അമ്പരപ്പിക്കുന്ന വേഗതയില്‍ സാന്‍ട്രോ കുതിക്കുന്നു

By Web Team  |  First Published Nov 5, 2018, 6:11 PM IST

ഒക്ടോബര്‍ 10നാണ് വാഹനത്തിന്‍റെ ബുക്കിംഗ് ഹ്യുണ്ടായി ആരംഭിച്ചത്. വെറും 22 ദിവസം കൊണ്ട് 29000 ബുക്കിങ്ങുകളാണ് സാൻട്രോയ്ക്ക് ലഭിച്ചത്. 
 


മുംബൈ:  ഒരുകാലത്ത് ഇന്ത്യന്‍ വാഹന വിപണിയില്‍ തരംഗം സൃഷ്‍ടിച്ച ദക്ഷിണ കൊറിയന്‍ വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായിയുടെ ഹാച്ച് ബാക്ക് സാന്‍ട്രോ മടങ്ങി വന്നിരിക്കുന്നു. ഒക്ടോബര്‍ 23 നു വിപണിയിലെത്തിയ വാഹനം ഇപ്പോള്‍ നിര്‍മ്മാതാക്കളെയും വാഹനലോകത്തെയും അമ്പരപ്പിക്കുന്നത് ബുക്കിംഗിലുള്ള വേഗത കൊണ്ടാണ്. ഒക്ടോബര്‍ 10നാണ് വാഹനത്തിന്‍റെ ബുക്കിംഗ് ഹ്യുണ്ടായി ആരംഭിച്ചത്. വെറും 22 ദിവസം കൊണ്ട് 29000 ബുക്കിങ്ങുകളാണ് സാൻട്രോയ്ക്ക് ലഭിച്ചത്. 

ഡിലൈറ്റ്, എറ, മാഗ്ന, സ്‌പോര്‍ട്ട്‌സ്, ആസ്റ്റ എന്നീ അഞ്ച് വകഭേദങ്ങളുള്ള സാന്‍ട്രോയ്ക്ക് 3.89 ലക്ഷം രൂപ മുതലാണ് എക്‌സ്‌ഷോറൂം വില. ഏറ്റവും ഉയര്‍ന്ന സ്‌പോര്‍ട്ട്‌സ് സിഎന്‍ജിക്ക് 5.64 ലക്ഷവും.  ആദ്യം വിറ്റഴിക്കുന്ന 50,000 സാന്‍ട്രോ കാറുകള്‍ക്ക് വിലക്കിഴിവും ഹ്യുണ്ടായ് വാഗ്ദാനം ചെയ്തിരുന്നു.

Latest Videos

undefined

രൂപത്തില്‍ ഗ്രാന്റ് ഐ10 നോടാണ് പുതിയ സാന്‍ട്രോയുടെ സാമ്യമെന്ന് പറയാമെങ്കിലും മുന്‍ഭാഗത്തെ വലിയ കാസ്‌കാഡ് ഗ്രില്‍, അഗ്രസീവ് ബംമ്പര്‍ എന്നിവ വാഹനത്തെ വ്യത്യസ്തമാക്കുന്നു. ഗ്രില്ലിന് ഇരുവശത്തുമുള്ള ഫോഗ് ലാമ്പുകള്‍ പുതുമയാണ്. ടെയില്‍ലാമ്പുകളും ബമ്പറും കമ്പനി പരിഷ്‌കരിച്ചു.ക്രോം അലങ്കാരമുള്ള കറുത്ത ഗ്രില്ല് പുത്തന്‍ കസ്‌കേഡിംഗ് ശൈലിയാണ്. ബമ്പറിന്റെ ഭൂരിഭാഗവും ഗ്രില്ല് കൈയ്യടക്കുന്നു. പിറകിലും വലിയ വിന്‍ഡ്ഷീല്‍ഡാണ് ഹാച്ച്ബാക്കിന്. 

സ്വെപ്റ്റ്ബാക്ക് ശൈലിയാണ് ഹെഡ്‌ലാമ്പുകള്‍ക്ക്. പിറകിലേക്കു വലിഞ്ഞുനീണ്ട കൂര്‍ത്ത ഹെഡ്‌ലാമ്പുകള്‍ സാന്‍ട്രോയുടെ മുഖച്ഛായ തന്നെ മാറ്റി. വശങ്ങളില്‍ ടോള്‍ ബോയ് ഘടന പിന്തുടരാനുള്ള എല്ലാ ശ്രമങ്ങളും കാണാം. വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ 14 ഇഞ്ച് ടയറുകളാണ് ഇടംപിടിക്കുന്നത്. ഇരുവശത്തും കയറിയിറങ്ങിയുള്ള വിന്‍ഡോലൈന്‍ ഹാച്ച്ബാക്കിന്റെ ഡിസൈന്‍ സവിശേഷതയാണ്. വലിപ്പവും വീതിയുമുള്ളവയാണഅ വിന്‍ഡോകള്‍ക്ക്. അകത്തള വിശാലത പുറമെനിന്നെ അനുഭവപ്പെടും. ബമ്പറില്‍ കറുത്ത പ്ലാസ്റ്റിക് ഘടനകളും ഒരുങ്ങുന്നുണ്ട്. പിന്‍ വൈപ്പര്‍, ഹൈ സ്റ്റോപ് ലാമ്പ്, പിന്‍ പാര്‍ക്കിംഗ് ക്യാമറ എന്നിവയെല്ലാം പിറകിലെ വിശേഷങ്ങളില്‍പ്പെടും. ഹാച്ച്ബാക്കിന്റെ പിന്‍ ഭാഗമാണ് ഒരുപരിധിവരെ പഴയ സാന്‍ട്രോയെ ഓര്‍മ്മിപ്പിക്കുന്നത്.

ഹ്യുണ്ടായിയില്‍ നിന്ന് ഇപ്പോള്‍ പുറത്തുവരുന്ന കാറുകളില്‍ നല്‍കിയിരിക്കുന്നതിനോട് സമാനമായ ക്യാബിന്‍ തന്നെയാണ് സാന്‍ട്രോയിലും. കറുപ്പും ബീജും ഇടകലര്‍ന്ന ഇരട്ടനിറശൈലിയാണ് ക്യാബിന്. എസി വെന്റുകള്‍ക്കും ഗിയര്‍ ലെവറിനും സ്റ്റീയറിംഗ് വീലിനും ക്രോം ആവരണമുണ്ട്. സ്റ്റീയറിംഗ് വീലിലുള്ള ബട്ടണുകള്‍ മുഖേന ഓഡിയോ നിയന്ത്രിക്കാന്‍ കഴിയും. ബ്ലാക്ക്-ബീജ് ഡ്യുവല്‍ ടോണാണ് ഡാഷ് ബോര്‍ഡിലും. മിറര്‍ലിങ്ക്, വോയിസ് കമാന്റ്, ആപ്പിള്‍ കാര്‍പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ തുടങ്ങിയ സംവിധാനങ്ങളുള്ള 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വാഹനത്തില്‍ ഇടം പിടിച്ചിട്ടുണ്ട്. ടച്ച് സ്‌ക്രീനിന് പുറമെ സ്വിച്ചുകളും ഇതില്‍ നല്‍കിയിട്ടുണ്ട്.

ഫീച്ചറുകളുടെ ധാരാളിത്തം പുതിയ സാന്‍ട്രോയുടെ സവിശേഷതയാണ്. ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റത്തിന്റെ വശങ്ങളിലായി വലിയ എസി വെന്റുകളും, സെന്റര്‍ കണ്‍സോളില്‍ എസി നോബുകള്‍, ഹസാഡസ് ലൈറ്റ് സ്വിച്ചും നല്‍കിയിരിക്കുന്നു. രണ്ട് അനലോഗ് മീറ്ററും ഒരു മള്‍ട്ടി ഇന്‍ഫോ ഡിസ്പ്ലേയും ഉള്‍പ്പെടുന്നതാണ് സാന്‍ട്രോയിലെ ഇന്‍സ്ട്രമെന്റ് ക്ലെസ്റ്റര്‍. ഹ്യുണ്ടായിയിലെ മറ്റ് മോഡലുകളില്‍ നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീലാണ് പുതിയ സാന്‍ട്രോയിലും കമ്പനി നല്‍കിയിരിക്കുന്നത്. വൈദ്യുത പിന്തുണയാല്‍ ക്രമീകരിക്കാവുന്ന മിററുകള്‍, യുഎസ്ബി പോര്‍ട്ടുകള്‍, വൈപ്പറുകള്‍ എന്നിവയെല്ലാം സാന്‍ട്രോയുടെ പ്രത്യേകതകളില്‍പ്പെടും. 

ഡിലൈറ്റ്, ഏറ, മാഗ്ന, സ്പോര്‍ട്സ്, ആസ്റ്റ എന്നിങ്ങനെ അഞ്ചു വകഭേദങ്ങളാണ് പുതിയ സാന്‍ട്രോയില്‍ എത്തുന്നത്.  1.1 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്‍റെ ഹൃദയം. ഈ എഞ്ചിന്‍ 5500 ആര്‍പിഎമ്മില്‍ 69 ബിഎച്ച്പി കരുത്തും 4500 ആര്‍പിഎമ്മില്‍ 99 എന്‍എം ടോര്‍ക്കും പരമാവധി സൃഷ്ടിക്കും. അഞ്ചു സ്പീഡ് സ്റ്റാന്‍ഡേര്‍ഡ് മാനുവല്‍ ഗിയര്‍ബോക്സാണ് ട്രാന്‍സ്‍മിഷന്‍. സാന്‍ട്രോയുടെ ഡീസല്‍ വകഭേദത്തെ കുറിച്ചു ഇതുവരെ പ്രഖ്യാപനങ്ങളുണ്ടായിട്ടില്ല. 

സിഎന്‍ജി പതിപ്പിലും സാന്‍ട്രോ വിപണിയില്‍ എത്തും. മാഗ്ന, സ്പോര്‍ട്സ് വകഭേദങ്ങളില്‍ മാത്രമെ എഎംടി ഗിയര്‍ബോക്സ് ലഭിക്കുകയുള്ളൂ. ഇന്ത്യയില്‍ ഹ്യുണ്ടായിയുടെ ആദ്യ എഎംടി കാര്‍ കൂടിയാണ് പുത്തന്‍ സാന്‍ട്രോ. മാഗ്ന, സ്പോര്‍ട്സ് മോഡലുകളിലാണ് സാന്‍ട്രോയുടെ സിഎന്‍ജി പതിപ്പ് ഒരുങ്ങുക. പെട്രോള്‍ വകഭേദങ്ങള്‍ (മാനുവല്‍, എഎംടി ഉള്‍പ്പെടെ) 20.3 കിലോമീറ്റര്‍ മൈലേജ് ലഭിക്കുമെന്നാണ് കമ്പനിയുടെ അവകാശവാദം. സുരക്ഷയ്ക്കായി എയര്‍ബാഗും എബിഎസും ഇഡിബിയും കാറിലുണ്ട്. പിന്‍ പാര്‍ക്കിംഗ് സെന്‍സറുകളും സാന്‍ട്രോയ്ക്ക് ലഭിക്കും. ഏഴു നിറങ്ങളിലാണ് പുത്തന്‍ സാന്‍ട്രോ എത്തുക. റെനോ ക്വിഡ്, മാരുതി വാഗണ്‍ആര്‍, മാരുതി സെലറിയേ, ടാറ്റ ടിയാഗൊ മോഡലുകളാണ് നിരത്തിലെ എതിരാളികള്‍. 

1998ലാണ് മാരുതി സുസുക്കിക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി ടോള്‍ബോയ് ഡിസൈനില്‍ സാന്‍ട്രോ ഇന്ത്യന്‍ നിരത്തുകളിലേക്കെത്തിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ജനഹൃദയങ്ങള്‍ കീഴടക്കിയ ജനപ്രിയ വാഹനത്തിന്‍റെ നിര്‍മ്മാണം  2014-ല്‍ ഹ്യുണ്ടായി പെട്ടെന്ന് അവസാനിപ്പിക്കുകയായിരുന്നു.

click me!