ഒടുവില്‍ ജാവ മടങ്ങിയെത്തി; പുതിയ കളികള്‍ കാണാനും പഠിപ്പിക്കാനും!

By Web Team  |  First Published Nov 15, 2018, 5:03 PM IST

ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും അവതരിച്ചിരിക്കുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്.


ഒരു കാലത്ത് ഇന്ത്യന്‍ നിരത്തുകളിലെ ഐക്കണിക്ക് ഇരുചക്രവാഹനമായിരുന്ന ജാവ ബൈക്കുകള്‍ വീണ്ടും അവതരിച്ചിരിക്കുന്നു. ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവിലാണ് ചെക്ക് വാഹന നിര്‍മ്മാതാക്കളായ ജാവയെ ഇന്ത്യന്‍ നിര്‍മ്മാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് തിരികെയെത്തിച്ചിരിക്കുന്നത്. ക്ലാസിക് ലെജന്‍ഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കു കീഴില്‍ മഹീന്ദ്ര നിര്‍മ്മിക്കുന്ന പുത്തന്‍ ജാവ ബൈക്കുകളെ  മുംബൈയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ജാവ, ജാവ 42, ജാവ പെരാക്ക് എന്നീ മൂന്ന് മോഡലുകള്‍ അവതരിപ്പിച്ചുകൊണ്ടാണ് ജാവ ബ്രാന്‍ഡിന്‍റെ ഗംഭീര തിരിച്ചുവരവ്. ജാവ 42 ന് 1.55 ലക്ഷം രൂപയും ജാവയ്ക്ക് 1.64 ലക്ഷം രൂപയും ജാവ പരേക്കിന് 1.89 രൂപയുമാണ് ദില്ലി എക്‌സ്‌ഷോറൂം വില. 22 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവയുടെ ഇന്ത്യയിലേക്കുള്ള മടങ്ങി വരവ്.

Latest Videos

undefined

കിക്ക് ചെയ്ത് സ്റ്റാര്‍ട്ടാക്കി, അതേ കിക്കര്‍ തന്നെ മുന്നോട്ടിട്ട് ഗിയറാക്കി പൊട്ടുന്ന ശബ്ദത്തോടെ നിരത്തുകളിലൂടെ പോകുന്ന ജാവ-യെസ്‍ഡി വാഹനപ്രേമികളുടെ മനസ്സില്‍ ഇന്നും മായാതെ നില്‍ക്കുന്നു.  അന്താരാഷ്ട്ര ജാവ ദിനം തന്നെ ബൈക്ക് പ്രേമികള്‍ ആചരിച്ചു വരുന്നുണ്ട്. അതുകൊണ്ടു തന്നെ പുത്തന്‍ ജാവയുടെ വിപണി പ്രവേശത്തിന് ഏറെ പ്രാധാന്യവുമുണ്ട്.

1960 കളിലെ പഴയ ജാവയെ അനുസ്മരിപ്പിക്കുന്ന രൂപഭാവങ്ങളോടെയാണ് ജാവയുടെ രണ്ടാം വരവെന്നതാണ് ഏറെ ശ്രദ്ധേയം.  ആധുനികതയും പരമ്പരാഗത ലുക്കും ചേർത്തിണക്കാണ് പുതിയ ബൈക്കിന്റെ രൂപകൽപ്പന എന്നാണ് മഹീന്ദ്രയുടെ അവകാശവാദം. പഴയ ക്ലാസിക് ടൂ സ്ട്രോക്ക് എന്‍ജിന് സമാനമായി ട്വിന്‍ എക്സ്ഹോസ്റ്റ് ആണ് പുതിയ ജാവകളുടെ പ്രധാന ആകര്‍ഷണം. ജാവ പരേക്കിൽ 334 സിസി എൻജിനാണ് ഹൃദയം. മറ്റുരണ്ട് ബൈക്കുകളുടേത് 293 സിസി എൻജിനും. ഈ 293 സിസി എൻജിന്‍ 27 എച്ച്പി കരുത്തും 28 എൻഎം ടോർക്കും സൃഷ്‍ടിക്കും. മലിനീകരണ നിയന്ത്രണ നിലവാരത്തില്‍ ഭാരത് സ്റ്റേജ് 6 നിലവാരത്തിലുള്ളതാണ് എന്‍ജിന്‍. 6 സ്പീഡ് ഗിയർബോക്സാണ് ട്രാന്‍സ്മിഷന്‍.  ബൈക്കിന് കിക് സ്റ്റാർട്ട് ഉണ്ടാകില്ല.  

ജാവ, ജാവ 42 എന്നീ മോഡലുകളാണ് ആദ്യം നിരത്തിലെത്തുക. ശേഷി കൂടിയ പരേക്കിന്റെ വില പ്രഖ്യാപിച്ചെങ്കിലും ഉടൻ വിപണിയിലെത്തില്ല. ഫാക്ടറി കസ്റ്റം മോഡലാണ് ജാവ പെരാക്ക്. ഇതിലെ  334 സിസി ലിക്വിഡ് കൂള്‍ഡ് സിംഗിള്‍ സിലിണ്ടര്‍ എന്‍ജിന്‍ 30 ബിഎച്ച്പി പവറും 31 എന്‍എം ടോര്‍ക്കും സൃഷ്‍ടിക്കും. 

വൃത്താകൃതിയിലുള്ള ഹെഡ്ലൈറ്റ്, ട്വിന്‍ എക്സ്ഹോസ്റ്റ്, വലിയ ഇന്ധന ടാങ്ക്, സ്പോക്ക് വീല്‍ എന്നിവയ്‌ക്കൊപ്പം പഴയ ജാവയുടെ മെറൂണ്‍ നിറത്തിലാണ് ജാവ അവതരിച്ചത്. ഡിസൈനുകളില്‍ ജാവയും ജാവ 42 മോഡലുകള്‍ തുല്യരാണ്. 170 കിലോഗ്രാമാണ് വാഹനത്തിന്റെ ആകെ ഭാരം. 765 എംഎം ആണ് സീറ്റുകളുടെ ഉയരം. വീല്‍ബേസ് 1369 എംഎം. 14 ലിറ്ററാണ് ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. സുരക്ഷയ്ക്കായി മുന്നില്‍ 280 എംഎം ഡിസ്‌ക് ബ്രേക്കിനൊപ്പം സിംഗിള്‍ ചാനല്‍ എബിഎസുണ്ട്. പിന്നില്‍ 153 എംഎം ആണ് ഡിസ്‌ക് ബ്രേക്ക്. 

മെറൂണിനൊപ്പം ഗ്രേ, ബ്ലാക്ക് നിറങ്ങളിലും ജാവ വിപണിയിലെത്തും. ഗ്ലോസി മെറ്റാലിക് റെഡ്, ഗ്ലോസി ഡാര്‍ക്ക് ബ്ലൂ, മാറ്റ് മോസ് ഗ്രീന്‍, മാറ്റ് പാസ്റ്റല്‍ ബ്ലൂ, മാറ്റ് പാസ്റ്റല്‍ ലൈറ്റ് ഗ്രീന്‍, മാറ്റ് ബ്ലൂ എന്നീ ആറ് നിറങ്ങളിലാണ് ജാവ 42 എത്തുന്നത്. 

നവംബര്‍ 15 മുതല്‍ വാഹനത്തിന്റെ ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. ഡിസംബറോടെ ഉപഭോക്താക്കള്‍ ബൈക്കുകള്‍ കൈമാറും. ജാവ പെരാക്കിന്റെ ബുക്കിങ് തീയ്യതി കമ്പനി പിന്നീട് അറിയിക്കും. റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 മോഡലായിരിക്കും ഇന്ത്യയില്‍ ജാവയുടെ മുഖ്യ എതിരാളി. 

1960- 70 കാലഘട്ടത്തില്‍ നിരത്തിലെ രാജാക്കന്മാരായിരുന്നു ചെക്ക് വാഹന നിര്‍മാതാക്കളായ ജാവ മോട്ടോര്‍സൈക്കിള്‍സ്. 100 സി സി ബൈക്കുകള്‍ റോഡ് കൈയ്യടക്കും മുമ്പ് ടൂ സ്‌ട്രോക്ക് എഞ്ചിനില്‍ വമ്പന്മാരായിരുന്നു യെസ്‍ഡി റോഡ് കിങ്ങ്. 1960 ല്‍ ആരംഭിച്ച ജാവ യുഗം യുവാക്കള്‍ക്കിടയില്‍ വലിയൊരു ഹരമായി കത്തിപ്പടര്‍ന്നിരുന്നു ഒരുകാലത്ത്. 1929 ഒക്ടോബറില്‍ ചെക്ക് റിപ്പബ്ലിക്കിലെ പ്രാഗിലായിരുന്നു ജാവയുടെ ജനനം. ആദ്യകാലത്ത് ഇറക്കുമതിയായിരുന്നെങ്കില്‍ പിന്നീട് ഇവിടെത്തന്നെ നിര്‍മ്മാണം തുടങ്ങുകയായിരുന്നു. മൈസൂര്‍ കേന്ദ്രമാക്കി 1961 ല്‍ ഐഡിയല്‍ ജാവ കമ്പനി പിറന്നതോടെയാണ് ഇന്ത്യന്‍ നിര്‍മ്മിത ജാവകള്‍ നിരത്തിലിറങ്ങിത്തുടങ്ങിയത്. മൈസൂരില്‍ നിന്നും1961 മാര്‍ച്ചിലാണ് ആദ്യത്തെ ഇന്ത്യന്‍ ജാവ റോഡിലിറങ്ങുന്നത്. ഒടുവില്‍  100 സിസി ബൈക്കുകള്‍ നിരത്ത് കീഴടക്കിയതോടെ 1996 ല്‍ ഐഡിയല്‍ ജാവ കമ്പനി അടച്ചു പൂട്ടുകയായിരുന്നു.

തുടര്‍ന്ന് കഴിഞ്ഞ വര്‍ഷമാണ് മഹീന്ദ്രയ്ക്ക് കീഴിലുള്ള ക്ലാസിക് ലെജന്റ്സ് പ്രൈവറ്റ് ലിമിറ്റഡ് ഏറ്റെടുത്തത്. ഇതാണ് തിരിച്ചുവരവിനുള്ള വഴി തുറന്നതും. മഹീന്ദ്രയുടെ മധ്യപ്രദേശിലെ നിര്‍മാണ കേന്ദ്രത്തില്‍ നിന്നാണ് ജാവ ബൈക്കുകള്‍ പുറത്തിറക്കുക. ആദ്യ ഘട്ടത്തില്‍ രാജ്യത്തുടനീളം 105 ഡീലര്‍ഷിപ്പുകള്‍ വഴിയാണ് ജാവയുടെ വിപണനം. 

 

click me!