: ടാറ്റയുടെ ഏറ്റവും പുതിയ എസ്‌യുവി ഹാരിയറിന്റെ ബുക്കിംഗ് ടാറ്റ ഔദ്യോഗികമായി ആരംഭിച്ചു.
കൊച്ചി: ടാറ്റയുടെ ഏറ്റവും പുതിയ എസ്‌യുവി ഹാരിയറിന്റെ ബുക്കിംഗ് ടാറ്റ ഔദ്യോഗികമായി ആരംഭിച്ചു. http://www.tataharrier.com/എന്ന വെബ്‌സൈറ്റിലൂടെയോ അടുത്തുള്ള ടാറ്റ മോട്ടോര്‍സ് ഡീലറുകള്‍ വഴിയോ ടാറ്റ ഹാരിയര്‍ ബുക്ക് ചെയ്യാമെന്ന് ടാറ്റ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. 30,000 രൂപയാണ് ബുക്കിംഗ് തുക.
സാങ്കേതിക വിദ്യ, കാര്യക്ഷമത, ഡിസൈന്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ പുതുതലമുറ എസ്‍യുവികളിലെ കരുത്തന്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഹാരിയര്‍, ടാറ്റയുടെ ഏറ്റവും നൂതന ഇംപാക്ട് 2.0 ഡിസൈന്‍ ഭാഷയിലുള്ള ആദ്യ വാഹനമാണ്. മാത്രമല്ല ലാന്‍ഡ് റോവറിന്റെ ഡി 8 ആര്‍ക്കിടെക്ചറില്‍ വികസിപ്പിച്ച പുതിയ തലമുറ 'ഒപ്റ്റിമല്‍ മോഡുലാര്‍ എഫിഷ്യന്റ് ഗ്ലോബല്‍ അഡ്വാന്‍സ്ഡ്' ആര്‍ക്കിടെക്ചറില്‍ ആണ് ഹാരിയര്‍ നിര്‍മ്മിച്ചിരിക്കുന്നത്. ഈ പ്രത്യേകതരം ആര്‍കിടെക്ച്ചര്‍ നഗരത്തിലെയും അതുപോലെ തന്നെ ദുഷ്‌കരമായ ഗതാഗത സാഹചര്യങ്ങളിലും അനായാസം കടന്നു ചെല്ലാന്‍ സാധിക്കുന്നു.
2.0 ലിറ്റര്‍ ക്രെയോടെക് ഡീസല്‍ എന്‍ജിന്‍ ആണ് ഹാരിയറിന് കരുത്ത് പകരുന്നത്. അതോടൊപ്പം അഴകേറിയ ഏക്സ്റ്റീരിയറും, ആഡംബരം നിറഞ്ഞ ഇന്റീരിയര്‍ അനുഭവവും, മീഡിയ കണക്ടിവിറ്റി സംവിധാനങ്ങളും ഹാരിയറിന്റെ പ്രത്യേകതയാണ്. ഈ 5 സീറ്റര്‍ മോണോക്കോക്ക് എസ്.യു.വി 2.2 ദശലക്ഷം കിലോമീറ്റര്‍ ദൂരം ടെസ്റ്റ് ചെയ്താണ് ടാറ്റ നിരത്തിലെത്തിക്കുന്നത്. ബുക്കിംഗ് വേഗത്തിലാക്കി 2019 ആദ്യം തന്നെ വാഹനം വിതരണം ആരംഭിക്കാനാണ് ടാറ്റ ലക്ഷ്യമിടുന്നത്.