2018 ഡിസംബര്‍ മാസത്തിലെ മള്‍ട്ടി പര്‍പ്പസ് വാഹന വില്‍പനയില്‍ (MPV) മാരുതി സുസുക്കിയുടെ പുത്തന്‍ എര്‍ട്ടിഗ ഒന്നാമത്. മുഖ്യ എതിരാളികളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയെയും മഹീന്ദ്രയുടെ മരാസോയെയും പിന്നിലാക്കിയാണ് എര്‍ട്ടിഗയുടെ നേട്ടം.
മുംബൈ: 2018 ഡിസംബര്‍ മാസത്തിലെ മള്‍ട്ടി പര്‍പ്പസ് വാഹന വില്‍പനയില്‍ (MPV) മാരുതി സുസുക്കിയുടെ പുത്തന്‍ എര്‍ട്ടിഗ ഒന്നാമത്. മുഖ്യ എതിരാളികളായ ടൊയോട്ടയുടെ ഇന്നോവ ക്രിസ്റ്റയെയും മഹീന്ദ്രയുടെ മരാസോയെയും പിന്നിലാക്കിയാണ് എര്‍ട്ടിഗയുടെ നേട്ടം. 2018 നവംബറില്‍ അവതരിപ്പിച്ച രണ്ടാംതലമുറ എര്‍ട്ടിഗയുടെ 7155 യൂണിറ്റുകള്‍ 2018 ഡിസംബറില്‍ മാരുതി വിറ്റഴിച്ചു. ഇതിനകം 60,000 ബുക്കിങ്ങും വാഹനത്തിനു ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
6551 യൂണിറ്റുകളുമായാണ് ഇന്നോവ ക്രിസ്റ്റ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. ഏകദേശം 11,000 ത്തിലേറെ ബുക്കിങ്ങുകള്‍ ക്രിസ്റ്റയ്ക്ക് ലഭിച്ചിട്ടുണ്ടെന്ന് കമ്പനി പറയുന്നു. 3206 യൂണിറ്റ് മരാസോകളാണ് ഇക്കാലയളവില്‍ മഹീന്ദ്ര നിരത്തിലെത്തിച്ചത്. നിലവില്‍ ഡീസല്‍ മാനുവലില്‍ മാത്രം ലഭ്യമായ മരാസോയുടെ പെട്രോള്‍ ഓട്ടോമാറ്റിക് വേരിയന്‍റുകള്‍ എത്തുന്നതോടെ ഈ സെഗ്‌മെന്റില്‍ മത്സരം കടുപ്പിക്കാന്‍ മരാസോയ്ക്ക് സാധിക്കുമെന്നാണ് മഹീന്ദ്രയുടെ വിലയിരുത്തല്‍.
undefined
2018 ഇന്തോനേഷ്യ മോട്ടോര്‍ ഷോയിലാണ് ഇന്നോവ ക്രിസ്റ്റയുടെ രൂപഭാവങ്ങളോടെ എര്‍ട്ടിഗയുടെ പുതുതലമുറയെ അവതരിപ്പിച്ചത്. തികച്ചും വ്യത്യസ്തമാണ് പുതിയ എര്‍ട്ടിഗയുടെ രൂപവും ഭാവവും. നിലവിലെ വാഹനത്തെക്കാള്‍ നീളും വീതിയും ഉയരവുമുണ്ട് പുതിയ വാഹനത്തിന്. മില്‍ഡ് ഹൈബ്രിഡ് സംവിധാനത്തോടെ പെട്രോള്‍-ഡീസല്‍ എന്‍ജിനുകളില്‍ വിപണിയിലെത്തുന്ന എര്‍ട്ടിഗ, ആദ്യ മോഡലിനെക്കാള്‍ 13 ശതമാനം കരുത്തും 6 ശതമാനം ടോര്‍ക്കും 10 ശതമാനം ഇന്ധനക്ഷമതയും നല്‍കുമെന്നാണ് കമ്പനിയുടെ അവകാശവാദം.
1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിനാണ് പുതിയ പെട്രോള്‍ എര്‍ട്ടിഗയുടെ ഹൃദയം. നിലവിലുള്ള 1.4 ലിറ്റര്‍ എഞ്ചിന് പകരക്കാരനാണ് പുതിയ 1.5 ലിറ്റര്‍ പെട്രോള്‍ എഞ്ചിന്‍. ഈ എഞ്ചിന് പരമാവധി 104 bhp കരുത്തും 138 Nm ടോക്കും സൃഷ്ടിക്കാനാവും. അഞ്ചു സ്പീഡ് മാനുവല്‍, നാലു സ്പീഡ് ടോര്‍ഖ് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍. ഡീസല്‍ പതിപ്പില്‍ 1.3 ലിറ്റര്‍ DDiS എഞ്ചിന്‍ തന്നെയാണ്. ഈ എഞ്ചിന്‍ 89 bhp കരുത്തും 200 Nm torque ഉം സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് ട്രാന്‍സ്‍മിഷന്‍.
പെട്രോള്‍ മോഡലിന് 7.44 ലക്ഷം മുതല്‍ 9.50 ലക്ഷം രൂപവരെയും പെട്രോള്‍ ഓട്ടമാറ്റിക്കിന് 9.18 ലക്ഷം രൂപ മുതല്‍ 9.95 ലക്ഷം വരെയും ഡീസലിന് 8.84 ലക്ഷം മുതല്‍ 10.90 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. നാലു പെട്രോള്‍ (LXi, VXi, ZXi, ZXi പ്ലസ്), നാലു ഡീസല്‍ (LDi, VDi, ZDi, ZDi പ്ലസ്) പതിപ്പുകള്‍ ഉള്‍പ്പെടെ പത്തു വകഭേദങ്ങള്‍ പുതിയ എര്‍ട്ടിഗയിലുണ്ട്. VXi AT, ZXi AT എന്നിങ്ങനെയാണ് പെട്രോള്‍ ഓട്ടോമാറ്റിക് പതിപ്പുകള്‍.
ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ടൊയോട്ട, ക്വാളിസിനു പകരക്കാരനായി 2005 ലാണ് ഇന്നോവയെ വിപണിയിലെത്തിക്കുന്നത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്‍റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്. പുറത്തിറങ്ങിയ കാലം മുതൽ എംപിവി വിപണിയിലെ ഒന്നാം സ്‌ഥാനക്കാരനായിരുന്നു ഇന്നോവ.
2016ലെ ദില്ലി ഓട്ടോ എക്സോപയിലാണ് രണ്ടാം തലമുറ ഇന്നോവയായ ക്രിസ്റ്റയെ ടൊയോട്ട അവതരിപ്പിക്കുന്നത്.രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍. 1. വി.എന്‍.ടി ഇന്റര്‍കൂളര്‍ ഉള്ള 2.4 ലിറ്റര്‍ ജി.ഡി ഫോര്‍ സിലിണ്ടര്‍. 2. ഡ്യുവല്‍ വി.വി.ടി.ഐ 2.0 ലിറ്റര്‍ ഫോര്‍ സിലിണ്ടര്‍ എന്‍ജിന്‍. മാനുവല്‍, സിക്‌സ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുകള്‍. ഒപ്പം ടൂവീല്‍ ഡ്രൈവ്, ഫോര്‍ വീല്‍ ഡ്രൈവ് വേരിയന്റുകള്‍.
സ്രാവ് എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നും കടമെടുത്ത പേരും സ്രാവിന്റെ ഡിസൈനുമുള്ള മരാസോ നാല് മോഡലില്‍ ലഭിക്കും. 9.9 ലക്ഷം രൂപ മുതല്‍ 13.90 ലക്ഷം രൂപവരെയാണ് വില. പുതിയ 1.5 ലീറ്റർ ഡീസൽ എൻജിനാണ് മരാസോയിൽ. 121 ബിഎച്ച്പി കരുത്തും 300 എൻഎം ടോർക്കും ഈ എഞ്ചിന്‍ സൃഷ്‍ടിക്കും. ആറ് സ്പീഡ് മാനുവൽ ട്രാൻസ്മിഷനാണ്. എം 2, എം 4, എം 6, എം 8 എന്നീ മോഡലുകളാണ് മഹീന്ദ്ര ഇപ്പോള്‍ പുറത്തിറക്കിയത്. എം 2 ന് 9.99 ലക്ഷം രൂപയും എം 4 ന് 10.95 ലക്ഷം രൂപയും എം 6 ന് 12.40 ലക്ഷം രൂപയും എം 8 ന് 13.90 ലക്ഷം രൂപയുമാണ് വില.