അവൾ എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമായിരുന്നു. ഇപ്പോൾ അവൾ എടുത്ത തീരുമാനത്തിനോട് പൂർണ യോജിപ്പും അതിൽ അഭിമാനവുമുണ്ട്. രേഷ്മ ഉറച്ച നിലപടുകൾ ഉള്ള ഒരു പെൺകുട്ടിയാണ്. ചിലപ്പോഴൊക്കെ അവൾ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നത് കണ്ടിട്ട് ഇവൾ അഹങ്കാരിയും തന്നിഷ്ടക്കാരിയും ആണെന്നും ധാർഷ്ട്യം ഉണ്ടെന്നും തോന്നിയിട്ടുണ്ട്.
ബിഗ് ബോസ് വീട്ടിൽവലിയ സംഭവങ്ങൾ അരങ്ങേറിയ ദിവസമായിരുന്നു ശനിയാഴ്ച. രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു രജിത് കുമാർ ബിഗ് ബോസിൽ നിന്നും പുറത്തായി. രജിത് കുമാർ വീട്ടിൽ തിരിച്ചു കയറാനോ വേണ്ടയോ എന്ന് തീരുമാനമെടുക്കാൻ ബിഗ് ബോസ് ഇന്നലെ രേഷ്മക്ക് അവസരം നൽകി. ആ സമയത്തു രേഷ്മയുടെ മാതാപിതാക്കൾ ഷോയിൽ രേഷ്മയോട് സംസാരിച്ചിരുന്നു. രേഷ്മയുടെ 'അമ്മ രമയും അച്ഛൻ രാജനുമായി സംസാരിച്ചു തയ്യാറാക്കിയ അഭിമുഖം. രേഷ്മയുടെ അച്ഛൻ പോലീസിൽ സി ഐ ആയിരുന്നു. അനിയൻ ദീപക് ബി ടെക്കിനു പഠിക്കുന്നു.
ഇന്നലെ ബിഗ് ബോസിൽ 'അമ്മ സംസാരിക്കുന്നത് കേട്ടു. എന്ത് കൊണ്ടാണ് ഇത്രയും ശക്തമായി രജിത് കുമാറിനെതിരെ നിലപാട് എടുത്തത്?
undefined
രേഷ്മയുടെ അമ്മ എന്ന നിലയിൽ അഭിമാനത്തോടെയാണ് ഞാനിന്നു നിൽക്കുന്നത്. കാരണം രേഷ്മ ഇന്ന് ബിഗ് ബോസിൽ രജിത് കുമാറിനെ പുറത്താക്കാൻ എടുത്ത തീരുമാനമാണ് ശരി. അതിന് വ്യക്തമായ കാരണങ്ങളുണ്ട്. അത് എനിക്ക് തോന്നിയത് ഇതാണ്.
1. രജിത് കുമാർ ഇത് അറിയാതെ ചെയ്തതല്ല. അയാൾ പ്ലാൻഡ് ആയിരുന്നു. ഇന്നലെ ലാലേട്ടനോട് പറഞ്ഞത് പാഷാണം ഷാജിയുടെ അല്ലെങ്കിൽ രഘുവിന്‍റെ കണ്ണിൽ തേക്കുമായിരുന്നു എന്നാണ്. ആരുടെയെങ്കിലും കണ്ണിൽ മുളക് തേക്കുക എന്ന ലക്ഷ്യത്തോടെ രജിത് കുമാർ മുളക് കയ്യിൽ കരുതിയിരുന്നു.
2 . എപ്പിസോഡിൽ രജിത് കുമാർ തന്നെ ഒരിക്കൽ പറയുന്നുണ്ട്, രേഷ്മാക്കിവിടെ ഒരേയൊരു ശത്രുവേയുള്ളു, അത് ഞാനാണ് എന്ന്. ഇതിൽ നിന്നും രജിത് കുമാറിന് രേഷ്മയോട് ശത്രുതയുണ്ടായിരുന്നു എന്നത് വ്യക്തം. കല്യാണത്തെക്കുറിച്ചും കൊച്ചുങ്ങളെക്കുറിച്ചും രജിത് കുമാറും രേഷ്മയും തമ്മിൽ നടന്ന സംസാരം മുതലാണ് രജിത് കുമാറിന് അവളോട് ശത്രുത തുടങ്ങിയത്. പിന്നീട് പ്രദീപിനെ ചേർത്ത് കള്ളം പറയുന്നത് വരെ അത് എത്തി. അവൾക്ക് വക തിരിവില്ലെന്നും മുൻ കോപമാണെന്നും ഒക്കെ അദ്ദേഹം നിരന്തരം പറയാറുണ്ടായിരുന്നു.
3 . രജിത് കുമാറിന് ഇപ്പോഴും കുറ്റബോധമില്ല. അദ്ദേഹം ഇപ്പോഴും പറയുന്നത് നല്ലവനായ, സത്യസന്ധനായ ഞാൻ ഒന്നും ചെയ്തിട്ടില്ലെന്നാണ്. ആ ടാസ്ക്കിലെ വിദ്യാർത്ഥി ചെയ്തുവെന്ന്. അതെങ്ങനെ ശരിയാവും? കുട്ടികൾ കള്ളനും പോലീസും കളിച്ചാൽ പോലീസ് കള്ളനെ ശരിക്കും വേദി വെക്കുമോ? കള്ളൻ പോലീസിനെ കുത്തി കൊല്ലുമോ? ഇല്ലല്ലോ?
4 . രജിത് കുമാർ സംസാരിക്കുന്നതും പ്രവർത്തിക്കുന്നതും തമ്മിൽ ഒരു ബന്ധവുമില്ല എന്നതാണ് സത്യം. നിരന്തരം സ്നേഹം, നന്മ, സത്യസന്ധത എന്ന് പറയുകയും കണ്ണിൽ മുളക് തേക്കുകയും ചെയ്യുന്നതും തമ്മിൽ ബന്ധമൊന്നുമില്ലല്ലോ. സഹജീവി സ്നേഹം എന്നത് തൊട്ടു തീണ്ടാത്ത മനുഷ്യർക്ക് എന്ത് പി എച്ച്ഡി ഉണ്ടായിട്ട് എന്ത് കാര്യം?
5 . രേഷ്മയുടെ കണ്ണിൽ മുളക് തേച്ചതിനു ശേഷമുള്ള രജിത് കുമാറിന്റെ മുഖഭാവവും പെരുമാറ്റവും വളരെ ഭീകരമായിരുന്നു. എന്തോ ഒരു തകരാർ അദ്ദേഹത്തിന്റെ പെരുമാറ്റത്തിൽ ഉണ്ടായിരുന്നു. കുറ്റബോധം ഉണ്ടായിരുന്നില്ല. അദ്ദേഹത്തിന്റെ മുഖത്തുണ്ടായിരുന്നത് പക തന്നെയായിരുന്നു.
6 . രേഷ്മക്കിത് സംഭവിച്ചതിനു ശേഷം ബിഗ് ബോസ് വീടിനകത്തുള്ളവരിൽ ഫുക്രു ഒഴികെയുള്ള ആരും രേഷ്മയോട് അനുഭവം പ്രകടിപ്പിച്ചില്ല. ഇന്നലെയും എല്ലാവരും രജിത് കുമാറിനെക്കുറിച്ചാണ് സംസാരിച്ചു കൊണ്ടിരുന്നത്. അയാൾക്ക് കിട്ടേണ്ട നീതി, അയാൾക്ക് കൊടുക്കേണ്ട മാപ്പ് എന്നിങ്ങനെ. അത്രയും പ്രതിസന്ധിയിൽ നിന്ന് രജിത് കുമാർ അകത്തേക്ക് ഇനി വരേണ്ട എന്ന് തീരുമാനമെടുത്ത രേഷ്മയോട് എനിക്ക് ബഹുമാനം തന്നെയാണ്.
7 . രേഷ്മക്ക് ബിഗ് ബോസിനകത്തു വച്ച് വന്ന കണ്ണിന്റെ അസുഖം ചെറിയ അസുഖമായിരുന്നില്ല. അവളുടെ കോര്‍ണിയയില്‍ ഒരു പോറൽ വീണിരുന്നു. വീട്ടിൽ നിന്നും പുറത്തിറങ്ങാനോ കണ്ണ് തുറക്കാനോ പറ്റാത്ത അവസ്ഥ ആയിരുന്നു. ബിഗ് ബോസിൽ തിരിച്ചു കയറുന്നതിനു മൂന്നു ദിവസം മുൻപാണ് അവൾക്ക് കാഴ്ച പോലും ശരിയായത്. അവളുടെ അസുഖത്തിന്റെ ഭീകരതയും കണ്ണിന്റെ ഇപ്പോഴത്തെ അവസ്ഥയും അവൾ രജിത് കുമാറിനോട് തുറന്നു പറഞ്ഞിരുന്നു. അത്തരത്തിൽ കണ്ണിനു സുഖമില്ലാത്ത അവളുടെ കണ്ണിൽ ബോധപൂർവം ഒരു ടാസ്ക്കിന്‍റെ പേരും പറഞ്ഞു മുളക് തേച്ചത് ഒരു തരത്തിലും അംഗീകരിക്കാനാവില്ല.
രേഷ്മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേക്കുന്നത് കണ്ടതിനു ശേഷം എന്തായിരുന്നു നിങ്ങളുടെ പ്രതികരണം? എന്ത് തോന്നി?
എപ്പിസോഡ് കണ്ടപ്പോൾ തന്നെ അത് ടാസ്ക് ഒന്നുമില്ലെന്നും അതിൽ ബിഗ് ബോസിന്റെ ഹിഡൻ അജണ്ട ഒന്നുമില്ലെന്നും മനസിലായി. ഏഷ്യനെറ്റിനെയും ലാലേട്ടനെയും അത്രക്കും വിശ്വസിച്ചിട്ടാണല്ലോ രേഷ്മയെ ഈ ഷോയിലേക്ക് വിട്ടത്. അത് കൊണ്ട് അപ്പോൾ തന്നെ ഏഷ്യാനെറ്റിൽ വിളിച്ചു ഇതിനെ കുറിച്ച് അന്വേഷിച്ചു. രേഷ്മയുടെ കണ്ണിനു കുഴപ്പമൊന്നുമില്ലെന്നും ആശുപത്രിയിൽ കാണിച്ചു മരുന്ന് വാങ്ങിയന്നും പറഞ്ഞു. അപ്പോൾ തന്നെ ഇത്തരത്തിൽ ഒരു പ്രകോപനവുമില്ലാതെ ഒരു പെൺകുട്ടിയുടെ കണ്ണിൽ മുളക് തേച്ച രജിത് കുമാറിനെ ഷോയിൽ നിന്നും മാറ്റി നിർത്തണമെന്നും ആവശ്യപ്പെട്ടു. പുറത്തുള്ള രജിത് കുമാർ ആരാധകരുടെ തെറിവിളി കണ്ടു നിങ്ങൾ രജിത് കുമാറിനെതിരെ നടപടി എടുക്കാതിരിക്കുമോ എന്നും ഞാൻ ചോദിച്ചിരുന്നു.
അവർ വേണ്ടത് ചെയ്യാം എന്ന് പറഞ്ഞു.
രേഷ്മയുടെ അച്ഛൻ ഇന്നലെ രേഷ്മയോട് സംസാരിച്ചപ്പോൾ ഇത്ര സ്ട്രോങ്ങ് ആയിട്ടല്ലല്ലോ സംസാരിച്ചത്? രജിത് കുമാർ മാപ്പ് പറയുകയാണെങ്കിൽ കേസ് വേണ്ട എന്നൊക്കെ കുറച്ചു കൂടി രജിത് കുമാറിനെ സപ്പോർട്ട് ചെയ്തു സംസാരിച്ചതായി തോന്നി.
അദ്ദേഹം പോലീസിൽ സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്നു. അപ്പോൾ അദ്ദേഹത്തിന്റെ ഉള്ളിൽ ഒരു നീതിപീഠവും കോടതിയും ജയിലുമൊക്കെ ഉണ്ട്. കാലങ്ങളോളം പ്രതികളെയും കുറ്റവാളികളെയും കുറ്റകൃത്യങ്ങളെയുമൊക്കെ കണ്ട ആളല്ലേ? അതിന്‍റെ പക്വതയാണത്.
ഞങ്ങൾക്ക് രണ്ടു മക്കളാണ് ഉള്ളത്. രേഷ്മയും ഇളയ മകൻ ദീപക്കും. രണ്ടു പേരെയും സ്വന്തം കാലിൽ നിൽക്കാനും സ്വന്തം കാര്യങ്ങളിൽ സ്വയം തീരുമാനം എടുക്കാനുമാണ് പഠിപ്പിച്ചത്. രേഷ്മക്ക് ഇങ്ങനൊരു സംഗതി നേരിടേണ്ടി വന്നപ്പോൾ അവൾ തന്നെ ഇഷ്ടമുള്ള തീരുമാനമെടുത്തോട്ടെ എന്നതായിരുന്നു ഞങ്ങളുടെ നിലപാട്.
അവൾ എന്ത് തീരുമാനം എടുത്താലും അതിനൊപ്പം നിൽക്കുമായിരുന്നു. ഇപ്പോൾ അവൾ എടുത്ത തീരുമാനത്തിനോട് പൂർണ യോജിപ്പും അതിൽ അഭിമാനവുമുണ്ട്. രേഷ്മ ഉറച്ച നിലപടുകൾ ഉള്ള ഒരു പെൺകുട്ടിയാണ്. ചിലപ്പോഴൊക്കെ അവൾ തീരുമാനങ്ങളിൽ ഉറച്ചു നിൽക്കുന്നത് കണ്ടിട്ട് ഇവൾ അഹങ്കാരിയും തന്നിഷ്ടക്കാരിയും ആണെന്നും ധാർഷ്ട്യം ഉണ്ടെന്നും തോന്നിയിട്ടുണ്ട്. എന്നാൽ ആ കാര്യങ്ങളിലൊക്കെ അവൾ തന്നെയായിരുന്നു ശരി എന്ന് പിന്നീട് തോന്നിയിട്ടുണ്ട്. ഈ മുളക് തേച്ച സംഭവത്തിൽ അങ്ങനെ പുനർ വിചിന്തനത്തിന്റെ കാര്യമേയില്ല. അവൾ തന്നെയാണ് ശരി.
രജിത് കുമാർ എപ്പോഴും ദൈവമുണ്ട് എന്നും എല്ലാം ദൈവം ചെയ്യുന്നു, ചെയ്യിക്കുന്നു എന്നൊക്കെ പറയാറില്ലേ, ഇതിപ്പോൾ ദൈവമായിട്ട് തന്നെ അദ്ദേഹത്തിന്റെ ഉള്ളിലുള്ള ഒരു ചെകുത്താനെ നമ്മൾക്ക് കാണിച്ചു തന്നു.
രേഷ്മ ഫ്ലാറ്റ് നേടാനോ പണമുണ്ടാക്കാനോ ഒന്നും ബിഗ് ബോസിൽ പോയതല്ല. അവൾക്ക് ഇഷ്ടമുള്ളൊരു മത്സരത്തിൽ പങ്കെടുത്തു എന്നേയുള്ളു. ഇന്ന് മുതൽ എന്ന് അവൾ ഇറങ്ങിയാലും സന്തോഷമേയുള്ളൂ. കാരണം അവൾ നിലപാടിൽ നിന്ന് തന്നെ ഗെയിം കളിച്ചു. അവിടെ ഗ്രൂപ്പ് ഉണ്ടാക്കിയില്ല. ഒരു ഗ്രൂപ്പിലും അവൾ ഉണ്ടായിരുന്നുമില്ല. കൂടാതെ കണ്ണിന് അസുഖം വന്നു പുറത്തു വന്നു രേഷ്മയ്ക്കൊപ്പം തിരിച്ചു കയറിയ പലരും നിലപാടും കളി രീതിയും മാറ്റിയത് നമ്മൾ കണ്ടിരുന്നു. രേഷ്മ അതൊന്നും ചെയ്തില്ല. അതിലൊക്കെ മാതാപിതാക്കൾ എന്ന നിലയിൽ അഭിമാനമാണുള്ളത്.