രേഷ്മ രാജൻ ബിഗ് ബോസിൽ നിന്നും ഈ ആഴ്ച പുറത്തായി. പുറത്തിറങ്ങുമ്പോൾ പറഞ്ഞത് അകത്തു നടക്കുന്നതിനേക്കാൾ വലിയ പൊളിറ്റിക്സ് പുറത്താണ്.അത് കൊണ്ടാണ് എന്റെ കണ്ണിൽ മുളക് തേച്ചിട്ട് ഞാൻ തന്നെ ഈ ആഴ്ച പുറത്തു പോകേണ്ടി വന്നത് എന്നാണ്. എന്തുകൊണ്ടാണ് രേഷ്മ രജിത് കുമാർ ബിഗ് ബോസിൽ നിന്നും പുറത്തു പോകണം എന്ന തീരുമാനം എടുത്തതും അതിൽ ഉറച്ചു നിന്നതും - രേഷ്മയുമായി സുനിത ദേവദാസ് നടത്തിയ അഭിമുഖം
രേഷ്മ രാജൻ ബിഗ് ബോസിൽ നിന്നും ഈ ആഴ്ച പുറത്തായി. പുറത്തിറങ്ങുമ്പോൾ പറഞ്ഞത് അകത്തു നടക്കുന്നതിനേക്കാൾ വലിയ പൊളിറ്റിക്സ് പുറത്താണ്.അത് കൊണ്ടാണ് എന്റെ കണ്ണിൽ മുളക് തേച്ചിട്ട് ഞാൻ തന്നെ ഈ ആഴ്ച പുറത്തു പോകേണ്ടി വന്നത് എന്നാണ്. എന്തുകൊണ്ടാണ് രേഷ്മ രജിത് കുമാർ ബിഗ് ബോസിൽ നിന്നും പുറത്തു പോകണം എന്ന തീരുമാനം എടുത്തതും അതിൽ ഉറച്ചു നിന്നതും - രേഷ്മയുമായി സുനിത ദേവദാസ് നടത്തിയ അഭിമുഖം
രേഷ്മ എന്ത് കൊണ്ടാണ് രജിത് കുമാർ ബിഗ് ബോസിൽ നിന്നും പുറത്തേക്ക് പോകണം എന്ന് തീരുമാനിച്ചതും ആ തീരുമാനത്തിൽ ഉറച്ചു നിന്നതും?
undefined
1. ഞാൻ ബിഗ് ബോസിൽ വന്ന അന്ന് മുതൽ എന്നെ പലതരത്തിലും ഉപദ്രവിച്ചു കൊണ്ടിരുന്ന ഒരു മത്സരാര്ഥിയാണ് രജിത് കുമാർ. നിരവധി തവണ എന്നെ പല തരത്തിൽ ഹരാസ് ചെയ്തിട്ടുണ്ട്. ഒരു കാഷ്വൽ ടോക്കിനിടയിൽ വിവാഹത്തെക്കുറിച്ചു ആലോചിച്ചിട്ടില്ലെന്നും കുഞ്ഞുങ്ങൾ വേണ്ടെന്നും പറഞ്ഞതിന് ആ ഷോയിൽ ഉടനീളം ഈ 70 ദിവസവും എന്നെ നിരന്തരം ഹരാസ് ചെയ്തു. കാൾ സെന്റർ ടാസ്ക്ക് വന്നപ്പോൾ ഞാൻ ഞാൻ ചെയ്തിട്ടില്ലാത്ത നിരവധി കാര്യങ്ങൾ, ഞാൻ ഒരു പുരുഷനെ ഉമ്മ വച്ചെന്നടക്കമുള്ള കാര്യങ്ങൾ പറഞ്ഞു കൊണ്ട് എന്നെ വ്യക്തിഹത്യ നടത്തി. എന്‍റെ തടി കുറവിനെക്കുറിച്ചും ശരീരാകൃതിയെ കുറിച്ചും കല്യാണം കഴിക്കാൻ വൈകി എന്നുമൊക്കെയുള്ള കാരണങ്ങൾ അദ്ദേഹം എന്നും കണ്ടെത്തി അപമാനിക്കുന്നുണ്ടായിരുന്നു. അത്തരത്തിൽ എന്നെ മാനസികമായി നിരന്തരം അറ്റാക്ക് ചെയ്യുന്നതിനിടയിലാണ് അവസാനം നടന്ന മുളക് തേക്കൽ എന്ന ഫിസിക്കൽ അറ്റാക്ക് നടക്കുന്നത്. എനിക്ക് സഹിക്കാവുന്നതിന്റെ പരമാവധി ഞാൻ സഹിച്ചിട്ടുണ്ട്. ഇനി വയ്യ. ഇതൊരു ആദ്യത്തെ സംഭവമല്ല.
എന്നാൽ മുളക് തേക്കൽ നടന്ന ദിവസത്തിന്‍റെ മുൻപുള്ള രണ്ടു മൂന്നു ദിവസമായിട്ട് എന്നോട് കുറച്ചു നന്നായിട്ടാണ് പെരുമാറി കൊണ്ടിരുന്നത്. അത് കൊണ്ടാണ് എന്നെ ഉപദ്രവിക്കില്ല എന്ന വിശ്വാസത്തോടെ അദ്ദേഹം എന്‍റെ മുഖത്ത് സ്പര്ശിച്ചപ്പോൾ കണ്ണിൽ തൊട്ടപ്പോൾ ഞാൻ പിന്നോട്ട് മാറാതിരുന്നത്. കാരണം എന്റെ കണ്ണിനസുഖമായി ഞാൻ പുറത്തു പോയതിനു ശേഷം എന്തെല്ലാം അനുഭവിച്ചു എന്നും എന്റെ കണ്ണിനു ഇപ്പോഴും പ്രശ്നമുണ്ട് എന്നതും ഞാൻ അദ്ദേഹത്തോട് തുറന്നു പറഞ്ഞിരുന്നു. അതിനാൽ എന്നെ ഇനി ഉപദ്രവിക്കില്ല എന്ന് ഞാൻ കരുതി. ആ വിശ്വാസം മുതലെടുത്തു കൊണ്ടാണ് എന്‍റെ അസുഖമുള്ള കണ്ണിൽ രജിത് കുമാർ മുളക് തേച്ചത്.
2 . ഇത് സംഭവിച്ചു കഴിഞ്ഞപ്പോൾ എനിക്ക് അറിയേണ്ടിയിരുന്നത് അദ്ദേഹത്തിന് ഇതിനെക്കുറിച്ചു എന്ത് പറയാനുണ്ട് എന്നതാണ്. എന്നാൽ വളരെ ബാലിശമായി രജിത് കുമാർ എന്ന അധ്യാപകൻ തെറ്റൊന്നും ചെയ്തിട്ടില്ല, മുളക് തേച്ചത് ആ ടാസ്ക്കിലെ കുട്ടിയാണ് എന്ന വാദം ഉയർത്തുകയാണ് അദ്ദേഹം ചെയ്തത്. എനിക്ക് ആ വിശദീകരണം തൃപ്തികരമല്ല. എന്ത് കൊണ്ടിത് ചെയ്തു എന്നദ്ദേഹം ഇപ്പോഴും പറഞ്ഞിട്ടില്ല. അതിനാൽ അദ്ദേഹത്തിന്‍റെ ക്ഷമ പറച്ചിലിലൊന്നും യാതൊരു ആത്മാർത്ഥതയും എനിക്ക് കാണാനും കഴിയുന്നില്ല. ബിഗ് ബോസിൽ കില്ലർ ടാസ്ക്ക് വരെ തന്നിട്ടുണ്ട്. അപ്പൊ ആരും ആരെയും റിയൽ ആയിട്ട് കൊന്നിട്ട് അല്ലല്ലോ ടാസ്ക്ക് ചെയ്തത്?
3 . രജിത് കുമാർ ഒരു അധ്യാപകനും നിരവധി മനുഷ്യർ ആരാധകരുള്ള ഒരു മനുഷ്യനുമാണ്. മുൻപ് കാൾ സെന്റർ ടാസ്ക്കിൽ രജിത് കുമാർ എന്നെ പ്രദീപിനെ ഉമ്മ വച്ചു എന്നതടക്കമുള്ള കാര്യങ്ങൾ ഉന്നയിച്ചു വ്യക്തിഹത്യ ചെയ്യുകയും ഞാൻ അതിനെതിരെ പ്രതികരിക്കുകയും ചെയ്തിരുന്നു. അതിന്റെ പിറ്റേന്നാണ് ഞാൻ കണ്ണിന് അസുഖം ബാധിച്ചു പുറത്തു പോയത്. പുറത്തു പോയ ഞാൻ എനിക്ക് അതുവരെ പരിചയമില്ലാത്ത ഒരു കൂട്ടം മനുഷ്യരെ പരിചയപ്പെട്ടു. രജിത് കുമാറിനോട് ഷോയിൽ വിയോജിച്ചു എന്നതിന്റെ പേരിൽ എന്നെ സൈബർ ആക്രമണം നടത്തുന്ന അദ്ദേഹത്തിന്റെ ആരാധകർ എന്ന് പറയുന്ന ഒരു കൂട്ടം മനുഷ്യർ. തന്നെ ഇഷ്ടപ്പെടുന്നതും ഫോളോ ചെയ്യുന്നതും തന്റെ വിദ്യാർത്ഥികളും തന്‍റെ ആശയങ്ങൾ പിന്തുടരുന്നവരുമാണെന്നു അദ്ദേഹം എന്നോട് പറഞ്ഞിട്ടുണ്ട്. ഇത്തരത്തിലുള്ള അക്രമാസക്തരായ, സ്ത്രീ വിരുദ്ധരായ, ട്രാൻസ് വിരുദ്ധരായ, ഹോമോ ഫോബിക്കായ ഒരു കൂട്ടം മനുഷ്യരെയാണ് ഇയാൾ സമൂഹത്തിൽ സൃഷ്ടിക്കുന്നതും ഇൻഫ്ലുവെൻസ് ചെയ്യുന്നതും എങ്കിൽ അത് വലിയൊരു സാമൂഹിക വിപത്താണെന്നു എനിക്ക് നേരിട്ട് ബോധ്യപ്പെട്ടു.
അദ്ദേഹത്തിന്‍റെ ഈ ഫാൻസിന്റെ തെറിവിളിയെ ഭയന്നിട്ട് വീട്ടിനുള്ളിൽ ഉള്ളവരായാലും പുറത്തുള്ള കുറെ മനുഷ്യരായാലും ഇദ്ദേഹം ഒരു തെറ്റ് ചെയ്താൽ പോലും അത് ചൂണ്ടി കാണിക്കാൻ തയ്യാറാവുന്നില്ല. അദ്ദേഹം ഇപ്പോൾ ചെയ്യുന്ന കാര്യങ്ങളിൽ പലതും ശരിയായില്ലെന്നു, അദ്ദേഹത്തിൽ നിന്നും സംഭവിച്ച ഈ തെറ്റ് ചൂണ്ടി കാണിച്ചു കൊണ്ട് എനിക്ക് അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ വേണ്ടി കൂടിയാണ് ഞാൻ ഇങ്ങനൊരു തീരുമാനമെടുത്തത്.
4 . അദ്ദേഹത്തിന്റെ വാക്കും പ്രവര്‍ത്തിയും പലപ്പോഴും രണ്ടാണ്. ഉദാഹരണത്തിന് ഈ തെറിവിളിയന്മാരായ ആരാധകരെ തന്നെ എടുക്കാം. നന്മ, സത്യസന്ധത, സ്നേഹം എന്നൊക്കെ നിരന്തരം പറയുന്ന ഒരാളുടെ ഫോളോവേർസ് എന്ത് കൊണ്ടാണ് ഇത്ര വലിയ അക്രമാസക്തരാവുന്നത്? അദ്ദേഹം എന്ത് ഐഡിയോളജിയാണ് ഇവർക്ക് അപ്പൊ പകർന്നു കൊടുക്കുന്നത്? അത് കൂടാതെ ഇദ്ദേഹം എപ്പോഴും പറയുന്ന കാര്യങ്ങൾ അങ്ങോട്ടുമിങ്ങോട്ടും മാറ്റി പറയും. ഉദാഹരണമായി എന്റെ കണ്ണിൽ മുളക് തേച്ച സംഭവത്തിലെ അദ്ദേഹത്തിന്‍റെ വിശദീകരണം തന്നെ നോക്കു. ആദ്യം പറഞ്ഞു ടാസ്ക്കിന്‍റെ ഭാഗം എന്ന്. ഫിസിക്കൽ ടാസ്ക്ക് അല്ലാത്ത ഒരു അക്രമവും പിടിവലിയും ഇല്ലാത്ത സ്‌കൂൾ ടാസ്ക്കിൽ എന്ത് മുളക് തേക്കൽ? അത് കഴിഞ്ഞപ്പോൾ പറഞ്ഞു, ഞാൻ നന്മയാണ്, സത്യസന്ധനാണ് ഞാൻ ഒന്നും ചെയ്തില്ല, അത് ടാസ്ക്കിലെ കുട്ടി ചെയ്തു എന്ന്. പിന്നെ മാപ്പ് പറഞ്ഞു. ഇപ്പോ പുറത്തിറങ്ങിയപ്പോൾ വീണ്ടും പറയുന്നു ഞാൻ പ്രകോപിപ്പിച്ചത് കൊണ്ട് ചെയ്തു എന്ന്. ശരിക്കും ഇദ്ദേഹത്തിന് ഇതിലൊക്കെയുള്ള നിലപാട് എന്താണ്? എന്തിനു മുളക് തേച്ചു എന്ന ചോദ്യത്തിന് എനിക്കിതു വരെ ഉത്തരം കിട്ടിയിട്ടില്ല
ആരും വലിക്കരുത്, കുടിക്കരുത്, എല്ലാരും കല്യാണം കഴിക്കണം എന്നൊക്കെ പറഞ്ഞു നടക്കുന്ന രജിത് കുമാർ മുൻപ് കുടിക്കുമായിരുന്നു, വലിക്കുമായിരുന്നു , ഡിവോഴ്സ് ചെയ്തതാണ് . എന്നിട്ടും മറ്റുള്ളവരുടെ പേഴ്സണൽ സ്പെയ്സിൽ കയറി വന്നു കൊണ്ട് ഞാൻ അനുഭവത്തിൽ നിന്നും പഠിച്ചു നിങ്ങളും നന്നാവൂ എന്ന കടന്നു കയറൽ അസഹനീയമാണ്.
5 . രജിത് കുമാർ പറയുന്നത് ടാസ്ക്കിൽ വ്യക്തിഗത പോയിന്‍റ് അധികം കിട്ടാൻ വേണ്ടി വികൃതി കുട്ടികളിൽ വികൃതി കുട്ടിയാവാൻ ശ്രമിച്ചതിന്‍റെ ഭാഗമായി മുളക് തേച്ചു എന്നാണ്. നിങ്ങളാരെങ്കിലും കേട്ടിട്ടുണ്ടോ ഏതെങ്കിലും കുട്ടി കുസൃതിക്ക് വേറെ കുട്ടിയുടെ കണ്ണിൽ മുളക് തേച്ചെന്ന് ? ഇത്തരം സംഭവം കുസൃതിയുടെ ഭാഗമായി പത്രത്തിൽ വായിച്ചിട്ടുണ്ടോ? ഞാൻ കേട്ടിട്ടില്ല. മുളക് തേച്ച സംഭവങ്ങൾ ഞാൻ കേട്ടിട്ടുള്ളത് ശിക്ഷാ നടപടി എന്ന നിലയിലോ പ്രതികാരം എന്ന നിലയിലോ ഒക്കെ ചില മുതിർന്നവർ കുട്ടികളുടെ കണ്ണിലൊക്കെ തേച്ചു എന്നാണ്. അല്ലാതെ കണ്ണിൽ മുളക് തേക്കുന്നതിലെ കുസൃതി എനിക്ക് ഇത് വരെയും മനസിലായിട്ടില്ല.
6 . സംഭവിക്കാനുള്ളത് സംഭവിച്ചു. പിന്നെ എനിക്ക് കേൾക്കേണ്ടിയിരുന്നത് രജിത് കുമാറില്‍ നിന്നുമുള്ള കാര്യ കാരണ സഹിതമുള്ള ഒരു വിശദീകരണമാണ്. അതും കിട്ടിയില്ല. എന്‍റെ കണ്ണ് പകരം തരാം തുടങ്ങിയ കാര്യങ്ങളാണ് അദ്ദേഹം വിശദീകരണമായി പറഞ്ഞത്. ജീവിച്ചിരിക്കുന്നവരുടെ കണ്ണ് വേറെ ആൾക്ക് കൊടുക്കാൻ കഴിയുമോ? ചെയ്ത പ്രവൃത്തിക്ക് ഒരു വിശദീകരണം പോലുമില്ലാത്ത വ്യക്തിക്ക് ഞാൻ അകത്തു വരാൻ അവസരം നൽകണമോ? സംഭവം നടന്നപ്പോഴും അദ്ദേഹം സ്വന്തം കണ്ണിൽ മുളക് തേക്കുന്നത് പോലത്തെ കോപ്രായമാണ് അദ്ദേഹം ചെയ്തത്. അല്ലാതെ എന്ത് കൊണ്ടിത് ചെയ്തു എന്ന് ഇപ്പോഴും വിശദീകരിച്ചിട്ടില്ല
7 . ദൈവമാണ് എല്ലാം ചെയ്യുന്നത് എന്ന് പറയുന്ന രജിത് കുമാർ ഒരു ദൈവഭയവുമില്ലാതെ എന്‍റെ കണ്ണിൽ മുളക് തേച്ചു. അതേ ദൈവം എനിക്കാണ് അദ്ദേഹത്തെ തിരിച്ചെടുക്കണോ വേണ്ടേ എന്ന് തീരുമാനിക്കാനുള്ള അവസരം തന്നത്. എനിക്കതിൽ സന്തോഷവും അഭിമാനവുമുണ്ട്. അദ്ദേഹവും അദ്ദേഹത്തിന്‍റെ ഫാൻസും ഇപ്പോൾ ചെയ്തു കൊണ്ടിരിക്കുന്ന കാര്യങ്ങൾ തിരുത്താൻ ഒരവസരം നല്കാൻ ഞാൻ തീരുമാനിച്ചു. കാരണം ഇപ്പോൾ അദ്ദേഹത്തിന്‍റെ ചുറ്റും ബിഗ് ബോസ് വീട്ടിലായാലും പുറത്തായാലും സ്തുതിപാഠകർ മാത്രമേയുള്ളു. അപ്പൊ റിയാലിറ്റി പറയാൻ ഒരവസരം കിട്ടിയപ്പോൾ ഞാനത് ഉപയോഗിച്ചു. രജിത് കുമാർ ചെയ്യുന്ന പലതും തെറ്റാണ് എന്നൊരു വീണ്ടു വിചാരം കുറച്ചു പേർക്കെങ്കിലും ഉണ്ടാവാൻ എന്‍റെ ഈ തീരുമാനം ഉപകരിക്കും.
8 . ഒരു പ്രൊവൊക്കേഷനും ഇല്ലാതെയാണ് രജിത്കുമാർ എന്റെ കാരക്ടർ അസാസിനേഷൻ നടത്തിയിട്ടുള്ളതും ഫിസിക്കൽ അറ്റാക്ക് ചെയ്തിട്ടുള്ളതുമൊക്കെ. എന്നിട്ടും ലാലേട്ടൻ വന്നു വിശദീകരണം ചോദിച്ചപ്പോൾ അധ്യാപകൻ അങ്ങനെ ചെയ്യില്ല, ഞാൻ ചെയ്തില്ല എന്നൊക്കെ പറഞ്ഞു വീണ്ടും എന്നെ പരിഹസിക്കുന്നത് പോലെയാണ് എനിക്ക് തോന്നി. അകത്തു നടക്കുന്നതിനേക്കാൾ വലിയ പൊളിറ്റിക്സ് പുറത്താണ്.അത് കൊണ്ടാണ് എന്റെ കണ്ണിൽ മുളക് തേച്ചിട്ട് ഞാൻ തന്നെ ഈ ആഴ്ച പുറത്തു പോകേണ്ടി വന്നത് എന്ന് ഞാൻ അവിടെ നിന്നിറങ്ങുമ്പോൾ പറഞ്ഞത് വെറുതെയല്ല. എന്റെ കണ്ണിൽ മുളക് തേച്ചിട്ട് ഞാൻ ആശുപത്രിയിൽ പോയി വന്നപ്പോഴേക്കും രജിത് കുമാറിനെ ബിഗ് ബോസ് വീട്ടിൽ നിന്നും മാറ്റിയിരുന്നു. അതിന്‍റെ പ്രത്യാഘാതം എനിക്ക് അറിയാം. പുറത്തു എന്ത് നടക്കുന്നു എന്ന് എനിക്കൂഹിക്കാൻ കഴിഞ്ഞു.
അതിനാൽ എനിക്ക് അറിയാം ഇങ്ങനൊരു സംഭവമുണ്ടായ സ്ഥിതിക്ക് രജിത് കുമാർ എന്റെ കണ്ണിൽ മുളക് തേച്ചാലും ഞാൻ രജിത് കുമാറിന്റെ കണ്ണിൽ മുളക് തേച്ചാലും ആരാധകരുടെ കണ്ണിൽ ഞാനാകും പ്രതി എന്ന്. പുറത്തുള്ള അക്രമികളായ ഫാൻസ് എങ്ങനെയും എന്നെ പുറത്താക്കാൻ ശ്രമിക്കുമെന്നും രജിത് കുമാറിനെ ഞാൻ അകത്തു വരാൻ സമ്മതിച്ചാലും ഇല്ലെങ്കിലും ഇവർ എന്നെ ഈ ആഴ്ച പുറത്താക്കും എന്നെനിക്ക് അറിയാമായിരുന്നു.
എന്നെ ഒരു കാരണവുമില്ലാതെ ആക്രമിച്ച രജിത് കുമാറിനെ ഞാൻ മാപ്പ് കൊടുത്തു തിരിച്ചു കയറ്റിയത് കൊണ്ട് ഇവരാരും എന്നെ പുണ്യാളൻ ഒന്നും ആക്കാൻ പോകുന്നില്ലെന്ന് മാത്രമല്ല, എത്രയും പെട്ടന്ന് എന്നെ പുറത്താക്കി പുള്ളിയെ പുണ്യാളൻ ആക്കുകയും ചെയ്യും.
9 . എന്‍റെ കാര്യങ്ങളിലും എന്നെ വ്യക്തിപരമായ എല്ലാ കാര്യങ്ങളിലും ഞാൻ തന്നെയാണ് തീരുമാനമെടുക്കാറ്. അതിനാൽ അച്ഛനും അമ്മയും ലാലേട്ടനും ബിഗ് ബോസും വീട്ടിലുള്ളവരും ഒക്കെ സംസാരിക്കുമ്പോഴും എന്‍റെ തീരുമാനമാണ് അവസാന തീരുമാനം എന്ന് ബിഗ് ബോസ് പറഞ്ഞിരുന്നു. അതിനാൽ എനിക്ക് ശരി എന്ന് തോന്നിയത് ഞാൻ ചെയ്തു. അച്ഛൻ എന്നെ പിന്തിരിപ്പിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ എനിക്ക് ശരി എന്ന് കാര്യ കാരണ സഹിതം തോന്നിയ ഒന്നിൽ നിന്നും ഞാനിത് വരെ എത്ര സമ്മർദ്ദമുണ്ടായാലും പുറകോട്ട് പോയിട്ടില്ല. ഞാനായിട്ട് രജിത് കുമാറിനെ ഷോയിൽ നിന്നും പുറത്താക്കണമെന്നോ ഇയാൾ ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചു എന്നോ പറഞ്ഞിട്ടില്ല. അതൊക്കെ ചെയ്തത് ബിഗ് ബോസാണ്. അതിനു ശേഷം തിരിച്ചു കൊണ്ട് വരണോ എന്ന് മാത്രമാണ് എന്നോട് ചോദിച്ചത്. ഞാൻ 70 ദിവസം അനുഭവിച്ചതും അറിഞ്ഞതും വച്ച് നോക്കിയപ്പോൾ ഇതാണ് ശരിയായ തീരുമാനം എന്ന് തോന്നി.
10 . ഞാൻ ആ വീട്ടിൽ വേറെ ആരോടും ഇത് വരെ വഴക്കുണ്ടാക്കിയിട്ടില്ല. എന്റെ ഇൻസ്റ്റാഗ്രാമിൽ പേര് ബൈ പോളാർ മസ്താനി എന്നിട്ടത് എനിക്ക് ഭ്രാന്തുള്ളത് കൊണ്ടല്ല. മൂഡ് സ്വിങ് മാത്രമേ എനിക്കുള്ളൂ. എന്നാൽ എന്നോട് ഒരാൾ അബ്നോർമൽ ആയി പെരുമാറിയാൽ അത് തിരിച്ചറിയാൻ എനിക്ക് കഴിയും. കണ്ണിൽ മുളക് തേച്ചത് അവസാനത്തെ വിഷയമാണ്. രജിത് കുമാർ നിരന്തരം പല തരത്തിൽ മനുഷ്യരെ ഹരാസ് ചെയ്യുന്ന വ്യക്തിയാണ്. വീട്ടിനുള്ളിലാണെങ്കിൽ സർക്കാസം എന്ന പോലെയൊക്കെ ഡബിൾ മീനിങ് തമാശകളും അവിടെയുള്ള ചെറുപ്പക്കാർക്ക് അറിവ് പകരുക എന്ന പോലെ സെക്സിനെക്കുറിച്ചും കല്യാണത്തെക്കുറിച്ചും ക്ലാസ് എടുക്കലും ഒക്കെയാണ് ചെയ്യുന്നത്.
എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമല്ലെന്നു ഞാൻ രജിത് കുമാറിനോട് പറയാൻ ഇടയായ സാഹചര്യം ഇയാൾ കല്യാണത്തെക്കുറിക്കും കുഞ്ഞുങ്ങളെക്കുറിച്ചും സംസാരിക്കാൻ വന്നതിൽ നിന്നും രക്ഷപ്പെടാനും ഇയാളെ ഒഴിവാക്കാനും വേണ്ടിയാണു. എന്നിട്ടും അത് വളച്ചൊടിച്ചു എന്നെ നിരന്തരം അപമാനിച്ചു കൊണ്ടിരുന്നു. ഈ പറയുന്ന രജിത് കുമാർ സ്വന്തം കുഞ്ഞു ഭാര്യയുടെ കാലിനിടയിൽ കൂടി ഒഴുകി പോയതിനെക്കുറിച്ചു ഞങ്ങളോട് ക്രൂരമായ രീതിയിൽ വിവരിക്കുകയും ആ സമയത്ത് ആ സ്ത്രീയെ പരിഗണിക്കാതെ കല്യാണത്തിന് പോകുകയും ചെയ്ത വ്യക്തിയാണ്.
എനിക്ക് ഇത്തരം കാര്യങ്ങൾക്ക് എതിരെ പ്രതികരിക്കാൻ അവസരം കിട്ടി. ഞാനതു ചെയ്തു. പുറത്തുള്ള സൈബർ ആക്രമണങ്ങളെ ഞാൻ ഭയക്കുന്നില്ല. ഞാൻ ഈ ഷോയിൽ വിന്നറാവാൻ വന്ന ആളല്ല. രജിത് കുമാറും പറയുന്നത് പുള്ളി ഫ്ലാറ്റ് കിട്ടാനോ പണം കിട്ടാനോ വന്നതല്ല ഷോയിൽ എന്നാണ്. ഇതെല്ലം കൂടി പരിഗണിച്ചപ്പോ എനിക്ക് ഇതല്ലാത്ത ഒരു തീരുമാനവും എടുക്കാൻ ഉണ്ടായിരുന്നില്ല. രജിത് കുമാർ ഷോയിൽ നിന്നും പുറത്തു പോകുന്നതാണ് സമൂഹത്തിനും എനിക്കും ബിഗ് ബോസിനും നല്ലത് എന്ന് തോന്നി.