ബസോടിക്കാന്‍ പോലും യോഗ്യതയില്ലാത്തവര്‍ വിമാനം പറത്തുന്ന ഒരു രാജ്യം. കേട്ടിട്ട് സഞ്ചാരികള്‍ക്ക് പേടി തോന്നുന്നുണ്ടോ? പേടിക്കേണ്ട, അങ്ങ് പാക്കിസ്ഥാനിലെ കാര്യമാണ് പറഞ്ഞുവരുന്നത്.
കറാച്ചി: ബസോടിക്കാന്‍ പോലും യോഗ്യതയില്ലാത്തവര്‍ വിമാനം പറത്തുന്ന ഒരു രാജ്യം. കേട്ടിട്ട് സഞ്ചാരികള്‍ക്ക് പേടി തോന്നുന്നുണ്ടോ? പേടിക്കേണ്ട, അങ്ങ് പാക്കിസ്ഥാനിലെ കാര്യമാണ് പറഞ്ഞുവരുന്നത്. വ്യാജ ബിരുദം തയ്യാറാക്കി ജോലിയില്‍ പ്രവേശിച്ച പൈലറ്റുകൾ ഉള്‍പ്പെടെ 50 പേരെയാണ് കഴിഞ്ഞ ദിവസം പാകിസ്ഥാനില്‍ പിരിച്ചുവിട്ടത്.
കോടതി ഉത്തരവിനെ തുടര്‍ന്ന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സിലെ (പി ഐ എ) ജീവനക്കാരെയാണ് കഴിഞ്ഞ ദിവസം കമ്പനി പുറത്താക്കിയത്. കഴിഞ്ഞ ജനുവരിയിലാണ് വ്യാജബിരുദവുമായി ചിലര്‍ ജോലിയില്‍ പ്രവേശിച്ചതായി ആരോപണം ഉയര്‍ന്നത്. തുടര്‍ന്ന് ഡിസംബര്‍ 28നകം ഈ ജീവനക്കാരുടെ ബിരുദം സംബന്ധിച്ച രേഖകൾ പരിശേധിക്കുന്നതിന് വേണ്ടി കോടതി പ്രത്യേക സമിതിയെ നിയമിക്കുകയായിരുന്നു. ജീവനക്കാർ ഹാജരാക്കിട്ടുള്ള രേഖകളെല്ലാം വ്യാജമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
ഏഴ് പൈലറ്റുമാരുടെ ബിരുദം വ്യാജമാണെന്നും ഇതില്‍ അഞ്ചുപേര്‍ പത്താം ക്ലാസ് പോലും പാസായിട്ടില്ലെന്നുമാണ് സമിതി കണ്ടെത്തല്‍. ഇക്കാര്യങ്ങള്‍ കോടതിയില്‍ അറിയച്ചപ്പോള്‍ ജഡ്‍ജി അടക്കമുള്ളവര്‍ ഞെട്ടി. ബസ് ഓടിക്കാന്‍ പോലും അറിയാത്തവരാണോ വിമാനം പറത്തുന്നതെന്ന് ജഡ്‍ജിമാരില്‍ ഒരാളായ ഇജാസുള്‍ അഹ്‍സന്‍ നിരീക്ഷിക്കുകയായിരുന്നു.