അടുത്തിടെ പുറത്തിറങ്ങിയ മൂന്നാംതലമുറ മാരുതി വാഗണ്‍ ആര് മികച്ച പ്രതികരണവുമായി വിപണിയില്‍ കുതിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ബുക്കിങ് ഇതിനോടകം 16,000 യൂണിറ്റ് പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍.
അടുത്തിടെ പുറത്തിറങ്ങിയ മൂന്നാംതലമുറ മാരുതി വാഗണ്‍ ആര് മികച്ച പ്രതികരണവുമായി വിപണിയില്‍ കുതിക്കുകയാണെന്ന് റിപ്പോര്‍ട്ട്. വാഹനത്തിന്റെ ബുക്കിങ് ഇതിനോടകം 16,000 യൂണിറ്റ് പിന്നിട്ടതായാണ് റിപ്പോര്‍ട്ടുകള്‍. ബുക്കിങ് ഉയര്‍ന്നതോടെ വേരിയന്റുകള്‍ക്കനുസരിച്ച് വെയ്റ്റിങ് പിരീഡും അല്പം വര്ധിച്ചുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിഫ്റ്റ്, ഇഗ്നീസ് മോഡലുകളുടെ അതേ ദൃഢതയേറിയ ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ നിര്‍മ്മിച്ചിരിക്കുന്ന പുത്തന്‍ വാഗണ്‍ ആറിന് 4.19 ലക്ഷം മുതല്‍ 5.69 ലക്ഷം രൂപ വരെയാണ് ദില്ലി എക്സ്ഷോറൂം വില. രണ്ട് എന്ജിന് ഓപ്ഷനുകളിലാണ് വാഹനം ജനുവരി 23നാണ് വിപണിയില്‍ എത്തിയത്.
പഴയ വാഗണ്‍ ആറിനെക്കാള്‍ നീളവും വീതിയും ഉയരവും കൂടുതലുണ്ട് പുതിയ വാഹനത്തിന്. 3655 എംഎം നീളവും 1620 എംഎം വീതിയും 1675 എംഎം ഉയരവും 2435 എംഎം വീല്‍ബേസുമുണ്ട് പുതിയ വാഗണ്‍ ആറിന്. മുന്‍മോഡലിനെക്കാള്‍ ഭാരം 65 കിലോഗ്രാം കുറവായിരിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. L, V, Z എന്നീ മൂന്ന് വേരിയന്റുകളിലായി പേള്‍ പൂള്‍സൈഡ് ബ്ലൂ, പേള്‍ നട്ട്മഗ് ബ്രൗണ്‍, മാഗ്ന ഗ്രേ, പേള്‍ ഓട്ടം ഓറഞ്ച്, സില്‍ക്കി സില്‍വര്‍, സുപ്പീരിയര്‍ വൈറ്റ് എന്നീ ആറ് നിറങ്ങളില്‍ വാഹനമെത്തും.
undefined
ഹാര്‍ട്ടെക്റ്റ് പ്ലാറ്റ്ഫോമില്‍ ടോള്‍-ബോയ് ബോഡിയില്‍ ബോക്സ് ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍ നല്‍കിയിരിക്കുന്നത്. ഇതുവഴി കൂടുതല്‍ സുരക്ഷിതത്വം വാഹനത്തില്‍ ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. മുന്‍തലമുറ മോഡലില്‍ നിന്ന് ഏറെ മാറ്റത്തോടെയാണ് 2019 വാഗണ്‍ ആര് എത്തുന്നത്. വോള്‍വോ കാറുകളിലേതിന് സമാനമാണ് പുത്തന്‍ വാഗണ്‍ ആറിലെ ടെയില്‍ ലാമ്പ്. ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള വലിയ ഗ്രില്‍ വാഹനത്തിന്റെ പഴയ മുഖഛായ തന്നെ മാറ്റുന്നു.
ടോള്‍-ബോയ് ബോഡിയില്‍ ബോക്സി ടൈപ്പ് ഡിസൈനാണ് പുതിയ വാഗണ്‍ആറില്‍. നിരവധി പുതുമകളോടെ ബ്ലാക്ക്-ബീജ് ഡ്യൂവല്‍ ടോണ്‍ ഫിനീഷിങ്ങില്‍ കൂടുതല്‍ പ്രീമിയം നിലവാരത്തിലാണ് വാഹനത്തിന്റെ അകത്തളം. രൂപം മാറിയ ഇന്‍സ്ട്രുമെന്റ് കണ്‍സോള്‍, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍, വലിപ്പം കുറഞ്ഞ ഗിയര്‍ ലിവര്‍ എന്നിവയാണ് ഇന്റീരിയറിലെ പ്രധാന മാറ്റങ്ങള്‍. ഇന്റീരിയറിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊപ്പം ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തിലുണ്ട്. ഫ്ളോട്ടിങ് ഡാഷ്ബോര്‍ഡ്, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍ തുടങ്ങിയവയും വാഹനത്തെ വേറിട്ടതാക്കുന്നു.
പുതുതായി ഡിസൈന്‍ ചെയ്ത ബമ്പറുകളാണ് മുന്നിലും പിന്നിലും. വീല്‍ ആര്‍ച്ചും കൂടുതല്‍ ആകര്ഷകമാക്കിയിട്ടുണ്ട്. പുതിയ ആകൃതിയിലുള്ള ഹെഡ് ലൈറ്റും വീതിയുള്ള ഇന്‍ഡിക്കേറ്ററുകളും മുന്‍വശത്തെ വേറിട്ടതാക്കുന്നു. സി-പില്ലറില്‍ നല്‍കിയിരിക്കുന്ന ബ്ലാക്ക് ഇന്‍സേര്‍ട്ടാണ് വശങ്ങളിലെ പ്രധാന ആകര്‍ഷണം. റൂഫ് വരെ നീളുന്ന ടെയ്ല്‍ലാമ്പും ഹാച്ച്ഡോറില്‍ വീതിയുള്ള ക്രോമിയം സ്ട്രിപ്പും റിഫ്ലക്ടര്‍ നല്‍കിയിട്ടുള്ള ഉയര്‍ന്ന ബമ്പറുമാണ് പിന്നിലെ പ്രത്യേകത.
സുരക്ഷയ്ക്കായി രണ്ട് എയര്‍ബാഗും എബിഎസ് സംവിധാനവും അടിസ്ഥാന മോഡലില്‍ ഉള്‍പ്പെടെ ഒരുക്കുന്നുണ്ട്. 1.0 ലിറ്റര്‍ മൂന്ന് സിലണ്ടര്‍ കെ-സീരീസ് പെട്രോള്‍ എന്ജിന് തന്നെയാവും പുതിയ വാഗണ്‍ആറിന്റെയും ഹൃദയം. ഈ എന്ജിന് 67 ബിഎച്ച്പി പവറും 90 എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിലും എഎംടിയിലും വാഗണ്‍ആര്‍ എത്തും. 83 ബിഎച്ച്പി പവറും 115 എന്‍എം ടോര്‍ക്കുമേകുന്ന 1.2 ലിറ്റര്‍ എന്‍ജിനും വാഹനത്തിലുണ്ട്. എല്‍പിജി, സിഎന്‍ജി വകഭേദങ്ങളും വാഗണ്‍ ആറിനുണ്ടാകും.
L, V, Z എന്നീ മൂന്ന് വേരിയന്റുകളുണ്ട്. L, V വേരിയന്റുകളിലാണ് 1.0 ലിറ്റര്‍ എന്‍ജിനുള്ളത്. ഇതില്‍ V-യില്‍ മാത്രമേ ഓട്ടോമാറ്റിക്കുള്ളു. 1.2 ലിറ്റര്‍ എന്ജിന് V, Z വേരിയന്റുകളില്‍ ലഭ്യമാകും. രണ്ടിലും മാനുവല്‍, ഓട്ടോമാറ്റിക് വേരിയന്റുകളുണ്ട്.
കഴിഞ്ഞദിവസം വാഗണ്‍ ആറിന്റെ വില്‍പ്പന 22 ലക്ഷം പിന്നിട്ടിരുന്നു. 1999ലാണ് മാരുതി സുസുക്കി ടോള്‍ ബോയി വിഭാഗത്തില്‍ വാഗണ്‍ ആറിനെ നിരത്തിലിറക്കുന്നത്. 227 മാസത്തിനിടെ പ്രതിമാസം ശരാശരി 9,756 യൂണിറ്റ് വിൽപ്പനയാണു വാഹനം സ്വന്തമാക്കിയത്. മാത്രമല്ല കഴിഞ്ഞ 19 വർഷത്തിനിടയിലെ പ്രതിമാസ കണക്കെടുപ്പില്‍ രാജ്യത്ത് ഏറ്റവുമധികം വിൽപ്പന കൈവരിക്കുന്ന ആദ്യ അഞ്ചു കാറുകൾക്കൊപ്പവും വാഗൺ ആർ ഇടംനേടിയിരുന്നു.