ടൈറ്റാനിക് II എത്തുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഓസ്ട്രേലിയന്‍ കമ്പനിയായ ബ്ലൂസ്റ്റാറാണ് പദ്ധതിക്കു പിന്നില്‍. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും ന്യൂയോര്‍ക്ക് വരെ ആദ്യ ടൈറ്റാനിക് കപ്പല്‍ യാത്രയ്ക്ക് പോയ അതേ റൂട്ടിലാണ് ടൈറ്റാനിക് IIഉം യാത്ര ചെയ്യുക. 2022-ലാണ് ടൈറ്റാനിക് II ആദ്യ യാത്രയ്ക്കിറങ്ങുന്നത്.
ടൈറ്റാനിക്ക്. നാവികര്‍ക്കും കപ്പല്‍ സഞ്ചാരികള്‍ക്കും മാത്രമല്ല ഒരുപക്ഷേ കൊച്ചുകുട്ടികള്‍ക്കു പോലും പരിചതമാവും ഈ പേര്. വൈറ്റ് സ്റ്റാര്‍ ലൈന്‍സിന്റെ ഉടമസ്ഥതയിലുള്ള ഒരു യാത്രാകപ്പലായിരുന്നു റോയല്‍ മെയില്‍ സ്റ്റീമര്‍ ടൈറ്റാനിക്. ഒരിക്കലും മുങ്ങാത്ത കപ്പല്‍ എന്ന് നിര്‍മാതാക്കള്‍ വാഴ്ത്തിയ കപ്പല്‍. അക്കാലത്തെ ഏറ്റവും വലിയ യാത്രാ ആവിക്കപ്പല്‍. ഇങ്ങനെയൊക്കെ വാഴ്‍ത്തപ്പെട്ട ടൈറ്റാനിക് അതിന്‍റെ കന്നിയാത്രയില്‍ തന്നെ ഒരു മഞ്ഞുമലയില്‍ ഇടിച്ച് മുങ്ങുകയായിരുന്നു. 1997ല്‍ പുറത്തിറങ്ങിയ ടൈറ്റാനിക്ക് എന്ന സിനിമയിലൂടെയാണ് ടൈറ്റാനിക്കിന്‍റെ ദുരന്തകഥ പുതുതലമുറയുടെ നെഞ്ചകങ്ങളിലും ഇടംപിടിക്കുന്നത്.
ഇപ്പോഴിതാ മുങ്ങിയ കപ്പലിന് പകരമായി ടൈറ്റാനിക് II എത്തുകയാണെന്നാണ് പുതിയ വാര്‍ത്തകള്‍. ഓസ്ട്രേലിയന്‍ കമ്പനിയായ ബ്ലൂസ്റ്റാറാണ് പദ്ധതിക്കു പിന്നില്‍. ഇംഗ്ലണ്ടിലെ സതാംപ്റ്റണില്‍ നിന്നും ന്യൂയോര്‍ക്ക് വരെ ആദ്യ ടൈറ്റാനിക് കപ്പല്‍ യാത്രയ്ക്ക് പോയ അതേ റൂട്ടിലാണ് ടൈറ്റാനിക് IIഉം യാത്ര ചെയ്യുക. 2022-ലാണ് ടൈറ്റാനിക് II ആദ്യ യാത്രയ്ക്കിറങ്ങുന്നത്. ബ്ലൂ സ്റ്റാര്‍ ലൈന്‍ ചെയര്‍മാന്‍ ക്ലൈവ് പാല്‍മറാണ് ഇക്കാര്യം വ്യക്തമാക്കിയത്. പുതിയ ടൈറ്റാനിക്കിനും ആദ്യ കപ്പലിന്റെ അതേ രൂപകല്‍പ്പന തന്നെയായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
undefined
1911 ലാണ് ടൈറ്റാനിക്കിന്‍റെ നിര്‍മാണം പൂര്‍ത്തിയാക്കിയത്. മൂന്നു ക്ലാസ്സുകളിലായി 2500 യാത്രക്കാരെയും, ആയിരത്തോളം ജോലിക്കാരെയും വഹിക്കാനുള്ള ശേഷി. വെള്ളം കടക്കാത്ത പതിനാറു അറകള്‍, കൂടാതെ അത്യാധുനിക സുരക്ഷ ക്രമീകരണങ്ങള്‍. ജിംനേഷ്യം, സ്വിമ്മിംഗ് പൂള്‍, ലൈബ്രറികള്‍, ഹൈ-ക്ലാസ് റെസ്റ്ററന്റുകള്‍, ആഡംബര ക്യാബിനുകള്‍ എന്നിവ ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു.
നിരവധി സുരക്ഷ സംവിധാനങ്ങളും ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു. വാട്ടര്‍റ്റൈയ്റ്റ് കംപാര്‍ട്ട്മെന്റുകളും, റിമോട്ട് കൊണ്ട് പ്രവര്‍ത്തിക്കുന്ന വാട്ടര്‍റ്റൈയ്റ്റ് ഡോറുകളും സുരക്ഷയുടെ ഭാഗമായിരുന്നു. 1,178 ആളുകള്‍ക്കുള്ള ലൈഫ്ബോട്ടുകളും ടൈറ്റാനിക്കില്‍ ഉണ്ടായിരുന്നു. എന്നാല്‍ 16 ലൈഫ്ബോട്ട് ഡെവിറ്റുകള്‍ മാത്രമേ കപ്പലില്‍ ഉണ്ടായിരുന്നുള്ളൂ. ഓളപരപ്പിലൂടെ ഒഴുകി നടക്കുന്ന ഈ കൊട്ടാരം സൃഷ്ട്ടിച്ചത് ജെ ബ്രൂസ് ഇസ്മേ എന്ന ഇംഗ്ലീഷ് ബിസിനസുകാരനായിരുന്നു.
1912 ,ഏപ്രില്‍ 10 ന് ഇംഗ്ലണ്ടിലെ സതാംപ്റ്റണ്‍ തുറമുഖത്തു നിന്നാണ് കപ്പല്‍ കന്നി യാത്ര തുടങ്ങിയത്. 2,200 പേരെയും കൊണ്ട് ന്യൂയോര്‍ക്കിലേക്കായിരുന്നു യാത്ര. ക്യാപ്ടന്‍ എഡ്വാര്‍ഡ് സ്മിത്തായിരുന്നു കപ്പലിന്‍റെ ചുക്കാന്‍ പിടിച്ചത്. ലോകത്തെ പല സമ്പന്നന്മാരുമായിരുന്നു അന്ന് കപ്പലില്‍ യാത്ര ചെയ്തിരുന്നത്. ഗ്രേറ്റ് ബ്രിട്ടണില്‍ നിന്നും അയര്‍ലന്‍ഡില്‍ നിന്നും സ്‌കാന്‍ഡിനാവിയയില്‍ നിന്നും നൂറുകണക്കിന് കുടിയേറ്റക്കാരും കപ്പലിലുണ്ടായിരുന്നു.
തുടക്കത്തിലെ താളപ്പിഴകള്‍ നിറഞ്ഞതായിരുന്നു ടൈറ്റാനിക്കിന്‍റെ കന്നിയാത്രയെന്നാണ് കഥകള്‍. സതാംപ്ടന്‍ തുറമുഖത്തുനിന്നു യാത്ര തുടങ്ങിയപ്പോഴെയുണ്ടായ തിരയിളക്കത്തില്‍ അവിടെ നങ്കൂരമിട്ടിരുന്ന മറ്റൊരു കപ്പലുമായി നേരിയ വ്യത്യാസത്തിലാണ് കൂട്ടിയിടി ഒഴിവായതത്രെ. ഒരു ദിവസം കൊണ്ട് ടൈറ്റാനിക് ഏകദേശം 873 കിലോമീറ്റര്‍ പിന്നിട്ടെന്നാണ് കണക്കുകള്‍.
സമുദ്രത്തിന്റെ തെക്കുഭാഗത്ത് മഞ്ഞുപാളികള്‍ ഉള്ളതായി മറ്റു കപ്പലുകളില്‍ നിന്നും തുടര്‍ച്ചയായി സന്ദേശങ്ങള്‍ വന്നിരുന്നു. എന്നാല്‍ ഇതൊന്നും വകവെയ്ക്കാതെ ശരവേഗതയില്‍ പായുകയായിരുന്ന ടൈറ്റാനിക്ക് ഒടുവില്‍ ഒരു മഞ്ഞുമലയില്‍ ഇടിച്ച് നെടുകെ പിളരുകയായിരുന്നു. ഏകദേശം 80 കിമി അകലെ കാര്‍പാര്‍ത്തിയ എന്ന കപ്പല്‍ അപായ സന്ദേശം ലഭിച്ചയുടനെ അവിടേക്ക് തിരിച്ചു.
മുകള്‍ തട്ടിലുള്ളവരോട് കപ്പല്‍ ഉപേക്ഷിക്കാന്‍ ക്യാപ്റ്റന്‍ സ്മിത്ത് ആവശ്യപെട്ടു. 2200 യാത്രക്കാര്‍ക്കും ജോലിക്കാര്‍ക്കും രക്ഷപെടാന്‍ ആകെ 20 ലൈഫ് ബോട്ടുകള്‍ മാത്രമേ കപ്പലില്‍ ഉണ്ടായിരുന്നുള്ളു. ഏതൊരു ദുരന്തത്തെയും അതിജീവിക്കാന്‍ ടൈറ്റാനിക്കിന് കഴിയും എന്ന അമിത ആത്മവിശ്വാസമായിരുന്നു ഇതിനു പിന്നില്‍. ഇതുതന്നെയാണ് അന്ത്യം കൂടുതല്‍ ദാരുണമാക്കിയത്. രണ്ടു മണിക്കൂര്‍ കഴിഞ്ഞായിരുന്നു കാര്‍പ്പാര്‍ത്തിയ സ്ഥലത്തെത്തിയത്. 703 യാത്രക്കാരെ രക്ഷിക്കാന്‍ ആ കപ്പലിന് കഴിഞ്ഞു. 1912 ഏപ്രില്‍ 15 ന് രണ്ടുമണിയോടെ ടൈറ്റാനിക് പൂര്‍ണമായും കടലില്‍ മുങ്ങിത്താണു. 815 യാത്രക്കാരും 688 കപ്പല്‍ ജീവനക്കാരും ഉള്‍പ്പടെ 1503 ആയിരുന്നു മരണസംഖ്യ.
ടൈറ്റാനിക് II -ല്‍ ഇതുപോലെ ഒരു അപകടം ഇനി ഒഴിവാക്കാനായി ആവശ്യത്തില്‍ കൂടുതല്‍ ലൈഫ് ബോട്ടുകള്‍ ഉള്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒമ്പത് ഡെക്കുകളുള്ള ടൈറ്റാനിക് II -ല്‍ 835 ക്യാബിനുകള്‍ ഉണ്ടാകും. 2,435 പേര്‍ക്ക് ഇതില്‍ യാത്ര ചെയ്യാം. എല്ലാ അത്യാധുനിക സംവിധാനങ്ങളും സാങ്കേതിക വിദ്യയും കപ്പലില്‍ ഉണ്ടാകും. പുതിയ നാവിഗേഷന്‍ സംവിധാനവും റഡാര്‍ സംവിധാനവും ഉണ്ടാകും.
ഈ സ്വപ്നതുല്യ യാത്രയുടെ ഫസ്റ്റ്, സെക്കന്‍ഡ്, തേഡ് ക്ലാസ് ടിക്കറ്റുകള്‍ പഴയ ടിക്കറ്റ് രൂപത്തില്‍ തന്നെ വാങ്ങാം. അപ്പോള്‍ സഞ്ചാരികളേ ടൈറ്റാനിക്ക് യാത്രയെപ്പറ്റി ഒന്നു ചിന്തിച്ചോളൂ. ഒരുപക്ഷേ നിങ്ങളുടെ സഞ്ചാരജീവിതത്തിലെ അവിസ്‍മരണീയമായ ഒരനുഭവം ആകുമത്.