യാത്രികര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളകളില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്.
ദില്ലി: യാത്രികര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. ഇനിമുതല്‍ വിമാനങ്ങളിലും കപ്പലുകളിലും യാത്രാവേളകളില്‍ ഫോണ്‍ ചെയ്യാനും ഇന്റര്‍നെറ്റ് ഉപയോഗിക്കാനും സൗകര്യമൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയുടെ വ്യോമ-സമുദ്രപരിധിയില്‍ സഞ്ചരിക്കുന്ന വിമാന, കപ്പല്‍ യാത്രികര്‍ക്കായാണ് ഈ സൗകര്യം ഒരുങ്ങുന്നത്. ഇതിനായി നിലവിലുള്ള ഫ്‌ലൈറ്റ് ആന്‍ഡ് മരിടൈം കണക്ടിവിറ്റി (ഐ.എഫ്.എം.സി.) നിയമം സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ ശനിയാഴ്ച വിജ്ഞാപനമിറക്കി.
റിപ്പോര്‍ട്ടുകളനുസരിച്ച് രാജ്യത്തു പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനികള്‍ക്കും വിദേശ-ഇന്ത്യന്‍ വിമാന കമ്പനികള്‍ക്കും ഇന്ത്യന്‍ ടെലികോം ലൈസന്‍സുള്ള ദാതാവുമായി സഹകരിച്ച് ഫോണ്‍കോള്‍-ഡേറ്റാ സേവനങ്ങള്‍ നല്‍കാം.
ആദ്യ പത്തുവര്‍ഷം, ഐ.എഫ്.എം.സി. ലൈസന്‍സ് വര്‍ഷം ഒരു രൂപ നിരക്കിലാണ് നല്‍കുക. പെര്‍മിറ്റുള്ളയാള്‍ ലൈസന്‍സ് ഫീസും സ്‌പെക്ട്രം ചാര്‍ജും നല്‌കേണ്ടി വരും.
സേവനങ്ങളില്‍നിന്നുള്ള വരുമാനം കണക്കാക്കിയായിരിക്കും ഇതു നല്‍കേണ്ടത്. വിമാനം 3,000 മീറ്ററെങ്കിലും ഉയരത്തിലെത്തുമ്പോഴാണ് ഐ.എഫ്.എം.സി. സേവനങ്ങള്‍ പ്രവര്‍ത്തനക്ഷമമാകുക. ഭൂമിയിലെ മൊബൈല്‍ ശൃംഖലകളുമായികൂടിക്കുഴഞ്ഞ് തടസ്സമുണ്ടാവാതിരിക്കാനാണിത്.
ഇതിനൊപ്പം ആഭ്യന്തര-വിദേശ ഉപഗ്രഹങ്ങള്‍ വഴിയും വിമാനത്തിലും കപ്പലിലും ഈ സേവനങ്ങള്‍ ലഭ്യമാക്കാം. എന്നാല്‍ ഇതിനു ബഹിരാകാശവകുപ്പിന്റെ അനുമതി വേണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.