ബിഗ് ബോസില്‍ നിന്ന് വീണ പടിയിറങ്ങുമ്പോള്‍; ശക്തയായ മത്സരാര്‍ഥിക്ക് പിഴച്ചതെവിടെ?

By Sunitha Devadas  |  First Published Mar 9, 2020, 1:44 AM IST

ആര്യയേക്കാള്‍ മികച്ച മത്സരാര്‍ത്ഥിയായിരുന്നു വീണ. ആര്യയുടെ നിഴലായി ഒതുങ്ങിപ്പോയിടത്തു നിന്നാണ് വീണയ്ക്ക് പിഴച്ചു തുടങ്ങിയത്.


അങ്ങനെ വീണ നായര്‍ ബിഗ് ബോസില്‍ നിന്നും പുറത്തായിരിക്കുന്നു. ആദ്യമായിട്ടാണ് ശക്തയായ ഒരു മത്സരാര്‍ത്ഥി ബിഗ് ബോസില്‍ നിന്നും പുറത്ത് പോകുന്നത്. ഇതുവരെ ബിഗ് ബോസില്‍ നിന്നും പുറത്തായവരൊക്കെ മത്സരാര്‍ത്ഥികള്‍ എന്ന നിലയില്‍ പലതരത്തിലും ദുര്‍ബലരായിരുന്നു. എന്നാല്‍ വീണ നായര്‍ അങ്ങനെയല്ല. ബിഗ് ബോസ് വീട്ടിനുള്ളില്‍ ഏറ്റവുമധികം ഒച്ചയും ബഹളവും ചിരിയും കരച്ചിലും വഴക്കും ഒക്കെ ഉണ്ടാക്കിയിരുന്ന വീണ പുറത്തുപോകുമ്പോള്‍ അത് വീടിനെ എങ്ങനെയായിരിക്കും ബാധിക്കാന്‍ പോകുന്നത്? ആദ്യമായി വീണയ്ക്ക് പിഴച്ചത് എവിടെയൊക്കെയാണ് എന്ന് നോക്കാം..

Latest Videos

undefined

 

1. ആര്യയേക്കാള്‍ മികച്ച മത്സരാര്‍ത്ഥിയായ വീണ ആര്യയുടെ നിഴലായി ഒതുങ്ങിപ്പോയിടത്ത് നിന്നാണ് വീണയ്ക്ക് പിഴച്ചു തുടങ്ങിയത്.

2. സ്വന്തമായ ഗെയിം സ്ട്രാറ്റജിയെക്കാള്‍ ആര്യയുടെ കുതന്ത്രങ്ങള്‍ നടപ്പാക്കുന്നതിലായിരുന്നു വീണയുടെ ശ്രദ്ധ. ഒരിടക്ക് രജിത്തുമായി കൂട്ടുകൂടി വീണ ഗ്രൂപ്പ് മാറാന്‍ പോലും ഒരുങ്ങിയതാണ്. ആര്യയാണ് വീണയെ തിരിച്ചു കൊണ്ടുവന്നത്.

3. ബിഗ് ബോസിലെ കുലസ്ത്രീ ആയിരുന്നു വീണ. പലപ്പോഴും പുരോഗമനാശയങ്ങള്‍ക്കൊപ്പം നില്‍ക്കുന്നതിന് പകരം താനീ സിന്ദൂരം തൊട്ടിരിക്കുന്നത് തന്റെ കെട്ട്യോനെ സംരക്ഷിക്കാന്‍ എന്ന നിലയിലേക്കും അമിതമായ സദാചാര വശത്തേക്കുമൊക്കെ വീണ ചാഞ്ഞു നിന്നു.

4. വീണ വളരെ എക്‌സ്‌പ്രെസീവ് ആണ്. ചിലപ്പോള്‍ കലാകാരി ആയത് കൊണ്ടാവാം. എന്നാല്‍ ആദ്യദിനം മുതല്‍ പ്രേക്ഷകര്‍ കാണുന്നത് ആവശ്യത്തിനും അനാവശ്യത്തിനുമുള്ള വീണയുടെ കരച്ചിലുകളാണ്. അത് പ്രേക്ഷകര്‍ക്ക് പിന്നീട് വെറും തമാശയായി മാറുകയും വീണ കരയുമ്പോള്‍ ആര്‍ക്കും സഹതാപമോ സങ്കടമോ വരാതാവുകയും ചെയ്തു. വീണയുടെ കരച്ചിലുകള്‍ അങ്ങനെ വെറും ട്രോളായി മാറി.

5. അമ്മമാര്‍ക്ക് കുഞ്ഞുങ്ങളോടുള്ള അടുപ്പവും അവരെ കാണാതിരിക്കുമ്പോഴുള്ള വിഷമവും എല്ലാവര്‍ക്കും അറിയാം. എങ്കിലും ബിഗ് ബോസില്‍ ഗെയിം കളിക്കാന്‍ വന്ന വീണ 'അമ്പൂച്ചാ' എന്ന് വിളിച്ച് നിരന്തരം കരയുന്നതും പ്രേക്ഷകര്‍ ഗെയിം ആയി കണ്ടു. അത് കൂടാതെ വീണ ആദ്യ ആഴ്ചയില്‍  പറഞ്ഞ സ്വന്തം കഥയില്‍ കുറച്ച് അതിശയോക്തിയൊക്കെയുള്ളതായി പ്രേക്ഷകര്‍ക്ക് തോന്നി. വെറും 'സെന്റി ലൈന്‍' പിടിച്ച് ഗെയിം കളിക്കാനുള്ള വീണയുടെ നീക്കം അതോടെ പാളി.

 

6. വികാരങ്ങള്‍ നിയന്ത്രിക്കാനുള്ള കഴിവ് കുറവായത് കൊണ്ടോ ആത്മാര്‍ത്ഥത കൂടുതല്‍ കൊണ്ടോ ആവാം, ആ വീട്ടില്‍ നടന്ന എല്ലാ പ്രധാന അടിപിടിയിലും വീണ ഉണ്ടായിരുന്നു. ക്രമേണ വീണ ബിഗ് ബോസിലെ വഴക്കാളിയും ഗുണ്ടയുമായി മാറി.

7. ഫുക്രുവുമായുള്ള ബന്ധത്തില്‍ ആദ്യകാലങ്ങളില്‍ വീണയുടെ ഇടപെടല്‍ പ്രേക്ഷകര്‍ക്ക് അരോചകമായിരുന്നു. ഫുക്രുവിനെ ഇടംവലം തിരിയാന്‍ സമ്മതിക്കാതെ, സ്‌നേഹിച്ച് കൊല്ലുന്നത് മത്സരാര്‍ത്ഥി എന്ന നിലയില്‍ ഫുക്രുവിനും പ്രേക്ഷകര്‍ക്കും കുറച്ചു ബുദ്ധിമുട്ടായി. ഫുക്രു സംസാരിക്കുന്നില്ല എന്നും മറ്റുമുള്ള നിസ്സാര കാരണങ്ങള്‍ പറഞ്ഞുനടന്ന് കരയുന്നത് വീണ ശീലമാക്കിയത്  പ്രേക്ഷകര്‍ക്ക് അരോചകമായിരുന്നു.

8. കടങ്ങള്‍ വീട്ടാന്‍ വേണ്ടിയും ദാരിദ്ര്യം മാറ്റാന്‍ വേണ്ടിയും വീട് കെട്ടാന്‍ വേണ്ടിയുമാണ് ബിഗ് ബോസില്‍ വന്നത് എന്നുള്ള തുറന്നു പറച്ചിലും നിരന്തരമുള്ള ദാരിദ്ര്യം പറച്ചിലും വീണ എന്ന മത്സരാര്‍ത്ഥിയുടെ മാറ്റ് കുറച്ചു. പ്രത്യേകിച്ചും ഒന്നര മാസമെങ്കിലും നിന്നെങ്കിലേ തനിക്ക് കടം വീട്ടാനുള്ള പൈസ കിട്ടൂ എന്ന ചില പറച്ചിലുകള്‍.. ബിഗ് ബോസ് ഒരു ഗെയിം ആണെന്നും ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്നും അറിയാവുന്ന പ്രേക്ഷകര്‍ വീണയെ കൈവിട്ടു.

വീണ നായര്‍ പുറത്തു പോകുമ്പോള്‍ കളിയെ അതെങ്ങനെ ബാധിക്കും എന്ന് നോക്കാം. വീണ പുറത്തു പോകുമ്പോള്‍ തളരാന്‍ പോകുന്ന ഒരാള്‍ ആര്യയാണ്. വീണയുടെ ബലത്തിലും ശബ്ദത്തിലും സുരക്ഷിതത്വത്തിലും കരുതലിലും ഒക്കെയാണ് ആര്യ നില്‍ക്കുന്നത്. വീണ പോകുന്നതോടെ ആര്യ നേതൃത്വം നല്‍കുന്ന സെലിബ്രിറ്റി ടീം പൊളിയും. ദുര്‍ബലമാകും. ഇപ്പോള്‍ തന്നെ പാഷാണം ഷാജിയും ഫുക്രുവും ഒറ്റക്ക് കളിക്കുന്നവരായി മാറിയിട്ടുണ്ട്. വീണയുടെ പടിയിറക്കത്തോടെ ആര്യ ഒറ്റപ്പെടും, ദുര്‍ബലയാവും.

 

വീണയുടെ ബിഗ് ബോസ് വീട്ടിലെ ഇടപെടലുകള്‍ ഒന്ന് നോക്കാം..

വീണ അടിമുടി ഒരു കലാകാരിയാണ്. ആ വീടിനുള്ളില്‍ ഏറ്റവും കൂടുതല്‍ പെര്‍ഫോമന്‍സുകള്‍ കാഴ്ച വച്ചത് വീണയാണ്. പാട്ടായും ഡാന്‍സായും ഓട്ടന്‍ തുള്ളലായും ചാക്യാര്‍ കൂത്തായും നവരസങ്ങളായി വീണ ആ വീട്ടില്‍ നിറഞ്ഞു നില്‍ക്കുകയായിരുന്നു 64 ദിവസവും.
വീണയില്ലാത്ത ബിഗ് ബോസ് അടുക്കള, അവര്‍ ജയിലില്‍ കിടന്ന ദിവസം മാത്രമേ കണ്ടിട്ടുള്ളു. ബിഗ് ബോസിലെ എല്ലാ ദിവസവും ആരംഭിക്കുന്നത് പാട്ടോടു കൂടിയാണ്. അതിനൊപ്പം എല്ലാവരും കാണുന്ന ഒരു രംഗമാണ് കുളിച്ചു വൃത്തിയായി പൊട്ടൊക്കെ തൊട്ട വീണ അടുക്കളപ്പണിയെടുത്തു കൊണ്ട് ഡാന്‍സ് കളിക്കുന്നത്.

ബിഗ് ബോസ് വീട്ടില്‍ നടന്നിട്ടുള്ള എല്ലാ വഴക്കുകളിലും വീണ ഉണ്ടായിരുന്നു. ആദ്യ ദിവസങ്ങളിലൊക്കെ കണ്ണേട്ടനെയും അമ്പൂച്ചനെയും വിളിച്ചു കരഞ്ഞു പ്രേക്ഷകരെ വെറുപ്പിച്ച വീണ പിന്നീട് കരച്ചില്‍ നിര്‍ത്തുകയും മികച്ച മത്സരാര്‍ത്ഥി ആയി മാറുകയും ചെയ്തു. വീണയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ് എനര്‍ജിയാണ്. എല്ലാ ടാസ്‌കുകളിലും അവനവന്റെയോ കൂടെയുള്ളവരുടെയോ സുരക്ഷ പോലും നോക്കാതെ 'നാരായണ' എന്നും വിളിച്ച് മുഴുവന്‍ എനര്‍ജിയും ഉപയോഗിച്ച് പങ്കെടുക്കും. മറ്റുള്ളവരെ കെയര്‍ ചെയ്യുന്നതില്‍ വീണക്ക് പ്രത്യേക ഒരു കഴിവാണ്. ആ വീട്ടില്‍ ആര്‍ക്ക് വയ്യെങ്കിലും ആദ്യം ഓടിയെത്തുന്നതും ഉഴിയുന്നതുമൊക്കെ വീണയാണ്. മനുഷ്യത്വമുള്ള മത്സരരാര്‍ഥിയാണ്.
കമാന്റിങ് പവറാണ് മത്സരാര്‍ത്ഥി എന്ന നിലയില്‍ വീണയുടെ ശക്തി. ജസ്ലയെയും പവനെയും സുജോയെയും വീണ വിരല്‍ത്തുമ്പില്‍ നിര്‍ത്തിയിട്ടുണ്ട്. ബിഗ് ബോസ് സഹോദരിമാരുടെ മുന്നില്‍ മാത്രമാണ് വീണ പതറി പോയത്. ആ ആഴ്ച തന്നെ വീണ പടിയിറങ്ങുകയും ചെയ്യുന്നത് ചിലപ്പോള്‍ യാദൃശ്ചികമാവാം.

 

എന്തായാലും വീണയ്ക്ക് അഭിമാനിക്കാം. വീണ തന്റെ കഴിവിന്റെയും എനര്‍ജിയുടെയും 100 ശതമാനവും ആ വീട്ടില്‍ നല്‍കിയിട്ടുണ്ട്. പ്രേക്ഷകരുടെ മനസില്‍ ധാരാളം നല്ല നിമിഷങ്ങള്‍ നിലനിര്‍ത്തി തന്നെയാണ് വീണ പടിയിറങ്ങുന്നത്. വീണയെ കണ്ണേട്ടനൊപ്പവും അമ്പൂച്ചനൊപ്പവും നിറഞ്ഞ ചിരിയോടെ കാണാന്‍ നമുക്ക് കാത്തിരിക്കാം.

click me!