ആ വീട്ടില്‍ എലീനയെയും ഫുക്രുവിനെയുമാണ് ആര്‍ക്കും മനസിലാവാത്തത്. എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം എളുപ്പം മനസിലാവും. അതാണിവര്‍ തമ്മിലുള്ള ബന്ധം. അതിനാണ് ആര്യയും പാഷാണം ഷാജിയുമൊക്കെ തല പുകയ്ക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ചിരി വരുന്നു.
എലീനയും ഫുക്രുവും തമ്മില്‍ വളരെ അടുത്ത ഒരു ബന്ധമുണ്ടെന്ന് ബിഗ് ബോസ് കാണുന്ന എല്ലാവര്‍ക്കും അറിയാം. വീടിനകത്തും അത് വലിയ ചര്‍ച്ചയാണ്. ആര്യ പലപ്പോഴും ഫുക്രുവിനെയും എലീനയെയും ഈ ബന്ധത്തിന്റെ കാര്യത്തില്‍ ഉപദേശിക്കുന്നതും നമ്മള്‍ കണ്ടിട്ടുണ്ട്. ശരിക്കും ഇവര്‍ തമ്മിലുള്ള ബന്ധം എന്താണെന്ന് പറയുന്നതിന് മുന്‍പ് ഇന്നലെ നടന്ന നോമിനേഷനില്‍ നടന്ന കാര്യങ്ങള്‍ ഒന്ന് നോക്കാം..
undefined
ഇന്നലത്തെ നോമിനേഷനില്‍ രണ്ടു പേരെ വീതം ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിച്ചു. എന്നിട്ട് പരസ്പരം ചര്‍ച്ച ചെയ്ത്, അതിലൊരാളെ എവിക്ഷനിലേക്ക് നോമിനേറ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടു. എല്ലാവരും ചര്‍ച്ച ചെയ്ത് തീരുമാനിച്ചു. മിക്കവരും ഞാന്‍ പോകാം എന്ന് പറഞ്ഞ് നേരിട്ട് എവിക്ഷനിലേക്ക് പോയി. എന്നാല്‍ രണ്ടേ രണ്ടു പേര്‍ ഇതിന് വിപരീതമായി പ്രവര്‍ത്തിച്ചു. അത് ഫുക്രുവും എലീനയുമാണ്.
ഫുക്രുവും രേഷ്മയും പിന്നീട് എലീനയും ദയയുമാണ് കണ്‍ഫെഷന്‍ റൂമില്‍ കയറിയത്. എലീനയും ഫുക്രുവും നോമിനേഷന് പോകാന്‍ തയ്യാറായില്ല. പകരം വളരെ തന്ത്രപരമായി എതിരാളികളെ നോമിനേറ്റ് ചെയ്തു.
എലീന ദയയോട് പറഞ്ഞു- ചേച്ചിക്ക് രജിത് സാറുമായിട്ടൊക്കെ പ്രശ്‌നമല്ലേ, അത് കൊണ്ട് നില്‍ക്കാന്‍ ബുദ്ധിമുട്ടാവും. ചേച്ചി പൊക്കോ എന്ന്. ഫുക്രു പറഞ്ഞു- ഞാന്‍ കഴിഞ്ഞയാഴ്ച കുറച്ച് മോശമായിട്ടൊക്കെ പെരുമാറിയിട്ടുള്ളത് കൊണ്ട് ഞാന്‍ എവിക്ട് അവന്‍ സാധ്യതയുണ്ട്. രേഷ്മ ആണെങ്കില്‍ തിരിച്ചു വരുമെന്ന് എനിക്ക് ഉറപ്പുണ്ടെന്ന്. ഇതാണ് റിയല്‍ എലീനയും ഫുക്രുവും. ഇവര്‍ രണ്ടുപേരും കളിക്കുന്നതും ജീവിക്കുന്നതും ഹൃദയം മാറ്റി വച്ചിട്ടാണ്. അവനവനെക്കുറിച്ച് മാത്രമേ ഇവര്‍ക്ക് ചിന്തകളുള്ളൂ. വീണയെപ്പോലെ ശക്തയായ ഒരു മത്സരാര്‍ത്ഥി സുജോയോടും അലസാന്‍ഡ്രയോടും മത്സരിച്ച് പരാജയപ്പെട്ടത് ഫുക്രുവിനെ ഭയപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ ഫുക്രു എവിക്ഷനിലേക്ക് പോകാന്‍ തയ്യാറായില്ല. വീണ പോയതോടെ ആര്യയും ഭയന്നിട്ടുണ്ട്.
എലീനയും ഫുക്രുവും തമ്മില്‍ എന്താണ് എന്ന ചര്‍ച്ച തുടങ്ങേണ്ടത് ഇവിടെ നിന്നാണ്. ഇവര്‍ രണ്ടുപേരും ഒരു പോലെയുള്ള രണ്ടു മനുഷ്യരാണ്. അതാണ് ഇവര്‍ തമ്മിലുള്ള കണക്ട്. ഇവര്‍ തമ്മിലുള്ള സാമ്യങ്ങള്‍ നമുക്ക് ചുരുക്കി ഇങ്ങനെ പറയാം..
1. രണ്ടുപേരും ഒട്ടും ഇമോഷണല്‍ അല്ലാത്ത മനുഷ്യരാണ്.
2. ഇവര്‍ക്ക് ബന്ധങ്ങളില്‍ വൈകാരികത ഭാരമാണ്. ഇവര്‍ രണ്ടുപേരും പരസ്പരം വൈകാരികതയുടെ ഭാരം കൈമാറാറില്ല. അതാണ് ഇവര്‍ തമ്മിലുള്ള ബന്ധത്തില്‍ ഇവര്‍ക്ക് പരസ്പരം കിട്ടുന്ന സന്തോഷം.
3. ഇവര്‍ക്ക് രണ്ടു പേര്‍ക്കും അങ്ങനെ ആരോടും പ്രത്യേകിച്ച് വലിയ അറ്റാച്ച്‌മെന്റ് ഒന്നും ഇല്ല.
4. ശ്വാസം മുട്ടുന്ന തരം പൊസസീവ്നെസും സെല്‍ഫിഷ്‌നെസും വൈകാരികയും ഉള്ള ബന്ധങ്ങളില്‍ രണ്ടാളും നില്‍ക്കില്ല.
5. മറ്റുള്ളവരുടെ ഇമോഷനുകളും അതുകൊണ്ട് തന്നെ ഇവര്‍ക്ക് കുറച്ചേ മനസിലാവൂ.
6. രണ്ടുപേരും അത്യാവശ്യം നല്ല അവസരവാദികള്‍ ആണ്.
7. അവനവന്റെ സ്പെയ്സ് ഇവര്‍ക്ക് പ്രധാനമാണ്
ഫേസ്ബുക്കില്‍ ഇവരെക്കുറിച്ച് കിരണ്‍ തോമസ് എഴുതിയ ഒരു കമന്റ് 'എലീന ബിഗ് ബോസ് ഹൗസില്‍ ഫേക്കാണെന്ന് എല്ലാവരും പറയുമ്പോഴും ഞാന്‍ പറഞ്ഞത് അവള്‍ ഹൗസില്‍ ഫേക്കായി അല്ല കളിക്കുന്നതെന്നാണ്. ഞാന്‍ അത് പറയാനുള്ള കാരണമെന്താന്ന് വച്ചാല്‍ അവള്‍ ജീവിതത്തിലെ ഫേക്കാണ്. എല്ലാവരെയും ഇങ്ങനെ സുഖിപ്പിച്ച് നിര്‍ത്തി നൈസായി കാര്യം കാണുന്ന ഒരു സ്വഭാവമാണ്. എലീന ആത്യന്തികമായി ഒരു കോട്ടയംകാരിയാണ്. കോട്ടയത്തെ കേരള കോണ്‍ഗ്രസ് ജീനാണ് എലീനയ്ക്കുള്ളത്. ഒരു വനിതാ മാണി സാറാണ് എലീന എന്നും ഫുക്രു ഒരു കെഎസ്‌യുക്കാരന്റെ ജീനുള്ള ആളാണ്' എന്നുമാണ്.
ആലോചിച്ചപ്പോള്‍ ശരിയാണ്. ഫുക്രു തന്നെ മുന്‍പ് ജയിലില്‍ പോയ ഒരു എപ്പിസോഡില്‍ താന്‍ കോണ്‍ഗ്രസുകാരനാണെന്ന് പറഞ്ഞിട്ടുണ്ട്. എലീനയുടെ വീട് കോട്ടയത്തുമാണ്. അപ്പൊ ഇതാണ് ഇവര്‍ തമ്മിലുള്ള ആ കണക്ഷന്‍. അതില്‍ പ്രേമമോ മണ്ണാങ്കട്ടയോ ഒന്നുമില്ല. ഉണ്ടെങ്കിലും അതില്‍ സെന്റിമെന്റലായ ഒന്നുമില്ല. എപ്പോള്‍ വേണമെങ്കിലും പരസ്പരം നോമിനേറ്റ് ചെയ്യാവുന്ന, പരസ്പരം കാല് വാരാവുന്ന, പരസ്പരം തള്ളി പറയാവുന്ന ഒരു അവസരവാദ ബന്ധം മാത്രമേ ഇവര്‍ തമ്മിലുള്ളൂ.
ആ വീട്ടില്‍ എലീനയെയും ഫുക്രുവിനെയുമാണ് ആര്‍ക്കും മനസിലാവാത്തത്. എന്നാല്‍ ഇവര്‍ക്ക് രണ്ടുപേര്‍ക്കും പരസ്പരം എളുപ്പം മനസിലാവും. അതാണിവര്‍ തമ്മിലുള്ള ബന്ധം. അതിനാണ് ആര്യയും പാഷാണം ഷാജിയുമൊക്കെ തല പുകയ്ക്കുന്നത് എന്നോര്‍ക്കുമ്പോള്‍ സത്യത്തില്‍ ചിരി വരുന്നു. ഈ ആഴ്ചത്തെ നോമിനേഷനില്‍ എലീനയും ഫുക്രുവും ചെയ്തത് പ്രേക്ഷകര്‍ക്ക് മനസിലാവാത്തതിന്റെ കാരണം ഇതുപോലത്തെ മനുഷ്യരെ നമുക്ക് അധികം പരിചയമില്ലാത്തതിനാലാണ്.
കൂടുതല്‍ മനുഷ്യരും, ബിഗ് ബോസിലെ മത്സരാര്‍ഥികളില്‍ ഭൂരിപക്ഷവും ഹൃദയം കൊണ്ട് കളിക്കുന്നവരും ജീവിക്കുന്നവരുമാണ്. പേളി മാണി ജീവിതം കൊണ്ട് ബിഗ് ബോസ് കളിച്ചു കല്യാണം കഴിച്ചത് നമ്മള്‍ കണ്ടിട്ടുണ്ട്. അതുവച്ച് നോക്കിയാല്‍ എലീനയും ഫുക്രുവും കളിക്കുന്ന കളിയും അവര്‍ തമ്മിലുള്ള ബന്ധവും മനസിലാവില്ല. വേറൊരര്‍ത്ഥത്തില്‍ നമുക്ക് ഇവരെ ഇന്നത്തെ തലമുറയുടെ പ്രതിനിധികളായി ബിഗ് ബോസ് ഗെയിം കളിക്കുന്ന മത്സരാര്‍ത്ഥികള്‍ ആയിട്ടെടുക്കാം. ഇവര്‍ക്ക് ആരോടും കമ്മിറ്റ്‌മെന്റോ സെന്റിമെന്റ്സോ ഒഴിവാക്കാന്‍ വയ്യാത്ത ബന്ധങ്ങളോ ഒന്നുമില്ല. ഗെയിം കളിയ്ക്കാന്‍ വന്നവരാണ്. അതിനിടയില്‍ അതിജീവനത്തിനായുള്ള ബന്ധങ്ങളൊക്കെ ഉണ്ട്. എന്നാല്‍ അതൊന്നും മത്സരത്തിനേക്കാള്‍ വലുതല്ല ഇവര്‍ക്ക്. ഹൃദയം മാറ്റി വച്ച് ഗെയിം കളിക്കുന്ന രണ്ടു പേരാണ് എലീനയും ഫുക്രുവും.