'ഗ്രൂപ്പിന്റെ ഭാഗമായതാണ് ബിഗ് ബോസില്‍ എനിക്ക് സംഭവിച്ച തെറ്റ്'; വീണ നായരുമായി അഭിമുഖം

By Sunitha Devadas  |  First Published Mar 13, 2020, 7:38 PM IST

'ഞാനവിടെ ചെന്നപ്പോള്‍ത്തന്നെ ഇക്കാര്യം രഹസ്യമായി ആര്യയോട് പറഞ്ഞിരുന്നു. എന്റെ അച്ഛനെ കാണാന്‍ ഇങ്ങനെ തന്നെ ആയിരുന്നു. എന്റെ അച്ഛന്റെ നക്ഷത്രവും തൃക്കേട്ടയാണ്. അവര്‍ രണ്ടു പേരും ജനിച്ച മാസവും ഒന്നാണ്. സ്വഭാവം വ്യത്യാസമുണ്ട്. അച്ഛന്‍ ഇങ്ങനെയല്ല പെരുമാറുന്നത്. എന്നാല്‍ എനിക്കത് ഒരിക്കലും ആളുകള്‍ക്ക് മുന്നില്‍ പറയാന്‍ തോന്നിയില്ല. ഗെയിം സ്ട്രാറ്റജി എന്ന് അവിടെയുള്ളവരും പുറത്തുള്ളവരും പറയുമോ എന്ന് കരുതിയാണ് അവസാനം വരെ പറയാതിരുന്നത്..' ബിഗ് ബോസില്‍ നിന്ന് പുറത്തെത്തിയതിന് ശേഷം വീണ നായരുടെ ആദ്യ അഭിമുഖം


ബിഗ് ബോസ് സീസണ്‍ രണ്ടിലെ മികച്ച മത്സരാര്‍ത്ഥികളില്‍ ഒരാളായിരുന്ന വീണ നായര്‍ ബിഗ് ബോസില്‍ നിന്നിറങ്ങി നേരെ പറന്നത് ദുബായിലേക്കാണ്. വീണയുടെ കണ്ണേട്ടന്റെയും കുഞ്ഞ് അമ്പാടിയുടെയും അടുത്തേക്ക്. വീണയിപ്പോള്‍ ദുബായില്‍ അമ്പൂച്ചനെയും കളിപ്പിച്ചുകൊണ്ട് സന്തോഷമായി ഇരിക്കുന്നുണ്ട്.

ബിഗ് ബോസ് ഒരു എന്റര്‍ടെയ്ന്‍മെന്റ് ഷോ ആയതുകൊണ്ട് വീണ അതിലെ മികച്ച മത്സരാര്‍ത്ഥി ആയിരുന്നു. വീണ നമ്മളെയൊക്കെ ആവുന്ന എല്ലാ തരത്തിലും രസിപ്പിച്ചിട്ടുണ്ട്. പാട്ട്, ഡാന്‍സ്, ഓട്ടന്‍ തുള്ളല്‍, ചാക്യാര്‍ കൂത്ത്, മിമിക്രി തുടങ്ങി വീണ അവിടെ ചെയ്യാത്ത ഒരു കലാരൂപവും ഇല്ല. അതുകൂടാതെ വീണ പ്രേക്ഷകന്റെ എല്ലാത്തരം ഇമോഷനുകളെയും സ്പര്‍ശിച്ച് കടന്നുപോയിട്ടുമുണ്ട്. രാവിലെ ഷോ തുടങ്ങുമ്പോള്‍ കുളിച്ച് സുന്ദരിയായി അടുക്കളയില്‍, പിന്നെ ആ വീട്ടില്‍ എന്ത് നടന്നാലും വീണ അവിടെയുണ്ടായിരുന്നു. അടിയാണോ, വീണയുണ്ട്. അന്താക്ഷരിയാണോ, വീണയുണ്ട്. അഭിനയമാണോ, വീണയുണ്ട്. സ്വയംമറന്ന് ടാസ്‌കുകള്‍ ചെയ്യുന്ന മത്സരാര്‍ത്ഥി. അവിടെയുള്ള സഹമത്സരാര്‍ത്ഥികളെപ്പോലും വീണ അനുകരിച്ച് കാണിക്കുമായിരുന്നു. ലാലേട്ടനെപ്പോലെ നടക്കുമായിരുന്നു. ബിഗ് ബോസില്‍ വീണ ഒരു പാക്കേജ് ആയിരുന്നു. അതില്‍ എല്ലാമുണ്ട്. ഫൈനല്‍ അഞ്ചില്‍ വരാന്‍ യോഗ്യയായ മത്സരാര്‍ത്ഥി, ഭാഗ്യം തുണയ്ക്കാത്തതുകൊണ്ട് മാത്രം ഇപ്പോള്‍ പുറത്തുണ്ട്. ആ സകലകലാവല്ലഭയായ വീണ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനോട് സംസാരിക്കുന്നു. ബിഗ് ബോസിനെക്കുറിച്ച്, അച്ഛന്റെ ഛായയുള്ള രജിത് കുമാറിനെക്കുറിച്ച്, പ്രിയകൂട്ടുകാരി ആര്യയെക്കുറിച്ച്. എക്‌സ്‌ക്ലൂസീവ് അഭിമുഖം.

Latest Videos

പുറത്തിറങ്ങിയപ്പോള്‍ എന്ത് തോന്നുന്നു?

സത്യത്തില്‍ സന്തോഷം തോന്നുന്നു. ഞാന്‍ ഷോയിലുടനീളം പറഞ്ഞിരുന്നത് പോലെ എന്റെ ലോകം കണ്ണേട്ടനും കുഞ്ഞുമാണ്. രണ്ടു മാസത്തിനു ശേഷം അവരെ കണ്ട സന്തോഷത്തിലാണ് ഞാന്‍. ഞാന്‍ കറക്ട് സമയത്താണ് പുറത്തിറങ്ങിയത് എന്നാണിപ്പോള്‍ തോന്നുന്നത്. ഇനി അവിടെ നില്‍ക്കുന്നത് എനിക്കും സുഖകരമായിരുന്നില്ല. കുഞ്ഞിനെ എനിക്ക് വല്ലാതെ മിസ് ചെയ്യുന്നുണ്ടായിരുന്നു. വീടിനകത്തും ബന്ധങ്ങളൊക്കെ മാറിത്തുടങ്ങി.

 

പുറത്തിറങ്ങിയിട്ട് ഷോ കണ്ടോ? കണ്ടിട്ട് എന്തുതോന്നി?

അങ്ങനെയൊന്നും കാണാന്‍ പറ്റിയിട്ടില്ല. ചില ചെറിയ ക്ലിപ്പുകളൊക്കെ കണ്ടു. പിന്നെ കഴിഞ്ഞ രണ്ട്, മൂന്ന് ദിവസത്തെ എപ്പിസോഡുകളും കണ്ടു.

കഴിഞ്ഞ ദിവസത്തെ എപ്പിസോഡില്‍ രജിത് കുമാര്‍ രേഷ്മയുടെ കണ്ണില്‍ മുളക് തേച്ച ഒരു സംഭവമുണ്ടായത് കണ്ടിരിക്കുമല്ലോ. അതേത്തുടര്‍ന്ന് രജിത് കുമാര്‍ ഷോയില്‍ നിന്നും താല്‍ക്കാലികമായി പുറത്താവുകയും ചെയ്തു. എപ്പിസോഡ് കണ്ടപ്പോള്‍ എന്തുതോന്നി?

രജിത്തേട്ടന്‍ എന്തിനങ്ങനെ ചെയ്തു എന്നത് എല്ലാവരും അതിശയിക്കുന്നതുപോലെ ഞാനും അത്ഭുതത്തോടെ നോക്കിയിരിക്കുകയാണ്. ഇത് വല്ല ടാസ്‌കിന്റെ ഭാഗമാണോ, ഹിഡന്‍ ടാസ്‌ക്ക് ആണോ എന്നൊന്നും എനിക്ക് ശരിക്കും മനസിലായിട്ടില്ല. താല്‍ക്കാലികമായി രജിത്തേട്ടനെ പുറത്താക്കി എന്നല്ലേ പറഞ്ഞിരിക്കുന്നത്. താല്‍ക്കാലികമായി പുറത്താക്കി എന്ന് ബിഗ് ബോസ് അനൗണ്‍സ് ചെയ്തതുകൊണ്ട് അവിടത്തെ റൂള്‍ അനുസരിച്ചു രജിത്തേട്ടന്‍ തിരിച്ചു വരുമെന്ന് 100 ശതമാനം ഉറപ്പാണ്. പൂര്‍ണമായും പോയിട്ടില്ല. ഒരു ശിക്ഷയെന്ന നിലയില്‍ മൂന്നാലു ദിവസത്തേക്ക് മാറ്റിയതായിരിക്കാം.

 

ഇനി അതല്ല മുളക് തേച്ചിട്ടുണ്ടെങ്കില്‍ അത് മോശം തന്നെയാണ്. കാരണം രേഷ്മക്ക് കോര്‍ണിയക്ക് അസുഖമുള്ള കുട്ടിയാണ്. സംഭവത്തിന്റെ സത്യാവസ്ഥ എനിക്ക് അറിയില്ല. പിന്നെ ബിഗ് ബോസ് ഷോയെ സംബന്ധിച്ച് അവിടെ ആരില്ലെങ്കിലും അവര്‍ ഷോ നടത്തും. ഞാനില്ലെങ്കിലും രജിത്തേട്ടന്‍ ഇല്ലെങ്കിലും ഏത് മത്സരാര്‍ത്ഥി ഇല്ലെങ്കിലും അവിടെ ഉള്ളവര്‍ ആരാണോ അവരെവെച്ച് എപ്പിസോഡുകള്‍ മുന്നോട്ട് പോവുകതന്നെ  ചെയ്യും.

രജിത് കുമാറിന് വീണയുടെ അച്ഛന്റെ ഛായയാണെന്നു പറയുകയുണ്ടായല്ലോ. എപ്പോഴാണ് വീണ അത് തിരിച്ചറിയുന്നത്? അച്ഛന്റെ ഒരു ഫോട്ടോ തരുമോ?

ഞാനവിടെ ചെന്നപ്പോള്‍ത്തന്നെ ഇക്കാര്യം രഹസ്യമായി ആര്യയോട് പറഞ്ഞിരുന്നു. എന്റെ അച്ഛനെ കാണാന്‍ ഇങ്ങനെ തന്നെ ആയിരുന്നു. എന്റെ അച്ഛന്റെ നക്ഷത്രവും തൃക്കേട്ടയാണ്. അവര്‍ രണ്ടു പേരും ജനിച്ച മാസവും ഒന്നാണ്. സ്വഭാവം വ്യത്യാസമുണ്ട്. അച്ഛന്‍ ഇങ്ങനെയല്ല പെരുമാറുന്നത്. എന്നാല്‍ എനിക്കത് ഒരിക്കലും ആളുകള്‍ക്ക് മുന്നില്‍ പറയാന്‍ തോന്നിയില്ല. ഗെയിം സ്ട്രാറ്റജി എന്ന് അവിടെയുള്ളവരും പുറത്തുള്ളവരും പറയുമോ എന്ന് കരുതിയാണ് അവസാനം വരെ പറയാതിരുന്നത്. ഞങ്ങള്‍ക്കെല്ലാവര്‍ക്കും കണ്ണിന് അസുഖം വന്ന്, ആശുപത്രിയില്‍ ടെസ്റ്റ് ചെയ്യാന്‍ കൊണ്ടുപോയപ്പോള്‍ ഞാന്‍ രജിത്തേട്ടനോട് ഇക്കാര്യം പറഞ്ഞിരുന്നു. രജിത്തേട്ടന്റെ അടുത്ത് വഴക്കൊക്കെ ഉണ്ടാകുമ്പോഴും എനിക്ക് പുള്ളിയെ ഇക്കാര്യം കൊണ്ട് ഇഷ്ടമായിരുന്നു. ഇഷ്ടമുള്ളത് കൊണ്ടാണ് ഇങ്ങനെ ചൊറിഞ്ഞോണ്ട് ചെല്ലുന്നത്.

 

രജിത്തേട്ടന്‍ ആദ്യ ആഴ്ചയിലുള്ള ആളായിരുന്നില്ല പിന്നീടുള്ള ഓരോ ആഴ്ചയിലും. ഓരോ ആഴ്ചയിലും രജിത്തേട്ടന്‍ ഒരു പുതിയ ആളാണ്. പുള്ളി സത്യം മാത്രമേ പറയൂ. മികച്ച പ്ലെയറാണ്. എങ്ങനെ ഷോയില്‍ നില്‍ക്കണമെന്ന് അറിയാം. ആദ്യം മുതലേ എങ്ങനെ ഗെയിം കളിക്കണമെന്ന് അറിയാവുന്ന ഒരേയൊരാള്‍ രജിത്തേട്ടനാണ്. നല്ല മനുഷ്യനാണെങ്കിലും നമ്മളാരും പറയുന്ന ഒന്നും അംഗീകരിക്കില്ല. ഒരുപക്ഷെ ഒരുപാട് കാര്യങ്ങള്‍ അറിയാവുന്ന ആളായത് കൊണ്ടാവാം. ഒരുപാട് നല്ല ഗുണങ്ങള്‍ ഉണ്ടെങ്കിലും നമ്മളൊന്നും പറയുന്ന ഒന്നും അംഗീകരിക്കാത്ത ഒരു വാശിയുള്ള മനുഷ്യനും അദ്ദേഹത്തിന്റെ ഉള്ളിലുണ്ട്. ഗംഭീര പ്ലെയറാണ്. അതാണ് രജിത്തേട്ടന്‍.

 

വീണ എങ്ങനെയുള്ള വ്യക്തിയാണ്? എപ്പോഴും കരയുന്ന ആളാണോ?

ഞാന്‍ ഇങ്ങനൊക്കെ തന്നെയാണ്. കരയുകയും  ദേഷ്യപ്പെടുകയുമൊക്കെ ചെയ്യുന്ന ആളാണ് ഞാന്‍. ലോകത്തിലെ എല്ലാ സ്ത്രീകളും അങ്ങനെ ബോള്‍ഡ് ഒന്നുമല്ലലോ. ഒരേ സമയം ബോള്‍ഡും ഇമോഷണലുമാണ് ഞാന്‍. അത് കള്ളക്കരച്ചിലായി ആരും കരുതരുത്. കാമറയുണ്ടെന്ന് കരുതി അഭിനയിച്ചില്ല. ഞാന്‍ ഞാനായി തന്നെ നിന്നു. 100 ദിവസം നില്‍ക്കണം എന്നൊക്കെ എനിക്കും ആഗ്രഹമുണ്ടായിരുന്നു. പക്ഷെ ഇറങ്ങിയപ്പോള്‍ വീട്ടിലെത്തിയതിന്റെ വലിയ സന്തോഷവും തോന്നുന്നുണ്ട്. ഞാന്‍ ഫേക്ക് ആയി നിന്നിട്ടില്ല. ഞാന്‍ ഇങ്ങനെ തന്നെയാണെന്ന് അടുത്തറിയാവുന്നവര്‍ക്ക് അറിയാം. കരച്ചില്‍ വരുമ്പോഴും ദേഷ്യം വരുമ്പോഴും എനിക്ക് കരയാനേ അറിയൂ. അങ്ങനെ ആര്‍ക്കും 65 ദിവസം ഫേക്ക് ആയി നില്‍ക്കാനൊന്നും കഴിയില്ല.

 

വീണയ്ക്ക് ഇഷ്ടമുള്ള മത്സരാര്‍ത്ഥി ആരാണ്?

എനിക്കിഷ്ടമുള്ള മത്സരാര്‍ത്ഥി ഞാന്‍ തന്നെ. ഹ ഹ.. ഞാന്‍ പുറത്തായതുകൊണ്ട് എന്നെ പറയാന്‍ പറ്റില്ലല്ലോ. അതുകൊണ്ട് ആര്യയും ഫുക്രുവുമാണ് ഇപ്പോള്‍ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥികള്‍. കളി ഓരോ ദിവസവും മാറുകയല്ലേ ഇപ്പോള്‍.

ഫിനാലെയില്‍ വരാന്‍ സാധ്യതയുള്ള മത്സരാര്‍ത്ഥികള്‍ ആരൊക്കെയാണെന്നാണ് വീണ കരുതുന്നത്? അവരെ എങ്ങനെ വിലയിരുത്തുന്നു?

രജിത്തേട്ടന്‍ ഇപ്പോള്‍ വീട്ടില്‍ ഇല്ലാത്തതുകൊണ്ട് അദ്ദേഹത്തിന്റെ പേര് പറയണമോ എന്നറിയില്ല. പിന്നെ ആര്യ, ഫുക്രു, പാഷാണം ഷാജി എന്നിവര്‍ കൂടി ഫിനാലെയില്‍ ഉണ്ടാവണം എന്നാണ് എന്റെ ആഗ്രഹം. ആര്യ ഞാന്‍ അവിടെ ചെന്നപ്പോള്‍ മുതല്‍ ഇപ്പോള്‍ പോരുന്നത് വരെ ഒരേ പോലെ നിന്ന് ഗെയിം ആയി തന്നെ ഈ ഷോയെ കണ്ടു കളിക്കുന്ന ഒരു നല്ല ഗെയിമറാണ്. ഫുക്രുവും നല്ല ഗെയിമറാണ്. എന്നാല്‍ അതേസമയം  ഇമോഷണലി അറ്റാച്ഡ് ആയവരോട് അവന് നല്ല അറ്റാച്‌മെന്റുമുണ്ട്. ഒരു മിടുക്കന്‍.. പാഷാണം ഷാജി ഒരു ന്യൂട്രല്‍ ചേട്ടനാണ്. വളരെ ന്യൂട്രലായി, സൈലന്റ് ആയി ഗെയിം കളിക്കുന്ന ചേട്ടന്‍. ഇവരാണ് ഗെയിം കളിക്കുന്നവര്‍. ഇവരാണ് വിജയിക്കാന്‍ യോഗ്യര്‍. ഇടയ്ക്ക് വന്നവരും ഇടയ്ക്ക് പോയി കളി കണ്ടു തിരിച്ചു വന്നവരും ഇവരോളം മിടുക്കരല്ല.


 
 

വീണ ബിഗ് ബോസില്‍ പോയത് എന്തുകൊണ്ടാണ്? പണത്തിനാവശ്യമുണ്ട് എന്ന് ഇടയ്ക്ക് ഷോയില്‍ പറഞ്ഞിരുന്നല്ലോ?

എന്റെ ജീവിതത്തില്‍ ഞാന്‍ അനുഭവിച്ച കാര്യങ്ങളൊക്കെ ഞാന്‍ ഷോയില്‍ പറഞ്ഞിട്ടുണ്ട്. എല്ലാത്തരം ബുദ്ധിമുട്ടും ഞാന്‍ അറിഞ്ഞിട്ടുണ്ട്. നന്നായി വിഷമിച്ചിട്ടുണ്ട്. ചെറിയ ഒരു കുട്ടിയെ വിട്ടിട്ട് ഞാന്‍ ഈ ഷോ കമ്മിറ്റ് ചെയ്യണമെങ്കില്‍ അതിന് കാരണമുണ്ടായിരിക്കുമല്ലോ. എനിക്ക് പൈസയ്ക്ക് ആവശ്യമുണ്ടായിരുന്നു. കടങ്ങളുണ്ടായിരുന്നു. അതിനൊപ്പം ഇത്രയും വലിയൊരു ഷോയുടെ ഭാഗമാവുക എന്ന സന്തോഷവും ഉണ്ടായിരുന്നു. ഞാന്‍ മാത്രമല്ല, അവിടെ പലരും അങ്ങനെ പലവിധ ബുദ്ധിമുട്ടുകളും ഉള്ളവരാണ്. പലപ്പോഴും പലവിധ വിഷമം കൊണ്ടും ഷോ ക്വിറ്റ് ചെയ്യണം എന്ന് തോന്നിയിട്ടുണ്ട്. നമുക്ക് അങ്ങനെ 24 മണിക്കൂറും അഭിനയിക്കാനൊന്നും കഴിയില്ല. ഞാന്‍ ടാസ്‌കില്‍ മാത്രമേ ഗെയിം കളിച്ചിട്ടുള്ളൂ. ബാക്കി സമയത്തൊക്കെ വീണ തന്നെയാണ്. എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കാനും വീട് വൃത്തിയാക്കാനും ഒക്കെ എനിക്ക് ഇഷ്ടമാണ്. 

ഇതൊരു എന്റര്‍ടെയ്ന്‍മെന്റ് ഷോ അല്ലേ, അതിന്റെ അര്‍ത്ഥത്തില്‍ എടുത്താല്‍ മതി. ഗെയിം കളിച്ചു. അത് കഴിഞ്ഞു. ബിഗ് ബോസിന് പുറത്ത് ആരോടും ഒരു അഭിപ്രായവ്യത്യാസവുമില്ല. ഇത്ര വിഷമത്തോടെ കുഞ്ഞിനെ ഇട്ടിട്ട് എന്തിനുപോയി എന്ന് ചോദിച്ചാല്‍ എനിക്ക് ഇത്രയും വലിയ ഷോയുടെ ഭാഗമാവണമായിരുന്നു. ഇതെന്റെ കരിയറാണ്. അതിനുള്ളില്‍ നില്‍ക്കുന്നത് ശരിക്കും ഭയങ്കര ബുദ്ധിമുട്ടാണ്. പുറംലോകവുമായി ഒരു ബന്ധവുമില്ലല്ലോ. ഞാന്‍ ബിഗ് ബോസില്‍ ചെന്ന് മൂന്നാമത്തെ ദിവസം എനിക്ക് ഗീതോപദേശത്തിന്റെ ഒരു ഫോട്ടോ അടുക്കളയില്‍ നിന്നും കിട്ടി. ഒരു കുഞ്ഞു സ്റ്റിക്കര്‍. ഞാനതെടുത്ത് എന്റെ കിടക്കയുടെ തലയ്ക്കല്‍ വച്ചിരുന്നു. പോന്നപ്പോള്‍ കൊണ്ടുപോന്നു. എനിയ്ക്കത് ഭയങ്കര അത്ഭുതമായിരുന്നു. ദൈവം എനിക്ക് തന്നതാ. അതായിരുന്നു എന്റെ നാരായണന്‍. അതില്‍ പറയുന്ന പോലെ സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്. അത്രേയുള്ളൂ.

 

ഭാവി പരിപാടികള്‍?

പുതിയ സിനിമയുണ്ട്. ഞാന്‍ നായികയായി അഭിനയിക്കുന്ന സിനിമ. അടുത്ത മാസം ഷൂട്ട് തുടങ്ങും.

പുറത്തിറങ്ങിയപ്പോള്‍ എന്തെങ്കിലും പെരുമാറ്റം ശരിയായില്ല എന്ന് വീണയ്ക്ക് സ്വയം തോന്നിയോ?

ഞാന്‍ ഇടയ്ക്ക് ഇത് ഗെയിം ആണെന്ന് മറന്നുപോയി എന്ന് തോന്നി. ഞാന്‍ ഗെയിമിനേക്കാള്‍ ബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തു. ഉദാഹരണത്തിന് കോടതി ടാസ്‌കിലൊക്കെ ഞങ്ങള്‍ ആദ്യമേ പ്ലാന്‍ ചെയ്തിരുന്നു, ഞങ്ങളുടെ ഗ്രൂപ്പിലെ ആരുടെ കേസ് വന്നാലും അനുകൂലിച്ച് കൈ പൊക്കണം എന്ന്. അങ്ങനെയാ അവിടെയൊക്കെ ഞാന്‍ പെരുമാറിയത്. ഗെയിമിനെക്കാള്‍ വ്യക്തിബന്ധങ്ങള്‍ക്ക് പ്രാധാന്യം കൊടുത്താണ് കളിച്ചത്. ഞാന്‍ അവിടെ തെറ്റുകള്‍ ഒന്നും ചെയ്തിട്ടില്ല. അവിടെ കളിയുടെ ഭാഗമായി ഗ്രൂപ്പുകള്‍ ഉണ്ട്. ആ ഗ്രൂപ്പുകള്‍ തീരുമാനിച്ചതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്. പുറത്തിറങ്ങിയപ്പോള്‍ എനിക്ക് മനസിലായി, അതാണ് എനിക്ക് സംഭവിച്ച ഒരു മിസ്റ്റേക്ക് എന്ന്. അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അത് മനസിലാക്കുന്നു. ടാസ്‌കില്‍ മാത്രമേ കള്ളം പറഞ്ഞിട്ടുള്ളു. അത് ഗ്രൂപ്പിന്റെ തീരുമാനമായിരുന്നു. വ്യക്തിപരമായി ആരും എടുക്കരുത്. 

എനിക്ക് ഫാമിലി കഴിഞ്ഞാല്‍ പിന്നെ സിനിമയില്‍ അഭിനയിക്കാനും ഭക്ഷണം കഴിക്കാനും യാത്ര ചെയ്യാനുമാണ് ഏറ്റവും ഇഷ്ടം.
ഫോണൊന്നുമില്ലാതെ ജീവിക്കാന്‍ പഠിച്ചു. 22 സ്വഭാവമുള്ള ആളുകളെ കണ്ടു. 22 ജീവിതങ്ങള്‍ കണ്ടു. എനിക്ക് ദേഷ്യവും സങ്കടവും ഇത്രയും ഉണ്ടെന്ന് മനസിലായി. സുഹൃത്തുക്കള്‍ പ്രധാനമാണെന്ന് മനസിലായി. എനിക്ക് കളിയേക്കാള്‍ വലുത് ബന്ധങ്ങളാണെന്ന് മനസിലായി. ഞാന്‍ സുഹൃത്തുക്കള്‍ക്ക് കൊടുക്കുന്ന വാക്ക് തെറ്റിക്കില്ല. സുഹൃത്തുക്കള്‍ എന്നില്‍ അര്‍പ്പിച്ച വിശ്വാസം ഞാന്‍ നശിപ്പിച്ചിട്ടില്ല. 65 ദിവസം ഷോയില്‍ നിന്നപ്പോള്‍ എന്റെ കുഞ്ഞിന്റെ രണ്ടു മാസത്തെ വളര്‍ച്ച എനിക്ക് കാണാന്‍ പറ്റിയില്ല. അത് മാറ്റി വച്ചാല്‍ ഞാന്‍ സന്തോഷവതിയാണ്.

 

എന്റെ പ്ലസ് പോയിന്റ് സ്‌നേഹിച്ചാല്‍ ഞാന്‍ ഭയങ്കരമായി സ്‌നേഹിക്കും. എന്റെ കുഴപ്പവും അതുതന്നെയാണ്. ഒരു ഷോയില്‍ അങ്ങനെ ആരെയും സ്‌നേഹിക്കാന്‍ പാടില്ല. പിന്നെ ഇതൊരു ഷോ ആയതുകൊണ്ട് ഇവിടെ കരയാനും ദേഷ്യപ്പെടാനും പാടില്ലായിരുന്നുവെന്ന് പലരും പറഞ്ഞു. കണ്‍ട്രോള്‍ ചെയ്യണമായിരുന്നു എന്ന്. കഴിഞ്ഞില്ല. എന്റെ കരച്ചിലിനെക്കുറിച്ചുള്ള ട്രോളൊക്കെ കണ്ടു. ഇപ്പോള്‍ അതൊക്കെ രസമായി എടുക്കുന്നു. ക്യാമറ ഉണ്ടെന്നുകരുതി അഭിനയിക്കാനൊന്നും എനിക്കറിയില്ല. ഇതൊക്കെ കൂടിയാണെന്നേ ഞാന്‍. ഇതൊരു എന്റര്‍ടെയ്ന്‍മെന്റ് ഷോ ആയി മാത്രം കാണണം. സംഭവിച്ചതെല്ലാം നല്ലതിന്, സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന്. അത്രേയുള്ളൂ.

click me!