ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്‍റെ പറക്കും ടാക്‌സി മുംബൈയില്‍ പറക്കും. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി.
മുംബൈ: ഓണ്‍ലൈന്‍ ടാക്സി സേവനദാതാക്കളായ യൂബറിന്‍റെ പറക്കും ടാക്‌സി മുംബൈയില്‍ പറക്കും. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ലോകത്തിലെ തന്നെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്കുള്ള നഗരങ്ങളിലൊന്നായ മുംബൈയിലെ അത്യാവശ്യയാത്രക്കാർക്ക് പറക്കും ടാക്സി ഏറെ പ്രയോജനകരമാകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ കരുതുന്നത്.
ടാക്സിയുടെ വിപണിയായി ആദ്യം പരിഗണിക്കുന്ന അഞ്ചു രാജ്യങ്ങളിലൊന്ന് ഇന്ത്യയാണെന്നാണ് യൂബർ നേരത്തെ അറിയിച്ചിരുന്നു. തുടര്‍ന്ന് അത്യാധുനിക എയര്‍ ടാക്‌സി സേവനം ഇന്ത്യയില്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് യൂബറിന്റെ അധികൃതര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു.
ഡ്രോൺ സർവീസിന് അംഗീകാരം നൽകിക്കൊണ്ട് കേന്ദ്രത്തിന് റിപ്പോർട്ട് സമർപ്പിച്ചതായി മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉന്നത ഉദ്യോഗസ്ഥൻ വെളിപ്പെടുത്തി. സർവീസിന്റെ നടത്തിപ്പിന് കൂടുതൽ സ്ഥലം അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. മുംബൈയുടെ പുതിയ ഡിപി (ഡവലപ്മെന്റ് പ്ലാൻ) 2034 പ്രകാരം 200 മീറ്ററിൽ കൂടുതൽ ഉയരമുള്ള എല്ലാ കെട്ടിടങ്ങളിലും ഹെലിപാഡോ ചെറിയ വിമാനം ഇറങ്ങാനുള്ള സൗകര്യമോ ഒരുക്കാൻ അനുവദിക്കുന്നുണ്ട്.
കുത്തനെ പറന്നുയരുകയും അതുപോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഇ.വി.ടി.ഒ എല്‍ (ഇലക്ട്രിക് വെര്‍ട്ടിക്കല്‍ ടേക് ഓഫ് ആന്‍ഡ് ലാന്‍ഡിങ് വെഹിക്ക്ള്‍ കണ്‍സപ്റ്റ്) എന്ന ആശയത്തെ ഹെലികോപ്റ്ററിന്റെയും ഡ്രോണിന്റെയും സമന്വയമെന്നാണ് യൂബര്‍ വിശേഷിപ്പിക്കുന്നത്.
ലൊസാഞ്ചലസില്‍ നടന്ന യൂബര്‍ എലിവേറ്റ് സമിറ്റിലാണ് പറക്കും ടാക്‌സിയുടെ മാതൃക ആദ്യമായി അവതരിപ്പിച്ചത്. ബാറ്ററിയാണ് പറക്കും ടാക്‌സിക്ക് ഊര്‍ജ്ജം നല്‍കുന്നത്. മണിക്കൂറില്‍ 300 കിലോമീറ്ററിലേറെ (200 മൈല്‍) വേഗം കൈവരിക്കാന്‍ ഈ വാഹനത്തിനു കഴിയുമെന്നാണ് യൂബറിന്‍റെ അവകാശവാദം. ഒറ്റത്തവണ ചാര്‍ജു ചെയ്താല്‍ ഏകദേശം 100 കിലോമീറ്റര്‍ (60 മൈല്‍) സഞ്ചരിക്കാം.
ആദ്യ ഘട്ടത്തില്‍ പൈലറ്റിന്റെ നിയന്ത്രണത്തിലാകും പറക്കും ടാക്‌സികള്‍. പിന്നീട് സ്വയം പറക്കുന്ന രീതിയില്‍ ഇവ അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇപ്പോള്‍ ടാക്‌സി ആവശ്യപ്പെടുന്ന അതേ രീതിയില്‍ ഭാവിയില്‍ പറക്കും ടാക്‌സികളും വിളിക്കാനാവുമെന്നും കമ്പനി അവകാശപ്പെടുന്നു.