രാജ്യതലസ്ഥാനവാസികള്‍ക്കും സഞ്ചാരികള്‍ക്കുമൊരു സന്തോഷ വാര്‍ത്ത. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതി അവതരിപ്പിക്കാനൊരുങ്ങുകയാണ് ദില്ലി മുനിസിപ്പല്‍ കൗണ്‍സില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.
ദില്ലി: രാജ്യതലസ്ഥാനവാസികള്‍ക്കും സഞ്ചാരികള്‍ക്കുമൊരു സന്തോഷ വാര്‍ത്ത. ഇലക്ട്രിക് സ്‌കൂട്ടറുകള്‍ വാടകയ്ക്ക് നല്‍കുന്ന പദ്ധതി അവതരിപ്പിക്കാനൊരുങ്ങുകയാണ് ദില്ലി മുനിസിപ്പല്‍ കൗണ്‍സില്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. രണ്ടുഘട്ടങ്ങളായി നടപ്പാക്കുന്ന ദ്ധതി സെപ്റ്റംബര്‍ അവസാനത്തോടെ ആരംഭിക്കാനാണ് നീക്കമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്. സൈക്കിള്‍ ഗതാഗതത്തെ പ്രോത്സാഹിപ്പിക്കാനായി ആരംഭിച്ച സ്മാര്‍ട്ട് ബൈക്ക് പദ്ധതിയുടെ വിജയത്തെ തുടര്‍ന്നാണ് പുതിയ സംരംഭം ഒരുങ്ങുന്നത്.
ആശുപത്രികള്‍, മെട്രോ സ്റ്റേഷനുകള്‍, ആരാധനാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍ തുടങ്ങിയ സ്ഥലങ്ങളിലാണ് വാടക സ്കൂട്ടര്‍ സ്റ്റേഷനുകള്‍ സ്ഥാപിക്കുക. ആദ്യഘട്ടത്തില്‍ 500 ഇ-സ്‌കൂട്ടറുകള്‍ 50 സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ശേഷിക്കുന്ന 500 എണ്ണം ഡിസംബറിലും ഏര്‍പ്പെടുത്തും. ഓരോ സ്റ്റേഷനിലും 10 സ്‌കൂട്ടറുകളാണ് ഉണ്ടാവുക.
കൗണ്‍സിലിന്റെ 'NDMC-311' എന്ന ആപ്പില്‍ രജിസ്റ്റര്‍ ചെയ്യുകയാണ് സ്‌കൂട്ടറുകള്‍ ഉപയോഗിക്കണമെങ്കില്‍ ആദ്യം ചെയ്യേണ്ടത്. തുടര്‍ന്ന് സ്റ്റേഷനിലെത്തി മൊബൈല്‍ ഫോണില്‍ ലഭിക്കുന്ന ഒറ്റത്തവണ പാസ് വേര്‍ഡ് നല്‍കി സ്‌കൂട്ടര്‍ എടുക്കാം. വാഹനം എടുക്കുന്നതു മുതല്‍ തിരിച്ചുവെക്കുന്നതുവരെയുള്ള സമയം കണക്കാക്കിയാണ് വാടകത്തുക ഈടാക്കുക. ഉപയോഗിക്കേണ്ട ഏറ്റവും കുറഞ്ഞ സമയം 20 മിനിട്ടാണ്.
പൂര്‍ണമായി ചാര്‍ജ് ചെയ്ത സ്കൂട്ടറില്‍ പരമാവധി 80 കിലോമീറ്റര്‍ സഞ്ചരിക്കാം. മണിക്കൂറില്‍ 55 കിലോമീറ്ററാണ് പരമാവധി വേഗം. സ്‌കൂട്ടര്‍ എടുക്കുമ്പോള്‍ത്തന്നെ എത്ര ശതമാനം ചാര്‍ജുണ്ടെന്നത് അറിയാം. ചാര്‍ജ്ജിംഗിനായി രണ്ടു കേന്ദ്രങ്ങളും ഒരുക്കുന്നുണ്ട്. കരാര്‍ ഏജന്‍സിക്കാണ് ഇതിന്റെ ചുമതല. വൈദ്യുതിബന്ധം അധികൃതര്‍ നല്‍കും.
80,000 മുതല്‍ 1,00,000 രൂപ വരെ വിലയുള്ള സ്‌കൂട്ടറുകളാണ് നല്‍കുന്നത്. രൂപകല്‍പ്പന, പരിപാലനച്ചുമതല തുടങ്ങിയവയ്ക്കായി അധികൃതര്‍ ടെന്‍ഡര്‍ ക്ഷണിച്ചിട്ടുണ്ട്. മാര്‍ച്ച് അവസാനത്തോടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.