മാടായിപ്പാറയുടെ കഥകള്‍; കാഴ്ചകളും!

By ഹണി ആര്‍ കെ  |  First Published Aug 6, 2017, 10:32 AM IST

മഴക്കാലത്ത് പച്ചപ്പരവതാനി വിരിച്ചതുപോലെയാണ് മാടായിപ്പാറ. ഓണക്കാലത്ത് നീലക്കടല്‍ പോലെയും. ചുട്ടുപഴുത്ത ഇരുമ്പിന്റെ നിറമാണ് പൊള്ളുന്ന വേനലില്‍. കാലത്തിനനുസരിച്ച് ഇവിടത്തെ കാഴ്ചയും അനുഭവവും മാറും. അത് അനുഭവിച്ചുതന്നെ അറിയണം. വാക്കുകളില്‍ പകുക്കുകയെന്നത് അസാധ്യം.

Latest Videos

മാടായിപ്പാറയിലെ മഴ പനിപിടിപ്പിക്കില്ലെന്നാണ് പറയാറ്. മഴ കൂട്ടുകൂടാനെത്തുമ്പോള്‍ ഒപ്പം ചേരുക. സ്നേഹമായി അത് മനസ്സ് കുളിര്‍പ്പിക്കും. മഴച്ചാറ്റലില്‍ വാത്സല്യം നിറയും. മഴചാറ്റല്‍ മിണ്ടാതെ മിണ്ടും. കഥകള്‍ പറയും. കാറ്റിന്റെ ചെറിയ താരാട്ട് പാട്ട് അതിനൊപ്പമുണ്ടാകും. മഴ നനഞ്ഞ് തീരുമ്പോള്‍ മനസ്സില്‍ സങ്കടപ്പെയ്ത്ത് തുടങ്ങും. വീണ്ടും മഴയെ കാത്തിരിക്കാന്‍ തോന്നും. അങ്ങനെ ഓരോ മഴയ്ക്കുമിടയില്‍ ജീവിതം ജീവിച്ച് തീര്‍ക്കാന്‍ ആഗ്രഹിക്കും.

ചിങ്ങം അടുത്തെത്തിയാല്‍ മാടായിപ്പാറ നീലവസ്ത്രമണിയും.

കാക്കപ്പൂക്കള്‍ മാടായിപ്പാറയെ ഒന്നാകെ വിഴുങ്ങും. കൃഷ്ണപൂവും കണ്ണാന്തളിയും നിറഞ്ഞ് മാടായിപ്പാറ കണ്ണെത്താദൂരത്തോളം നീലക്കടല്‍ പോലെ സുന്ദരിയാകും. എരിക്കു തപ്പി, പൊന്തച്ചുറ്റന്‍, സ്വര്‍ണ്ണച്ചിറകുകളുള്ള ഗരുഡശലഭം, വിറവാലന്‍ തുടങ്ങി പേരുള്ളതും ഇനിയും പേരിടാത്തതുമായ നിരവധി പൂമ്പാറ്റകള്‍ വട്ടമിട്ട് പറക്കും. പലനിറത്തിലും വലുപ്പത്തിലുമുള്ളവ. ഒപ്പം തുമ്പികളും.

ജൈവവസന്തമൊരുക്കി മാടായിപ്പാറ

പ്രകൃതി വേണ്ടുവോളം അനുഗ്രഹം ചൊരിഞ്ഞയിടമാണ് മാടായിപ്പാറ. 38 ഇനം പുല്‍ച്ചെടികള്‍ ഇവിടെ തളിര്‍ത്ത് വളരുന്നുണ്ട്. 280ഓളം തരത്തിലുള്ള മറ്റുചെടികളുമുണ്ട്. ഇതില്‍ 24 ഇനം ഔഷധ പ്രാധാന്യമുള്ള ചെടികളാണ്. അപൂര്‍വമായി കാണപ്പെടുന്ന പ്രാണിപ്പിടിയന്‍ സസ്യവും ഇവിടെയുണ്ട്. അപൂര്‍വ്വങ്ങളായ 92 ഇനം ചിത്രശലഭങ്ങളെയും 68 ഓളം പക്ഷികളെയും ഇവിടെ കണ്ടെത്തിയിയിട്ടുണ്ട്. പ്രകൃതി ഒരു ജൈവവസന്തം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു.

കൊടിയ വേനലിലും വറ്റാത്ത കുളങ്ങള്‍ മാടായിപ്പാറയുടെ ജൈവികത നിലനിര്‍ത്തുന്നു. കൂറ്റന്‍ കരിമ്പാറ വെട്ടി ചതുരത്തിലുണ്ടാക്കിയ കുളമാണ് അതിലൊന്ന്. യവനരും ജൂതന്‍‌മാരും നൂറ്റാണ്ടുകളോളം ഉപയോഗിച്ച കിണറാണ് ഇത്. വ്യാപാരത്തിനായി എത്തിയ ജൂതന്‍‌മാര്‍ കുടില്‍ കെട്ടി കോളനിയായി താമസിച്ചിരുന്ന സ്ഥലത്താണ് ഇതുള്ളത്. മറ്റൊന്ന് ഐതിഹ്യപ്പെരുമയുമായുമായി നിലനില്‍ക്കുന്ന വടുകുന്ദ ക്ഷേത്രക്കുളമാണ്. മകളായ ഭദ്രകാളിക്ക്‌ കുളിക്കാനായി പരമശിവന്‍ തന്റെ ശൂലം കൊണ്ട്‌ കുത്തിയെടുത്തതാണ്‌ ഈ കുളമെന്നാണ്‌ ഐതിഹ്യം. ഇവയെ കൂടാതെ പലതരം കുളങ്ങള്‍ ഇവിടെ ഉണ്ടായിരുന്നതായി പറയുന്നു.

കഥകള്‍ ഏറെ; വിശ്വാസത്തിനൊപ്പം ചരിത്രവും

കഥയും ഐതിഹ്യവും ചരിത്രവും വിശ്വാസവും പരസ്പരം കെട്ടുപിണഞ്ഞുകിടക്കുന്നു ഇവിടെ. വല്ലഭന്‍ രണ്ടാമന്‍ എന്ന മൂഷിക രാജന്‍ പണികഴിപ്പിച്ചതാണ് മാടായി നഗരം അഥവാ മാരാഹി നഗരം, എന്നു പറയുന്നു. വടക്കേ മലബാറിലെ ശാക്തേയ ആരാധനാ കേന്ദ്രങ്ങളില്‍ പ്രധാനമായ മാടായിക്കാവും കണ്ണൂര്‍ ജില്ലയിലെ പ്രസിദ്ധ ആരാധനകേന്ദ്രങ്ങളായ വടുകുന്ദ ശിവക്ഷേത്രവും മാടായിപ്പാറയിലാണ്. മാടായിക്കാവ് തിരുവര്‍ക്കാട്ട് കാവ് എന്ന പേരിലും അറിയപ്പെടുന്നു. ദാരികവധം ചെയ്യുന്ന ഭദ്രകാളിയാണ് തിരുവര്‍ക്കാട്ട് കാവിലെ പ്രധാനപ്രതിഷ്ഠ.

 

കാവിന് തിരുവര്‍ട്ടുകാവ് എന്ന് പേര് വന്നതെങ്ങനെയെന്ന് സൂചിപ്പിക്കുന്ന നിരവധി ഐതിഹ്യങ്ങളുണ്ട്. രാജരാജേശ്വര ക്ഷേത്രത്തിലായിരുന്നു ആദ്യം ദേവിയുടെ ആരൂഢസ്ഥാനം. എന്നാല്‍ ഇവിടത്തെ പൂജകളില്‍ ദേവി സംതൃപ്തയായിരുന്നില്ല. രാജരാജേശ്വര ക്ഷേത്രത്തില്‍ നിന്ന് മാറണമെന്ന് ദേവി ആഗ്രഹിച്ചു. ഭഗവതി കോപിച്ച് അരുളി ചെയ്തു. അപ്പോള്‍ വെളിച്ചപ്പാട് ഉറഞ്ഞുകൊണ്ട് ഒരു തീക്കൊള്ളി എടുത്ത് ഏഴിമലയുടെ നേര്‍ക്കെറിഞ്ഞു. ഏഴിമലയുടെ തൊട്ടിപ്പുറത്തെ കാട്ടിലാണ് അതു ചെന്നു പതിച്ചത്. അവിടത്തെ കാട് കത്തിച്ചാമ്പലായിപ്പോയി. എരിഞ്ഞു പോയ അവിടെമാണത്രേ ഇന്നത്തെ എരിപുരം. തീക്കൊള്ളി മാത്രം അവശേഷിച്ച അവിടെ ഭഗവതിയുടെ പ്രതിഷ്ഠ നടത്തി. തിരുവിറക് കാട്ടിയ സ്ഥലത്ത് പ്രതിഷ്ഠിച്ച ഭഗവതിയായതിനാല്‍ പിന്നീട് തിരുവര്‍ക്കാട്ട് ഭഗവതിയായി എന്ന് ഐതിഹ്യം. തിരു‌എറുകാട് എന്നത് തിരുവര്‍ക്കാട്ടായതാണ് എന്നും ഐതിഹ്യമുണ്ട്. കാളി ദാരികനെ കൊന്ന് ജഡമെറിഞ്ഞ സ്ഥലം എന്ന നിലയ്‍ക്ക് തിരുഎറുകാടായി എന്നും പറയുന്നു. ചിറക്കല്‍ രാജവംശത്തിന്റെ പരദേവതയാണ് തിരുവര്‍ക്കാട്ട് ഭഗവതി. ഇവിടെ ശാക്തേയ പൂജയാണ് നടക്കുന്നത്.

മത്സ്യവും ഇറച്ചിയുമൊക്കെ പൂജിക്കുന്ന അപൂര്‍വം ക്ഷേത്രങ്ങളിലൊന്നാണ് മാടായിക്കാവ്.

വാഴുന്നോരുടെ പ്രാന്തും നാട്ടുകാരുടെ ആധിയും മാറ്റിയ ദിവ്യന്‍
ചരിത്രം വിശ്വാസവും കൂടിക്കുഴഞ്ഞ നിരവധി കഥകളുറങ്ങുന്ന മണ്ണാണിവിടം. അതിലൊന്നാണ് കാരിഗുരിക്കളുടെ കഥ. പുലയരുടെ ദൈവമായ കാരിഗുരുക്കള്‍ പുലിവേഷം മറിഞ്ഞ്‌ ദൈവക്കരുവായ കഥ തുടങ്ങുന്നത്‌ മാടായിക്കാവിലാണ്‌. ചിറക്കല്‍ തമ്പുരാന്റെ കീഴിലെ ഇടപ്രഭുവായ ചേണിച്ചേരി നമ്പ്യാരുടെ അടിയാന്‍മാരായ പള്ളിക്കുടിച്ചി വിരുന്തിയുടേയും കാവില്‍ മണിയന്‍ കുഞ്ഞിക്കരിമ്പന്റെയും മകനാണ് കാരിഗുരുക്കള്‍.

കാരി, കാരിഗുരുക്കളായത് ചേണിച്ചേരി നമ്പ്യാരുടെ സഹായം കൊണ്ടാണ്. മാടായിക്കാവിനോടനുബന്ധിച്ചുള്ള കളരിയില്‍ ഗുരുക്കള്‍ അഭ്യസിക്കുന്നതിന്റെ ശബ്ദം കേട്ട് കാരി അവിടെയെത്തുകയാണ്.

പുലയനാണെന്ന് പറഞ്ഞാല്‍ കളരി പഠിപ്പിക്കില്ല

കളരിയോട് കാരിയുടെ വല്ലാത്ത താല്‍പ്പര്യം മനസ്സിലാക്കിയ ചേണിച്ചേരി നമ്പ്യാര്‍ പറഞ്ഞു, -ഗുരുക്കളോട് ചേണിച്ചേരി തറവാട്ടുകാരനാണെന്ന് പറഞ്ഞാല്‍ മതി. അങ്ങനെ കാരി കളരി അഭ്യസിക്കാന്‍ തുടങ്ങി.

തുടര്‍ന്ന് 18 കളരിയില്‍ കാരി പഠിച്ചു. പതിനെട്ടാം കളരി ചോതിയാന്‍ കളരിയാണ്. കരിക്കത്തയമ്മ എന്ന യുവതിയാണ് ഗുരു. മാറാട്ട വിദ്യ( പുലി വേഷം മറയാനുള്ള വിദ്യ) പഠിപ്പിച്ചു. പഠനത്തിനൊടുവില്‍ കാരിയുടെ മാറാട്ടം കരിക്കത്തയമ്മ പരീക്ഷിച്ചു. കാരിയുടെ പുലിവേഷം കണ്ട ഗുരു പുലിക്കൂട്ടത്തില്‍ ചെന്നറ്റം ചേര്‍ന്ന് പോകുക എന്ന് ശിഷ്യനെ ആശംസിച്ചു. ഈ ആശംസ ഒടുവില്‍ കാരിയെ പുലിയാക്കിയെന്നത് മറ്റൊരു വസ്തുത.

കാരി പേരും പെരുമയുമുള്ള കളരിഗുരുക്കളായി മാറി. അള്ളടത്ത് തമ്പുരാന് ആധി ബാധിച്ചപ്പോള്‍ കാരിയുടെ മന്ത്രവാദം ആവശ്യമായി വന്നു. നമ്പ്യാര്‍ ഗുരുക്കളെ തമ്പുരാന്റെ അടുത്തേക്ക് അയച്ചു. തമ്പുരാന്റെ ആധി മാറ്റിയാല്‍ വലിയ ഉപഹാരങ്ങളാണ് പ്രഖ്യാപിക്കപ്പെട്ടിരുന്നത്. എന്നാല്‍ ആധി മാറിയപ്പോള്‍ തമ്പുരാന്‍ വാക്കു പാലിക്കാന്‍ തയ്യാറായില്ല. പ്രതിഫലം തരണമെങ്കില്‍ പുലിയൂര് കുന്നില്‍ ചെന്ന് പുലിച്ചെടയും പുലിപ്പാലും കൊണ്ടുവരണമെന്ന് പ്രഖ്യാപിച്ചു.

കാരിയെ കൊല്ലുകയായിരുന്നു തമ്പുരാന്റെ ലക്ഷ്യം

എന്നാല്‍ പുലിവേഷം മറഞ്ഞ്, എതിര്‍പ്പുകളെല്ലാം തട്ടിനീക്കി പുലിപ്പാലും പുലി ജടയും മാടായി കാരിഗുരുക്കള്‍ മടങ്ങിയെത്തി. ഭാര്യ വെള്ളച്ചി അരിക്കാടി വെള്ളം പുലിയുടെ മേല്‍ ഒഴിച്ചാല്‍ കാരിഗുരിക്കളുടെ രൂപം തിരിച്ചുകിട്ടും. എന്നാല്‍ രൗദ്രഭീകരരൂപിയായ എത്തിയ പുലിയെ കണ്ട് ഭാര്യ പേടിച്ചു. അവള്‍ അരിക്കാരി വെള്ളത്തിന്റെ കാര്യം മറന്നു. വീട്ടിനകത്ത് കയറി വാതിലടച്ചു. കാരിക്ക് കരിക്കത്തയമ്മയുടെ ആശംസ ഓര്‍മ്മവന്നു.

വാതിലടച്ച് കുറ്റിയിട്ട ഭാര്യയെകഴുത്ത് ചവച്ച് കൊന്നു. പുലിയായിത്തന്നെ പുറത്തിറങ്ങി. അള്ളട നാട്ടിനെ ശാപവും കോപവും കൊണ്ട് വിറപ്പിച്ചു. തമ്പുരാന്റെ കുട്ടികള്‍ക്കും പെണ്ണുങ്ങള്‍ക്കും രോഗങ്ങള്‍ വന്നു.

കാലികളെയും കടച്ചികളെയും പുലി കടിച്ചുകൊന്നു. പ്രശ്നം രൂക്ഷമായപ്പോള്‍ ചിറക്കല്‍ തമ്പുരാന്‍ തന്നെ ഇടപെട്ടു. പ്രശ്നം വച്ചു. കുഞ്ഞിമംഗലത്തു നിന്ന് പാറന്താട്ട് ചേണിച്ചേരി കുഞ്ഞമ്പു നമ്പ്യാരെ വിളിക്കണമെന്ന് വിധി. ചേണിച്ചേരി നമ്പ്യാര്‍ എത്തി തമ്പുരാനോട് രോക്ഷം കൊണ്ടു. വാഗ്ദാനം ചെയ്ത കാര്യങ്ങള്‍ പാലിക്കാതിരിക്കാനല്ലെ കാരിയെ കാട്ടിലേക്കയച്ചതെന്ന് നമ്പ്യാര്‍ ദേഷ്യപ്പെട്ടു. ഒടുവില്‍ വാഗ്ദാനം ചെയ്തതെല്ലാം കൊടുക്കാന്‍ തീരുമാനമായി. കാരിഗുരുക്കള്‍ക്കായി ഒരു ക്ഷേത്രം രാജാവിന്റെ സ്ഥാനത്ത് രാജാവിന്റെ വക നിര്‍മ്മിക്കുകയും ചെയ്തു. അവിടെ 14 ദിവസം കളിയാട്ടം നടത്തി.

കാരി ഗുരുക്കളായി തെയ്യം ഉറഞ്ഞെത്തിയപ്പോള്‍ ചേണിച്ചേരി നമ്പ്യാര്‍ മോതിരമിട്ട് പേര് വിളിച്ചു. ഓലയിലെഴുതിയത് പ്രകാരം സ്ഥലത്തിന്റെ നീരുവീഴ്ത്തി തെയ്യത്തിന് നല്‍കി. തെയ്യം തിരിച്ചുകൊടുത്തപ്പോള്‍ ചേണിച്ചേരി ചോദിച്ചു. ഇത്രയും ഞാനെന്താ വേണ്ടത്?

എന്താ തമ്പുരാനെ കയ്യില്‍ വെക്കാന്‍ കഴിയില്ലെങ്കില്‍ ധര്‍മ്മം കൊടുത്തേ?

ആ ദൈവക്കരുവാണ് പിന്നീട് പുലിമറഞ്ഞ തൊണ്ടച്ചനായി കെട്ടിയാടപ്പെടുന്നത്.

മതസൗഹാര്‍ദ്ദത്തിന് കേളികേട്ട മാടായി
മതസൗഹാര്‍ദ്ദഭൂമി കൂടിയാണ് മാടായി. കിള്ളാനദിക്കരയിലുള്ള മാടായിപ്പള്ളിയും മാടായിക്കാവും തമ്മിലുള്ള  സൗഹൃദം ഇതിന് വ്യക്തമായ ഉദാഹരണമാണ്. കാവിലേക്കുള്ള തിടമ്പുമായി പോകുമ്പോള്‍ പള്ളിക്കടുത്തെത്തിയാല്‍ നമിക്കുമായിരുന്നു. അതുപോലെ കാവില്‍ ഉത്സവത്തിന് പള്ളിയില്‍ നിന്ന് വെള്ളിക്കാശ് നല്‍കുമായിരുന്നത്രെ. മാടായിപ്പള്ളി എ ഡി 1124ലാണ് സ്ഥാപിക്കപ്പെട്ടിട്ടുള്ളത്. മാലിക് ദിനാര്‍ കുടുംബം പള്ളി സ്ഥാപിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ കോലത്തിരി സന്തോഷത്തോടെ സ്ഥലം നല്‍കുകയായിരുന്നുവത്രേ. ഇവിടെ പ്രസിദ്ധമായ ബുദ്ധവിഹാരമായിരുന്നുവെന്നും പറയുന്നുണ്ട്.

നിരവധി പടയോട്ടങ്ങളും സന്ധിസംഭാഷണങ്ങളും നടന്നയിടമാണ് മാടായി. പാളയം ഗ്രൗണ്ട് മാടായിപ്പാറയിലായിരുന്നു. 1765‍-66ഇല്‍ കുറേക്കാലം ഹൈദരാലിയും പട്ടാളവും ഇവിടെ തമ്പടിച്ചിരുന്നതായി ചരിത്രത്തില്‍ പറയുന്നു.

ബ്രിട്ടിഷ് കമ്പനിയുമായി ഹൈദരാലി ചില സന്ധികളില്‍ ഒപ്പിട്ടത് ഇവിടെവച്ചാണ്

കേരളത്തില്‍ ഏറ്റവും അധികം ലിഗ്നെറ്റ് നിക്ഷേപമുള്ള സ്ഥലമാണ് മാടായിപ്പാറ. വടുകുന്ദ ക്ഷേത്രത്തില്‍ നിന്ന് അധികം ദൂരെയല്ലാത്ത സ്ഥലത്താണ് ചീനക്കളിമണ്ണ് കൂടുതലുള്ളത്. ഇവിടെ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഖനനം നടത്തിയിരുന്നെങ്കിലും പ്രകൃതി സ്നേഹികളുടെ കടുത്ത എതിര്‍പ്പിനെ തുടര്‍ന്ന് നിര്‍ത്തിവച്ചിരുന്നു. കളിമണ്‍ ഖനനം മാടായിപ്പാറയുടെ സംന്തുലിതാവസ്ഥയ്ക്ക് കോട്ടംവരുത്തുമെന്ന് ഭയക്കുന്നു.

ഇവിടത്തെ വിശേഷങ്ങള്‍ ഇതുകൊണ്ടൊന്നും തീരുന്നില്ല. കാഴ്ചകള്‍ വാക്കുകളുടെ ഫ്രെയിമുകള്‍ക്കുള്ളില്‍ ഒതുങ്ങുന്നില്ല ഇവിടെ. മാടായിപ്പാറയിലെ ചരിത്രം വായിച്ചുതീര്‍ക്കാന്‍ ഇനിയും ഏറെയുണ്ട്. അവ വായിച്ചുതീര്‍ക്കാന്‍ കാലമെത്ര കഴിയുമെന്ന് പറയുക അസാധ്യം.


കണ്ണൂര്‍ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിലാണ് മാടായിപ്പാറ. പഴയങ്ങാടിയാണ് ഏറ്റവും അടുത്ത റെയില്‍‌വേ സ്റ്റേഷന്‍. കണ്ണൂരില്‍ നിന്ന് മാടായിലേക്ക് ബസ് ലഭ്യമാണ്.

കടപ്പാട്: ഏഴിമല, കെ ബാലകൃഷ്ണന്‍

ചിത്രങ്ങള്‍: പ്രകാശ് മഹാദേവഗ്രാമം, പ്രവീണ്‍ രവീന്ദ്രന്‍

മറ്റ് യാത്രാനുഭവങ്ങള്‍ വായിക്കാം..

സുമതിവളവിന്‍റെ കഥ

ഒരുഭഗവദ്ഗീതയുടെ കഥ;കുറേ മലകളുടേയും ഒരു ഭൂതത്താന്‍റെയും കഥ!

പുഴകയറി വന്ന പോതി!

ആ രണ്ടു മത്സ്യങ്ങള്‍ ഇപ്പോഴും കുന്നു കയറാറുണ്ട്

ഈ സ്ഥലം പൊന്നാകുന്നത് പേരു കൊണ്ടു മാത്രമല്ല!

ഇവിടെ വച്ച് അദ്ദേഹം പറഞ്ഞു: "ഇതാ നിങ്ങളുടെ ദൈവം..!"

മറയൂര്‍ മധുരവും മുനിയറകളും

എന്നെ കുഴല്‍പ്പണക്കാരനാക്കിയ പൊന്മുടി യാത്ര

ഒരു ചൂടന്‍ യാത്ര!

 ഈ പംക്തിയിലേക്ക് നിങ്ങള്‍ക്കും എഴുതാം. നിങ്ങളുടെ യാത്രാനുഭവങ്ങളും ഓര്‍മ്മച്ചിത്രങ്ങളും prashobh@asianetnews.in എന്ന വിലാസത്തില്‍ അയക്കുക. സബ്ജക്ട് ലൈനില്‍ 'സഞ്ചാരി' എന്ന് സൂചിപ്പിക്കുക. 

click me!