വിരലൊടിച്ച ഫുക്രു അകത്തിരിക്കുമ്പോള്‍ മുളക് തേച്ച രജിത് പുറത്തായത് എന്തുകൊണ്ട്?

By Sunitha Devadas  |  First Published Mar 15, 2020, 6:19 PM IST

ബിഗ് ബോസ് സീസൺ 2 വിൽ ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ രജിത് കുമാർ പുറത്തായി. സ്‌കൂൾ ടാസ്ക്കിനിടെ രേഷ്മയുടെ കണ്ണിൽ
മുളക് തേച്ചതിനാണ് രജിത്കുമാറിനെ ബിഗ് ബോസ് പുറത്താക്കിയത്.


ബിഗ് ബോസ് സീസൺ 2 വിൽ ഏറ്റവും കൂടുതൽ ആരാധകരെ ഉണ്ടാക്കിയ രജിത് കുമാർ പുറത്തായി. സ്‌കൂൾ ടാസ്ക്കിനിടെ രേഷ്മയുടെ കണ്ണിൽ
മുളക് തേച്ചതിനാണ് രജിത്കുമാറിനെ ബിഗ് ബോസ് പുറത്താക്കിയത്. രജിത് കുമാർ ഇപ്പോഴും പറയുന്നത് രജിത് കുമാർ എന്ന അധ്യാപകനല്ല, വിദ്യാര്‍ത്ഥിയായ രജിത് കുമാര്‍ രേഷ്മയുടെ കണ്ണിൽ മുളക് തേച്ചത് എന്നാണ്. അതോടൊപ്പം രജിത് കുമാറിന്റെ ആരാധകർ ചോദിക്കുന്നത് വിരൽ ഒടിച്ചവർ, കൈ ഒടിച്ചവർ, അടിവയറിൽ ചവിട്ടിയവർ ഒക്കെ ഇപ്പോഴും അവിടെയില്ലേ? പിന്നെന്തുകൊണ്ട് മുളക് തേച്ച രജിത് കുമാർ ഷോയിൽ നിന്നും പുറത്തായി എന്നാണ്.

ഇതുവരെ ആ വീട്ടിൽ എല്ലാവര്‍ക്കും അപകടം പറ്റിയിട്ടുള്ളത് ഫിസിക്കൽ ടാസ്ക്കിനിടക്കാണ്. ഫിസിക്കൽ ടാസ്ക് നൽകുമ്പോൾ ബിഗ് ബോസ് നിയമമായി തന്നെ പറയുന്നത് പരസ്പരം ബലം പ്രയോഗിക്കാം, ഉന്താം, തള്ളാം, പിടിച്ചു മാറ്റാം എന്നൊക്കെയാണ്. ഫിസിക്കൽ ടാസ്ക്കിനിടയിൽ പരസ്പരം സംഭവിക്കുന്ന അപകടങ്ങളെ ടാസ്ക്കിന്റെ ഭാഗമായിട്ടാണ് ബിഗ് ബോസ് കാണുന്നത്. രജിത് കുമാറിനെ  മുൻപ് ഫുക്രു അടിവയറ്റിൽ ചവിട്ടിയിരുന്നു. അന്ന് രജിത് കുമാറും ഫുക്രുവിനെ ചവിട്ടിയിരുന്നു. ജസ്ലയെ അന്ന് കയറിപ്പിടിച്ചു എന്നും പരാതിയുണ്ടായിരുന്നു. പാഷാണം ഷാജിക്ക് അപകടം പറ്റിയതും മഞ്ജു പത്രോസിനു സംഭവിച്ചതുമൊക്കെ ഫിസിക്കൽ ടാസ്ക്കിനിടയിലാണ്.

Latest Videos

undefined

അത് കൂടാതെ ഫുക്രുവും രജിത് കുമാറും തമ്മിൽ പരസ്പരം ഗ്ലാസ് ഡോറിൽ ബലം പിടിച്ചു തള്ളിയപ്പോഴും രജിത് കുമാറിന്‍റെ കൈക്ക് അപകടം സംഭവിച്ചിട്ടുണ്ട്. അത് ടാസ്ക്കിനിടെ ആയിരുന്നില്ല. അതിനാൽ ബിഗ് ബോസ് രണ്ടാളെയും വിളിച്ചു വാണിങ് നൽകുകയാണ് ചെയ്തത്. സുജോയുമായി രജിത് കുമാർ നടത്തിയ അടിയും ടാസ്ക്കിനിടെ ആയിരുന്നില്ല. അതിനാൽ ബിഗ് ബോസ് വിളിച്ചു വാണിങ് നൽകി. ഇതുവരെ ബിഗ് ബോസ് വീട്ടിൽ നിന്നും രജിത് കുമാറിന് രണ്ടു തവണ  വാണിങ് കിട്ടിയിട്ടുണ്ട്. ആദ്യം സുജോയുമായി അടിയുണ്ടാക്കിയപ്പോൾ. രണ്ടാമത്തെ തവണ ഫുക്രുവുമായി ഉന്തും തള്ളും നടത്തിയപ്പോൾ. ബിഗ് ബോസിലെ നിയമമനുസരിച്ചു ഇപ്പോൾ കിട്ടിയത് മൂന്നാമത്തെ വാണിങ് ആണ്. അതിനാൽ പുറത്തായി.

സ്‌കൂൾ ടാസ്ക് എന്ന് പറയുന്നത് ഒരു ഫിസിക്കൽ ടാസ്ക് അല്ല. അതൊരു മൈൻഡ് ഗെയിം ആയിരുന്നു. സൈക്കോളജിക്കൽ ടാസ്ക് ആയിരുന്നു. റോൾ റിവേഴ്സല്‍ ആയിരുന്നു ആ ടാസ്ക്. അധ്യാപകനായ രജിത് കുമാർ വിദ്യാർത്ഥിയും സ്‌കൂൾ ഡ്രോപ്പ് ഔട്ടും കോളേജ് ഡ്രോപ്പ് ഔട്ടും ഒക്കെയായ ആര്യയും ഫുക്രുവും ദയയും സുജോയും അധ്യാപകരും ആയ റോൾ റിവേഴ്സല്‍ ടാസ്ക്. അവിടെ മത്സരാര്‍ത്ഥികളെ ബിഗ് ബോസ് പരീക്ഷിച്ചത് സൈക്കോളജിക്കലായിട്ടാണ്. അവിടെ യാതൊരു ബലപ്രയോഗത്തിനോ ഉപദ്രവത്തിനോ സ്കോപ്പില്ല. വികൃതി കുട്ടി എന്നാൽ കണ്ണിൽ മുളക് വരെ തേക്കാം എന്ന് ചിന്തിച്ചത് തെറ്റാണ്.

ബിഗ് ബോസ് നൽകിയ സൈക്കോളജിക്കൽ ടാസ്കിൽ, മൈൻഡ് ഗെയിമിൽ ഒരു പ്രകോപനവുമില്ലാതെ കണ്ണിനു അസുഖമുള്ള മറ്റൊരു മത്സരാർത്ഥിയുടെ കണ്ണിൽ മുളക് തേച്ചതാണ് രജിത് കുമാർ ചെയ്ത കുറ്റം. പ്രകോപനമില്ലാതെ, ഒരു സാഹചര്യവുമില്ലാതെ ഒരാളുടെ കണ്ണിൽ മുളക് തേക്കുന്നതും ഫിസിക്കൽ ടാസ്ക്ക് നടക്കുമ്പോൾ പരസ്പരമുള്ള ഉന്തിലും തള്ളിലും പരിക്ക് പറ്റുന്നതും ഒരു പോലല്ല. അത് കൊണ്ടാണ് വിരൽ ഒടിച്ചവരും കാൽ ചതച്ചവരും അകത്തിരിക്കുമ്പോൾ കണ്ണിൽ മുളക് തേച്ച രജിത് കുമാർ പുറത്തേക്ക് പോകേണ്ടി വന്നത്.

അടുത്ത ചോദ്യം മാപ്പ് പറഞ്ഞാൽ തിരിച്ചെടുത്തു കൂടെ എന്നാണ്. രണ്ടു തവണ വാണിങ്ങും മാപ്പും നൽകിയാണ് ഇദ്ദേഹത്തെ ഇതുവരെ ഷോയിൽ നിലനിർത്തിയിരുന്നത്. മൂന്നാമത്തെ സംഭവത്തിൽ രേഷ്മയുടെ കണ്ണിലാണ് മുളക് തേച്ചത്. രേഷ്മക്ക് അതിൽ പരാതിയുണ്ട്. ഇതൊരു ഗെയിം ആണെങ്കിലും ബിഗ് ബോസിന്റെ നിയമത്തിനപ്പുറം രാജ്യത്തിന്‍റെ നിയമവും പോലീസ് സ്റ്റേഷനും ജുഡീഷ്യറിയും ഉണ്ട്. രേഷ്മക്ക് പരാതിയുള്ളതു കൊണ്ട് രജിത് കുമാറിന് പുറത്തേക്ക് പോകുകയല്ലാതെ മറ്റു വഴികളില്ല എന്നതാണ് സത്യം. അങ്ങനെയാണ് രജിത് കുമാർ ഷോയിൽ നിന്നും പുറത്തായത്. ഇതിൽ രേഷ്മയെയോ ബിഗ് ബോസിനെയോ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. രജിത് കുമാർ നിരന്തരം നിയമലംഘനം നടത്തിയതിനാണ് പുറത്തായത്.

click me!