രേഷ്മയുടെ ഉറച്ച തീരുമാനമാണ് എല്ലാ അർത്ഥത്തിലും ശരി; കാരണങ്ങൾ പറയാം

By Sunitha Devadas  |  First Published Mar 15, 2020, 3:02 PM IST

രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു ശേഷമുള്ള കഴിഞ്ഞ അഞ്ച് ദിവസങ്ങൾ രജിത് കുമാർ ബിഗ് ബോസിന്റേയും രേഷ്മയുടെയും തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. 


രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു ശേഷമുള്ള കഴിഞ്ഞ അഞ്ച് ദിവസങ്ങൾ രജിത് കുമാർ ബിഗ് ബോസിന്റേയും രേഷ്മയുടെയും തീരുമാനത്തിനായി കാത്തിരിക്കുകയായിരുന്നു. അങ്ങനെ തീരുമാനം വന്നു. ബിഗ് ബോസിൽ നിന്നും രജിത് കുമാർ പുറത്തായി. ഇതേക്കുറിച്ചു മൂന്നു കാര്യങ്ങളാണ് പറയാനുള്ളത്. മുളക് തേക്കുക എന്ന കുറ്റം ചെയ്ത കുട്ടിയായ രജിത് കുമാറിനെക്കുറിച്ചും അതിനു മാപ്പ് പറഞ്ഞ അധ്യാപകനായ രജിത് കുമാറിനെക്കുറിച്ചും രേഷ്മ എന്ന പെൺകുട്ടിയുടെ ചെറുത്ത്  നിൽപ്പിനെക്കുറിച്ചും നിലപാടിനെക്കുറിച്ചും.

രജിത് കുമാർ ഇപ്പോഴും താൻ കുറ്റം ചെയ്തു എന്ന് സമ്മതിക്കുന്നില്ല. പകരം അദ്ദേഹം പറയുന്നത് കുറ്റം ചെയ്തത് ടാസ്ക്കിലെ കുട്ടിയാണ് എന്നാണ്. അതിനർത്ഥം അദ്ദേഹം പറയുന്ന മാപ്പും കുറ്റബോധവും ആത്മാര്‍ത്ഥതയില്ലാത്തതാണ് എന്നതാണ്. കാരണം കുറ്റം ചെയ്തത് കുട്ടിയും മാപ്പ് പറയുന്നത് അധ്യാപനായ രജിത് കുമാറുമാണ്. ഇത് രണ്ടും ഒരാൾ ആവുമ്പോഴേ പ്രവൃത്തിയും മാപ്പും ഒരാളിൽ നിന്നും വരുമ്പോഴേ അതിൽ സത്യസന്ധതയുള്ളു. ഇപ്പോഴും രജിത് കുമാർ ന്യായീകരിച്ചു കൊണ്ടിരിക്കുകയാണ്. അധ്യാപകനായ രജിത് കുമാർ ഇത് ചെയ്യില്ല എന്ന്. ചെയ്യാത്ത കുറ്റത്തിന് മാപ്പ് ചോദിക്കുന്ന അധ്യാപകനായ രജിത് കുമാറും ചെയ്ത കുറ്റത്തിൽ പശ്ചാത്താപമില്ലാത്ത കുറ്റം ഏറ്റെടുക്കാതെ ന്യായീകരണങ്ങൾ കണ്ടെത്തുന്ന കുട്ടിയുമാണ് നമുക്ക് മുന്നിൽ ഇപ്പോൾ ഉള്ളത്. അതിനാൽ തന്നെ പ്രശ്നങ്ങൾ ഇവിടെ തീരുന്നില്ല. ന്യായീകരണവും മാപ്പ് പറച്ചിലും വ്യത്യസ്തമായ ദിശകളിൽ സഞ്ചരിക്കുന്ന കാര്യങ്ങളാണ്.

Latest Videos

undefined

അതെ സമയം മുളക് തേച്ചത് മനപ്പൂർവമായിരുന്നു എന്നതിന് അദ്ദേഹം തന്നെ തെളിവുകൾ തന്നു. വികൃതിക്കുട്ടികളിൽ വികൃതി അവൻ തീരുമാനിച്ചിരുന്നു. മുളകും ബീറ്റ്‌റൂട്ടും ബലൂണും ബാഗിൽ കരുതിയിരുന്നു. പാഷാണം ഷാജിയുടെയോ രഘുവിന്റെയോ കണ്ണിൽ മുളക് തേക്കാൻ പ്ലാൻ ഇട്ടിരുന്നു. രേഷ്മയുടെ കണ്ണിനു അസുഖമാണെന്നത് മറന്നുപോയി എന്നാണദ്ദേഹം പറയുന്നത്. സത്യത്തിൽ സംഭവിച്ചത് അധ്യാപകനായ രജിത് കുമാറിന് വിദ്യാർത്ഥിയുടെ റോൾ ടാസ്ക്കിൽ കിട്ടുന്നു. അധ്യാപകനായിരിക്കുന്ന രജിത് കുമാറിന് ചെയ്യാൻ പറ്റാത്ത കുറെ കാര്യങ്ങൾ ഉണ്ട്. എന്നാൽ റോൾ പ്ലേ മാറിയപ്പോൾ വിദ്യാർത്ഥിയുടെ റോൾ കിട്ടിയപ്പോൾ രജിത് കുമാർ കരുതി അധ്യാപകനായിരുന്ന തനിക്ക് ചെയ്യാൻ പറ്റാതെ മാറ്റിവച്ചതെല്ലാം ഇപ്പോൾ ചെയ്യാം എന്ന്. വിദ്യാർത്ഥിയുടെ കുപ്പായത്തിൽ റോളിൽ അതൊന്നും ചെയ്താൽ കുറ്റമുണ്ടാവില്ല എന്ന്. ഇതിനു മുൻപുള്ള ടാസ്ക്കുകളിലൊക്കെ അങ്ങനെ ആയിരുന്നല്ലോ. എല്ലാം ഫിസിക്കൽ ടാസ്ക്കുകൾ ആയിരിക്കും. അതിനിടയിൽ എല്ലാവര്‍ക്കും പല അപകടങ്ങളും സംഭവിക്കും. ടാസ്ക് കഴിഞ്ഞാൽ അതൊക്കെ തീരും. പ്രശ്നങ്ങളില്ല. പരാതികളില്ല.

എന്നാൽ രജിത് കുമാറിന് അബദ്ധം സംഭവിച്ചത് സ്‌കൂൾ ടാസ്ക്ക് ഒരു ഫിസിക്കൽ ടാസ്ക് അല്ല എന്ന് മനസിലാക്കുന്നതിലാണ്. സ്‌കൂൾ ടാസ്ക് ഒരു സൈക്കോളജിക്കൽ ഗെയിം ആയിരുന്നു. അവിടെ ശാരീരികമായ ബലപ്രയോഗങ്ങളോ ഉപദ്രവങ്ങളോ പാടില്ല. റോൾ റിവേഴ്സല് ആയിരുന്നു ആ ടാസ്ക്. അധ്യാപകനായ രജിത് കുമാർ വിദ്യാർത്ഥിയും സ്‌കൂൾ ഡ്രോപ്പ് ഔട്ടും കോളേജ് ഡ്രോപ്പ് ഔട്ടും ഒക്കെയായ ആര്യയും ഫുക്രുവും ദയയും സുജോയും അധ്യാപകരും ആയ റോൾ റിവേഴ്സല് ടാസ്ക്. അവിടെ മത്സരാര്‍ത്ഥികളെ ബിഗ് ബോസ് പരീക്ഷിച്ചത് സൈക്കോളജിക്കലായിട്ടാണ്. അവിടെ യാതൊരു ബലപ്രയോഗത്തിനോ ഉപദ്രവത്തിനോ സ്കോപ് ഇല്ല.
കൂടാതെ ഇത്തരത്തിൽ ഉപദ്രവിക്കാൻ, മുളക് തേച്ചു കളിയ്ക്കാൻ രേഷ്മയുടെ കാൻസന്റും ഉണ്ടായിരുന്നില്ല. രേഷ്മക്ക് സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് ഒരു ധാരണയുമില്ലായിരുന്നു.

അധ്യാപകനായ രജിത് കുമാറിന് രേഷ്മയോട് പല തരത്തിലുള്ള അസംതൃപ്തി ഉണ്ടായിരുന്നു. രജിത് കുമാർ അമൃതയോടും അഭിരമിയോടും പറയുന്നുണ്ട്, ഇവിടെ രേഷ്മക്ക് ഒരേയൊരു ശത്രുവേയുള്ളു, അത് രജിത് കുമാർ ആണെന്ന്. അതെങ്ങനെ പറയാൻ തോന്നി? അപ്പോൾ രജിത് കുമാറിന്റെ മനസിൽ രേഷ്മയോട് ശത്രുത ഉണ്ടായിരുന്നു. മുൻപ് പറഞ്ഞത് പോലെ അതിന്റെ കാരണം സ്വതന്ത്ര വ്യക്തിത്വമുള്ള സ്ത്രീകളെ, നിലപാടുള്ള സ്ത്രീകളെ, രജിത് കുമാറിന് ഇഷ്ടമല്ല എന്നതിനാലാണ്. വിവാഹം വേണ്ടാത്ത, കുഞ്ഞുങ്ങൾ വേണ്ടാത്ത, സിഗരറ്റു വലിക്കുന്ന, രജിത് കുമാറിനെ ചോദ്യം ചെയ്യുന്ന രേഷ്മയോടുള്ള വിരോധം തീർക്കാൻ രജിത് കുമാർ സ്‌കൂൾ ടാസ്ക്കിനെ ഉപയോഗിക്കുകയായിരുന്നു. അധ്യാപകന് ചെയ്യാൻ കഴിയാത്ത മുളക് തേക്കല്‍ വിദ്യാർത്ഥിയായ രജിത് കുമാർ ചെയ്തു.

എന്നാൽ രജിത് കുമാർ വിചാരിച്ചതു പോലെ പ്രശ്നങ്ങൾ തീർന്നില്ല. രേഷ്മയെ ആശുപത്രിയിൽ കൊണ്ട് പോകേണ്ടി വന്നു. ബിഗ് ബോസിന്റെ നിയമങ്ങൾ മുൻപ് രണ്ടു തവണ ലംഘിച്ചു വാണിങ് വാങ്ങിയ രജിത് കുമാറിനെ ബിഗ് ബോസ് പുറത്താക്കി.  ഈ വിഷയത്തിൽ രേഷ്മയുടെ നിലപാട് വളരെ പ്രധാനപ്പെട്ടതായിരുന്നു. രേഷ്മക്കിത് സംഭവിച്ചപ്പോൾ ആ വീട്ടിലുള്ള മനുഷ്യരിൽ ഫുക്രു ഒഴികെയുള്ള ആരും രേഷ്മയെ കുറിച്ച് ചിന്തിക്കുകയോ അഭിപ്രായ പ്രകടനം നടത്തുന്നതിൽ രേഷ്മയെ പരിഗണിക്കുകയോ ചെയ്തില്ല. 

എല്ലാവരും ചിന്തിച്ചത് രജിത് കളിയിൽ നിന്നും പോകുന്നതിനെക്കുറിച്ചും തുടരുന്നതിനെക്കുറിച്ചും അത് അവനവനെ എങ്ങനെ ബാധിക്കും എന്നതിനെക്കുറിച്ചുമാണ്. അത്രയും വീട്ടിൽ ഒറ്റപ്പെട്ടു പോയിട്ടും രേഷ്മ ഈ വിഷയത്തിൽ വളരെ പക്വതയോടെ പ്രതികരിച്ചു. തീരുമാനമെടുത്തു. വീട്ടിലുള്ള മത്സരാര്‍ത്ഥികളിൽ ഫുക്രു  ഒഴികെയുള്ള എല്ലാവരും രജിത് കുമാറിന് മാപ്പ് കൊടുക്കണമെന്നും തിരിച്ചെടുക്കണമെന്നും പറഞ്ഞിട്ടും രേഷ്മ എടുത്ത തീരുമാനം, മാപ്പ് സ്വീകരിക്കുന്നു, എന്നാൽ രജിത് കുമാർ ബിഗ് ബോസ് വീട്ടിലേക്ക് ഇനി തിരിച്ചു വരേണ്ട എന്നതാണ്.

ആ ഉറച്ച തീരുമാനമാണ് എല്ലാ അർത്ഥത്തിലും ശരി. കാരണങ്ങൾ പറയാം 

1. ഇതൊരു മൈൻഡ് ഗെയിം ആണ്. എതിരാളിയെ തോൽപ്പിക്കുക എന്നത് തന്നെയാണ് ഗെയിം. ശക്തനായ മത്സരാർത്ഥിയായ രജിത് കുമാർ സ്വയം കണ്ണിൽ മുളക് തേക്കുക പോലത്തെ ഒരു കുറ്റം ചെയ്തു മുന്നിൽ നിൽക്കുമ്പോൾ ഗെയിം എന്ന അർത്ഥത്തിലും കുറ്റത്തിന്റെ കാഠിന്യം നോക്കിയാണെങ്കിലും രേഷ്‌മ എടുത്ത തീരുമാനം ശരിയാണ്

2. ഒരു പ്രകോപനവുമില്ലാതെയാണ് രജിത് കുമാർ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത്. രേഷ്മ തന്നെ പറയുന്നുണ്ട് തന്റെ വിശ്വാസത്തെ രജിത് കുമാർ മുതലെടുത്തു. ഒന്നും ചെയ്യില്ല എന്ന് വിശ്വാസമുള്ളതു കൊണ്ടാണ് മുഖത്തു തൊടാൻ സമ്മതിച്ചത് എന്ന്. അത് കൂടാതെ കണ്ണിൽ മുളക് തേച്ചതിനു ശേഷമുള്ള രജിത് കുമാറിന്റെ പെരുമാറ്റങ്ങൾ ഒരു നോർമൽ മനുഷ്യന്റേതായി തോന്നുന്നുമില്ല. അത്തരമൊരാൾ ഇനിയും അവിടെ ആളുകൾക്കിടയിൽ നിൽക്കുന്നത് പ്രശ്നമുണ്ടാക്കാം. രജിത് കുമാർ വീട്ടിൽ ഇനിയും തുടരുന്നത് സേഫല്ല എന്ന രേഷ്മയുടെ തീരുമാനം ശരിയാണ്.

3. മുളക് തേച്ചത് വിദ്യാർത്ഥിയാണെന്നു രജിത് കുമാർ ഇപ്പോഴും പറയുന്നു. മുളക് തേച്ച കുട്ടിയായ രജിത് കുമാറിന് ഇപ്പോഴും കുറ്റബോധമില്ല. മാപ്പ് പറയുന്നത് അധ്യാപകനായ രജിത് കുമാറാണ്. അധ്യാപകനായ രജിത് കുമാർ അത് ചെയ്യില്ല എന്നാണ് ഇപ്പോഴും രജിത് കുമാർ പറയുന്നത്. ചെയ്ത കുറ്റം ഇപ്പോഴും തിരിച്ചറിയാത്ത ഒരാൾക്ക് മാപ്പ് നൽകേണ്ട ഒരു കാര്യവും രേഷ്മയ്ക്കില്ല .

4. അഗ്രസീവായി ഗെയിം കളിക്കുന്ന വ്യക്തിയാണ് രജിത് കുമാർ. ജയിക്കാനായി എന്തും ചെയ്യും. മുൻപ് ഒരു ടാസ്ക്കിനിടെ രേഷ്മ പ്രദീപിനെ ഉമ്മ വച്ചു എന്ന് കള്ളം പറഞ്ഞ ആളാണ് രജിത് കുമാർ. അങ്ങനൊരാളെ കൃത്യമായ കാരണത്തോടെ എതിരെ കിട്ടിയാൽ മാപ്പ് കൊടുത്തു വിടാൻ മാത്രം വിശാല ഹൃദയമൊന്നും രേഷ്മ കാണിക്കേണ്ടതില്ല. കാരണം ഇതൊരു ഗെയിം ആണ്.

നിലപടിൽ നിന്നും ഒറ്റക്ക് നിന്നും ഗെയിം കളിച്ച മത്സരാർഥിയാണ് രേഷ്മ. ഇതുവരെയുള്ള തന്റെ പ്രകടനത്തിൽ അഭിമാനത്തോടെ തലയുയർത്തി പിടിച്ചു കൊണ്ട് രേഷ്മക്ക് ഇറങ്ങി പോകാനുള്ളതൊക്കെ ഇതുവരെയുള്ള ദിവസം കൊണ്ട് രേഷ്മ ചെയ്തിട്ടുണ്ട്. ബിഗ് ബോസ് വീട്ടിലെ ശക്തമായ സ്ത്രീ ശബ്ദമായി രേഷ്മയെ പ്രേക്ഷകർ ഓർക്കും.

click me!