'സുജോയെ ഞാന്‍ കുറ്റം പറയില്ല; രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് തെറ്റ്': അലസാന്‍ഡ്രയുമായി അഭിമുഖം

By Sunitha Devadas  |  First Published Mar 21, 2020, 2:17 PM IST

'ആദ്യവരവില്‍ ഞാന്‍ അങ്ങനെ പ്ലാന്‍ ചെയ്തു ഗെയിം കളിക്കാന്‍ പോയതൊന്നുമല്ല. എല്ലാവരുമായും പരമാവധി ഒത്തുപോകാനാണ് ആദ്യ തവണ ശ്രമിച്ചത്. എന്നാല്‍ അവിടെ ഇന്‍ഡസ്ട്രിയിലെ സീനിയേഴ്സായ ആര്യ, പാഷാണം ഷാജി, വീണ, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരൊക്കെ അടങ്ങുന്ന ഒരു ഗ്രൂപ്പ് ആദ്യമേ ഉണ്ടായിരുന്നു..'


ബിഗ് ബോസില്‍ മത്സരാര്‍ത്ഥി ആയി വരുമ്പോള്‍ എയര്‍ഹോസ്റ്റസും മോഡലുമായ അലസാന്‍ഡ്ര ജോണ്‍സനെ അധികമാര്‍ക്കും പരിചയമുണ്ടായിരുന്നില്ല. എന്നാല്‍ ഷോ തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍  അലസാന്‍ഡ്ര ചര്‍ച്ചയായി. മറ്റൊരു മത്സരാര്‍ത്ഥിയായ സുജോയുമായുള്ള ബന്ധവും അതിനെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമാണ് ലവ് സ്ട്രാറ്റജി എന്ന തരത്തില്‍ പ്രേക്ഷകര്‍ ചര്‍ച്ചയാക്കിയത്. ഇപ്പോള്‍ കൊവിഡ് 19നെത്തുടര്‍ന്ന് ഷോ അപ്രതീക്ഷിതമായി 75 ദിവസത്തില്‍ അവസാനിക്കുമ്പോള്‍ അവസാന റൗണ്ടില്‍ എത്തിയ പത്ത് പേരില്‍  അലസാന്‍ഡ്രയും ഉണ്ടായിരുന്നു. നമുക്ക് അലസാന്‍ഡ്രയുടെ ബിഗ് ബോസ് വിശേഷങ്ങള്‍ ചോദിക്കാം..

ബിഗ് ബോസില്‍ നിന്നിറങ്ങിയപ്പോള്‍ എന്ത് തോന്നുന്നു?

Latest Videos

undefined

വളരെ സന്തോഷമുണ്ട്. അതോടൊപ്പം വീട് മിസ് ചെയ്യുന്നുണ്ട്. ഞാന്‍ കഴിഞ്ഞ 10 വര്‍ഷമായി ഒറ്റയ്ക്കാണ് താമസം. ബിഗ് ബോസ് വീട് എന്ന കൂട്ടുകുടുംബം അതുകൊണ്ട് തന്നെ എനിക്ക് ഇഷ്ടമായിരുന്നു. ആ വീടുമായും അവിടത്തെ പലരുമായും എനിക്ക് ബോണ്ട് ഉണ്ടായിരുന്നു.

 

പുതിയ ആലോചനകള്‍ എന്തൊക്കെയാണ്? വിവാഹം കഴിക്കാനൊക്കെ പ്ലാന്‍ ഉണ്ടോ?

കല്യാണം കഴിക്കണം. ഉടനെയില്ല. എനിക്ക് ചില പുതിയ ഇഷ്ടങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. അങ്ങനൊരാളെ കിട്ടിയിട്ട് വേണം കല്യാണം കഴിക്കാന്‍. മറ്റുള്ളവരെ പേടിച്ചു നട്ടെല്ലില്ലാത്ത ജീവിക്കുന്ന ഒരാളെ വേണ്ട. നെഞ്ചു വിരിച്ചു നിന്ന് തലയുയര്‍ത്തിപ്പിടിച്ച് എന്നെ സപ്പോര്‍ട്ട് ചെയ്യുന്ന, എന്നെ വേദനിപ്പിക്കാതെ സ്‌നേഹിക്കുന്ന, എനിക്ക് വില തരുന്ന ഒരാളെ വേണം. നാട്ടുകാര്‍ എന്ത് കരുതും  എന്ന് കരുതി സ്വന്തം വ്യക്തിത്വം കളഞ്ഞു ജീവിക്കുന്ന ഒരാളെ വേണ്ട. അവനവനായി ജീവിക്കുന്ന ഒരാളെ കിട്ടിയിട്ടു വേണം കല്യാണം കഴിക്കാന്‍.

ബിഗ് ബോസില്‍ പോയിട്ട് പഠിച്ചതാണോ ഇതൊക്കെ? എന്തൊക്കെ പുതിയതായി ബിഗ് ബോസില്‍ നിന്നും പഠിച്ചു?

ബിഗ് ബോസില്‍ നിന്നും കുറെ വിലപ്പെട്ട കാര്യങ്ങള്‍ പഠിച്ചു. ആരെയും അമിതമായി വിശ്വസിക്കരുതെന്ന്, അമിതമായി ഇമോഷണല്‍ ആവരുതെന്ന്, നല്ല ക്ഷമ വേണമെന്ന്... എന്നാല്‍ എന്റെ സ്വഭാവം അങ്ങനെ മോശമാണെന്നൊന്നും എനിക്ക് തോന്നിയില്ല. ഞാന്‍ ചിലപ്പോള്‍ ചിലരോട് അമിതമായി ക്ഷമിക്കും. താഴ്ന്നു കൊടുക്കും. അത്രയും ആവശ്യമില്ലെന്നും മനസിലായി.

ബിഗ് ബോസിലേക്ക് രണ്ടു പ്രാവശ്യം എന്‍ട്രി കിട്ടിയ മത്സരാര്‍ഥിയാണ് അലസാന്‍ഡ്ര. രണ്ടു വരവിലെയും ജീവിതവും ബിഗ് ബോസും മത്സരാര്‍ത്ഥികളും സാന്ദ്രയും ഏതൊക്കെ തരത്തില്‍ വ്യത്യസ്തരായിരുന്നു? സുജോയുമായിട്ടുള്ള ബന്ധം ഗെയിം സ്ട്രാറ്റജി ആയിരുന്നോ?

ആദ്യവരവില്‍ ഞാന്‍ അങ്ങനെ പ്ലാന്‍ ചെയ്തു ഗെയിം കളിക്കാന്‍ പോയതൊന്നുമല്ല. എല്ലാവരുമായും പരമാവധി ഒത്തുപോകാനാണ് ആദ്യ തവണ ശ്രമിച്ചത്. എന്നാല്‍ അവിടെ ഇന്‍ഡസ്ട്രിയിലെ സീനിയേഴ്സായ ആര്യ, പാഷാണം ഷാജി, വീണ, പ്രദീപ് ചന്ദ്രന്‍ തുടങ്ങിയവരൊക്കെ അടങ്ങുന്ന ഒരു ഗ്രൂപ്പ് ആദ്യമേ ഉണ്ടായിരുന്നു. അവര്‍ വോട്ടിങ്, കാപ്റ്റന്‍സി ടാസ്‌ക്, ജയില്‍ നോമിനേഷന്‍ ഒക്കെ പ്ലാന്‍ ചെയ്താണ് ചെയ്തു കൊണ്ടിരുന്നത്. അവരായിരുന്നു ശരിക്കും ബിഗ് ബോസ് വീട് ഭരിച്ചിരുന്നത്.

അതിനാല്‍ താരതമ്യേന പുതുമുഖങ്ങളായ ഞാനും സുജോയും രേഷ്മയുമൊക്കെ കൂട്ടായി. അതിനിടയിലാണ് സുജോ മാത്യു എന്നെ ഒരു ടാസ്‌കിനിടയില്‍ പ്രൊപ്പോസ് ചെയ്യുന്നത്. എനിക്ക് അത് ആത്മാര്‍ഥമായി ഫീല്‍ ചെയ്തു. പിന്നീട് 'അമ്മച്ചി വീട്' ടാസ്‌ക് വന്നപ്പോള്‍ ബിഗ് ബോസ് ഞങ്ങള്‍ക്ക് കാമുകീകാമുകന്മാരായി അഭിനയിക്കാന്‍ ടാസ്‌ക് തന്നു. ആ അഭിനയത്തോടെ എനിക്ക് ജനുവിനായ കുറെ ഫീലിംഗ്‌സ് സുജോയോട് ഉണ്ടായി. അത് ഗെയിം സ്ട്രാറ്റജി ആയിരുന്നില്ല. റിയല്‍ ഫീലിംഗ് ആയിരുന്നു. സുജോ എന്നോടും അങ്ങനെതന്നെയാണ് പെരുമാറിക്കൊണ്ടിരുന്നത്.

ആ സമയത്താണ് കണ്ണിനസുഖം വരുന്നതും ഞാനും സുജോയും രഘുവും പുറത്തു പോകുന്നതും. സത്യത്തില്‍ കണ്ണിന് അസുഖം വന്നത് ഒരു ബ്ലെസ്സിംഗ് ആയി. പുറത്തിറങ്ങിയപ്പോഴാണ് മനസിലായത് ഷോയില്‍ പ്രേക്ഷകര്‍ കണ്ടുകൊണ്ടിരുന്നത് ഞാന്‍ നിരന്തരം സുജോയുടെ പിറകെ നടക്കുന്നതും സുജോ എന്നെ റിജെക്ട് ചെയ്യുന്നതും ഞാന്‍ വീണ്ടും പുറകെ പോകുന്നതും ഒക്കെയായിരുന്നു എന്ന്. അതുകൂടാതെ സുജോയ്ക്ക് സഞ്ജന എന്നൊരു ഗേള്‍ ഫ്രണ്ട് ഉണ്ടെന്നും അതൊരു സീരിയസ് റിലേഷന്‍ഷിപ്പ് ആണെന്നും ഞാനും സുജോയുമായി ഉണ്ടായ അടുപ്പത്തിന്റെ പേരില്‍ പുറത്തു സഞ്ജന വലിയ ബഹളമുണ്ടാക്കി എന്നുമൊക്കെ അറിഞ്ഞു.

 

സുജോയ്ക്ക് ഗേള്‍ ഫ്രണ്ട് ഉണ്ടെന്ന് അലസാന്‍ഡ്രയ്ക്ക് അറിയുമായിരുന്നില്ലേ? നിങ്ങള്‍ ബിഗ് ബോസില്‍ ഒരു ലവ് സ്ട്രാറ്റജി പ്ലാന്‍ ചെയ്തു കളിച്ചതായിരുന്നോ? പവന്‍ വന്നപ്പോഴും സഞ്ജനയെക്കുറിച്ച് പറഞ്ഞിരുന്നല്ലോ?

സുജോയുടെ ഒരു ഗേള്‍ ഫ്രണ്ടിന്റെ കഥ അവിടെ ഇടയ്ക്കിടയ്ക്ക് കേട്ടിരുന്നു. ഗേള്‍ ഫ്രണ്ടാണോ എക്‌സ് ഗേള്‍ ഫ്രണ്ട് ആണോ എന്ന് എന്നോട് സുജോ ഒരിക്കലും വ്യക്തമായി പറഞ്ഞിരുന്നില്ല. അങ്ങനൊരു ഗേള്‍ ഫ്രണ്ട് ഇല്ല എന്ന് കരുതിത്തന്നെയാണ് ഞാന്‍ സുജോയുമായി അടുത്തതും സ്‌നേഹിച്ചതും. ഒരിക്കലും അതൊരു ലവ് സ്ട്രാറ്റജി ആയിരുന്നില്ല. നിങ്ങള്‍ കണ്ടതൊക്കെ റിയല്‍ തന്നെ ആയിരുന്നു. സുജോയും ഇക്കാര്യത്തില്‍ ഫേക്ക് ആയിരുന്നില്ല എന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. കാരണം ഒരാളുടെ ബോഡി ലാംഗ്വേജില്‍നിന്നും നമുക്ക് ചില വൈബ് കിട്ടില്ലേ? എനിക്ക് സുജോയില്‍ നിന്നും കിട്ടിയതൊക്കെ റിയല്‍ ലവിന്റെ വൈബ് ആയിരുന്നു.

ഞാന്‍ സുജോയെ ഇക്കാര്യത്തില്‍ പക്ഷെ ഒരു കുറ്റവും പറയാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഇതില്‍ സുജോ മാത്രമല്ല പ്രതി. ഞാനും മിസ്റ്റേക്ക് ചെയ്തിട്ടുണ്ട്. ഇതൊരു ഏകപക്ഷീയമായ റിലേഷന്‍ഷിപ്പ് ആയിരുന്നില്ല. ഞങ്ങള്‍ പരസ്പരം സ്‌നേഹിച്ചതാണ്. പവന്‍ സഞ്ജനയെക്കുറിച്ചു പറഞ്ഞിരുന്നു. പക്ഷെ സുജോ അത് പൂര്‍ണമായും നിഷേധിച്ചിരുന്നു. ഞാന്‍ സുജോയെ വിശ്വസിച്ചു. പുറത്തു ഗേള്‍ ഫ്രണ്ട് ഉണ്ടായിട്ട് എന്തിന് സുജോയിതു ചെയ്തു എന്നൊന്നും എനിക്ക് തോന്നുന്നില്ല. കാരണം ആ വീട്ടിലെ ജീവിതം അങ്ങനെയാണ്. പുറം ലോകവുമായി ഒരു ബന്ധവുമില്ലാതെ ഒറ്റപ്പെട്ടു കഴിയുമ്പോള്‍ അവിടെ അതിജീവിക്കാന്‍ നമുക്ക് ഒരു കണക്ഷന്‍ ഫീല്‍ ചെയ്യുന്നവരുമായി അടുത്ത ബന്ധമുണ്ടാവും. അതൊക്കെ മനുഷ്യ സഹജമാണ് എന്ന് കരുതുന്നു.

എന്നിട്ട് രണ്ടാം വരവില്‍ ഒരു പുതിയ അലസാന്‍ഡ്രയെ ആണല്ലോ പ്രേക്ഷകര്‍ കണ്ടത്?

പുറത്തു പോയപ്പോള്‍ എന്റെയും സുജോയുടെയും ജീവിതത്തിലും കാഴ്ചപ്പാടിലും റിലേഷന്‍ഷിപ്പിലും കുറെ മാറ്റങ്ങളുണ്ടായി. സുജോയ്ക്ക് സഞ്ജനയെ ബോധ്യപ്പെടുത്താനുള്ളതായിരുന്നു ശിഷ്ടജീവിതം. ഇമേജ് നന്നാക്കാനും. എനിക്ക് തിരിച്ചറിവുണ്ടായതിനു ശേഷമുള്ള രണ്ടാം വരവും. രണ്ടാം വരവില്‍ ഞാന്‍ സുജോയുമായുള്ള അടുപ്പം ഉപേക്ഷിച്ചിട്ട് തന്നെയാണ് വന്നത്. സുജോയ്ക്ക് പുറത്തൊരു സീരിയസ് റിലേഷന്‍ഷിപ്പ് ഉണ്ടെന്നു മനസിലായതില്‍ പിന്നെ ഞാന്‍ ഒരു തരത്തിലും സുജോയുമായി അടുക്കാന്‍ ശ്രമിച്ചിട്ടില്ല. എന്നാല്‍ ഇതൊരു ഗെയിം അല്ലെ? ഒരു വീട്ടില്‍ 24 മണിക്കൂറും കഴിഞ്ഞു കൂടുകയല്ലേ? ടാസ്‌കുകളൊക്കെ വരുമ്പോള്‍ പരസ്പരം സഹകരിക്കേണ്ടി വരില്ലേ? അത്തരം സന്ദര്‍ഭങ്ങളില്‍പ്പോലും സുജോ എന്നെ പൂര്‍ണ്ണമായും അവഗണിക്കുന്നതിലും ആ വീട്ടിലെ ഏറ്റവും അടുപ്പമില്ലാത്ത ആളെക്കാള്‍ അകറ്റി നിര്‍ത്തുന്നതിലും എനിക്ക് വിഷമമുണ്ടായിരുന്നു. കാരണം ഞാന്‍ സുജോക്ക് ഒരു തരത്തിലുള്ള ദ്രോഹവും ചെയ്തിട്ടുള്ള ആളല്ല. അവനെ മത്സരാര്‍ത്ഥി എന്ന നിലയില്‍ പരമാവധി സപ്പോര്‍ട്ട് ചെയ്തിട്ടുമുണ്ട്.

 

ബിഗ് ബോസില്‍ ഒരു മത്സരാര്‍ത്ഥി ആയി പോയതാണ് അലസാന്‍ഡ്ര. ബിഗ് ബോസില്‍ ചെന്ന് സുജോയുമായി അടുപ്പമായതിനു ശേഷം ഗെയിം കളിക്കാന്‍ സാന്ദ്ര മറന്നുപോയോ?

സത്യമാണ്. സമ്മതിക്കുന്നു. കണ്ണിനസുഖം വന്നു പുറത്തു പോകുന്നത് വരെ ഞാന്‍ ബ്ലൈന്‍ഡ് ആയിരുന്നു. പലതും അറിഞ്ഞില്ല, മനസിലാക്കിയില്ല. എന്നാല്‍ രണ്ടാം വരവില്‍ ഞാന്‍ ആ തെറ്റുകള്‍ തിരുത്താന്‍ പരമാവധി ശ്രമിച്ചു.

ഒരു പുരുഷന്‍ സ്ത്രീയുടെ ചെലവില്‍ ജീവിക്കുന്നത് തെറ്റാണോ? പവന്‍ ലാവണ്യയുടെ ചെലവില്‍ ജീവിക്കുന്നു എന്ന് സാന്ദ്ര പറഞ്ഞത് എന്തിനാണ്?

കോള്‍ സെന്റര്‍ ടാസ്‌കിന്റെ ഭാഗമായി നടന്ന ഫോണ്‍ വിളിയിലാണ് അതുണ്ടായത്. ആദ്യം രജിത്തേട്ടനാണ് രേഷ്മയെ വിളിച്ചത്. അത് കഴിഞ്ഞിട്ട് അവിടെ വലിയ ചര്‍ച്ചയുണ്ടായി. രേഷ്മയോട് രജിത്തേട്ടന്‍ സംസാരിച്ചത് തെറ്റായിപ്പോയി എന്ന് ഞാനുള്‍പ്പെടെയുള്ളവര്‍ പറഞ്ഞു. അപ്പോള്‍ പവന്‍ വന്നു ന്യായീകരിക്കുന്നുണ്ടായിരുന്നു. ഇതൊരു ടാസ്‌ക് ആണ്. അങ്ങനെ ഗെയിം സ്പിരിറ്റോടെ കാണണം എന്നൊക്കെ. അതിനാലാണ് എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ പവനെ തെരെഞ്ഞെടുത്തത്. പവന്‍ അവിടെ സ്വയം പരിചയപ്പെടുത്തിയപ്പോള്‍ പറഞ്ഞ കാര്യങ്ങള്‍ മാത്രമാണ് ഞാന്‍ പറഞ്ഞത്. എന്നാല്‍ അത് മോശമായിപ്പോയി എന്ന് എനിക്ക് തോന്നിയതിനാല്‍ പുറത്തുവന്ന ഉടന്‍ ഞാന്‍ പവനോട് രണ്ടു തവണ സോറി പറഞ്ഞു. ഗെയിമായി കാണണം എന്ന് പറഞ്ഞ അവന്‍ നിയന്ത്രണം വിട്ട് എന്നെ തെറിവിളിച്ചു. ആ വഴക്കിലാണ് അവന്‍ സുജോയുടെ ഗേള്‍ ഫ്രണ്ട് സഞ്ജനയുടെ കാര്യം എന്നോട് പറയുന്നത്. അപ്പോഴും സുജോ പൂര്‍ണമായും അത് നിഷേധിക്കുകയാണ് ചെയ്തത്. അതിന്റെ പിറ്റേന്നാണ് ഞാന്‍ കണ്ണിനസുഖം വന്നു പുറത്തു പോയത്. ഒരു സ്ത്രീ ജോലി ചെയ്യുന്നതോ ആ സ്ത്രീ അവളുടെ ഭര്‍ത്താവിനെ നോക്കുന്നതോ ഒന്നും തെറ്റാണെന്നു ഞാന്‍ കരുതുന്നില്ല. ടാസ്‌ക്കില്‍ ജയിക്കാന്‍ വേണ്ടി പറഞ്ഞതാണ്.

 

ടാസ്‌കിന്റെ ഭാഗമായി എന്തും ചെയ്യാം, പറയാം എന്നാണോ? അങ്ങനെയെങ്കില്‍ പാഷാണം ഷാജി ബിഗ് ബോസ് സിസ്റ്റേഴ്‌സിനെ 'സെറ്റപ്പ്' എന്ന് വിളിച്ചതും രജിത് കുമാര്‍, രേഷ്മ പ്രദീപിനെ ഉമ്മ വച്ചു എന്ന് പറഞ്ഞതും രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചതും ശരിയാണോ?

ഞാന്‍ പറഞ്ഞല്ലോ, പവനോട് സംസാരിച്ചതിനെ ഞാന്‍ ന്യായീകരിക്കുന്നില്ലെന്ന്. ഞാന്‍ സോറി പറഞ്ഞിരുന്നു. രജിത്തേട്ടന്‍ രേഷ്മയെ കോള്‍ സെന്റര്‍ ടാസ്‌കില്‍ പറഞ്ഞത്, കോര്‍ട്ട് ടാസ്‌കില്‍ വന്നപ്പോള്‍ ഞാന്‍ രേഷ്മയ്ക്ക് അനുകൂലമായിട്ടാണ് കൈ പൊക്കിയത്. ഷാജി ചേട്ടന്റെ ആ പരാമര്‍ശം ശരിയായിരുന്നില്ല.

രേഷ്മയുടെ കണ്ണില്‍ രജിത്തേട്ടന്‍ മുളക് തേച്ചതും തെറ്റാണ്. പ്രത്യേകിച്ചും രേഷ്മ കണ്ണിന് അസുഖമുള്ള ആളും കൂടിയാണ്. ഞങ്ങള്‍ക്കൊക്കെ വന്ന പോലെ അല്ല രേഷ്മയ്ക്ക് അസുഖം വന്നത്. അവിടെയൊരു ടാസ്‌ക് ഉണ്ടായിരുന്നു. അതില്‍ രേഷ്മയ്ക്ക് സംസാരിക്കാന്‍ കിട്ടിയ വിഷയം ജീവിതത്തില്‍ ഭയപ്പെട്ട സന്ദര്‍ഭത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു. അന്ന് രേഷ്മ സംസാരിച്ചത് കണ്ണിനസുഖം ബാധിച്ച രണ്ടാഴ്ചയെക്കുറിച്ചാണ്. കാഴ്ച നഷ്ടപ്പെടുമെന്ന് അവള്‍ ഭയന്നിരുന്നു. അവള്‍ക്ക് ഭക്ഷണം പോലും അമ്മ വാരിക്കൊടുക്കുകയായിരുന്നു ആ സമയത്ത്. അന്ന് അനുഭവിച്ച പേടിയില്‍ നിന്നും ഭാവിയില്‍ കണ്ണിനു കാഴ്ച ഇല്ലാത്തവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കും എന്നൊക്കെ അവള്‍ അവിടെ പറഞ്ഞിരുന്നു. രജിത്തേട്ടന്‍ ഉള്‍പ്പെടെയുള്ളവര്‍ അത് കേട്ടിരുന്നു. എന്നിട്ടും രേഷ്മയുടെ കണ്ണില്‍ മുളക് തേച്ചത് എന്തിന്റെ പേരില്‍ ആയാലും തെറ്റാണ്. 'വികൃതിക്കുട്ടി' ആവാന്‍ വേറെ എന്തൊക്കെ വഴികളുണ്ട്?

രണ്ടാമത്തെ വരവില്‍ അവിടെ രണ്ടു ഗ്രൂപ്പുകള്‍ ഉണ്ടായല്ലോ? സാന്ദ്ര ഏത് ഗ്രൂപ്പിലായിരുന്നു?

കണ്ണിനസുഖം വന്ന് പുറത്തേക്കു പോകുന്നതിനു മുന്‍പ് എനിക്ക് ആ വീട്ടില്‍ രഘുവും സുജോയുമായിട്ടായിരുന്നു ഏറ്റവും അടുത്ത ബന്ധം. തിരിച്ചുവരവില്‍ രഘുവും സുജോയും നേരെപോയി രജിത്തേട്ടന്റെ ഗ്രൂപ്പില്‍ ചേര്‍ന്നു. ഞാന്‍ അവിടെ വല്ലാതെ ഒറ്റപ്പെട്ടു. അങ്ങനെയാണ് ജസ്ലയുമായി കൂട്ടാവുന്നത്. എനിക്ക് ആ വീട്ടില്‍ ഏറ്റവും ഇഷ്ടപ്പെട്ട ഒരാള്‍ ജസ്ലയാണ്. കാരണം അവള്‍ അവളുടെ ശരിക്ക് വേണ്ടി നില്‍ക്കുന്ന ആളാണ്. അവള്‍ക്ക് അതിനുവേണ്ടി ഫൈറ്റ് ചെയ്യുന്നതിന് ഭയമില്ല. അവള്‍ ഇമോഷനുകള്‍ തുറന്നു പറയുന്ന ആളാണ്. അവളൊരു സാധാരണ പെണ്‍കുട്ടിയാണ്. മറ്റുള്ളവര്‍ക്ക് വേണ്ടി ജീവിക്കുന്ന ഒരു പെണ്‍കുട്ടിയാണ്. ചിലപ്പോള്‍ ദേഷ്യം വരുമ്പോള്‍ അവള്‍ പറയുന്ന ചില ചീത്ത വാക്കുകളോടൊക്കെ എനിക്ക് വിയോജിപ്പുണ്ട്. എന്നാല്‍ അവളുടെ നിലപാടുകള്‍ ശരിയാണ്.  ഇത്ര സ്‌ട്രോംഗ് ആയി നില്‍ക്കുന്ന അവള്‍ ഒരിക്കല്‍ സ്മോക്കിങ് റൂമില്‍ വച്ച് കരഞ്ഞുകൊണ്ട് അവളുടെ ജീവിതം പറഞ്ഞു. അത്ര സ്‌ട്രോംഗ് ആയ അവള്‍ കരയണമെങ്കില്‍  അവളുടെ ഉള്ളില്‍ ഒരു നല്ല മനുഷ്യന്‍ ഉണ്ട്.

ഞാനും അവിടെ ഏറ്റവും തുറന്നു സംസാരിച്ചിട്ടുള്ളത് ജസ്ലയോടാണ്. ഞങ്ങള്‍ അന്ന് സ്മോക്കിംഗ് റൂമില്‍ സംസാരിച്ചതൊക്കെ നിങ്ങള്‍ കേട്ടില്ലേ? അതാണ് സത്യം. അതിനുശേഷം ഞാനും സുജോയും തമ്മില്‍ കരാറുണ്ടാക്കി. ഞാന്‍ സുജോയെയും സുജോ എന്നെയും പരസ്പരം കുറ്റപ്പടുത്തില്ല എന്ന്. അങ്ങനെയാണ് അടി നിര്‍ത്തലും കരച്ചില്‍ നിര്‍ത്തലും ഉണ്ടായത്. ജസ്ല പോയതോടെ ഞാന്‍ വീണ്ടും ഒറ്റപ്പെട്ടു. ആദ്യമേ പരിചയമുണ്ടായിരുന്ന അഭിരാമിയുമായി കൂടുതല്‍ കൂട്ടായി. അങ്ങനെ ഞാന്‍ വീണ്ടും അഭിരാമിയോടൊപ്പം നില്‍ക്കാന്‍ വേണ്ടി, അവളോടുള്ള ഇഷ്ടം കൊണ്ട് രജിത്തേട്ടനും രഘുവും സുജോയുമുള്ള ഗ്രൂപ്പിലായി. കൂടാതെ കോര്‍ട്ട് ടാസ്‌കില്‍ വീണ ചേച്ചി എന്നോട് പെരുമാറിയത് എനിക്ക് അംഗീകരിക്കാന്‍ പറ്റില്ലായിരുന്നു. അതോടെയാണ് ഞാന്‍ അവരുടെ ഗ്രൂപ്പില്‍ നിന്നും പൂര്‍ണമായും പുറത്തായത്.

 

അലസാന്‍ഡ്രയോട് ഒരുപാട് പ്രേക്ഷകര്‍ പലയിടത്തും ചോദിച്ചു കണ്ടിട്ടുള്ള ഒരു ചോദ്യം ചോദിക്കട്ടെ? സുജോ പലപ്പോഴും അവഗണിച്ചിട്ടും റിജെക്റ്റ് ചെയ്തിട്ടും എന്ത് കൊണ്ടാണ് വീണ്ടും പോയി കൂട്ട് കൂടാന്‍ ശ്രമിച്ചു കൊണ്ടിരുന്നത്?

അതൊരു അടച്ചിട്ട വീടല്ലേ? അവിടെ ആര്‍ക്കും ആരോടും അങ്ങനെ കുറേനേരം പിണങ്ങി നില്‍ക്കാനൊന്നും പറ്റില്ല. എത്ര പിണങ്ങിയാലും അടുത്ത ടാസ്‌ക് വരുമ്പോള്‍ മിണ്ടേണ്ടി വരും. കൂടാതെ എനിക്ക് അങ്ങനെ ആരോടും കുറേനേരം പിണങ്ങി നില്‍ക്കാനും പറ്റില്ല. ഇഷ്ടമുള്ള ആളുകളുടെ കാല്‍ക്കീഴില്‍ പോയി സ്‌നേഹിക്കുന്ന ചീത്ത സ്വഭാവം എനിക്കുണ്ട്. ഞാനും സുജോയും തമ്മില്‍ പിണങ്ങി കഴിയുമ്പോള്‍ അവന്‍ ഭയങ്കര ദേഷ്യം പ്രകടിപ്പിക്കുകയും ഗെയിമില്‍ ശ്രദ്ധിക്കാതിരിക്കുകയും അവിടെനിന്നും പോകണം എന്നൊക്കെ പറയുകയും ചെയ്യും. സുജോ എന്ന മത്സരാര്‍ത്ഥി ഞാന്‍ കാരണം പുറകോട്ട് പോകണമെന്നും വീട്ടില്‍ നിന്നും പുറത്തു പോകണമെന്നും ആഗ്രഹിക്കാത്തതു കൊണ്ട് പരമാവധി പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ ശ്രമിക്കും. ആരെങ്കിലുമൊരാള്‍ വിട്ടുകൊടുത്താലല്ലേ ബന്ധങ്ങള്‍ നിലനില്‍ക്കൂ? സുജോ ഒരിക്കലും വിട്ടുതരില്ല. ഞങ്ങള്‍ക്കിടയില്‍ ഒരു ഇമോഷണല്‍ ബോണ്ട് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അങ്ങനെയൊക്കെ സംഭവിച്ചത്. എന്റെ അച്ഛന്‍ ഇങ്ങനെ ദേഷ്യം വന്നാല്‍ എന്തെങ്കിലുമൊക്കെ ചെയ്യുന്ന ആളാണ്. എന്നുവച്ച് ഞാന്‍ അച്ഛനുമായി അകന്നു നില്‍ക്കാറില്ല. ഇതേ അച്ഛന്‍ തന്നെയാണ് എന്നെ പൊന്നു പോലെ നോക്കുന്നതും. എന്നാല്‍ നന്നായി ചീത്ത പറയുകയും ചെയ്യും. അതൊക്കെ ഓരോരുത്തരുടെ സ്വഭാവമല്ലേ?

കൂടാതെ ഞാനൊരു എയര്‍ഹോസ്റ്റസ് ആയിരുന്നല്ലോ. ജോലി ചെയ്തത് മുഴുവന്‍ കസ്റ്റമര്‍ സര്‍വീസിലാണ്. അവിടെ നമ്മള്‍ എത്രത്തോളം വിനയത്തോടെ പെരുമാറാനും ക്ഷമിക്കാനും അവരെ ഇറിറ്റേറ്റ് ചെയ്യാതിരിക്കാനുമൊക്കെയല്ലേ ശീലിക്കുന്നത്? അതൊക്കെ എന്റെ സ്വഭാവമായി മാറിയിട്ടുണ്ടാകും. ഞാന്‍ ഇങ്ങനെയാണ്.

പിന്നെ ബിഗ് ബോസ് എന്നത് ക്യാമറകള്‍ വച്ചിട്ടുള്ള അടച്ചിട്ട വീടല്ലേ? ഒരാളുമായി ഒരു പ്രശ്‌നമുണ്ടായാല്‍ അങ്ങനെ അടികൂടി തീര്‍ക്കാനൊന്നും അവിടെ പറ്റില്ല. ആളുകള്‍ കണ്ടു ചിരിക്കില്ലേ? അപ്പോള്‍ പരമാവധി സെറ്റില്‍ ചെയ്യാന്‍ ശ്രമിക്കും. പിന്നെ ചുറ്റുമുള്ള പലരും ഇതൊക്കെ കണ്ടു സന്തോഷിക്കാന്‍ നില്‍ക്കുന്നവരാണ്. ബിഗ് ബോസ് വീടിനു പുറത്താണ് ഇതൊക്കെ നടക്കുന്നതെങ്കില്‍ ഞാന്‍ ചിലപ്പോ ഇങ്ങനെയാവില്ല പെരുമാറുന്നത്. അടിയുണ്ടാക്കി തീര്‍ക്കും.

ബിഗ് ബോസിലെ മത്സരാര്‍ഥികളില്‍ അലസാന്‍ഡ്രയ്ക്ക് ആരെയാണ് ഏറ്റവും കൂടുതല്‍ ഇഷ്ടം? ആരാണ് വിജയി ആവേണ്ടിയിരുന്നത്?

സത്യം പറഞ്ഞാല്‍ എനിക്ക് ഏറ്റവും ഇഷ്ടം എന്നെത്തന്നെയാ. മൊത്തത്തില്‍ നോക്കുമ്പോ ഞാന്‍ വിജയി ആവാന്‍ യോഗ്യയാണെന്ന് എനിക്ക് തോന്നിയിരുന്നു. അഭിരാമി ഒരു മത്സരാര്‍ത്ഥി ആയിരുന്നെങ്കില്‍ ഞാന്‍ തീര്‍ച്ചയായും ആ പേര് പറഞ്ഞേനെ. അഭി കിടുവാണ്. പൊളിയാണ്. എന്നാല്‍ അമൃതയും അഭിരാമിയും ഒറ്റ മത്സരാര്‍ത്ഥി ആയതുകൊണ്ട് എനിക്ക് ആ പേര് പറയാന്‍ പറ്റില്ല. അഭിരാമിയുടെ അത്ര കിടുവല്ല അമൃത.  അപ്പോള്‍ ഞാന്‍ തന്നെ.

click me!