നീലവസന്തം കാണാന്‍ സഞ്ചാരികളുടെ ഒഴുക്ക്

By Web Team  |  First Published Sep 27, 2018, 8:57 AM IST

കൊളുക്കുമലയിൽ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികളുടെ വന്‍ തിരക്ക്. മൂന്നാറിലും ഹൈറേഞ്ച് മേഖലകളിലും പ്രളയം സൃഷ്ടിച്ച ശൂന്യതയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന് താങ്ങാവുകയാണ് നീലക്കുറിഞ്ഞി വസന്തം.
 


ഇടുക്കി: കൊളുക്കുമലയിൽ നീലക്കുറിഞ്ഞി കാണാൻ സഞ്ചാരികളുടെ വന്‍ തിരക്ക്. മൂന്നാറിലും ഹൈറേഞ്ച് മേഖലകളിലും പ്രളയം സൃഷ്ടിച്ച ശൂന്യതയിൽ നിന്നുള്ള ഉയിർത്തെഴുന്നേൽപ്പിന് താങ്ങാവുകയാണ് നീലക്കുറിഞ്ഞി വസന്തം.

12 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് കൊളുക്കുമലയിൽ നീലക്കുറിഞ്ഞി പൂക്കുന്നത്. താഴ്വരകളെല്ലാം നീലപ്പട്ടുടുത്തു നിൽക്കുന്നു. മൂന്നാറിൽ നിന്ന് 30 കിലോ മീറ്റർ അകലെയുള്ള സൂര്യനെല്ലിയിൽ നിന്നാണ് കൊളുക്കുമലയിലേക്കുള്ള യാത്ര തുടങ്ങുന്നത്. സൂര്യനെല്ലിയിൽ നിന്ന് കൊളുക്കുമലയിലേക്ക് പോകാൻ സ്വകാര്യ വാഹനങ്ങൾക്ക് അനുവാദമില്ല. ദുർഘടപാതയിലൂടെ സഞ്ചാരത്തിനുള്ള ഏകആശ്രയം ഡിടിപിസിയുടെ ജീപ്പുകൾ. കൗണ്ടറിൽ രണ്ടായിരം രൂപ അടച്ചാൽ ആറ് പേ‍ർക്ക് സഞ്ചരിക്കാവുന്ന ജീപ്പ് കിട്ടും. എസ്റ്റേറ്റ് റോഡിൽ ആറ് കിലോമീറ്റർ പിന്നിട്ടാൽ പേരിനെങ്കിലുമുള്ള ടാർറോഡ് തീരുന്നു. പിന്നീടുള്ള യാത്ര തേയിലത്തോട്ടങ്ങൾക്ക് നടുവിലെ ചെമ്മൺ പാതയിലൂടെ കാട്ടരുവികളും വെള്ളച്ചാട്ടങ്ങളും താണ്ടി.

Latest Videos

കോടമഞ്ഞണിഞ്ഞ താഴ്വാരം മുഴുവൻ നീലക്കുറിഞ്ഞി പൂത്ത് നിൽക്കുന്നു. സമുദ്രനിരപ്പിൽ നിന്ന് എണ്ണായിരം അടി ഉയരത്തിൽ കേരള-_തമിഴ്നാട് അതിർത്തി മലയിലാണ് ഈ നീല വസന്തം. മൂന്നാറിന്‍റെ വിവിധ മേഖലകളിൽ നീലക്കുറിഞ്ഞി പൂത്തിട്ടുണ്ടെങ്കിലും ഏറ്റവും ഹൃദ്യമായ കാഴ്ച കൊളുക്കുമലയിലെന്ന് സഞ്ചാരികൾ.

ഒരു വ്യാഴവട്ടത്തിന് ശേഷമുള്ള നീലക്കുറിഞ്ഞി വസന്തം കാണാൻ പതിനായാരക്കണക്കിന് സഞ്ചാരികളെത്തുമെന്ന പ്രതീക്ഷയിൽ വിപുലമായ ഒരുക്കങ്ങളാണ് കൊളുക്കുമലയിൽ നടത്തിയിരുന്നത്. എന്നാൽ പ്രളയം പ്രതീക്ഷകളെയെല്ലാം തകിടം മറിച്ചു. വൈകിയാണെങ്കിലും നീലക്കുറിഞ്ഞി പൂവിട്ടത് കൊളുക്കുമലക്കാരുടെ ജീവിതസ്വപ്നങ്ങൾക്ക് കൂടിയാണ്. പൂക്കാലം പ്രളയക്കെടുതികൾ മായ്ക്കുമെന്നാണ് ഇവരുടെ പ്രതീക്ഷ.

click me!