ബിഗ് ബോസ് വീട്ടിലും ജീവിതത്തിലും ഒരു റോൾ മോഡലായിട്ട് കാണുന്നത് മാഷിനെയാണ് എന്ന് ദയ അശ്വതി. സുനിത ദേവദാസ് നടത്തിയ അഭിമുഖം.
സോഷ്യൽ മീഡിയയിൽ വിവാദ വീഡിയോകൾ കൊണ്ട് ശ്രദ്ധിക്കപ്പെട്ട ദയ അശ്വതി ബിഗ് ബോസിൽ എത്തുമ്പോൾ പ്രേക്ഷകർ കരുതിയത് എല്ലാവരോടും ദയ സോഷ്യൽ മീഡിയയിൽ കാണുന്ന പോലെ പെരുമാറും എന്നാണ്. എന്നാൽ ബിഗ് ബോസിലെ ദയ നിരന്തരം കരയുകയും ബിഗ് ബോസിനോട് ആവലാതി പറയുകയുമായിരുന്നു ചെയ്‍തത്. ബിഗ് ബോസ് അനുഭവങ്ങളെക്കുറിച്ചു ദയ സംസാരിക്കുന്നു.
undefined
ദയ എങ്ങനെയാണു ബിഗ് ബോസിൽ എത്തിയത്?
കുറച്ചു കാലം മുൻപ് ഞാൻ സരിത എസ് നായരെക്കുറിച്ചു ഒരു വീഡിയോ ചെയ്‍തിരുന്നു. അത് തരംഗമായി. അങ്ങനെയാണ് സോഷ്യൽ മീഡിയയിൽ എന്നെ എല്ലാരും അറിഞ്ഞു തുടങ്ങിയത്. ബിഗ് ബോസ് സീസൺ 1 ലേക്ക് എന്നെ അവർ വിളിച്ചു. ഇന്റർവ്യൂ ഒക്കെ കഴിഞ്ഞെങ്കിലും കുറെ നാൾ കഴിഞ്ഞിട്ടും ഫൈനൽ കാൾ വന്നില്ല. കൂടാതെ ഷോ തുടങ്ങാൻ ലേറ്റ് ആയി. എനിക്ക് ബഹറിനിൽ ഒരു ജോലി കിട്ടിയപ്പോ ഞാൻ പോയി. പങ്കെടുക്കാൻ കഴിഞ്ഞില്ല.
രണ്ടാം സീസൺ വന്നപ്പോഴും എന്നെ വിളിച്ചു. എന്നാൽ അതിലും എനിക്ക് ആദ്യ തവണ എൻട്രി കിട്ടിയില്ല. പെട്ടന്നാണ് ഒരു ദിവസം എന്നെ വിളിച്ചു വൈൽഡ് കാർഡ് എൻട്രിയായി കയറാൻ ആവശ്യപ്പെടുന്നത്. എനിക്ക് മൂന്നു ദിവസമാണ് കിട്ടിയത്. ഞാൻ കയ്യിലുള്ള പത്തു ജോഡി വസ്‍ത്രവുമായി ബിഗ് ബോസിൽ പോയി. ബാക്കിയൊക്കെ നിങ്ങൾ കണ്ടല്ലോ.
ബിഗ് ബോസ് ജീവിതം എങ്ങനെയുണ്ടായിരുന്നു?
എനിക്ക് ഭയങ്കര സന്തോഷമായിരുന്നു. 22 വയസു മുതൽ 36 വയസു വരെ ഞാൻ ഒറ്റപ്പെട്ടു ജീവിക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ ഇത്രയും ആളുകളെ കിട്ടിയപ്പോള്‍ ഭയങ്കര സന്തോഷത്തിലായിരുന്നു. ബിഗ് ബോസിലേക്ക് പോകുന്നതിനു മുൻപ് കണ്ട ഒന്ന് രണ്ടു വീഡിയോയിൽ രജിത് മാഷ് ഒറ്റപ്പെട്ടിരിക്കുന്നതും അവിടെയുള്ള എല്ലാവരും മാഷിനെ ചീത്ത പറയുന്നതും ഒക്കെ കണ്ടിരുന്നു. എനിക്ക് പാവം തോന്നി. അതുകൊണ്ടു തന്നെ അവിടെ ചെല്ലുമ്പോൾ ഒറ്റക്ക് നിൽക്കുന്ന മാഷിന് കൂട്ടായി നിൽക്കണം എന്ന് ഞാൻ വിചാരിച്ചിരുന്നു.
അദ്ദേഹം അധ്യാപകനാണെന്നു എനിക്ക് അറിയാം. ആ ബഹുമാനം ഉണ്ടായിരുന്നു. ഞാൻ പത്താം ക്ലാസ് വരെയല്ലേ പഠിച്ചിട്ടുള്ളു. മാഷ് ഒറ്റക്ക് ഇരിക്കുന്നതിനേക്കാൾ നല്ലതല്ലേ എന്നോട് മിണ്ടുന്നത്. എനിക്ക് വിവരവും ഉണ്ടാവും, മാഷിന് വിരസതയും മാറും എന്ന് ഞാൻ വിചാരിച്ചു. അങ്ങനെ മാഷുമായി കൂട്ടായി.
രജിത് കുമാർ ദയയെ അടുപ്പിക്കാതായത് എപ്പോഴാണ്?
കണ്ണിനസുഖം വന്നു പുറത്തു പോയി വന്ന രഘു, സുജോ, പുതുതായി വന്ന അഭിരാമി, അമൃത എന്നിവർ എന്തോ പറഞ്ഞു കൊടുത്തിട്ടായിരിക്കും മാഷ് എന്നോട് അകന്നത് എന്നാണ് എന്റെ തോന്നൽ. അവർ വന്നത് മുതലാണ് മാഷ് എന്നോട് ദയയോടൊപ്പം ഇടപഴകുന്നത് ബുദ്ധിമുട്ടാണ്, ആളുകൾ തെറ്റിദ്ധരിക്കും എന്നൊക്കെ പറയാൻ തുടങ്ങിയത്. കോടതി ടാസ്ക്ക് വന്നപ്പോൾ അടക്കം മാഷ് എന്നോട് അടുത്താൽ ഇമേജ് പോകും എന്നാണ് പറഞ്ഞു കൊണ്ടിരുന്നത്. അപ്പോഴാണ് അങ്ങനെ ഇമേജ് പോകും എന്ന ഭയമുണ്ടായത് ഇപ്പോഴാണോ, മുൻപ് എന്നോട് ഐ ലവ് യൂവും എന്നെ ഗുസ്‍തിക്ക് വിളിക്കുകയും ഒക്കെ ചെയ്‍തിട്ടില്ലേ എന്ന് ചോദിച്ചത്. ഒരു പെണ്ണായ എന്റൊപ്പം ഗുസ്തി എന്നും പറഞ്ഞു കെട്ടിമറിയുമ്പഇമേജിനെക്കുറിച്ചു ബോധ്യമുണ്ടായിരുന്നില്ലല്ലോ എന്നാണ് ചോദിച്ചത്. അത് കൊണ്ടാണ് ഞാൻ പറയുന്നത് പുറത്തു പോയി കളി കണ്ടു വന്നവർ എന്തോ പറഞ്ഞിട്ടാണെന്ന്. മാഷ് നല്ല ആളാണ്.
ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ദയ സോഷ്യൽ മീഡിയയിലൂടെ രജിത് കുമാറിനെക്കുറിച്ചു നിരന്തരം പോസ്റ്റ് ഇടുന്നതായി കണ്ടിരുന്നു. എന്താണ് കാരണം?
ഞാൻ ബിഗ് ബോസിൽ നിന്നും പുറത്തിറങ്ങി സോഷ്യൽ മീഡിയയിൽ കയറിയപ്പോൾ കണ്ട കാഴ്‍ച ഞെട്ടിപ്പിക്കുന്നതും വേദനിപ്പിക്കുന്നതുമായിരുന്നു. എന്റെ പ്രൊഫൈൽ പിക്ച്ചറിന്റെ താഴെ പോലും മാഷിന്റെ ആരാധകർ എന്ന് പറയുന്ന ഒരു കൂട്ടം മനുഷ്യർ തെറി എഴുതി നിറക്കുന്നു. ഞാൻ മാഷിനെ വളക്കാൻ ശ്രമിക്കുന്നു, ആ വെള്ളം അങ്ങ് വാങ്ങി വെച്ചേക്ക് എന്നൊക്കെ അതിൽ ഉണ്ടായിരുന്നു. എന്നാൽ പിന്നെ ആ വെള്ളം വാങ്ങിവയ്‍ക്കുന്നില്ലെന്നു ഞാൻ തീരുമാനിച്ചു. പൊട്ടാനുള്ള കുരുവൊക്കെ പൊട്ടിത്തീരട്ടെ എന്ന് കരുതി. ടിക്‌റ്റോക്കിൽ ഞാനൊരു പാട്ട് പോസ്റ്റ് ചെയ്‍താൽ പോലും അതിന്റെ താഴെ തെറിവിളിയാണ്. ഈ മനുഷ്യർക്കൊക്കെ എന്തിന്റെ കുഴപ്പമാണ്? എനിക്ക് ഇതിലൊക്കെ നല്ല സങ്കടവും ദേഷ്യവും ഉണ്ട്.
ഞാൻ മാഷിന് ഒരു ദ്രോഹവും ചെയ്‍തിട്ടുള്ള ആളല്ല. എല്ലായ്‍പ്പോഴും സപ്പോർട്ട് ചെയ്യാനേ ശ്രമിച്ചിട്ടുള്ളു. ഒരു കൂട്ടം മനുഷ്യർ മാഷിന്റെ ആരാധകർ എന്നും പറഞ്ഞു എന്ന് ഒരാവശ്യവുമില്ലാതെ തെറിവിളിക്കുന്നത് എന്തിനാണ്? മാഷ് അവരോട് പറയണം ഈ തെറിവിളി നിർത്താൻ. അവരോട് ഞാൻ മാഷിന് ഒരു ഉപദ്രവവും ചെയ്‍തിട്ടില്ല എന്ന് മാഷ് പറയണം. ഞാൻ ഉപകാരം ചെയ്‍തെന്നു പറയണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. പക്ഷെ ഞാൻ മാഷിനെ ഉപദ്രവിച്ചിട്ടില്ലെന്നു മാഷ് തന്നെ പറഞ്ഞാലേ ഇവർ എന്നെ തെറിവിളിക്കുന്നത് നിർത്തു. എനിക്കും നാട്ടിൽ ജീവിക്കണം. ബിഗ് ബോസിൽ പോയത് കൊണ്ട് ജീവിതകാലം മുഴുവൻ തെറി കേട്ട് ജീവിക്കാൻ പറ്റില്ല. എന്നെ ഇവർ തെറിവിളിക്കുന്നത് കൊണ്ടും മാഷിന്റെ പേര് പറഞ്ഞു ട്രോളുന്നത് കൊണ്ടുമാണ് ഞാൻ തിരിച്ചും ഓരോന്നു ചെയ്യുന്നത്.
ബിഗ് ബോസ് അവിചാരിതമായി അവസാനിച്ചത് കോവിഡ് 19 കാരണമാണല്ലോ. 100 ദിവസം പൂർത്തിയായിരുന്നെങ്കിൽ ആരാവുമായിരുന്നു വിജയി?
എന്നെ സംബന്ധിച്ചിടത്തോളം ബിഗ് ബോസ് സീസൺ 2 വിജയി മാഷാണ്. മാഷ് പുറത്തു പോയാലും ജയിച്ചിട്ട് പോയി എന്ന ഞാൻ കരുതുന്നത്. മാഷ് ജയിക്കുന്നത് സ്വപ്‍നം കണ്ടു നടന്ന ആളാ ഞാൻ. ആ എന്നെയാണ് മാഷും ഫാൻസും തെറ്റിദ്ധരിക്കുന്നത്.
ചിന്നുവിനെ വേണമെന്ന് ആവശ്യപ്പെട്ടതും രഘുവിന്റെ മഞ്ഞ ടി ഷർട്ട് ആവശ്യപ്പെട്ടതുമൊക്കെ എന്തിനായിരുന്നു?
എനിക്ക് മാഷിനെ ഭയങ്കര ഇഷ്‍ടമാണ്. മാഷിന്റെ ഓറ്റക്കായിട്ട് ചിന്നുവിനെ എനിക്ക് വേണമെന്നുണ്ടായിരുന്നു. മാഷ് ഇനി വരില്ലെന്ന് പറഞ്ഞപ്പോള്‍ എനിക്ക് വിഷമമായി. അത് കൊണ്ടാ ചിന്നുവിനെ ചോദിച്ചത്.
രഘു കൂടെ നിന്ന് മാഷിനെ കാലുവാരിയ ആളാണ്. പുറത്തു പോയി കളി കണ്ടു വന്നിട്ട് കൂടെ കൂടി കളിച്ചു. മാഷ് രേഷ്‍മയുടെ കണ്ണിൽ മുളക് തേച്ച അന്ന് രഘു, ഞാൻ മാഷിനെ രജിത് കുമാറിനെ വെറുത്തു എന്ന് പറഞ്ഞു കൊണ്ട് മാഷിന്റെ വിളിപ്പേരായ ബാബുവേട്ടൻ എന്നെഴുതിയ മഞ്ഞ ടി ഷർട്ട് ഊരി വേസ്റ്റ് ബാസ്‌ക്കറ്റിൽ ഇട്ടു. അതെനിക്ക് ഭയങ്കര വിഷമമായി.
ആ വീട്ടിൽ എന്നെ രഘുവും സുജോയും അപമാനിച്ചതിന് കയ്യും കണക്കുമില്ല. എന്നോട് ഏറ്റവും കൂടുതൽ മോശമായി പെരുമാറിയത് ഇവരാണ്. ബിഗ് ബോസ് തീരുന്ന അന്ന് ഇവരെന്നോട് ചെയ്‍തത് എന്താന്നറിയാമോ? അവിടെ മാഷിന്റെ നാലഞ്ച് ഷെഡ്ഢി ഉണ്ടായിരുന്നു. ഇതെടുത്തിട്ട് സുജോ എന്നെ അവഹേളിക്കുന്ന പോലെ രഘുവിനോട് ഇതാർക്ക് കൊടുക്കണം എന്ന് ചോദിച്ചു. അപ്പൊള്‍ രഘു പറഞ്ഞു അത് ദയയ്‍ക്ക് കൊടുക്ക് എന്നൊക്കെ. എനിക്ക് ഇതൊക്കെ ഭയങ്കര വിഷമമായി. ഇവരൊക്കെ എന്നെ മാഷിന്റെ പേര് പറഞ്ഞു അപമാനിക്കുന്നതിനു ഒരു കയ്യും കണക്കുമില്ല. ഞാനും ഒരു മനുഷ്യനല്ലേ? സഹിക്കുന്നതിനും ഒരു പരിധിയില്ലേ.
രജിത് കുമാർ പോയതിനു ശേഷം ദയ അദ്ദേഹത്തെ അനുകരിക്കാൻ ശ്രമിച്ചിരുന്നോ? ഒറ്റക്ക് സംസാരിക്കുന്നതും അദ്ദേഹം ഇരിക്കുന്ന സ്ഥലത്തു ഇരിക്കുന്നതുമൊക്കെ കണ്ടിരുന്നു?
ഞാൻ ആ വീട്ടിലും ജീവിതത്തിലും ഒരു റോൾ മോഡലായിട്ട് കാണുന്നത് മാഷിനെയാണ്. എനിക്ക് അങ്ങനെ ബിഗ് ബോസിൽ ഗെയിം കളിക്കാനൊന്നും അറിയില്ല. ഞാൻ മാഷ് ചെയ്യുന്നതൊക്കെ കണ്ടിട്ടാണ് പഠിച്ചത്. മാഷ് ഒറ്റക്ക് സംസാരിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഞാനും ബിഗ് ബോസിനോട് സംസാരിക്കുമായിരുന്നു.
മാഷ് എന്നോട് പറഞ്ഞത് എനിക്കൊറ്റക്ക് നിൽക്കുന്നതാണ് ഇഷ്‍ടം എന്നാ. എന്നാൽ എനിക്ക് ഗതികേട് കൊണ്ടാ ഒറ്റക്ക് നിൽക്കേണ്ടി വന്നത്. ഞാൻ ആദ്യം വന്നപ്പോള്‍ മാഷിനോട് കൂട്ടായിരുന്നു. മാഷിന്റെ ഒപ്പമായിരുന്നു. പിന്നെ കണ്ണ് സൂക്കേട് വന്നു പോയി വന്നപ്പോഴേക്കും അവിടത്തെ കളിയൊക്കെ മാറിയിരുന്നു. പുറത്തു പോയി കളി കണ്ടു വന്ന രഘുവും സുജോയും അഭിരാമിയും അമൃതയും മാഷിനൊപ്പം കൂടിയിരുന്നു. എന്നെ അടുപ്പിക്കുന്നു ഉണ്ടായിരുന്നില്ല. അങ്ങനെ ഞാൻ ആര്യയുടെയും ഫുക്രുവിന്റെയും ഒപ്പമായി. എന്നാൽ മാഷ് രേഷ്‍മയുടെ കണ്ണിൽ മുളക് തേച്ചു പുറത്തു പോയതോടെ അവിടത്തെ കാര്യങ്ങൾ പിന്നെയും മാറി. ആര്യയും ഷാജിയും ഒരു ടീമായി ഇരുന്ന് എപ്പോഴും സംസാരിക്കും. ഞാൻ അടുത്തേക്ക് ചെല്ലുമ്പോ ഒരു മിനിറ്റെ, കുറച്ചു പ്രൈവറ്റ് കാര്യം പറയുകയാ, എന്ന് പറയും. എലീനയും ഫുക്രുവും കൂട്ടായതുകൊണ്ട് അവരും ഒന്നിച്ചിരിക്കും. മറ്റേ ടീമിലെ ആരും എന്നോട് മിണ്ടുമായിരുന്നില്ല. രഘുവും സുജോയും എപ്പഴും അപമാനിക്കുകയും ചെയ്യും. അങ്ങനെ ഞാൻ അവിടെ ശരിക്കും ഒറ്റപ്പെട്ടു. അത് കൊണ്ടാണ് ഒറ്റക്കിരിക്കേണ്ടി വന്നതും ഒറ്റക്ക് സംസാരിക്കേണ്ടി വന്നതും. പിന്നെ മാഷ് പറഞ്ഞിട്ടുണ്ട് അതാ നല്ലത് എന്ന്. മാഷ് അവിടെ ചെയ്യുന്നതൊക്കെ ഞാനും ചെയ്യും.
ദയ എലിമിനേഷന് ആളെ നിര്‍ദേശിക്കുമ്പോഴൊക്കെ അവരുടെ വ്യക്തിപരമായ കാര്യങ്ങളൊക്കെ പറഞ്ഞു പേരു പറയാറില്ലേ? തുണി അലക്കുന്നില്ല എന്നൊക്കെയുള്ള കാര്യങ്ങൾ? മറ്റുള്ളവർ എങ്ങനെ ജീവിക്കുന്നു എന്നതൊക്കെ ദയയ്ക്ക് പ്രശ്‍നമാണോ?
ബിഗ് ബോസ് എന്ന് പറയുന്നത് ജനങ്ങൾക്ക് കണ്ടു പഠിക്കാൻ ഉള്ള ഒരു പ്രോഗ്രാമാണ്. അപ്പൊ നമ്മൾ അവിടെ വൃത്തിയായി ജീവിക്കണം. അവിടെ നമ്മൾ വൃത്തിയില്ലാതെയും അടികൂടിയും ഒക്കെ ജീവിച്ചാൽ എന്ത് മാതൃകയാണ് അത് ജനങ്ങൾക്ക് നൽകുക. അവിടെ മുൻപ് ഈച്ചയൊന്നും ഇല്ലായിരുന്നു. അവിടെ ചിലരൊക്കെ ഇങ്ങനെ വൃത്തിയില്ലാത്ത ആയപ്പോഴാ ഈച്ചയൊക്കെ വന്നത്.
പക്ഷെ ദൈവം ഉണ്ട് എന്നെനിക്കുറപ്പാ. എന്നെ അപമാനിക്കാനും എനിക്ക് വിഷമമുണ്ടാവാനും വേണ്ടി അമൃതയും അഭിരാമിയും അലക്കാത്ത തുണി മുഴുവൻ വാരി കട്ടിലിൽ ഇട്ടിരുന്നു. അപ്പോഴാ ലാലേട്ടൻ വിചാരിതമായി വന്നു കയറിയത്. അതൊക്കെ ലാലേട്ടൻ നേരിട്ട് കണ്ടു.
ബിഗ് ബോസ് എന്നത് നല്ലത് കണ്ടു പഠിക്കാനും ചിലത് ഒരിക്കലും കണ്ടു പഠിക്കരുത് എന്നും കൂടി കാണിക്കാനുള്ള ഷോയാണ്. ദയയെ കണ്ടു എന്താണ് ജനങ്ങൾ പഠിക്കേണ്ടത് ?
എന്റെ വൃത്തിയും വെടിപ്പും ജനങ്ങൾക്ക് കണ്ടു പഠിക്കാവുന്നതാണ്. കൂടാതെ എന്തെങ്കിലും സംഭവമുണ്ടായത് ഞാൻ മറുപടി നൽകും. അതും കണ്ടു പഠിക്കണം.
രേഷ്‍മയുടെ കണ്ണിൽ രജിത് കുമാർ മുളക് തേച്ചതിനെക്കുറിച്ചു ദയയുടെ അഭിപ്രായം എന്താണ്?
മാഷ് നല്ലതായിട്ട് ഗെയിം കളിക്കുന്ന ആളാ. ഏത് ടാസ്ക്ക് വന്നാലും അതിൽ നിന്നും പരമാവധി പോയിന്റ് നേടാൻ മാഷ് ശ്രമിക്കും. സന്തോഷത്തിന്റെ വെള്ളരിപ്രാവ് എന്നും പറഞ്ഞാ ബിഗ് ബോസ് കോടതി ടാസ്ക്ക് തന്നത്. എല്ലാരും എല്ലാ പ്രശ്‍നവും പറഞ്ഞു തീർത്തു സന്തോഷമായിരിക്കാൻ വേണ്ടി. എന്നിട്ട് അവസാനം അത് വലിയ അടിപിടിയിലും ലഹളയിലും കലാശിച്ചില്ലേ? അതാണ് മാഷിന്റെ ഒരു കളി രീതി. മാഷ് തന്നെ ഓടി സ്വന്തം സ്വിമ്മിങ് പൂളിലൊക്കെ പോയി വീണു. ആരും ഒന്നും ചെയ്‍തിട്ടല്ല. സ്വന്തം പോയി വീഴുന്നതാ ആവേശം കൊണ്ട്.
സ്‌കൂൾ ടാസ്ക്ക് തന്നപ്പോഴും ബിഗ് ബോസ് പറഞ്ഞത് കുസൃതി നിറഞ്ഞ നിങ്ങളുടെ സ്‌കൂൾ ദിനങ്ങളിലേക്ക് തിരിച്ചു പോകാം എന്നാ. എന്നാൽ മാഷ് അത് കുറച്ചു കടന്നു ചെയ്‍തു. രേഷ്‍മയുടെ കണ്ണിനു അസുഖമുണ്ടെന്നു ,മറന്നു മുളക് തേച്ചു. വേണമെന്ന് കരുതി ഉപദ്രവിച്ചതൊന്നുമല്ല. പക്ഷെ കയ്യിൽ നിന്ന് പോയി. മാഷ് ചെയ്‍തത് തെറ്റാണ്. എന്നാലും മാപ്പ് പറഞ്ഞ സ്ഥിതിക്ക് രേഷ്‍മക്ക് മാപ്പ് കൊടുക്കാമായിരുന്നു എന്നാണ് എന്റെ അഭിപ്രായം.