'ചൈൽഡ്ഹുഡ് ഫ്രണ്ട് ആണ് ഫുക്രു', ഫേക്ക് എന്ന് വിളി കേള്‍ക്കേണ്ടി വന്നത് എന്തുകൊണ്ടെന്നും എലീന പടിക്കല്‍

By Sunitha Devadas  |  First Published Mar 22, 2020, 3:29 PM IST

ബിഗ് ബോസ്സില്‍ വിഷമിപ്പിച്ച സംഭവങ്ങള്‍ ഉണ്ടായതിനെ കുറിച്ചും തുറന്നുപറഞ്ഞ് എലീന പടിക്കല്‍.


ബിഗ് ബോസിൽ നിന്ന് പുറത്തിറങ്ങിയ അവസാന പത്തു മത്സരാര്‍ത്ഥികളിൽ ഒരാളാണ് എലീന പടിക്കൽ. എല്ലാവരും ആദ്യ ദിവസങ്ങളിൽ ഫേക്ക് എന്ന് വിളിക്കുകയും പിന്നീട് നിറഞ്ഞു സ്നേഹിക്കുകയും ചെയ്‍ത മത്സരാർത്ഥി. എലീന ബിഗ് ബോസിൽ നിന്ന് ഇറങ്ങിയ ശേഷം  വിശേഷങ്ങൾ പങ്കുവയ്‍ക്കുന്നു. സുനിത ദേവദാസ് നടത്തിയ അഭിമുഖം.

Latest Videos

undefined

 

ബിഗ് ബോസ് തുടങ്ങുമ്പോൾ വീണയെ പോലെ എലീനയെയും രാവിലെ കുളിച്ചൊരുങ്ങി ഡാൻസ് കളിക്കുന്ന ഒരു എനർജി ബലൂണായി  കാണാറുണ്ടായിരുന്നു? ആ ജീവിതചര്യ മാറ്റിയോ? ഇപ്പോഴും എഴുന്നേറ്റ് ഡാൻസ് കളിക്കുന്നുണ്ടോ?

ബിഗ്  ബോസിൽ ചെന്നപ്പോ ഞാനും രാജിനി ചാണ്ടി അമ്മച്ചിയും സുരേഷേട്ടനുമാണ് അവിടെ രാവിലെ എഴുന്നേൽക്കുന്നത്. ഞങ്ങൾ കുളിയൊക്കെ കഴിഞ്ഞു റെഡിയായി കഴിയുമ്പോഴാണ് പാട്ടൊക്കെ വരുന്നത്. പിന്നെ പിന്നെ എല്ലാവരും എന്നെ രാവിലെ ഉണർന്നു ബാക്കിയുള്ളവരുടെ ഉറക്കം കളയുന്നുവെന്നു പറയാൻ തുടങ്ങിയപ്പോ ഞാൻ ഉണർന്നിട്ട് അവിടെ തന്നെ കിടക്കും. എന്നിട്ട് പാട്ടു വരുമ്പോള്‍ ചാടിയെഴുന്നേൽക്കും. ഇപ്പോഴും ബിഗ് ബോസിന്റെ ഹാങ്ങ് ഓവർ മാറിയിട്ടില്ല. ഡാൻസ് ഒക്കെ കളിക്കാൻ തോന്നുന്നുണ്ട്.

രാവിലെ നേരത്തെ ഉണരുന്നത് എന്റെ ദിനചര്യയാണ്. വീട്ടിലാണെങ്കിൽ അഞ്ചരയ്‍ക്കും ആറു മണിക്കും ഇടയിൽ ഉണരും. രാത്രി ഒമ്പത് മണി കഴിഞ്ഞാൽ ഫോൺ ഒന്നും പിന്നെ നോക്കില്ല. ഉറങ്ങുമ്പോൾ വാതിൽ കുറ്റിയിട്ടില്ല. ഇതൊക്കെ എന്നെ മമ്മി പഠിപ്പിച്ചതാണ്. എന്നെ എല്ലാരും  കളിയാക്കി പെർഫെക്ഷനിസ്റ്റ് എന്ന് വിളിക്കും. ആദ്യമൊക്കെ ബിഗ് ബോസിൽ  ലൈറ്റ് ഓഫ് ചെയ്‍താൽ ഞാൻ ഓടി പോയി ഉറങ്ങുമായിരുന്നു.

 ബിഗ് ബോസിൽ എങ്ങനെയാണു സമയം അറിയുന്നത്? അവിടെ സമയം അറിയാനുള്ള മാർഗ്ഗമൊന്നുമില്ലല്ലോ?

അവിടെ അടുത്ത് എവിടെയോ ഒരു അമ്പലമുണ്ട്. അവിടെ രാവിലെ ആറു മണിക്ക് മണിയടിക്കും. പാട്ടൊക്കെ വക്കും. പിന്നെയേതോ ഫാക്ടറി ഉണ്ട്.  അവിടെ സൈറൺ അടിക്കും. അത് കൂടാതെ നിഴൽ നോക്കി സമയം നോക്കാനും ഞങ്ങൾ പഠിച്ചു. സുരേഷേട്ടനും ഷാജി ചേട്ടനുമൊക്കെയാ  അത് പറഞ്ഞു തന്നത്. മുന്നിൽ മുറ്റത്തു പോയി നിൽക്കുമ്പോള്‍ നിഴൽ മുന്നിലേക്കോ പുറകിലേക്കോ എന്ന് നോക്കി സമയം ഊഹിക്കും.

ബിഗ് ബോസ് ജീവിതം എങ്ങനെയുണ്ടായിരുന്നു?

അവിടെ ഞാനും ഫുക്രുവും ഷാജി ചേട്ടനും മഞ്ജു ചേച്ചിയും ഒരു ഫാമിലി പോലെ ആയിരുന്നു. അച്ചായിയും അമ്മയും പിള്ളേരും എന്ന പോലെ. എനിക്കത് ഭയങ്കര ഇഷ്‍ടമായിരുന്നു. ആര്യ ചേച്ചിയും ദയ ചേച്ചിയും വീണ ചേച്ചിയുമൊക്കെ ആ ഫാമിലിയിൽ ഉണ്ടായിരുന്നു.

ഞാൻ പൊതുവെ ഒരു ഹാപ്പി സോൾ ആണ്. അത്രയും സഹിക്കാൻ പറ്റാതെ വന്നാലേ കരയുകയൊക്കെയുള്ളൂ. അല്ലെങ്കിൽ സന്തോഷമായി എല്ലാ ജോലിയൊക്കെ ചെയ്‍തു കറങ്ങി നടക്കും. സുരേഷേട്ടൻ ഒരു പൊളി മനുഷ്യനായിരുന്നു. ഏറ്റവും ജനുവിൻ മത്സരാർത്ഥി. കുറെ കഥകളും ജീവിതാനുഭവങ്ങളും ഒക്കെയായിട്ട്. അഭിരാമിയും കിടു മത്സരാര്‍ത്ഥിയാണ്.

എലീനയെ കുറെ പേര് ഫേക്ക് എന്ന് വിചാരിക്കുന്നത് എന്തുകൊണ്ടാണ്?

 ഫുക്രുവൊക്കെ എന്നെ ആദ്യം ഫേക്ക് എന്ന് വിളിക്കുമായിരുന്നു. എനിക്ക് പിന്നീട് ഇവരോടൊക്കെ അന്വേഷിച്ചപ്പോൾ അതിന്റെ കാരണമായി മനസിലായത് എന്റെ എനർജിയും ജോലിയെടുക്കലുമൊക്കെയാണ്. എന്നോട് ആര് എന്ത് പറഞ്ഞാലും ഞാൻ മുഖം കറുപ്പിക്കാതെ ചെയ്യും. ഇപ്പോ ഒരു ഗ്ലാസ് വെള്ളം താ, അതിങ്ങെടുക്ക് , ഇതെടുക്കു അങ്ങനെ എന്ത് പറഞ്ഞാലും എനിക്ക് ചെയ്യാൻ മടിയില്ല. അത് പോലെ എല്ലാ ജോലിയും ചെയ്യും. പിന്നെ എന്നെ അമ്മ പഠിപ്പിച്ച കുറെ കാര്യങ്ങളുണ്ട്. അതൊക്കെ ഫോളോ ചെയ്യും. ഞാൻ എപ്പോഴും ആക്റ്റീവ് ആണ്. ഞാൻ ഒരു തെറ്റു ചെയ്തെന്നു ആരെങ്കിലും പറഞ്ഞാൽ അത് അക്സപ്റ്റ് ചെയ്യും. സോറി പറയും. ഇതൊക്കെ കാണുമ്പൊൾ ആളുകൾ പറയും ഇങ്ങനാവാൻ ആർക്കും പറ്റില്ല എന്ന്. ഇത് അഭിനയിക്കുകയാണെന്നു. ഫേക്ക് ആണെന്ന്. ഫേക്ക് ആണെങ്കിൽ എത്ര ദിവസം അങ്ങനെ ഇരിക്കാൻ പറ്റും? ഞാൻ അവിടെ ചെന്ന അന്ന് മുതൽ ഇറങ്ങുന്ന വരെയും അങ്ങനെ തന്നെ ആയിരുന്നു. അത് പിന്നീട് കുറച്ചു ദിവസം കഴിഞ്ഞപ്പോ എല്ലാവര്‍ക്കും മനസിലായി. ആര്യ ചേച്ചിക്കൊക്കെ ആദ്യം തെറ്റിദ്ധാരണ ഉണ്ടായിരുന്നു. പിന്നീട് മാറി. രജിത്തേട്ടൻ  പോലും എന്നെ ആട്ടിൻതോലിട്ട ചെന്നായ എന്നൊക്കെ വിളിച്ചിട്ടുണ്ടെങ്കിലും ഇതേ രജിത്തേട്ടൻ തന്നെ പറഞ്ഞിട്ടുണ്ട്, അച്ഛനമ്മമാർ നന്നായി വളർത്തിയ ഒരു പെൺകുട്ടിയാണ് ഞാൻ എന്നും ഇത് പോലത്തെ പെൺകുട്ടികൾ ഈ തലമുറയിൽ കുറവാണെന്നും.

രജിത് കുമാർ രേഷ്‍മയുടെ കണ്ണിൽ മുളക് തേച്ച സംഭവത്തിൽ എലീനയുടെ നിലപാട് എന്തായിരുന്നു?

അത് പൂർണമായും തെറ്റായി പോയി. രേഷ്‍മ കണ്ണിനു ശരിക്കും സുഖമാവാത്ത ആളാണ്. മുളക് തേച്ച അവളുടെ കണ്ണ് കണ്ടു ഞാൻ പേടിച്ചു പോയി. ചോരക്കളർ ആയിരുന്നു. ഭാഗ്യത്തിന് കണ്ണിനൊന്നും സംഭവിച്ചില്ല.

 ഫുക്രുവുമായുള്ള ബന്ധം എന്താണ്?

ചൈൽഡ് ഹുഡ് ഫ്രണ്ട് എന്ന് പറയാവുന്ന ഒരാൾ എല്ലാവര്‍ക്കും ഉണ്ടാവില്ലേ? എനിക്കങ്ങനെ ഒരാൾ ഇല്ലായിരുന്നു. എനിക്ക് അതാണ് ഇപ്പോ ഫുക്രു. ഒരേ വീട്ടിൽ ഉണ്ടുറങ്ങി ഉണ്ടായ സൗഹൃദം. എനിക്ക് ചൈൽഡ് ഹുഡ് ഫ്രണ്ട് ഒന്നും ഇല്ലാത്തതിന്റെ കാരണം ഞാൻ എപ്പോഴും അമ്മയുടെ കൂടെയാ എല്ലായിടത്തും പോകുന്നത്. ബിഗ് ബോസിലേക്ക് പോകുന്ന വരെ അമ്മയുടെ കൂടെയാ ഉറങ്ങുന്നത്. എനിക്ക് അങ്ങനെ എവിടെയും ഒറ്റയ്‍ക്ക് പോകാനോ നിൽക്കാനോ ഒന്നും അവസരം ഉണ്ടായിട്ടില്ല.

ബിഗ് ബോസിൽ ചെന്നപ്പോഴാണെങ്കിൽ അവിടെയുള്ള സാന്ദ്രയും രേഷ്‍മയും സുജോയുമൊക്കെ കാലങ്ങളായി ഒറ്റക്കൊക്കെ താമസിക്കുന്നവരാണ്. അതിന്റെയൊരു ഇൻഡിപെൻഡൻസിയും മെച്യൂരിറ്റിയും അവർക്കുണ്ടായിരുന്നു. എനിക്ക് അവരുമായി അങ്ങനൊരു ബന്ധമുണ്ടാക്കാൻ കഴിഞ്ഞില്ല. ആര്യ ചേച്ചിക്കൊക്കെ ആദ്യം എന്നോട് അടുപ്പമില്ലായിരുന്നു. സുരേഷേട്ടനായിരുന്നു എന്റെ കൂട്ട്. സുരേഷേട്ടൻ പോയപ്പോള്‍ ഞാൻ ഒറ്റക്കായി പോയി. അപ്പോഴാണ് ഫുക്രുവുമായി കൂട്ടാവുന്നത്. കൂട്ടായപ്പോള്‍ മനസിലായി ഞങ്ങൾ തമ്മിൽ ഒരുപാട് സാമ്യം ഉണ്ടെന്ന്. ഞങ്ങൾ രണ്ടു പേരും ഏകദേശം ഒരേ തരം മനുഷ്യരാണ്. ഒരേ പ്രായമാണ്. വണ്ടി ഇഷ്‍ടമുള്ള ആളുകളാണ്. ഞങ്ങൾ നല്ല കൂട്ടാണെങ്കിലും ഇൻഡിവിജ്വൽ പ്ലെയേഴ്‌സ് തന്നെയാണ്. നല്ല മത്സരബുദ്ധിയുള്ളവരാണ്. അങ്ങനെ ഞങ്ങൾക്ക് സംസാരിക്കാൻ കുറെ ഇഷ്‍ടമുള്ള വിഷയങ്ങൾ ഉണ്ടായി. ഞങ്ങൾ ഒരേ പോലുള്ള മനുഷ്യർ ആണെങ്കിലും ഞാൻ അവന്റെ അത്ര അഗ്രസീവ് അല്ല എന്നേയുള്ളു വ്യത്യാസം. ബിഗ് ബോസിൽ നിന്നിറങ്ങുമ്പോള്‍ ഇങ്ങനൊരു സുഹൃത്തിനെ കിട്ടിയതിൽ സന്തോഷമുണ്ട്.

ഓർക്കുമ്പോൾ വിഷമമുള്ള എന്തെങ്കിലും കാര്യം ബിഗ് ബോസിൽ ഉണ്ടായോ?

ഉണ്ടായിട്ടുണ്ട്. എനിക്ക് എന്നെ ആരെങ്കിലും വ്യക്തിഹത്യ ചെയ്യുന്നതൊക്കെ വലിയ വിഷമമാണ്. ഞാനും ഫുക്രുവും തമ്മിൽ പ്രണയം എന്നൊക്കെ പറഞ്ഞു പരത്താൻ ശ്രമിക്കുന്നത് വിഷമമായിട്ടുണ്ട്. സുജോയും രഘു ചേട്ടനും കൂടി ഞങ്ങൾ ബാത്‌റൂമിൽ എന്തോ ചെയ്തെന്നു പറഞ്ഞത് വലിയ വിഷമമായി. ആളുകൾ കാണുന്ന പ്രോഗ്രാം അല്ലെ? ഞങ്ങൾ അവിടെ സോഫയിൽ കാമറയ്ക്ക് മുന്നിലല്ലേ ഇരിക്കുന്നത്. അതിനെ ഇങ്ങനൊക്കെ വളച്ചൊടിച്ചത് വലിയ വിഷമമായി. കൂടാതെ ഞാൻ സുജോയുടെ പുറകെ നടന്നു എന്നൊക്കെ പറയുന്നതും വിഷമായിട്ടുണ്ട്. ഞാൻ അങ്ങനെ ഒരിക്കലും ചെയ്തിട്ടില്ല.

എന്തുകൊണ്ടാണ് എലിമിനേഷൻ വന്നപ്പോൾ ദയയുടെ പേര് പറഞ്ഞത്? ദയക്കതു വിഷമമായതു കൊണ്ടല്ലേ അത്രയും കരഞ്ഞു ബഹളം വച്ചത്?

ആര്യ ചേച്ചിയും ഷാജി ചേട്ടനും പോയപ്പോൾ എലിമിനേഷൻ ഇങ്ങനെ ആണെന്ന് മനസ്സിലായിരുന്നു. അപ്പോൾ ഞാൻ കരുതി എന്നെയും ഫുക്രുവിനേയും വിളിക്കും എന്ന്. എന്നാൽ ഫുക്രുവിനേയും രേഷ്‍മയെയും വിളിച്ചപ്പോ പുറത്തിരുന്നു ഞാനും ദയ ചേച്ചിയും ആരു പോകണം എന്ന് ചർച്ച ചെയ്‍തു. ആ ദിവസങ്ങളിൽ ദയ ചേച്ചി വലിയ സങ്കടത്തിലായിരുന്നു. വീട്ടിൽ പോകണമെന്ന് പറയുന്നുണ്ടായിരുന്നു. അപ്പോള്‍ ദയ ചേച്ചി തന്നെ ചേച്ചിയുടെ പേര് പറഞ്ഞോ എന്ന് പറഞ്ഞിരുന്നു. എന്നിട്ട് അകത്തു കയറി അത് പറഞ്ഞപ്പോ ചേച്ചി കരച്ചിലായി. ചേച്ചി കരഞ്ഞത് ശരിക്കും അമൃതയുടെയും അഭിരാമിയുടെയും പേര് ചേച്ചിക്ക് പറയാൻ കഴിയുന്നില്ലല്ലോ എന്നാണ്. പിന്നെ ദയ ചേച്ചി ഇങ്ങനൊക്കെയാണ്. കണ്ണിനസുഖം വന്നു പുറത്തു പോയപ്പോ ഞാനും ചേച്ചിയും ഒന്നിച്ചായിരുന്നു. ചേച്ചിയെ ഒരു 80 ശതമാനം എനിക്ക് അറിയാം. പിന്നെ ഞങ്ങൾ ഒന്നിച്ചു ജയിലിൽ ഒക്കെ കിടന്നു. ഞങ്ങൾ തമ്മിൽ ശരിക്കും നല്ല കൂട്ടാണ്. ഇതാണ് ദയ ചേച്ചി.

എലീനക്കൊരു സീരിയസ് പ്രണയമുണ്ടെന്ന് അവിടെ പലപ്പോഴും പറഞ്ഞു കേട്ടിട്ടുണ്ടല്ലോ? അതൊരു ഗെയിം സ്ട്രാറ്റജി ആയിരുന്നോ?

അല്ല. എനിക്ക് ശരിക്കും ഒരു പ്രണയമുണ്ട്. വീട്ടുകാർ സമ്മതിക്കുന്നത് വരെ ഞങ്ങൾ കാത്തിരിക്കും. വീട്ടുകാർ സമ്മതിക്കുമ്പോള്‍ കല്യാണം കഴിക്കും.

വീട്ടുകാർ സമ്മതിച്ചില്ലെങ്കിലോ?

ഇങ്ങനെ തന്നെ കാത്തിരിക്കും. വീട്ടുകാര്‍ സമ്മതിക്കുമെന്നെ. ഞാൻ ഒറ്റ മോളല്ലേ? അവർ എത്ര കാലം സമ്മതിക്കാതിരിക്കും? എന്നിട്ട് ഞങ്ങൾ കെട്ടും.

click me!