ജനറല്‍ ടിക്കറ്റുകളും മൊബൈലില്‍; ആപ്പ് പരിഷ്‍കരിച്ച് റെയില്‍വേ

By Web Team  |  First Published Jan 29, 2019, 4:34 PM IST

ട്രെയിന്‍ യാത്രകളില്‍ ഇന്ത്യയില്‍ എവിടേക്കും ജനറല്‍ ടിക്കറ്റും എടുക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ UTS APP പരിഷ്‍കരിച്ച് റെയില്‍വേ. റിസർവ് ചെയ്യാതെ യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരിൽ ഒരുശതമാനംപോലും ആപ്പ് ഉപയോഗിക്കാത്തതോടെയാണ് റെയിൽവേ ഇതിന് കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങിയത്. 


തിരുവനന്തപുരം: ട്രെയിന്‍ യാത്രകളില്‍ ഇന്ത്യയില്‍ എവിടേക്കും ജനറല്‍ ടിക്കറ്റും എടുക്കാനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ UTS APP പരിഷ്‍കരിച്ച് റെയില്‍വേ. റിസർവ് ചെയ്യാതെ യാത്ര ചെയ്യുന്ന മൊത്തം യാത്രക്കാരിൽ ഒരുശതമാനംപോലും ആപ്പ് ഉപയോഗിക്കാത്തതോടെയാണ് റെയിൽവേ ഇതിന് കൂടുതൽ ശ്രദ്ധ നൽകിത്തുടങ്ങിയത്. ആപ്പിനെക്കുറിച്ച് കൂടുതൽ പ്രചാരണത്തിനിറങ്ങിയിരിക്കയാണ് ഇപ്പോൾ റെയിൽവേ.

മൊബൈൽ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവരുടെ എണ്ണം 10 ശതമാനമാക്കണമെന്നാണ് റെയിൽവേ ബോർഡിന്റെ ലക്ഷ്യം. 2018 ഏപ്രിലിലാണ് ആപ്പ് നിലവില്‍ വന്നത്. പാലക്കാട് ഡിവിഷനിൽ ഏപ്രിലിൽ 0.34 ശതമാനമായിരുന്നു മൊബൈൽ ആപ്പ് ഉപയോഗിച്ചിരുന്നവർ. ബോധവല്‍ക്കരണത്തിലൂടെ ഡിസംബറിൽ ഇത് 2.85 ശതമാനമായി ഉയര്‍ന്നു. 

Latest Videos

റെയില്‍വേയുടെ കണക്കനുസരിച്ച് തമിഴ്‍നാട്ടുകാരാണ് ആപ്പിനെ ഇരു കൈയ്യും നീട്ടി സ്വീകരിച്ചത്. പൊള്ളാച്ചി മേഖലയിൽ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവർ  എപ്രിലിൽ 0.62 ശതമാനമായിരുന്നു. ഡിസംബറിൽ ഇത് 25.77 ശതമാനമായി ഉയര്‍ന്നു. കോഴിക്കോട് 0.42-ൽനിന്ന് 3.69 ആയി. കണ്ണൂരിൽ 0.52-ൽനിന്ന് 3.15 ആയി. പാലക്കാട് 0.39-ൽനിന്ന് 2.94ഉം ഷൊർണൂരിൽ 0.27-ൽനിന്ന് 2.46ഉം ആയി. മംഗളൂരുവിൽ 0.06 ശതമാനത്തിൽ നിന്ന് 0.97 ശതമാനമായി.

സാധാരണ യാത്രാടിക്കറ്റുകൾക്ക് പുറമേ സീസൺടിക്കറ്റും പ്ലാറ്റ് ഫോം ടിക്കറ്റും ആപ്പ് വഴി ലഭിക്കും. ആപ്പ് മൊബൈൽനമ്പർ ഉപയോഗിച്ച് രജിസ്റ്റർ ചെയ്യണം. റെയിൽവേസ്റ്റേഷന് തൊട്ടടുത്തുവെച്ച് ടിക്കറ്റെടുക്കാം. എന്നാൽ, സ്റ്റേഷനകത്തുവെച്ചോ ട്രെയിനിൽ വെച്ചോ ടിക്കറ്റെടുക്കാൻ പറ്റില്ല. ക്രെഡിറ്റ്-ഡെബിറ്റ് കാർഡുകൾ, ഇന്റർനെറ്റ് ബാങ്കിങ്, റെയിൽവാലറ്റ് എന്നിവ വഴിയെല്ലാം പണവുമടയ്ക്കാന്‍ കഴിയും.

ആദ്യം ഈ സേവനം കൊണ്ടു വന്നപ്പോള്‍ മൊബൈലില്‍ എടുത്ത ടിക്കറ്റ് പിന്നീട് സ്റ്റേഷനില്‍ എത്തിയ ശേഷം കൗണ്ടറിലോ ഓട്ടോമാറ്റിക് ടിക്കറ്റ് വെന്‍ഡിംഗ് യന്ത്രമോ ഉപയോഗിച്ച് ടിക്കറ്റിന്‍റെ പ്രിന്‍റ്  എടുക്കണമായിരുന്നു. ഈ നിബന്ധന കഴിഞ്ഞ ഏപ്രിലില്‍ അവസാനിപ്പിച്ചിരുന്നു. ഇപ്പോള്‍ ഐആര്‍സിടിസി ആപ്പ് പോലെ തന്നെ ലളിതമാണ് യുടിഎസ് മൊബൈല്‍ ആപ്ലിക്കേഷനും. ആന്‍ഡ്രോയിഡ് പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍, വിന്‍ഡോസ് സ്റ്റോര്‍ എന്നിവടങ്ങളില്‍ നിന്ന് ഈ ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

click me!