ബിഗ് ബോസ് മലയാളം രണ്ടാം സീസണിന് തുടക്കം, മത്സരിക്കാൻ സുരേഷ് കൃഷ്‍ണൻ.
ഒട്ടേറെ പ്രത്യേകതകളോടെയായിരുന്നു കഴിഞ്ഞ തവണ ബിഗ് ബോസ് അവസാനിച്ചത്. മലയാളം കണ്ട ഏറ്റവും വലിയ റിയാലിറ്റി ഷോയായി മാറിയായിരുന്നു ബിഗ്‍ ബോസ് അവസാനിച്ചത്. അതിന്റെ ചിരിയും സങ്കടമെല്ലാം ഇന്നും മലയാളി പ്രേക്ഷകരിലുണ്ടാകും. രണ്ടാം ഭാഗം എത്തുമ്പോള്‍ മത്സരാര്‍ഥികളെ കുറിച്ച് തന്നെയാകും പ്രേക്ഷകരുടെ ചോദ്യം. ഇതാ ബിഗ് ബോസ്സില്‍ ഒരു സംവിധായകനും എത്തിയിരിക്കുന്നു. അച്ഛനെയാണ് എനിക്കിഷ്‍ടം എന്ന സുന്ദരമായ സിനിമയുടെ സംവിധായകൻ സുരേഷ്‍ കൃഷ്‍ണനാണ് ബിഗ് ബോസ്സില്‍ അതിഥിയായി എത്തിയിരിക്കുന്നത്.
മോഹൻലാലിന്റെ ബട്ടര്‍ഫ്ലൈസ് എന്ന സിനിമയിലൂടെയാണ് സുരേഷ്‍ കൃഷ്‍ണന്റെ തുടക്കം. രാജീവ് അഞ്ചലിന്റെ അസിസ്റ്റന്റ് ഡയറക്ടറായിട്ടാണ് സിനിമയില്‍ എത്തിയത്. മോഹൻലാലിന്റെയൊപ്പമുള്ള തുടക്കം പിന്നീട് പ്രിയദര്‍ശന്റെ അടുത്തേയ്‍ക്കും എത്തിച്ചു. പിന്നീടങ്ങോട്ട് പ്രിയദര്‍ശന്റെ ഒട്ടനവധി ചിത്രങ്ങളില്‍ സഹസംവിധായകനായി പ്രതിഭ തെളിയിച്ചു. ഒടുവില്‍ സ്വതന്ത്രസംവിധായകനുമായി. 1997ല്‍ ഭാരതീയം ആയിരുന്നു ആദ്യത്തെ സിനിമ. ഒരു കുഞ്ഞു സിനിമ എന്ന നിലയില്‍ ഭാരതീയം ശ്രദ്ധപിടിച്ചു പറ്റി. സുരേഷ് ഗോപിയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലുണ്ടായിരുന്നു. അടുത്തതായിരുന്നു 2001ല്‍ എത്തിയ അച്ഛനെയാണ് എനിക്ക് ഇഷ്‍ടം എന്ന സിനിമ. കലാഭവൻ മണിയും ബിജു മേനോനും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി. സിനിമയിലെ പാട്ടുകളും കഥ പറയുന്ന രീതിയും ശ്രദ്ധിക്കപ്പെട്ടു.
പതിനൊന്നില്‍ വ്യാഴം ആയിരുന്നു അടുത്ത സിനിമ. മുകേഷ് ആയിരുന്നു നായകൻ. ചിരി നമ്പറുകളുണ്ടായിരുന്നെങ്കിലും സിനിമ അത്ര കണ്ട് ശ്രദ്ധിക്കപ്പെട്ടില്ല.
സ്വതന്ത്ര സംവിധായകനായി മാറിയെങ്കിലും സുരേഷ് കൃഷ്‍ണൻ പിന്നീടും പ്രിയദര്‍ശനൊപ്പം പ്രവര്‍ത്തിച്ചു. അസിസ്റ്റന്റ് ഡയറക്ടറായി തുടങ്ങിയ സുരേഷ് കൃഷ്‍ണൻ അസോസിയേറ്റ് ഡയറക്ടറായി മാറി. പ്രിയദര്‍ശന്റെ ഒട്ടനവധി സിനിമകളില്‍ നിര്‍ണ്ണായകസ്വാധീനമായി. അസാമാന്യ നര്‍മ്മ ബോധമുള്ളയാളാണ് സുരേഷ് കൃഷ്‍ണനെന്ന് അച്ഛനെയാണെനിക്കിഷ്‍ടം സിനിമയുടെ തിരക്കഥാകൃത്തായ സുരേഷ് പൊതുവാള്‍ പറയുന്നു. സൌഹൃദസദസ്സുകളില്‍ ചിരിമുഴക്കം സൃഷ്‍ടിക്കാൻ സുരേഷ് കൃഷ്‍ണനെന്ന് സംവിധായകൻ കൂടിയായ സുരേഷ് പൊതുവാള്‍ പറഞ്ഞു.
സുരേഷ് കൃഷ്‍ണൻ പ്രവര്‍ത്തിച്ച ഒരുപാട് സിനിമകളില്‍ നായകനായി എത്തിയ മോഹൻലാല്‍ ആണ് ഇത്തവണയും ബിഗ് ബോസ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. അതുകൊണ്ടുതന്നെ ഇരുവരുടെയും സംഭാഷണങ്ങളും ഓര്‍മ്മകളും പ്രേക്ഷകരുടെയും പ്രിയപ്പെട്ടതായി മാറും.