ഭീകരാക്രമണം, അതിർത്തിയിലെ ആക്രമണങ്ങൾ എന്നിവയിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് റോഡിലെ കുഴികൾ കാരണം മരിച്ചവരുടെ എണ്ണമെന്ന് സുപ്രീംകോടതി.
ദില്ലി: ഭീകരാക്രമണം, അതിർത്തിയിലെ ആക്രമണങ്ങൾ എന്നിവയിൽ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കാൾ കൂടുതലാണ് റോഡിലെ കുഴികൾ കാരണം മരിച്ചവരുടെ എണ്ണമെന്ന് സുപ്രീംകോടതി. റോഡ് സുരക്ഷ സംബന്ധിച്ച ജസ്റ്റിസ് കെ എസ് രാധാകൃഷ്ണൻ കമ്മിറ്റിയുടെ റിപ്പോർട്ട് പരിശോധിച്ചുകൊണ്ട് ജസ്റ്റിസ് മദൻ ബി ലോകൂർ അധ്യക്ഷനായ ബെഞ്ചിന്‍റേതാണ് അഭിപ്രായം.
2013 മുതൽ 2017 വരെ 14,926 പേരാണ് റോഡിലെ കുഴികൾ കാരണമുണ്ടായ അപകടങ്ങളിൽ മരിച്ചത്. റോഡിലെ കുഴികൾ കാരണം ഇത്രയധികം പേർ മരിക്കുന്നത് അംഗീകരിക്കാനാവില്ല. കോടതി വ്യക്തമാക്കി. അധികൃതർ റോഡ് പരിപാലിക്കുന്നില്ലെന്നതിന്റെ തെളിവാണ് ഇത്രയധികം മരണമെന്നും കോടതി പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളുമായും സംസാരിച്ചാണ് സമിതി റിപ്പോർട്ട് തയ്യാറാക്കിയതെന്ന് അമിക്കസ് ക്യൂറി ഗൗരവ് അഗർവാൾ പറഞ്ഞു. റോഡ് ഗതാഗതമന്ത്രാലയത്തിൽ നിന്നാണ് അപകടമരണത്തിന്റെ കണക്കെടുത്തത്. റോഡപകടങ്ങളിലും വാഹനമിടിച്ച് നിർത്താതെ പോകുന്ന കേസുകളിലും നഷ്ടപരിഹാരം നൽകുന്നത് സംബന്ധിച്ച വിഷയമാണ് സുപ്രീംകോടതി പരിശോധിക്കുന്നത്.
റോഡിലെ കുഴികളിൽവീണുള്ള അപകടത്തിൽ എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നതിന്‍റെ കണക്കുമില്ല. ഇത്തരം കേസുകളിൽ ഇരകൾക്ക് നഷ്ടപരിഹാരം നൽകിയിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. റോഡിലെ കുഴികാരണമുള്ള അപകടത്തിൽ മരിക്കുന്നവർക്കും നഷ്ടപരിഹാരം നൽകേണ്ടതാണെന്ന് സുപ്രീംകോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.
കഴിഞ്ഞ ജൂലൈയിലാണ് റോഡ് സുരക്ഷ സംബന്ധിച്ച് പഠിച്ചു റിപ്പോർട്ട് നൽകാൻ സുപ്രീം കോടതി സമിതിയെ ഏർപ്പെടുത്തിയത്. സമിതി റിപ്പോർട്ട് സംബന്ധിച്ചു പ്രതികരണം ഉടൻ അറിയിക്കാൻ കോടതി കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.