26ന് പൂനെയിലുണ്ടായ തീപിടിത്തം അന്വേഷിക്കുകയാണെന്നും ഒറ്റപ്പെട്ട സംഭവമായിട്ടാണ് വിലയിരുത്തുന്നതെന്നും കമ്പനി അധികൃതർ അറിയിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായിട്ടാണ് സ്കൂട്ടറുകൾ തിരിച്ചുവിളിക്കുന്നത്. പരാതിയുയർന്ന ബാച്ചിലെ സ്കൂട്ടറുകളുടെ വിശദമായ ഡയഗ്നോസ്റ്റിക്, സുരക്ഷാ പരിശോധന നടത്തുമെന്നും അതുകൊണ്ടു തന്നെ 1,441 സ്കൂട്ടറുകൾ സ്വമേധയാ തിരിച്ചുവിളിക്കുകയാണെന്നും കമ്പനി അറിയിച്ചു.
സ്‌കൂട്ടറുകൾ ഞങ്ങളുടെ സർവീസ് എഞ്ചിനീയർമാർ പരിശോധിക്കും. എല്ലാ ബാറ്ററി സിസ്റ്റങ്ങളിലും തെർമൽ സിസ്റ്റങ്ങളിലും സുരക്ഷാ സംവിധാനങ്ങളിലുമുള്ള സമഗ്രമായ പരിശോധന നടത്തും. യൂറോപ്യൻ സ്റ്റാൻഡേർഡ് ഇസിഇ 136-ന് അനുസരിച്ചാണ് പ്രവർത്തിക്കുന്നത്. തങ്ങളുടെ ബാറ്ററി സംവിധാനം എഐഎസ് 156 മാനദണ്ഡം അനുസരിച്ച് പരീക്ഷിച്ചിട്ടുണ്ടെന്നും ഒല ഇലക്ട്രിക് പറഞ്ഞു. രാജ്യത്തെ എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് വാഹനങ്ങൾ നിർമിക്കുന്നതെന്നും കമ്പനി അറിയിച്ചു.
undefined
അടുത്തിടെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇലക്ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വാഹന നിർമ്മാതാക്കളെ ആശങ്കയിലാക്കുന്നു. ഒകിനാവ ഓട്ടോടെക് 3,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. പ്യുവർ ഇവിയും 2,000 യൂണിറ്റുകൾ തിരിച്ചുവിളിച്ചു. വാഹനങ്ങൾക്ക് തീപിടിക്കുന്ന പശ്ചാത്തലത്തിൽ ഇത്തരം സംഭവങ്ങൾ പരിശോധിക്കാൻ പാനൽ രൂപീകരിക്കുമെന്നും കമ്പനികൾ അശ്രദ്ധ കാണിച്ചാൽ പിഴ ചുമത്തുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.
മുറിയിൽ ചാർജ് ചെയ്യാനിട്ട ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു, ഭാര്യ ഗുരുതരാവസ്ഥയിൽ
അമരാവതി: ഇലക്ട്രിക് ബൈക്കിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 40കാരൻ മരിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഭാര്യയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വിജയവാഡയിലാണ് ദാരുണസംഭവം. കിടപ്പുമുറിയിൽ സൂക്ഷിച്ച ബാറ്ററിയാണ് പൊട്ടിത്തെറിച്ചത്. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചു. പുക ശ്വസിച്ച് കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടായെങ്കിലും ഇപ്പോൾ ആരോഗ്യവാന്മാരാണെന്നും പൊലീസ് പറഞ്ഞു. ഡിടിപി തൊഴിലാളിയായിരുന്ന കെ ശിവകുമാർ വെള്ളിയാഴ്ചയാണ് ഇലക്ട്രിക് ബൈക്ക് വാങ്ങിയത്.
വാഹനത്തിൽ നിന്ന് ഊരുമാറ്റാവുന്ന ബാറ്ററി വെള്ളിയാഴ്ച രാത്രി അദ്ദേഹത്തിന്റെ കിടപ്പുമുറിയിൽ ചാർജ് ചെയ്യാൻ വെച്ചു. എല്ലാവരും ഉറക്കത്തിലായ സമയത്താണ് പുലർച്ചെ ബാറ്ററി പൊട്ടിത്തെറിച്ചെന്ന് സൂര്യാറാവുപേട്ട് പൊലീസ് ഇൻസ്‌പെക്ടർ വി ജാനകി രാമയ്യ പറഞ്ഞു. സ്‌ഫോടനത്തിൽ വീട്ടിൽ തീപിടിത്തമുണ്ടായി, എയർ കണ്ടീഷനും മെഷീനും വീട്ടുപകരണങ്ങളും കത്തിനശിച്ചു. വീടിനുള്ളിൽ നിന്ന് പുക ഉയരുന്നത് കണ്ട അയൽവാസികൾ വാതിൽ തകർത്ത് അകത്ത് കുടുങ്ങിയ കുടുംബത്തെ പുറത്തെത്തിക്കുകയായിരുന്നു.
കഴിഞ്ഞ ആഴ്ച തെലങ്കാനയിലെ നിസാമാബാദിൽ ഇലക്ട്രിക് വാഹനത്തിന്റെ ബാറ്ററി പൊട്ടിത്തെറിച്ച് 80 വയസ്സുള്ള ഒരാൾ മരിച്ചിരുന്നു. മഹാരാഷ്ട്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഇലക്ട്ല ക്ട്രിക് വാഹനങ്ങൾ പൊട്ടിത്തെറിച്ച് അപകടങ്ങളുണ്ടായ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു.