എതിരാളികള്‍ ഭീതിയില്‍; മഹീന്ദ്ര മരാസോയുടെ ബുക്കിങ് തുടങ്ങി

By Web Team  |  First Published Sep 1, 2018, 11:41 PM IST

എംപിവി സെഗ്‌മെന്റില്‍ ടൊയോട്ടയുടെ ജനപ്രിയവാഹനം ഇന്നോവ ക്രിസ്റ്റയ്ക്ക് ഇരുട്ടടിയുമായി മഹീന്ദ്ര അവതരിപ്പിക്കുന്ന വാഹനം മരാസോ സെപ്തംബറില്‍ 3ന് നിരത്തിലെത്തും. ഇതിന് മുന്നോടിയായി വാഹനത്തിനുള്ള ബുക്കിങ് പുരോഗമിക്കുന്നു


എംപിവി സെഗ്‌മെന്റില്‍ ടൊയോട്ടയുടെ ജനപ്രിയവാഹനം ഇന്നോവ ക്രിസ്റ്റയ്ക്ക് ഇരുട്ടടിയുമായി മഹീന്ദ്ര അവതരിപ്പിക്കുന്ന വാഹനം മരാസോ സെപ്തംബറില്‍ 3ന് നിരത്തിലെത്തും. ഇതിന് മുന്നോടിയായി വാഹനത്തിനുള്ള ബുക്കിങ് പുരോഗമിക്കുകയാണ്. 10,000 രൂപ അഡ്വാന്‍സായി വാങ്ങിയാണ് ഡീലര്‍മാര്‍ മഹീന്ദ്ര മരാസോയുടെ ബുക്കിങ് സ്വീകരിക്കുന്നത്.

U 321 എന്ന കോഡുനമാത്തില്‍ ഇത്രകാലവും അറിയപ്പെട്ടിരുന്ന വാഹനത്തിന് അടുത്തിടെയാണ് മരാസോ എന്ന പേരിട്ടത്.  സ്രാവ്‌ എന്ന് അര്‍ഥം വരുന്ന സ്പാനിഷ് വാക്കായ 'Marazzo' യില്‍ നിന്നാണ് വാഹനത്തിന്‍റെ പേരുണ്ടാക്കിയത്. മാത്രമല്ല ഒരു സ്രാവിന്റെ മാതൃകയിലാണ് മരാസോയുടെ ഡിസൈനും. 

Latest Videos

undefined

മഹീന്ദ്രയുടെ രാജ്യാന്തര പങ്കാളി സാങ്‌യോങിന്‍റെ ടുറിസ്മോ എംപിയുടെ ഡിസൈൻ ഘടകങ്ങൾ സ്വീകരിച്ചാണ് പുതിയ എംപിവി എത്തുക. ഉയരം കൂടിയതാവും ഡിസൈന്‍. ഇന്‍റീരിയറില്‍ പരമാവധി സ്ഥലസൗകര്യം ഉറപ്പാക്കാന്‍ നീളമേറിയ വീല്‍ബേസും മുന്നിലും പിന്നിലും നീളംകുറഞ്ഞ ഓവര്‍ഹാങ്ങുമാണ്.

നാല് ഓപ്ഷനുകളിലാണ് മരാസോ വിപണിയില്‍ എത്തുന്നത്. എം2. എം4. എം6, എം8 എന്നിങ്ങനെയാണ് ഓപ്ഷന്‍ തിരിച്ചിരിക്കുന്നത്. എന്നാല്‍ അടിസ്ഥാന മോഡലായ എം2-വില്‍ തന്നെ ഡുവര്‍ എയര്‍ബാഗ്, എബിഎസ് ഇബിഡി ബ്രേക്കിങ് സംവിധാനം എന്നിവ ഒരുക്കിയിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്. അകത്തെ സ്ഥലസൗകര്യമാണ് മരാസോയുടെ പ്രധാന സവിശേഷത. ഏഴ്, എട്ട് സീറ്റ് ഓപ്ഷനില്‍ മരാസോ വിപണിയിലെത്തും. സെവന്‍ സീറ്ററില്‍ രണ്ടാമത്തെ നിരയില്‍ ക്യാപ്റ്റന്‍ സീറ്റും എട്ട് സീറ്ററില്‍ രണ്ടാമത്തെയും മൂന്നാമത്തെയും നിര ബെഞ്ച് സീറ്റുമായിരിക്കും. 

1.6 ലീറ്റര്‍ എം ഫാല്‍ക്കണ്‍ ഡീസല്‍ എന്‍ജിനാവും ഹൃദയം. 130 ബിഎച്ച്പി കരുത്തും 300 എന്‍എം ടോര്‍ക്കും ഈ എഞ്ചിന്‍ ഉല്‍പ്പാദിപ്പിക്കും. പ്രകടമായ എയര്‍ ഇന്‍ടേക്കും ഫോഗ് ലാംപിനുള്ള സ്ഥലസൗകര്യവുമുള്ള നീളമേറിയ ബംപറുമാവും വാഹനത്തിന്. പുതിയ സ്കോർ‌പ്പിയോയെ അനുസ്മരിപ്പിക്കുന്ന ഗ്രില്ലും പ്രത്യേകതയാണ്. മഹീന്ദ്രയുടെ നോര്‍ത്ത് അമേരിക്കന്‍ ടെക്‌നിക്കല്‍ സെന്ററിലാണ് വാഹനം വികസിപ്പിച്ചത്.

വാഹനത്തിന് ഇന്നോവയെക്കാളും കുറഞ്ഞവിലയായിരിക്കുമെന്നും സൂചനകളുണ്ട്. മാരുതി എര്‍ട്ടിഗയ്ക്കും മരാസോ ഭീഷണിയായേക്കും.എന്തായാലും മഹീന്ദ്രയുടെ സ്രാവിനെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ഇന്ത്യന്‍ വാഹനലോകം.
 

click me!