തൊഴിലാളികള്‍ കൈകോര്‍ത്തു; ഓട്ടോ ചാര്‍ജ്ജ് വെറും 10 രൂപ!

By Web Team  |  First Published Feb 7, 2019, 4:18 PM IST

കൊച്ചിയില്‍ എത്തുന്ന യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കൊച്ചിയിലെവിടെയും ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇനി വെറും 10 രൂപ മാത്രം നല്‍കിയാല്‍ മതി.  


കൊച്ചി: കൊച്ചിയില്‍ എത്തുന്ന യാത്രികര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. കൊച്ചിയിലെവിടെയും ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കാന്‍ ഇനി വെറും 10 രൂപ മാത്രം നല്‍കിയാല്‍ മതി.  സിഐടിയുവും, ഐഎൻടിയുസിയും, ബിഎംഎസുമടക്കം കൊച്ചിയിലെ ആറ് ഓട്ടോറിക്ഷ തൊഴിലാളി യൂണിയനുകൾ സംയുക്തമായി രൂപീകരിച്ച എറണാകുളം ഡ്രൈവേഴ്സ് കോ ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ഈ കിടിയലന്‍ ഓഫറുമായി രംഗത്തെത്തിയിരിക്കുന്നത്. 

ഷെയര്‍ ഓട്ടോ മാതൃകയിലാണ് സര്‍വ്വീസ്.  ഒരു യാത്രക്കാരന് ഒരു കിലോമീറ്റര്‍ ദൂരം സഞ്ചരിക്കുന്നതിന്  മിനിമം ചാര്‍ജ്ജ് പത്ത് രൂപയാണ് നല്‍കേണ്ടി വരിക. ആദ്യത്തെ രണ്ട് കിലോമീറ്ററിന് പത്ത് രൂപ വീതവും പിന്നിടുളള ഓരോ കിലോമീറ്ററിനും അഞ്ച് രൂപ വീതവും ഓരോ യാത്രികനും നല്‍കണം.

Latest Videos

ഇ-ഓട്ടോയില്‍ ഡ്രൈവറുടെ തൊട്ടരികില്‍ ഒരാള്‍ക്കും പുറകിലെ സീറ്റുകളില്‍ നാല് പേര്‍ക്കും ഇരിക്കാം. ഇതോടെ കൂടുതല്‍ യാത്രക്കാര്‍ക്ക് ഓട്ടോയില്‍ സഞ്ചിരിക്കാന്‍ കഴിയും.  

മെട്രോയിലേക്ക് കൂടുതൽ യാത്രക്കാരെ ആകർഷിക്കാൻ കെഎംആർഎൽ ആവിഷ്‍കരിച്ച പദ്ധതിയില്‍ തൊഴിലാളികളും പങ്കാളികളാകുകയായിരുന്നു. കൊച്ചി മെട്രോയുടെ ഫീഡർ സർവ്വീസുകളായാണ് ഇലക്ട്രിക് ഓട്ടോറിക്ഷകൾ സർവ്വീസ് നടത്തുക. ആദ്യഘട്ടത്തിൽ 16 ഓട്ടോകളാണ് നിരത്തിലിറങ്ങിയിരിക്കുന്നത്. ഒരു തവണ ചാർജ് ചെയ്താൽ എൺപത് കിലോമീറ്റർ വരെ ഓടാൻ ഇ-ഓട്ടോകൾക്ക് കഴിയും. 

ഇലക്ട്രിക്ക് ഓട്ടോ ഓടിക്കുന്ന ഡ്രൈവർമാരെല്ലാം സൊസൈറ്റി അംഗങ്ങളായിരിക്കും. നിലവിൽ രണ്ട് വനിതാ ഡ്രൈവർമാരും സൊസൈറ്റിയിൽ ഉണ്ട്. കൂടുതൽ ഡ്രൈവർമാരെ ഉൾപ്പെടുത്തി സൊസൈറ്റി വിപുലീകരിക്കാനാണ് കെഎംആ‌ർഎൽ ലക്ഷ്യമിടുന്നത്.

കാക്കി നിറത്തിൽ നിന്നും വ്യത്യസ്തമായി നീല നിറത്തിലുള്ള യൂണിഫോമായിരിക്കും ഇലക്ട്രിക്ക് ഓട്ടോ ഡ്രൈവർമാരുടേത്. നിലവിൽ ആലുവ, കളമശ്ശേരി, കലൂർ, എംജി റോഡ്, മഹാരാജാസ് കോളേജ് എന്നീ സ്റ്റേഷനുകളിലാണ് ഓട്ടോകൾ വിന്യസിച്ചിരിക്കുന്നത്. രണ്ടാം ഘട്ടമായി ഉടൻ തന്നെ 22 ഓട്ടറിക്ഷകൾ കൂടി സർവ്വീസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

click me!