2017 മെയ് 16നാണ് പുതുക്കിയ മാരുതി ഡിസയര്‍ വിപണിയിലെത്തുന്നത്. നിരത്തിലെത്തിയതിനു തൊട്ടുപിന്നാലെ രാജ്യത്ത് ഏറ്റവുമധികം വില്‍ക്കപ്പെടുന്ന കാര്‍ എന്ന ബഹുമതി സ്വന്തമാക്കിയ കാര്‍ ആള്‍ട്ടോയെപ്പോലും പിന്തള്ളി ജനഹൃദയങ്ങള്‍ കീഴടക്കിയിരുന്നു.
ഇപ്പോഴിതാ പുതിയ ഡിസൈര്‍ സ്‌പെഷ്യല്‍ എഡിഷനെ വിപണിയിലെത്തിക്കുകയാണ് മാരുതി. പ്രാരംഭ LXI വകഭേദത്തെ അടിസ്ഥാനപ്പെടുത്തിയാണ് സ്‌പെഷ്യല്‍ എഡിഷന്‍ ഡിസൈറിന്റെ ഒരുക്കം.
undefined
പെട്രോള്‍, ഡീസല്‍ പതിപ്പുകളില്‍ സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാണ്. ഡിസൈര്‍ സ്‌പെഷ്യല്‍ എഡിഷന്‍ പെട്രോളിന് 5.56 ലക്ഷം രൂപയാണ് ദില്ലി എക്സ് ഷോറൂം വില. ഡീസലിന് 6.56 ലക്ഷം രൂപയും.
ബ്ലുടൂത്ത് പിന്തുണയുള്ള രണ്ടു സ്പീക്കര്‍ ഓഡിയോ സംവിധാനം, മുന്‍ പവര്‍ വിന്‍ഡോ, റിമോട്ട് സെന്‍ട്രല്‍ ലോക്കിംഗ്, റിവേഴ്‌സ് പാര്‍ക്കിംഗ് സെന്‍സര്‍, വീല്‍ കവറുകള്‍ എന്നിവ സ്‌പെഷ്യല്‍ എഡിഷന്റെ ഭാഗമായി പ്രാരംഭ വകഭേദങ്ങള്‍ക്കുണ്ടാകും.
പരിമിത കാലത്തേക്ക് മാത്രമാണോ ഡിസൈര്‍ സ്‌പെഷ്യല്‍ എഡിഷന്‍ ലഭ്യമാവുകയെന്ന കാര്യത്തില്‍ വ്യക്തതയില്ല. ഇരട്ട മുന്‍ എയര്‍ബാഗുകള്‍, ആന്റി - ലോക്ക് ബ്രേക്കിംഗ് സംവിധാനം, ഇബിഡി, ബ്രേക്ക് അസിസ്റ്റ് എന്നിവ ഡിസൈറിലെ സ്റ്റാന്‍ഡേര്‍ഡ് ഫീച്ചറുകളാണ്.
ഡിസൈറിലുള്ള 1.2 ലിറ്റര്‍ കെ - സീരീസ് പെട്രോള്‍ എഞ്ചിന്‍ 82 bhp കരുത്തും 113 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ കാറിലുണ്ട്.
ഫിയറ്റില്‍ നിന്നുള്ള 1.3 ലിറ്റര്‍ മള്‍ട്ടിജെറ്റ് എഞ്ചിനാണ് ഡിസൈര്‍ ഡീസല്‍ മോഡലില്‍. എഞ്ചിന്‍ 74 bhp കരുത്തും 190 Nm torque ഉം പരമാവധി ഉത്പാദിപ്പിക്കും. അഞ്ചു സ്പീഡ്, എഎംടി ഗിയര്‍ബോക്‌സ് ഓപ്ഷനുകള്‍ ഡീസല്‍ മോഡലിലും ലഭ്യമാണ്.
2008ലാണ് സ്വിഫ്റ്റ് എന്ന ഹാച്ച്ബാക്കിൽ നിന്ന് ജന്മം കൊണ്ട സെഡാനായ ഡിസയർ ആദ്യമായി വിപണിയിലെത്തിയത്. 2012ൽ ഡിസയറിന്റെ പുതുരൂപം വിപണിയിലെത്തി. മൂന്നാം തലമുറയിൽപ്പെട്ട ഡിസയറാണ് 2017 ല്‍ പുറത്തിറങ്ങിയത്. പെട്രോളിന് 22കിമീ/ലിറ്ററും ഡീസലിന് 28.4 കി.മീ/ലിറ്ററുമാണ് മോഡലിന് കമ്പനി വാഗ്‍ദാനം ചെയ്യുന്ന മൈലേജ്.