കാട്ടാനയുടെ കരുത്തുമായി സുസുക്കി 'കട്ടാന'!

By Web Team  |  First Published Oct 5, 2018, 3:11 PM IST

ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ ഐതിഹാസിക മോഡല്‍ കട്ടാനയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു


ജാപ്പനീസ് ബൈക്ക് നിര്‍മ്മാതാക്കളായ സുസുക്കി തങ്ങളുടെ ഐതിഹാസിക മോഡല്‍ കട്ടാനയുടെ പുതിയ മോഡല്‍ അവതരിപ്പിച്ചു. എണ്‍പതുകളില്‍ തരംഗമായിരുന്ന ഐക്കണിക്ക് ബൈക്കായ കട്ടാനയുടെ പുതിയ മോഡല്‍ ജര്‍മ്മനിയില്‍ നടക്കുന്ന 2018 ഇന്റര്‍മോട്ട് മോട്ടോര്‍സൈക്കിള്‍ ഷോയിലാണ് സുസുക്കി അവതരിപ്പിച്ചത്. 

സ്‌പോര്‍ട്‌സ് ബൈക്ക് ശ്രേണിയില്‍ മത്സരം കടുപ്പിക്കാനാണ് പുത്തന്‍ കട്ടാനയിലൂടെ സുസുക്കിയുടെ നീക്കം. കരുത്തന്‍ GSXS1000 നെയ്ക്കഡ് ബൈക്കിന്റെ ഫ്രെയിം ഉപയോഗിച്ചാണ് പുതിയ കട്ടാന ഒരുക്കിയിരിക്കുന്നത്. 2017 ലെ കോണ്‍സെപ്റ്റിന് സമാനമാണ് പുതിയ മോഡല്‍. മുന്നില്‍ ചതുരാകൃതിയിലാണ് എല്‍ഇഡി ഹെഡ്‌ലാമ്പ്. വെട്ടിയൊതുക്കിയ ഇന്ധനടാങ്കിലേക്ക് ചേര്‍ന്നണയുന്ന പാതി ഫെയറിംഗ് പുതിയ കട്ടാനയുടെ ഡിസൈന്‍ സവിശേഷതയില്‍ ഉള്‍പ്പെടുന്നു. പിറകില്‍ ‘ഫ്‌ളോട്ടിംഗ് ടെയില്‍’ ശൈലിയാണ്.

Latest Videos

undefined

GSX-S1000R മോഡലില്‍ നല്‍കിയ ലിക്വിഡ് കൂള്‍ഡ് സവിശേഷതയുള്ള അതേ 999 സിസി ഫോര്‍ സിലിണ്ടര്‍ ഇന്‍-ലൈന്‍ എന്‍ജിനാണ് കട്ടാനയ്ക്കും കരുത്തേകുക. 10,000 ആര്‍പിഎമ്മില്‍ 150 ബിഎച്ച്പി പവറും 9500 ആര്‍പിഎമ്മില്‍ 105 എന്‍എം ടോര്‍ക്കുമേകുന്നതാണ് ഈ എന്‍ജിന്‍. സ്ലിപ്പര്‍ ക്ലച്ചോടെ 6 സ്പീഡാണ് ട്രാന്‍സ്മിഷന്‍. ത്രീ ലെവല്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍ സിസ്റ്റവും വാഹനത്തിലുണ്ടാകും. ഡ്യുവല്‍ ചാനല്‍ എബിഎസും സുരക്ഷ വര്‍ധിപ്പിക്കും. 

ചെറിയ പിന്‍ ടയര്‍ ഹഗ്ഗറിലാണ് നമ്പര്‍ പ്ലേറ്റ്. എഞ്ചിന് കവചമൊരുക്കുന്ന ബെല്ലി പാന്‍ കട്ടാനയ്ക്ക് ആധുനിക പരിവേഷം സമര്‍പ്പിക്കുന്നുണ്ട്. സുസുക്കി GSXR1000R ല്‍ നിന്നും കടമെടുത്ത ഡിജിറ്റല്‍ എല്‍സിഡി ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററാണ് പുതിയ കട്ടാനയില്‍.  സ്‌ക്വയര്‍ രൂപത്തിലുള്ള എല്‍ഇഡി ഹെഡ്‌ലാമ്പ്, എല്‍ഇഡി ഇന്‍ഡികേറ്റര്‍, വലിയ ടിഎഫ്ടി സ്‌ക്രീന്‍, സ്‌പോര്‍ട്ടി ഫ്രണ്ട് ഫെയറിങ്, ഒഴുകിയിറങ്ങുന്ന റിയര്‍ സൈഡ് എന്നിവ കട്ടാനയെ വ്യത്യസ്തനാക്കും. 215 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. 12 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. 

ആഗോളതലത്തില്‍ ഉടന്‍ പുറത്തിറങ്ങുന്ന കട്ടാന അടുത്ത വര്‍ഷം അവസാനത്തോടെ ഇന്ത്യയിലുമെത്തും. സുസുക്കിയുടെ 1000 സിസി ബൈക്കുകള്‍ക്ക് സമാനമായി കട്ടാനയും പൂര്‍ണമായും നിര്‍മിച്ച് ഇറക്കുമതി വഴിയാണ് ഇന്ത്യയിലെത്തുക.  2006ലാണ് കട്ടാനയുടെ പഴയ മോഡല്‍ കമ്പനി അവസാനമായി വിപണിയിലെത്തിച്ചത്.

click me!