ശ്വാസമടക്കി ആ വീഡിയോ കണ്ടു, ഒടുവില്‍ ടാറ്റയ്ക്ക് കൈയ്യടിച്ച് ജനം!

By Web Team  |  First Published Feb 18, 2019, 7:45 PM IST

പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നെക്സോണിന്‍റെ മുകളിലേക്ക് കൂറ്റന്‍ തൂണ്‍ മറിഞ്ഞു വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂടൂബിലും വൈറലാകുന്നത്. 


ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കി ടാറ്റയുടെ ആദ്യ സബ് ഫോര്‍ മീറ്റര്‍ എസ്‍യുവി നെക്‌സോണ്‍ അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഗ്ലോബൽ NCAP നടത്തിയ ഇടി പരീക്ഷയിലെ നെക്സോണിന്‍റെ ഈ മിന്നുന്ന പ്രകടനം വെറുതെയല്ലെന്നാണ് ഇപ്പോള്‍ ഡെറാഡൂണില്‍ നിന്നും പുറത്തു വരുന്ന ഒരു വീഡിയോ ദൃശ്യം തെളിയിക്കുന്നത്. 

പാര്‍ക്കിംഗ് ഏരിയയില്‍ നിര്‍ത്തിയിട്ടിരുന്ന നെക്സോണിന്‍റെ മുകളിലേക്ക് കൂറ്റന്‍ തൂണ്‍ മറിഞ്ഞു വീഴുന്നതിന്‍റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലും യൂടൂബിലും വൈറലാകുന്നത്. കൂറ്റന്‍ തൂണിനടയില്‍ ഞെരിഞ്ഞമര്‍ന്നിട്ടും കാറിനകത്തുണ്ടായിരുന്ന യാത്രികര്‍ ഒരു പോറല്‍ പോലും ഏല്‍ക്കാതെ രക്ഷപ്പെട്ടതിന്‍റെ അമ്പരപ്പിലും ആശ്വാസത്തിലുമാണ് രാജ്യത്തെ വാഹന പ്രേമികള്‍. 

Latest Videos

undefined

കനത്ത മഴയില്‍ നെക്‌സോണിന് നേരെ മുകളിലേക്കാണ് ഭീമന്‍ തൂണ്‍ പതിച്ചത്. വലിയ ബില്‍ബോര്‍ഡിനൊപ്പമാണ് കൂറ്റന്‍ ഇരുമ്പു തൂണ്‍ തകര്‍ന്നു വീണത്. തൂണിന്‍റെ വീഴ്ച്ചയില്‍ നെക്‌സോണിന്റെ മേല്‍ക്കൂര നാമാവശേഷമായെങ്കിലും ആഘാതം പ്രതിരോധിക്കാന്‍ ക്യാബിന്‍ ഘടനയ്ക്ക് സാധിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതില്‍ ക്യാബിന്‍ ദൃഢത നിര്‍ണായകമായെന്നാണ് വീഡിയോ തെളിയിക്കുന്നത്. അപകടത്തിന്റെ തീവ്രത സമീപത്തെ സിസിടിവി ക്യാമറയിലാണ് പതിഞ്ഞത്. അപകടത്തിനു ശേഷം പോറല്‍ പോലുമേല്‍ക്കാതെ എസ്‌യുവിയുടെ ഡോര്‍ തുറന്ന് യാത്രികര്‍ ഇറങ്ങിയോടുന്നത് വീഡിയോയില്‍ വ്യക്തമാണ്. ഇതു കണ്ട് ടാറ്റയ്ക്ക് ജയ് വിളിക്കുകയാണ് ഇപ്പോള്‍ വാഹനപ്രേമികള്‍. 

2018 ഡിസംബറിലായിരുന്നു നെക്സോണ്‍ ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നത്. ഇതാദ്യമായിട്ടാണ് ഒരു ഇന്ത്യന്‍ നിര്‍മ്മിത വാഹനം ക്രാഷ് ടെസ്റ്റില്‍ ഫൈവ് സ്റ്റാര്‍ റേറ്റിങ് സ്വന്തമാക്കുന്നതെന്ന പ്രത്യേകതയും നെക്സോണിനുണ്ട്.  ഇടിയുടെ ആഘാതം ബോണറ്റ് പോര്‍ഷനില്‍ മാത്രമായി പരിമിതപ്പെടുത്താന്‍ സാധിച്ചത് വാഹനത്തിന്റെ ബോഡിയുടെ കരുത്തിനെ കാണിക്കുന്നതാണെന്ന് അന്നു തന്നെ വാഹനവിദഗ്ദര്‍ നിരീക്ഷിച്ചിരുന്നു. ക്രാഷ് ടെസ്റ്റില്‍ എ പില്ലറുകള്‍ക്കും കേടുപടുകള്‍ സംഭവിച്ചില്ലെന്നതാണ് ശ്രദ്ധേയം. 

ക്രാഷ് ടെസ്റ്റില്‍ കണ്ടതുപോലെ ഗുരുതരമായ ആഘാതങ്ങള്‍ പാസഞ്ചര്‍ ക്യാബിനിലേക്ക് കടന്നെത്തിയില്ലെന്നാണ് വീഡിയോ തെളിയിക്കുന്നത്. അപകടശേഷം പുറമെ നിന്നാരുടെയും സഹായമില്ലാതെയാണ് യാത്രക്കാര്‍ ഡോര്‍ തുറന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയത്. എന്തായാലും തകര്‍ന്നുടഞ്ഞ നെക്‌സോണിന്‍റെ ചിത്രങ്ങള്‍ വൈറലായിക്കഴിഞ്ഞു. ഇതിനു മുമ്പ് നടന്ന പല അപകടങ്ങളിലും നെക്‌സോണും യാത്രികരും വലിയ പരിക്കുകള്‍ കൂടാതെ രക്ഷപ്പെട്ടിരുന്നു. 

2017 സെപ്‍തംബറിലാണ് നെക്സോണിനെ ആദ്യമായി ടാറ്റ അവതരിപ്പിക്കുന്നത്. ഇന്ത്യയിൽ അനുദിനം വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന കോംപാക്ട് എസ് യു വി സെഗ്‌മെന്റിലേക്കുള്ള ടാറ്റയുടെ സംഭാവനയാണ് നെക്‌സോൺ.  മാറ്റമില്ലാത്തെ ഡിസൈനില്‍ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ടാറ്റ ഇത്തവണ അതെല്ലാം കാറ്റില്‍പ്പറത്തുന്ന ഡിസൈന്‍ മികവ് സ്വന്തമാക്കിയാണ് പുതിയ താരത്തെ പുറത്തിറക്കിയത്. മൂന്നരവർഷം കൊണ്ടാണ് ടാറ്റ മോട്ടോഴ്‌സ് നെക്‌സോണിനെ രൂപ കല്പന ചെയ്‍ത് അവതരിപ്പിച്ചത്.  17 ലക്ഷം കി.മീ. പ്രിലോഞ്ച് ടെസ്റ്റ് ഡ്രൈവ് നടത്തി. മൈനസ് 20 മുതൽ പ്ലസ് 50 വരെയുള്ള കാലാവസ്ഥകളിൽ ഓടിച്ചു. സമുദ്ര നിരപ്പുമുതൽ 18,000 അടി ഉയരെ വരെ ഓടിച്ചു കയറ്റി. അങ്ങനെ കർശനമായ പരീക്ഷണനിരീക്ഷണങ്ങൾക്കു ശേഷമാണ് നെക്‌സോൺ അന്തിമരൂപം പ്രാപിച്ചത്.

1.5 ലിറ്റർ ടർബോ ചാർജ്ഡ് ഡീസലും, 1.2 ലിറ്റർ ടർബോ ചാർജ്ഡ് പെട്രോൾ എഞ്ചിനുകളുമാണ് നെക്‌സോണിന് കരുത്തുപകരുന്നത്. രണ്ടും 110 ബിഎച്ച്പി എഞ്ചിൻ പവറുള്ളതാണ്. ടോർക്ക് യഥാക്രമം 260, 170  ന്യൂട്ടൺ മീറ്ററാണ്.  6 സ്പീഡ് മാനുവൽ ഗിയർ ബോക്‌സാണ് ട്രാന്‍സ്മിഷന്‍. മികച്ച സസ്‌പെൻഷനും ബോഡിറോളില്ലാത്ത പ്രവർത്തന രീതിയും കൂടിയ ഗ്രൗണ്ട് ക്ലിയറൻസും നെക്‌സോണിന്റെ ഡ്രൈവ് ആസ്വാദ്യകരമാക്കും. റിസ്റ്റ് ബാൻഡ് വാച്ച് പോലെ തോന്നിക്കുന്ന റിസ്റ്റ് ബാൻഡാണ് നെക്‌സോണിന്റെ മറ്റൊരു പുതുമ. ഇത് വാഹനത്തിന്റെ 'കീ' യുടെ ഫലം ചെയ്യും. ISOFI ചൈല്‍ഡ് റെസ്‌ട്രെയിന്റ് സംവിധാനമുള്ള (CRS) അപൂര്‍വ്വം ഇന്ത്യന്‍ കാറുകളിലൊന്നാണ് നെക്‌സോണ്‍. ഇരട്ട എയര്‍ബാഗുകള്‍, പ്രീടെന്‍ഷനറുകളുള്ള സീറ്റ് ബെല്‍റ്റുകള്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ടുകള്‍, ആന്റി ലോക്ക് ബ്രേക്കിംഗ് സംവിധാനം എന്നിവയെല്ലാം നെക്‌സോണില്‍ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറാണ്.

6.16 ലക്ഷം മുതല്‍ 10.59 ലക്ഷം രൂപ വരെയാണ് വാഹനത്തിന്‍റെ എക്സ്ഷോറൂം വില. ഫോര്‍ഡ് എക്കോസ്‌പോര്‍ട്, ഹോണ്ട ഡബ്ല്യു ആർ വി, മഹീന്ദ്ര ടി.യു.വി 300, മാരുതി വിറ്റാര ബ്രെസ്സ എന്നിവയാണ് നെക്സോണിന്‍റെ മുഖ്യ എതിരാളികള്‍.
 

click me!