വര്‍ഷങ്ങള്‍ക്കിപ്പുറം ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാവാത്തവിധം വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു അഭിരാമി സുരേഷ്. ഗായിക എന്നതിന് പുറമെ അവതാരിക, വ്‌ളോഗര്‍, നടി, മോഡല്‍ എന്നിങ്ങനെ നീളുന്നു അഭിരാമിയുടെ പ്രവര്‍ത്തന മേഖലകള്‍.
ബിഗ് ബോസ് മലയാളം സീസണ്‍ രണ്ട് ആവേശകരമായ ആദ്യ അന്‍പത് ദിനങ്ങള്‍ പിന്നിടുകയാണ്. അന്‍പതാം ദിനത്തിലെ ഏറ്റവും വലിയ സര്‍പ്രൈസ് ആയാണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രികള്‍ ബിഗ് ബോസ് അവതരിപ്പിച്ചിരിക്കുന്നത്. അഭിരാമി സുരേഷ് ആണ് വൈല്‍ഡ് കാര്‍ഡ് എന്‍ട്രി വഴി ഷോയുടെ അന്‍പതാം ദിനത്തില്‍ ബിഗ് ബോസ് ഹൗസിലേക്ക് എത്തുന്ന ഒരാള്‍.
മിനിസ്‌ക്രീനിലെ ബാലതാരം എന്ന നിലയിലാണ് അഭിരാമി സുരേഷിനെ മലയാളികള്‍ ആദ്യം കാണുന്നത്, ഏഷ്യാനെറ്റിന്റെ 'ഹലോ കുട്ടിച്ചാത്തന്‍' എന്ന പരമ്പരയിലൂടെ. പിന്നീട് ഗായിക അമൃത സുരേഷിന്റെ അനുജത്തി എന്ന നിലയിലും അഭിരാമിയെ മലയാളികള്‍ വേദികളില്‍ കണ്ടു. ഏഷ്യാനെറ്റിന്റെ തന്നെ ജനപ്രിയ മ്യൂസിക് റിയാലിറ്റി ഷോ ആയ ഐഡിയ സ്റ്റാര്‍ സിംഗറില്‍ അമൃത മത്സരാര്‍ഥിയായി എത്തിയപ്പോള്‍ മത്സരിക്കാനല്ലെങ്കിലും അഭിരാമിയും ആ വേദിയില്‍ എത്തിയിരുന്നു. തന്റെ സംഗീതാഭിരുചി ആ വേദിയില്‍ പ്രകാശിപ്പിച്ചിട്ടുമുണ്ട് അഭിരാമി.
വര്‍ഷങ്ങള്‍ക്കിപ്പുറം ഒറ്റ വാക്കില്‍ വിശേഷിപ്പിക്കാനാവാത്തവിധം വൈവിധ്യമാര്‍ന്ന മേഖലകളില്‍ സാന്നിധ്യം അറിയിച്ചുകഴിഞ്ഞു അഭിരാമി സുരേഷ്. ഗായിക എന്നതിന് പുറമെ അവതാരിക, വ്‌ളോഗര്‍, നടി, മോഡല്‍ എന്നിങ്ങനെ നീളുന്നു അഭിരാമിയുടെ പ്രവര്‍ത്തന മേഖലകള്‍. ചേച്ചി അമൃതയുമായി ചേര്‍ന്ന് ആരംഭിച്ച മ്യൂസിക് ബാന്‍ഡ് 'അമൃതം ഗമയ' വിദേശരാജ്യങ്ങളില്‍ ഉള്‍പ്പെടെ അനേകം വേദികളില്‍ പരിപാടികള്‍ അവതരിപ്പിച്ച് ഇതിനകം ജനപ്രീതി നേടിയിട്ടുണ്ട്.
ചേച്ചി അമൃതയ്‌ക്കൊപ്പം ഇതിനകം ജനപ്രീതി നേടിക്കഴിഞ്ഞിട്ടുള്ള ഒരു യുട്യൂബ് ചാനല്‍ കൂടിയുണ്ട് അഭിരാമിക്ക്. 'എജി വ്‌ളോഗ്‌സ്' എന്ന പേരിലുള്ള ചാനലിന് രണ്ട് ലക്ഷത്തിലേറെ സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. പല സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും ചേച്ചി അമൃതയേക്കാള്‍ ആക്ടീവ് ആണ് അഭിരാമി. ഫേസ്ബുക്കില്‍ എട്ട് ലക്ഷത്തിലേറെ ഫോളോവേഴ്‌സും ഇന്‍സ്റ്റഗ്രാമില്‍ നാല് ലക്ഷത്തിലേറെ ഫോളോവേഴ്‌സുമുണ്ട് അഭിരാമിക്ക്. അഭിപ്രായപ്രകടനങ്ങളുടെ പേരിലും ധരിക്കുന്ന വസ്ത്രങ്ങളുടെ പേരിലുമൊക്കെ പലപ്പോഴും സൈബര്‍ ആക്രമണങ്ങള്‍ നേരിടാറുള്ള അഭിരാമി അതിനോടൊക്കെ ആശങ്കയില്ലാതെ പ്രതികരിക്കാറുമുണ്ട്. 'ആമിന്‍ഡോ' എന്ന പേരില്‍ ഒരു ജ്വല്ലറി ഷോപ്പ് കൂടി നടത്തുന്നുണ്ട് ഇപ്പോള്‍ അഭിരാമി. ഇത്രയും പ്രവര്‍ത്തനമേഖലകള്‍ ഉള്ളപ്പോഴും 'അമൃതയുടെ അനിയത്തി' എന്ന് അറിയപ്പെടുന്നതാണ് തനിക്ക് ഏറ്റവും സന്തോഷമുണ്ടാക്കുന്നതെന്ന് അഭിരാമി പറഞ്ഞിട്ടുണ്ട്.