പ്രളയദുരിതത്തിനിടെ അപൂർവ കാഴ്ചയ്ക്ക് സാക്ഷിയായി കൊച്ചി വെല്ലിങ്ഡൻ ദ്വീപിലെ വ്യോമസേനാ വിമാനത്താവളം. നീണ്ട 19 വര്‍ഷങ്ങല്‍ക്കു ശേഷം വ്യോമ താവളത്തിൽ വീണ്ടും യാത്രാവിമാനമിറങ്ങി.
കൊച്ചി : പ്രളയദുരിതത്തിനിടെ അപൂർവ കാഴ്ചയ്ക്ക് സാക്ഷിയായി കൊച്ചി വെല്ലിങ്ഡൻ ദ്വീപിലെ വ്യോമസേനാ വിമാനത്താവളം. നീണ്ട 19 വര്‍ഷങ്ങല്‍ക്കു ശേഷം വ്യോമ താവളത്തിൽ വീണ്ടും യാത്രാവിമാനമിറങ്ങി. എയർ ഇന്ത്യയുടെ ചെറുവിമാന ഉപകമ്പനിയായ അലയൻസ് എയറിന്റെ ചെറുവിമാനം എടിആർ ആണ് ഇന്നു രാവിലെ 7.30 ന് ഇവിടെ ഇറങ്ങിയത്. 70 പേർക്കു യാത്ര ചെയ്യാവുന്ന വിമാനം ബെംഗളൂരുവിൽ നിന്നാണ് കൊച്ചിയിലെത്തിയത്.
1999-ല്‍ നെടുമ്പാശേരി വിമാനത്താവളം കമ്മിഷന്‍ ചെയ്യുന്നതു വരെ ഇവിടെ നിന്നായിരുന്നു യാത്രാവിമാനങ്ങള്‍ സര്‍വീസ് നടത്തിയിരുന്നത്. 1999 ജൂൺ പത്തിനായിരുന്നു ഏറ്റവുമൊടുവിൽ നേവൽ ബേസ് വിമാനത്താവളത്തിൽനിന്നു പൊതുജനങ്ങൾക്കായുള്ള സർവീസ്. ഇപ്പോല്‍ നാവികസേനയുടെ കൈവശമുള്ള പഴയ കൊച്ചി വിമാനത്താവളത്തിന്‍റെ പേര് ഐഎന്‍എസ് ഗരുഡ എന്നാണ്.
നെടുമ്പാശ്ശേരി വിമാനത്താവളം വെള്ളത്തില്‍ മുങ്ങിയിതിനെ തുടര്‍ന്ന് അടച്ചിട്ടിരിക്കുകയാണ്. അതേസമയം വിമാനത്താവള പരിസരത്ത് വെള്ളം പൂര്‍ണ്ണമായും ഇറങ്ങിത്തുടങ്ങി. ടെര്‍മിനലില്‍നിന്ന് ചെളി നീക്കുകയാണിപ്പോള്‍. 26ആം തീയതി വരെ അടഞ്ഞുകിടക്കുമെന്നാണ് അറിയിപ്പ്. അതേസമയം ഇവിടെനിന്ന് എന്ന് സര്‍വ്വീസുകള്‍ തുടങ്ങാനാകുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല.
രാവിലെ 8.10ന് 70 യാത്രക്കാരുമായി ആദ്യ വിമാനം ബംഗലൂരുവിലേക്ക് പുറപ്പെട്ടു. ഇതുള്‍പ്പെടെ ഇന്ന് ബംഗലൂരുവിലേക്ക് രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സര്‍വ്വീസുമാണ് ഉണ്ടായിരുന്നത്. ബംഗലൂരുവില്‍നിന്നും കോയമ്പത്തൂരില്‍ നിന്നും കൊച്ചിയിലേക്കും സര്‍വ്വീസുകള്‍ തുടങ്ങിയിട്ടുണ്ട്.
രാജ്യാന്തര വിമാനത്താവളം തുറക്കുന്നതുവരെ കൂടുതൽ സ്ഥലങ്ങളിലേക്ക് നാവികസേനാ വിമാനത്താവളത്തില്‍ നിന്നും ആഭ്യന്തര സർവീസുകൾ നടത്തും. ബെംഗളൂരുവിലേക്കു രണ്ടും കോയമ്പത്തൂരിലേക്ക് ഒരു സർവീസുമാണു തുടക്കത്തിൽ ഉണ്ടാവുക. ചെറുവിമാനങ്ങള്‍ ഉപയോഗിച്ച് ദിവസം മൂന്നു സർവീസ്.
എയർപോർട്ട് അതോറിറ്റി ഓഫ് ഇന്ത്യ, സിഐഎസ്എഫ്, എയർ ഇന്ത്യ എന്നിവ ചേർന്ന് എയർ ട്രാഫിക് കൺട്രോൾ, സുരക്ഷാ പരിശോധന, ബാഗേജ് പരിശോധന, ട്രോളികൾ, യാത്രക്കാരുടെ നിരീക്ഷണം തുടങ്ങിയവ നാവികസേനാ താവളത്തിൽ സജ്ജമാക്കി.
വിമാനങ്ങളുടെ സമയക്രമം
നെടുമ്പാശേരിയിൽനിന്നുള്ള വിമാനങ്ങൾ റദ്ദാക്കിയതിനെത്തുടർന്നു ജെറ്റ് എയർവേയ്സ് വിമാനങ്ങൾ 26 വരെ തിരുവനന്തപുരത്തേക്ക് അധിക സർവീസ് നടത്തും. ദിവസവും മുംബൈ - തിരുവനന്തപുരം - മുംബൈ, ബെംഗളൂരു - തിരുവനന്തപുരം - ബെംഗളൂരു സെക്ടറിൽ ഓരോ സർവീസുണ്ടാകും. 26 വരെ കൊച്ചിയിലേക്കും കൊച്ചിയിൽനിന്നു പുറത്തേക്കും യാത്ര നിശ്ചയിച്ചിരുന്ന, ഉറപ്പാക്കിയ ടിക്കറ്റുള്ളവർക്കു യാത്രാ തീയതി മുതൽ പത്തുദിവസം വരെ തീയതി മാറ്റാം. കൂടുതൽ വിവരങ്ങൾക്ക്: ജെറ്റ് എയർവേയ്സിന്റ വെബ് സൈറ്റ്, മൊബൈൽ ആപ്, ടെലിഫോൺ: +91 (സിറ്റി കോഡ്) 39893333.
ഇന്ന് നടക്കുന്ന ട്രയല്‍ റണ്‍ വിജയിച്ചാല്‍ ഇന്‍ഡിഗോ വിമാന കമ്പനിയും നാളെ മുതല്‍ സര്‍വ്വീസ് തുടങ്ങും. റോഡ് ഗതാഗതം താരതമ്യേന ദുഷ്കരമായ സാഹചര്യത്തില്‍ കേരളത്തിന്‍റെ അയല്‍ നഗരങ്ങളുമായി കൊച്ചിയെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം.