മഴ കണ്ട് വെറുതേയിരിക്കുന്ന ഒരു പതിവ് സായാഹ്നത്തിലാണ് പനമരത്ത് നിന്നും കുറുവയിലേക്ക് റാഫ്റ്റില്‍ പുഴയിലൂടെ ഒരു യാത്ര പോയാലോ എന്ന് ദിനേശേട്ടന്‍ പറയുന്നത്. ദിനേശേട്ടന്‍ വയനാട് ഡിറ്റിപിസിയില്‍ മാനേജരാണ്. എന്നാല്‍പ്പിന്നെ പോയേക്കാമെന്നായി ഞാന്‍. പനമരം പുഴയിലും കബനിയിലും മുതലയും ചീങ്കണ്ണിയുമുണ്ടെന്നത് തത്കാലം മറന്നു. രണ്ട് ദിവസം മുന്‍പ് പനമരം പുഴയില്‍ മുതലയെ കണ്ടകാര്യം ഞാന്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്തത്. അതൊക്കെ മറന്നാണ് 5 മണിക്കൂര്‍ നീളുന്ന പുഴയാത്രയ്ക്ക് ഇറങ്ങിപ്പുറപ്പെട്ടത്. പോരാത്തതിന് അന്ന് വയനാട്ടില്‍ കനത്ത മഴക്കാലവും. ഒടുവില്‍ രണ്ടും കല്‍പ്പിച്ച് പോകാന്‍ തന്നെ തീരുമാനിച്ചു.
പനമരത്ത് നിന്നാണ് യാത്ര തുടങ്ങുന്നത്. പനമരമെന്ന് പറഞ്ഞാല്‍ പഴശിയുടെ പടയോട്ടം കണ്ട മണ്ണ്. പഴശിയുടെ പോരാട്ടകാലത്തിനും കേരളത്തിന്റെ നക്‌സല്‍ ചരിത്രത്തിനുമൊക്കെ ചരിത്ര സാക്ഷികളായ പുഴകളാണ് പനമരം പുഴയും കബനി നദിയും.കിഴക്കോട്ടൊഴുകി കര്‍ണ്ണാടകത്തില്‍ പ്രവേശിക്കുന്ന കബനി നദിയുടെ കൈവഴിയാണ് പനമരം പുഴ.മാനന്തവാടിയില്‍ വെച്ച് പനമരം പുഴയും മാനന്തവാടി പുഴയും സംഗമിക്കുന്നതോടെയാണ് കബനി നദിയായി ഇവ ഒഴുകിത്തുടങ്ങുന്നത്. ആ കബനിയുടെ തീരത്താണ് ലോക പ്രശസ്തമായ കുറുവ ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏറെ പരിസ്ഥിതി പ്രാധാന്യവും ജൈവസമ്പുഷ്ടവുമായ ഈ പുഴകളിലൂടെ , രാജ്യത്ത് തന്നെ ആള്‍പ്പാര്‍പ്പില്ലാത്ത ഏറ്റവും വലിയ ദ്വീപായ കുറുവയിലേക്കാണ് യാത്ര. പനമരം പുഴ കടന്ന് കബനിയിലൂടെ കുറുവ ദ്വീപിലേക്ക് 5 മണിക്കൂര്‍ നീളുന്ന ഒരു പുഴയാത്ര.
പനമരം ടൗണിനോട് ചേര്‍ന്നുള്ള കടവില്‍ നിന്നും രാവിലെ 8 മണിക്കാണ് യാത്ര തുടങ്ങുന്നത്. വയനാട് ഡിറ്റിപിസിയില്‍ ഗൈഡായി ജോലി നോക്കുന്ന ലൂക്കോച്ചേട്ടനാണ് യാത്രയുടെ സാരഥി. കാറ്റ് നിറച്ച റാഫ്റ്റ് തലയില്‍ ചുമന്നുകൊണ്ട് ലൂക്കോച്ചേട്ടന്‍ വന്നു. കടവിനോട് ചേര്‍ന്ന തീരത്തേക്ക് റാഫ്റ്റ് പതിയെ ഇറക്കി വെച്ചു. പിന്നാലെ ലൈഫ് ജാക്കറ്റുകളും ഹെല്‍മറ്റും ധരിച്ച് മാത്രമേ യാത്ര ചെയ്യാനാകൂ. അത് നിര്‍ബന്ധമാണ്. ജാക്കറ്റും ഹെല്‍മെറ്റും ധരിച്ച് യാത്രാസംഘം തയ്യാറായി.ക നത്ത മഴയത്ത് കലങ്ങിയൊഴുകുകയാണ് പനമരം പുഴ. ഈ യാത്ര മുഴുവന്‍ ചിത്രീകരിക്കാന്‍ വി ആര്‍ രാകേഷ് ക്യാമറയുമായാണ് എത്തിയത്. ഫോട്ടോകള്‍ പകര്‍ത്താന്‍ സഹയാത്രികനായ ജിയോയും തയ്യാറായി. വയനാട്ടിലെ പത്രപ്രവര്‍ത്തകരായ അജിയും റംഷാജും ദിനേശേട്ടന്റെ സുഹൃത്തായ വിദേശമലയാളി ബാവയുമാണ് മറ്റ് സഹയാത്രികര്‍. മൊത്തം 7 പേര്‍.
റാഫ്റ്റ് പുഴയിലേക്ക് ഇറക്കിയത് തന്നെ സാഹസികമായാണ്. റാഫ്റ്റ് പതിയെ തീരത്തേക്ക് അടുപ്പിച്ചിട്ട് പതിയെ തള്ളി താഴേക്കിട്ടതും ലൂക്കോച്ചേട്ടന്‍ ചാടി റാഫ്റ്റിനുള്ളിലേക്ക് കയറി. അഞ്ചാറടി ഉയരത്തില്‍ നിന്നാണ് റാഫ്റ്റ് താഴേക്ക് തള്ളിയിറക്കിയത്. റാഫ്റ്റ് താഴെയെത്തിയപ്പോളേക്കും ലൂക്കച്ചനും റാഫ്റ്റിനുള്ളിലുണ്ട്. എല്ലാ ഏതാണ്ട് സെക്കന്റുകള്‍ക്കുള്ളില്‍ തീര്‍ന്നു. കണ്ടു നിന്ന ഞങ്ങളുടെ ചങ്കൊന്നിടിച്ചു. ലൂക്കോച്ചന് റാഫ്റ്റിലേക്ക് കയറാന്‍ കഴിഞ്ഞിരുന്നില്ലെങ്കിലത്തെ അവസ്ഥയോര്‍ത്ത് ഭയന്നുപോയി.
റാഫ്റ്റില്‍ ലൂക്കോച്ചന്‍ കയറാതിരുന്നാല്‍ റാഫ്റ്റ് വെള്ളത്തിലൂടെ ഒഴുകി നീങ്ങും. പിന്നെ അത് തിരികെ പിടിക്കാനായി കലങ്ങിയൊഴുകുന്ന പനമരം പുഴയില്‍ ലൂക്കോച്ചന്‍ തന്നെ നീന്തിപ്പോകണം. എന്തായാലും അതൊന്നുമുണ്ടായില്ല. ലൂക്കോച്ചന്‍ കൃത്യമായി റാഫ്റ്റില്‍ തന്നെ പറന്നു വീണു. പിന്നെ തുഴയെടുത്ത്, ഇത്തിരി മുന്നോട്ട് പോയ റാഫ്റ്റിനെ തുഴഞ്ഞ് കരയിലേക്ക് അടുപ്പിച്ചു. ഇനി ബാക്കിയുള്ളവരുടെ ഊഴമാണ്.അഞ്ചാറടി താഴേയ്ക്ക് നിരങ്ങിയിറങ്ങി റാഫ്റ്റിലേക്ക് കയറണം. ഓരോരുത്തരായി സാഹസിക പ്രയത്‌നം നടത്തി റാഫ്റ്റില്‍ കയറിപ്പറ്റി.
ചുണ്ടന്‍ വള്ളത്തിന്റെ ഏറ്റവും മുന്നിലിരുന്ന് തുഴയുന്ന തുഴക്കാരനെപ്പോലെ ലൂക്കോച്ചേട്ടന്‍ മുന്നിലിരുന്നു. കാലൊക്കെ പുറത്തേക്കിട്ട് തുഴയൊക്കെ പിടിച്ച്. തൊട്ടുപിന്നില്‍ ഞാന്‍. അങ്ങനെ ഓരോരുത്തര്‍ ഓരോരുത്തര്‍. റാഫ്റ്റിലിരിക്കുന്നതിനും തുഴയുന്നതിനുമൊക്കെ ഒരു താളമുണ്ട്. കണക്കുണ്ട്. ജീവിതത്തില്‍ ഇന്നു വരെ തുഴ കയ്യില്‍ പിടിച്ചിട്ടില്ലാത്ത ആറുപേരുമായാണ് ലൂക്കോച്ചന്‍ കലങ്ങിയൊഴുകുന്ന രണ്ട് പുഴ കടക്കാനൊരുങ്ങുന്നത്. റാഫ്റ്റില്‍ ഇരിക്കുന്നതിന് ഒരു രീതിയുണ്ട്. റാഫ്റ്റിന് പുറത്തുകൂടി ബന്ധിപ്പിച്ചിരിക്കുന്ന കയറില്‍ ചവിട്ടിവേണം ഇരിക്കാന്‍. എങ്കിലേ നന്നായി തുഴയാനാകൂ. മുതലയും ചീങ്കണ്ണിയും പിന്നെയും മനസിലേക്ക് കയറി വന്നു. എന്നാലും ഒരു ധൈര്യത്തില്‍ പുറത്തെ കയറില്‍ ചവിട്ടിത്തന്നെയിരുന്ന് ഞാന്‍ തുഴ കയ്യിലെടുത്തു.
എല്ലാവരും റാഫ്റ്റിലെ ഇരുത്തവുമായി ഒന്ന് ഇണങ്ങി. ഇനി തുഴയണം. ആറ് പേരും ആറ് വഴിക്ക് തുഴഞ്ഞു. റാഫ്റ്റ് പനമരം പുഴയില്‍ വട്ടം കറങ്ങി. ലൂക്കോച്ചന്‍ ഇടപെട്ട് ചെറിയൊരു ക്ലാസ്. എങ്ങനെ തുഴയണം. എല്ലാവരും വേഗത്തിലത് മനസിലാക്കി. പിന്നീട് ഒന്നിച്ച് തുഴഞ്ഞു തുടങ്ങി. റാഫ്റ്റ് മെല്ലെ നീങ്ങിത്തുടങ്ങി. പനമരം പുഴയിലൂടെ പതിയെ പതിയെ മുന്നോട്ട്.
കൊറ്റില്ലമെന്ന പക്ഷിക്കോളനി
വയനാടിന്റെ പരിസ്ഥിതിയില്‍ ഏറെ പ്രാധാന്യമര്‍ഹിക്കുന്ന കൊറ്റില്ലത്തിന്റെ അടുത്തേക്കാണ് ആദ്യം എത്തുന്നത്. ആയിരക്കണക്കിന് പക്ഷികളുടെ ആവാസ കേന്ദ്രവും ദേശാടന പക്ഷികളുടെ സംഗമ ഭൂമിയുമാണ് പനമരം കൊറ്റില്ലം. കൊറ്റികളുടെ ഇല്ലമെന്നാണ് കൊറ്റില്ലം എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. വയനാടിന്റെ പരിസ്ഥിതിയില്‍ ഏറെ ജൈവ പ്രാധാന്യം അര്‍ഹിക്കുന്ന സ്ഥലമാണിത്.
പ്രജനന കാലമാകുമ്പോള്‍ ഭൂഖണ്ഡങ്ങള്‍ താണ്ടി പനമരത്തേക്കെത്തുന്ന കൊറ്റികള്‍. മുട്ടയിട്ട് വിരിഞ്ഞ് അവ പറക്കാറാകുമ്പോള്‍ സ്വന്തം ഭൂഖണ്ഡങ്ങളിലേത്ത് തിരികെ പറക്കുന്ന കൊറ്റി വര്‍ഗ്ഗത്തില്‍പ്പെട്ട ആയിരക്കണക്കിന് പക്ഷികളാണ് കൊറ്റില്ലത്തില്‍ കൂടുകൂട്ടിയിരിക്കുന്നത്. സൈബീരിയന്‍ കൊക്കുകള്‍ വരെ കാണപ്പെടുന്ന പനമരം കൊറ്റില്ലം പക്ഷിനിരീക്ഷകരുടെയും പ്രധാന കേന്ദ്രമാണ്.
കൊക്കുകളുടെ കൂട്ടത്തില്‍പ്പെട്ട അരിവാള്‍ കൊക്കന്റെ കേരളത്തിലെ ഏക പ്രജനന കേന്ദ്രവും പനമരം കൊറ്റില്ലമാണ്. അരിവാള്‍കൊക്കന്‍, പാതിരാക്കൊക്ക് , കാലിക്കൊക്ക് , കുളക്കൊക്ക് , ഇടക്കൊക്ക് , ചാരക്കൊക്ക്, വലിയവെള്ളരിക്കൊക്ക് , ചെറുമുണ്ടി, നീര്‍ക്കാക്ക തുടങ്ങിയവയാണ് കൊറ്റില്ലത്തെ സ്ഥിരം താമസക്കാര്‍. ഒപ്പം ദേശാടനകാലത്ത് ഇവിടേയ്‌ക്കെത്തിച്ചേരുന്ന മറ്റുള്ളവരും.
മൊത്തം പതിനൊന്നിനം പക്ഷികളെയാണ് ഇവിടെ സ്ഥിരമായി കാണുന്നത്. എല്ലാവരും കൂടിച്ചേര്‍ന്ന് ഇത്തിരി ബഹളമൊക്കെ വെച്ച് ഒന്നിച്ചിങ്ങനെ കഴിയുകയാണ് കൊറ്റില്ലത്തില്‍. കാലം നീണ്ടു നീണ്ടു പോകവേ മനുഷ്യന്റെ അനിയന്ത്രിത ഇടപെടലുകൊണ്ട് കൊറ്റില്ലം പതിയെപ്പതിയെ നാശോന്മുഖമായി. മുളങ്കാടുകള്‍ നശിച്ചു. ചില്ലകള്‍ ഇല്ലാതെയായി. അതുകൊണ്ട് തന്നെ പല കൊറ്റികളും നിലത്താണ് കൂടുകൂട്ടി മുട്ടയിട്ടിരുന്നത്. അല്ലെങ്കില്‍ താഴ്ന്ന ചില്ലകളില്‍. അതിലുള്ള മുട്ടകള്‍ തട്ടിയെടുക്കാന്‍ മൂന്നാല് മുതലകള്‍ എപ്പോഴും കൊറ്റില്ലത്തിന് താഴെ പനമരം പുഴയില്‍ കാത്തിരിക്കുന്നുണ്ടാകും. കൊറ്റില്ലത്തോട് ചേര്‍ന്ന പാറയില്‍ ഒരു മുതലയെ കണ്ടതും എല്ലാവരും പുറത്തേക്കിട്ടിരുന്ന കാലെടുത്ത് റാഫ്റ്റിനുള്ളിലേക്കിട്ടു. അത് കണ്ട് ലൂക്കോച്ചന്‍ ഒന്ന് ചിരിച്ചു.
കൊറ്റില്ലത്തിന് സമീപത്തെ മരം നിറയെ നരിച്ചീറുകളുണ്. അവര്‍ ആകെ ബഹളം വെച്ച് കൊറ്റില്ലത്തിന് മുകളില്‍ സ്ഥിരമായി വട്ടമിട്ട് പറന്നു കൊണ്ടേയിരിക്കും. 2010 അന്നത്തെ മാനനന്തവാടി സബ്കളക്ടറായിരുന്ന എന്‍ പ്രശാന്ത് (കളക്ടര്‍ ബ്രോ) കൊറ്റില്ലത്തെ സംരക്ഷിക്കാന്‍ ചില നീക്കങ്ങള്‍ നടത്തിയിരുന്നു. പക്ഷേ വിവിധ വകുപ്പുകള്‍ നിസഹകരിച്ചതോടെ അതൊന്നും എവിടെയുമെത്തിയില്ല. പിന്നീട് പരിസ്ഥിതി പ്രവര്‍ത്തകരും വിവിധ സംഘടനകളും നിലപാട് ശക്തമാക്കിയതോടെയാണ് ഇന്ന് കാണുന്ന രീതിയിലെങ്കിലും കൊറ്റില്ലം നിലനില്‍ക്കുന്നത്.
കൊറ്റില്ലത്തോട് യാത്ര പറയാന്‍ സമയമായിരിക്കുന്നു. ഇനിയും നാലര മണിക്കൂറോളം തുഴഞ്ഞാലേ കബനി കടന്ന് കുറുവയിലേക്ക് എത്താനാകൂ. വീണ്ടും തുഴയുകയാണ്. അപ്പോഴുണ്ട് പുഴയില്‍ കുട്ടത്തോണിയില്‍ മീന്‍ പിടിച്ച് ഒരാള്‍. ഈ കാഴ്ച പനമരം പുഴയില്‍ സാധാരണമാണ്. അയാളെ പിന്നിലാക്കി ഞങ്ങള്‍ മുന്നോട്ട് തുഴഞ്ഞു.അപ്പോഴുണ്ട് പുഴക്കരയില്‍ അങ്ങേക്കരയില്‍ രണ്ട് പേര്‍ ചൂണ്ടയിടുന്നു. ഭാര്യയും ഭര്‍ത്താവുമാണ് . ഗോത്ര വര്‍ഗ്ഗക്കാരാണ്. അവരുടെ നിത്യജീവിതത്തിന്റെ ഭാഗമാണ് പനമരം പുഴയും ചൂണ്ടയിടലും മീന്‍ പിടുത്തവുമെല്ലാം.
ജീവന്‍ വഴുതിപ്പോയെന്നു കരുതിയ നിമിഷങ്ങള്‍
പെട്ടന്നാണ് മഴ തുടങ്ങിയത്. ചറപറാ മഴ. കയ്യില്‍ ക്യാമറകളുണ്ട്. ബാഗുണ്ട്. കഴിക്കാനുള്ള ഭക്ഷണമുണ്ട്. എല്ലാം വെള്ളത്തിലാകുമല്ലോ.യാത്ര മുടങ്ങുമോ എന്ന ആശങ്കയും. റാഫ്റ്റില്‍ വീഴുന്ന വെള്ളം കോരിക്കളയേണ്ടി വരും. മഴ കനക്കുകയാണ്.ക്യാമറയും ബാഗും ഭക്ഷണവുമെല്ലാം ലൂക്കോച്ചന്‍ കരുതിയിരുന്ന പ്ലാസ്റ്റിക് കവറിലാക്കി. മുകളില്‍ ചെറിയൊരു ടാര്‍പ്പോളിനും ഇട്ട് ഭദ്രമാക്കി വെച്ചു. പിന്നെയും തുഴച്ചില്‍.കനത്ത മഴയില്‍ പനമരം പുഴയിലൂടെ.കലങ്ങിയൊഴുകിയ പുഴ ഇത്തിരികൂടി കലങ്ങി. ഇടയ്ക്ക് പുഴയ്ക്ക് നടുവിലെ കുറ്റിച്ചെടികള്‍ക്കിടയില്‍ റാഫ്റ്റ് കുടുങ്ങി. തുഴകൊണ്ട് പാറക്കെട്ടില്‍ കുത്തി പിന്നിലേക്ക് മാറാന്‍ നോക്കിയെങ്കിലും നടന്നില്ല. ശ്രമം പരാജയപ്പെട്ടു.
ഇനി പുഴയില്‍ ഇറങ്ങണം. എല്ലാവര്‍ക്കും പേടി. ഒടുവില്‍ ലൂക്കോച്ചന്‍ തന്നെ പുഴയിലേക്ക് ഇറങ്ങി. കഴുത്തറ്റം വെള്ളമുണ്ട്. കലക്ക വെള്ളം. ഇത്തിരി നേരത്തേ ശ്രമം. ഞങ്ങള്‍ തുഴകൊണ്ടും ലൂക്കോച്ചന്‍ കൈകള്‍ക്കൊണ്ടും റാഫ്റ്റിനെ ചെടികള്‍ക്കിടയില്‍ നിന്ന് തള്ളിയകറ്റി. ഒറ്റച്ചാട്ടത്തിന് ലൂക്കോച്ചന്‍ റാഫ്റ്റിലേക്ക് കയറി. മുന്നോട്ട് നീങ്ങുമ്പോള്‍ പുഴയോരത്ത് കാട്ട് കരിമ്പില്‍ കൂട്ടം തിങ്ങിനിറഞ്ഞ് വളര്‍ന്നിരിക്കുന്നു. അവയിലാകെ കുരുവിക്കൂടുകള്‍.എത്ര സുന്ദരമായാണ് അവ കരിമ്പോലകള്‍ക്ക് മീതേ നാരുകള്‍ക്കൊണ്ട് കൂടൊരുക്കിയിരിക്കുന്നത്. ചില കൂടുകള്‍ ഇത്തിരി പഴക്കമുള്ളവയാണ്. മറ്റു ചിലത് പാതി നിര്‍മ്മാണത്തിലിരിക്കുന്നത്.മഴയായതിനാല്‍ കുരുവികളൊന്നും പുറത്തേക്ക് വന്നിട്ടില്ല. അവരെയും അവരുടെ വഴിക്ക് വിട്ട് ഞങ്ങള്‍ ഞങ്ങളുടെ വഴിക്ക് യാത്ര തുടര്‍ന്നു.
അഞ്ച് മിനിട്ട് കൂടി യാത്ര ചെയ്തു. പുഴയിലൊരിടത്ത് ഒരു ചെക്ക് ഡാം. അശാസ്ത്രീയ നിര്‍മ്മാണമാണ്. വെള്ളം കയറി തീരമെല്ലാം ഇടിഞ്ഞിരിക്കുന്നു. തീരത്തുണ്ടായിരുന്ന മുളങ്കൂട്ടങ്ങളും പുല്‍ച്ചെടികളും ഒലിച്ചുപോയിരിക്കുന്നു. പരിസ്ഥിതിയ്ക്ക് വല്ലാതെ ആഘാതമേറ്റിരിക്കുന്നു. പുഴ ഗതിമാറിയാണ് ഇവിടെ ഒഴുകുന്നത്. ചെക്ക് ഡാം കടന്ന് മുന്നോട്ട് പോകണമെങ്കില്‍ ഇത്തിരി സാഹസികത കൂടിയേ തീരൂ. വെള്ളം ഇത്തിരി മുകളില്‍ നിന്ന് താഴേക്കാണ് പതിക്കുന്നത്. നിരപ്പായല്ല ഒഴുകുന്നത്.
ക്യാമറയുമായി സാഹസികത കാണിക്കാന്‍ തയ്യാറല്ലാത്തതിനാല്‍ രാഗേഷും ജിയോയും റംഷാജും കരയില്‍ ഇറങ്ങാന്‍ തയ്യാറായി. കൂട്ടത്തില്‍ അജിയും ദിനേശേട്ടനും. അവരെ കരയിലിറക്കി ഞങ്ങള്‍ മൂന്ന് പേര്‍ ആ സാഹസികത ഏറ്റെടുത്തു. വെള്ളം കുത്തിയൊഴുകി താഴേക്ക് പതിക്കുന്നിടത്ത് ഒരു പക്ഷേ റാഫ്റ്റ് വട്ടംതിരിഞ്ഞേക്കാം. ചുഴിയില്‍പ്പെട്ടേക്കാം. ആ സാഹചര്യത്തെയാണ് അതിജീവിക്കേണ്ടത്.
ഞങ്ങള്‍ തയ്യാറെടുത്തു. റാഫ്റ്റില്‍ മൂന്നു പേരും അമര്‍ന്നിരുന്നു. കയറില്‍ മുറുകെച്ചവിട്ടി. ഞാനും ബാവയും റാഫ്റ്റിന് നടുവില്‍ രണ്ട് വശത്തായി ഇരിപ്പുറപ്പിച്ചു. ലൂക്കോച്ചന്‍ റാഫ്റ്റിന് പിന്നിലും. റാഫ്റ്റ് ഒഴുകി വെള്ളം താഴേക്ക് വീഴുന്നിടത്തെത്തി. റാഫ്റ്റില്‍ തുള്ളിത്തുള്ളിയാണ് ഞങ്ങള്‍ ഇരിക്കുന്നത്. റാഫ്റ്റ് താഴേക്ക് വീഴുകയാണ്. ഞങ്ങള്‍ ആഞ്ഞ് തുഴഞ്ഞു. വെള്ളത്തിലെ ചുഴിയിലേക്ക് റാഫ്റ്റ് ഒന്ന് തിരിഞ്ഞു പോയി. ചങ്കിടിച്ചു. കരയില്‍ ഇതെല്ലാം കണ്ട് നിന്ന ബാക്കിയുള്ളവര്‍ അയ്യോ എന്ന് വിളിക്കുന്നത് ഞങ്ങള്‍ കേട്ടു.
തിരികെ ചുഴിയിലേക്ക് പോയാല്‍ എന്താകുമെന്ന് പറയാനാകില്ല. ഡാമിന്റെ ഓരത്തിലിടിച്ച് റാഫ്റ്റിന് കേടുവരാം. കാറ്റ് പോകാം. ഞങ്ങള്‍ വെള്ളത്തില്‍ വീണേക്കാം. റാഫ്റ്റ് പിന്നിലേക്ക് പോയതും ലൂക്കോച്ചന്‍ പിന്നില്‍ നിന്ന് ആഞ്ഞ് തുഴഞ്ഞു. റാഫ്റ്റിന് അടിയിലേക്ക് തുഴയാക്കി ഗതി തിരിച്ചു. ഭാഗ്യം. ചുഴിയിലേക്ക് പോകാതെ റാഫ്റ്റ് ഒഴുക്കിനൊപ്പം താഴേക്ക് നീങ്ങി. എല്ലാം മൂന്നാല് സെക്കന്റിനുള്ളില്‍ കഴിഞ്ഞു. പക്ഷേ ആ സെക്കന്റുകളെ അതിജീവിക്കുകയെന്നതാണ് ഞങ്ങള്‍ ഏറ്റെടുത്ത റിസ്‌ക്. ആ റിസ്‌ക് വിജയകരമായി പൂര്‍ത്തിയാക്കിയിരിക്കുന്നു. കരയില്‍ കാത്തുനിന്നവര്‍ കയ്യടിച്ചു. ഞങ്ങള്‍ തുഴഞ്ഞ് അവരുടെ അടുത്തെത്തി. അവരെയും കൂട്ടി വീണ്ടും യാത്ര.
ഇത്തിരി ദൂരം കൂടി പോയാല്‍ കബനിയാണ്. മാനന്തവാടി പുഴയും പനമരം പുഴയും കൂടി ഇവിടെ വെച്ച് സംഗമിക്കും.
പനമരം പുഴയുടെ സ്വഭാവമല്ല കബനിയ്ക്ക്. കബനിയിങ്ങനെ പരന്നൊഴുകുകയാണ്. ഒരേ നിരപ്പില്‍. കുറുവയില്‍ ഉള്‍പ്പെട്ട ദ്വീപ് സമൂഹങ്ങളില്‍ ചിലതിനടുത്തു കൂടിയാണ് യാത്ര. പുരാതനമായ ഏതോ സ്ഥലത്ത് എത്തിയത് പോലെ. ശാന്തമായ അന്തരീക്ഷം. മഴ തോര്‍ന്നിരിക്കുന്നു. മരത്തലപ്പുകള്‍ക്കടിയിലൂടെയാണ് മുന്നോട്ട് നീങ്ങുന്നത്. പല ചില്ലകളിലും കൈയ്യെത്തിപ്പിടിക്കാം. അത്രയും വെള്ളം കയറിക്കിടക്കുന്നുണ്ട്. പക്ഷേ കബനിയുടെ രൂപം വേഗത്തില്‍ മാറിമറിയും. പലയിടത്തും വെള്ളം കൂടിയും കുറഞ്ഞുമിരിക്കും. കബനിയിലൂടെ കുറച്ച് നേരത്തേ യാത്രയേ ഉള്ളൂ. കുറുവയുടെ ബോട്ട് ജെട്ടിയില്‍ യാത്ര അവസാനിപ്പിക്കുകയാണ്. ഇവിടെ നിന്ന് വീണ്ടും മുന്നോട്ട് പോയാല്‍ പാക്കം കോട്ടയെ ചുറ്റി കബനി പതിനെട്ടായി പിരിയും. അതിനുള്ളിലായാണ് കുറുവ ദ്വീപ്. ഇത്തിരി ദൂരെ കണ്‍മുന്നില്‍ കുറുവയുടെ മുള വാതില്‍ അടഞ്ഞു കിടക്കുന്നത് കാണാം.മഴക്കാലമായതിനാല്‍ കുറുവയിലേക്ക് സഞ്ചാരികള്‍ക്ക് പ്രവേശനമില്ല. അവിടേയ്ക്ക് ഇനിയൊരിക്കലാകാം...