നീണ്ട 33 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും മാരുതിയുടെ ജിപ്‌സിയും പിന്‍വാങ്ങുന്നു. 2019 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഓംനിക്കു പിന്നാലെ ജിപ്‌സിയും നിരത്തൊഴിയുകയാണ്.
നീണ്ട 33 വര്‍ഷത്തെ സേവനത്തിനു ശേഷം ഇന്ത്യന്‍ നിരത്തുകളില്‍ നിന്നും മാരുതിയുടെ ജിപ്‌സിയും പിന്‍വാങ്ങുന്നു. 2019 ഏപ്രിലില്‍ പ്രാബല്യത്തില്‍ വരുന്ന സുരക്ഷ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പാലിക്കാനുള്ള ബുദ്ധിമുട്ടിനെ തുടര്‍ന്ന് ഓംനിക്കു പിന്നാലെ ജിപ്‌സിയും നിരത്തൊഴിയുകയാണ്. 2019 മാര്‍ച്ചോടെ ജിപ്‌സിയുടെ ഉത്പാദനം ഔദ്യോഗികമായി നിര്‍ത്തുമെന്നു മാരുതി സുസുക്കി പ്രഖ്യാപിച്ചു. ഇപ്പോള്‍ വാഹനം സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഈ ഡിസംബറിനുള്ളില്‍ ബുക്ക് ചെയ്യണമെന്നും തുടര്‍ന്ന് ബുക്കിങ് സ്വീകരിക്കില്ലെന്നും കമ്പനി വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍.
ജാപ്പനീസ് വിപണിയിലുള്ള ജിംനിയുടെ രണ്ടാം തലമുറയുടെ പരിഷ്‌കരിച്ച രൂപമാണ് 1985ല്‍ ജിപ്‌സിയെന്ന പേരില്‍ ഇന്ത്യയില്‍ എത്തിയത്. ലൈറ്റ് ജീപ്പ് മോഡല്‍ എന്ന പേരില്‍ 1970ല്‍ ആണ് ജപ്പാനീസ് നിരത്തുകളില്‍ ജിംനി പ്രത്യക്ഷപ്പെടുന്നത്.
undefined
രാജ്യാന്തര മോഡലിനെ അപേക്ഷിച്ചു ഇന്ത്യന്‍ ജിപ്‌സിക്ക് നീളം കൂടുതലായിരുന്നു. 1.0 ലിറ്റര്‍ 970 സിസി പെട്രോള്‍ എന്‍ജിനിലായിരുന്നു ഇന്ത്യയിലെ തുടക്കം. പിന്നീട് 1.3 ലിറ്റര്‍ ഉള്‍പ്പെടെ ബിഎസ്-4 എന്‍ജിന്‍ വരെ എത്തി. നിരത്തിലെത്തി ചുരുങ്ങിയ കാലത്തിനുള്ളില്‍ ഇന്ത്യന്‍ സൈന്യത്തിന്റെയും മറ്റ് പല സേനകളുടെയും ഇഷ്ടവാഹനമായിരുന്നു ജിപ്‌സി. തൊണ്ണൂറുകളോടെ എസ്‌യുവി പ്രേമികളുടെ പ്രിയവാഹനമായി ജിപ്‌സി മാറി. ഓഫ് റോഡിംഗ് കഴിവും ഏതു ദുര്‍ഘട സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കാനുള്ള മികവുമാണ് മാരുതി ജിപ്‌സിയെ ജനപ്രിയമാക്കിയത്. ഒരുകാലത്തെ സിനിമകളില്‍ മിന്നും താരവും ജിപ്സിയായിരുന്നുവെന്നത് ശ്രദ്ധേയം. മാരുതി ഇന്ത്യയിലിറക്കിയ ജിപ്‌സിയില്‍ 90 ശതമാനവും സര്‍ക്കാര്‍ മേഖലയിലേക്കാണ് എത്തിയത്.
മൂന്നു പതിറ്റാണ്ടിനിടെ ജിപ്‌സിക്ക് കാര്യമായ പരിണാമങ്ങളൊന്നും സംഭവിച്ചില്ല. ഇടക്കാലത്ത് ജിപ്‌സി കിംഗ് എന്ന പേരില്‍ ഫെയ്‌സ്‌ലിഫ്റ്റ് പതിപ്പിനെ അവതരിപ്പിച്ചിരുന്നു. 2000ലാണ് കൂടുതല്‍ കരുത്താര്‍ന്ന ഫ്യൂവല്‍ ഇഞ്ചക്ഷന്‍ എഞ്ചിന്‍ അവതരിപ്പിക്കുന്നത്. അപ്പോഴൊക്കെ ഡിസൈന്‍ അതേപടി നിലനിര്‍ത്തി. നിലവില്‍ ജിപ്‌സിയിലുള്ള 1.3 ലിറ്റര്‍ ബിഎസ് IV എഞ്ചിന് പരമാവധി 80 bhp കരുത്തും 104 Nm torque ഉം സൃഷ്ടിക്കാനാവും. ലാഡര്‍ ഫ്രെയിം ഷാസി അടിസ്ഥാനമാകുന്ന ജിപ്‌സിയില്‍ പിന്‍ ചക്രങ്ങളിലേക്കാണ് കരുത്തെത്തുന്നത്. അതേസമയം ആവശ്യാനുസരണം ഫോര്‍ വീല്‍ ഡ്രൈവ് മോഡിലേക്കു വാഹനം മാറ്റാനും കഴിയും.
മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി 2019 ഏപ്രില്‍ ഒന്ന് മുതല്‍ നിരത്തിലെത്തുന്ന വാഹനങ്ങളില്‍ ബിഎസ്-6 നിലവാരത്തിലുള്ള എന്‍ജിന്‍ നല്‍കണമെന്നും സുരക്ഷ ശക്തമാക്കുന്നതിനായി എബിഎസ്, എയര്‍ ബാഗ് സംവിധാനം ഒരുക്കണമെന്നുമാണ് കേന്ദ്ര നിര്‍ദേശം. എന്നാല്‍, ജിപ്‌സിയില്‍ ഇത് പ്രായോഗികമല്ലെന്നാണ് വിലയിരുത്തല്‍. ജിപ്‌സിക്ക് ആവശ്യക്കാര്‍ കുറവായതിനാല്‍ ബിഎസ് VI നിര്‍ദ്ദേശങ്ങള്‍ പാലിക്കുന്ന എഞ്ചിനും എബിഎസ്, എയര്‍ബാഗുകള്‍ ഉള്‍പ്പെടുന്ന അധിക സുരക്ഷാ സംവിധാനങ്ങളും ജിപ്‌സിയില്‍ പ്രായോഗികമല്ലെന്നു കമ്പനി കരുതുന്നു.
ഇപ്പോള്‍ ഹാര്‍ഡ്‌ടോപ്, സോഫ്റ്റ്‌ടോപ് ശൈലികളില്‍ മാരുതി ജിപ്‌സികള്‍ വിപണിയില്‍ ലഭ്യമാണ്. 7.5 ലക്ഷം രൂപയാണ് ഇപ്പോഴത്തെ വില. നവംബര്‍, ഡിസംബര്‍ മാസം കൂടി ബുക്കിങ് സ്വീകരിക്കാനാണ് ഡീലര്‍ഷിപ്പുകള്‍ക്ക് കമ്പനി നിര്‍ദേശം നല്‍കിയിരിക്കുന്നത്. അഡ്വാന്‍സ് തുകയ്ക്ക് പകരം ബുക്കിങ് സമയത്ത് തന്നെ വാഹനത്തിന്‍റെ മുഴുവന്‍ വിലയും ഈടാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്.
ഇന്ത്യന്‍ നിരത്തുകളില്‍ വിപ്ലവം സൃഷ്ടിച്ച മൂന്നാമനും അങ്ങനെ പിന്‍വാങ്ങുകയാണ്. മാരുതി 800 ആയിരുന്നു ഒന്നാമനെങ്കില്‍ ഓംനി രണ്ടാമനായിരുന്നു. 2014ല്‍ തന്നെ മാരുതി 800 നിരത്തൊഴിഞ്ഞു. ഇപ്പോഴിതാ ഓംനിയും പിന്നാലെ ജിപ്‍സിയും.
ജിപ്‍സിക്കു പകരക്കാരനായി സഹോദരന്‍ ജിംനി നിരത്തുകളിലേക്കെത്തുകയാണെന്ന് കഴിഞ്ഞ കുറച്ചുകാലങ്ങളായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2016 നവംബറിലാണ് ഇതു സംബന്ധിച്ച വാര്‍ത്തകള്‍ ആദ്യം പുറത്തുവന്നത്. എന്നാല്‍ കമ്പനി ഇതുവരെ ഈ വാര്‍ത്തകളോട് ഔദ്യോഗികമായി പ്രതികരിച്ചില്ല.