ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിനോദസഞ്ചാര വിപണന മേളയായ 'ഫിറ്റുര്‍ 2019' ല്‍ തിളങ്ങിയത് കേരളത്തിന്‍റെ കായല്‍ സൗന്ദര്യവും വഞ്ചിവീടുകളും മോഹിനിയാട്ടവും.
തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ വിനോദസഞ്ചാര വിപണന മേളയായ 'ഫിറ്റുര്‍ 2019' ല്‍ തിളങ്ങിയത് കേരളത്തിന്‍റെ കായല്‍ സൗന്ദര്യവും വഞ്ചിവീടുകളും മോഹിനിയാട്ടവും.
സ്പെയിനിന്‍റെ തലസ്ഥാനമായ മഡ്രിഡില്‍ നടന്ന മേളയില്‍ നാട്ടുകാര്‍ക്കും മറ്റു നാടുകളല്‍നിന്ന് മേള കാണാനെത്തിയവര്‍ക്കും വിനോദ സഞ്ചാരത്തിന്‍റെ വാണിജ്യസാധ്യതകള്‍ തേടിയെത്തിയവര്‍ക്കും കേരളത്തിലെ ജീവിതത്തിന്‍റെയും സംസ്‍കാരത്തിന്‍റെയും ദൃശ്യവിരുന്നായി കേരള ടൂറിസം പവിലിയന്‍ മാറി. കായലുകളെയും അവയിലൂടെ ഒഴുകിനീങ്ങുന്ന ഹൗസ്ബോട്ടുകളെയും കേരളത്തിന്‍റെ തനതു ലാസ്യ നൃത്തരൂപമായ മോഹിനിയാട്ടത്തെയും അടിസ്ഥാനമാക്കിയായിരുന്നു അഞ്ചുദിവസങ്ങളിലായി നടന്ന മേളയില്‍ കേരള ടൂറിസത്തിന്‍റെ പവിലിയന്‍ അണിഞ്ഞൊരുങ്ങിയത്.
മേളയിലെ ഇന്ത്യന്‍ പവിലിയന്‍ സ്പെയിനിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീ സഞ്ജയ് വര്‍മയ്ക്കൊപ്പം സംസ്ഥാന ടൂറിസം മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനാണ് ഉദ്ഘാടനം ചെയ്തത്. കേന്ദ്ര ടൂറിസം ജോയിന്‍റ് സെക്രട്ടറി സുമന്‍ ബില്ല, സംസ്ഥാന ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്, സ്പെയിനിലെ ഇന്ത്യന്‍ എംബസിയിലെ രണ്ടാം സെക്രട്ടറി ശരവണന്‍ ബാലസുബ്രഹ്മണ്യന്‍, പ്രസ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് കള്‍ചര്‍ സെക്രട്ടറി ജീവ മറിയ ജോയ് തുടങ്ങിയവരും പങ്കെടുത്തു.
കേരളത്തിന്‍റെ ടൂറിസം സാധ്യതകളെക്കുറിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രനും ടൂറിസം സെക്രട്ടറി റാണി ജോര്‍ജും ടൂറിസം വ്യവസായത്തിലെയും മാധ്യമങ്ങളിലെയും വിവിധ പ്രതിനിധികളുമായി ചര്‍ച്ച നടത്തി. ഏറെ നഷ്ടങ്ങളുണ്ടാക്കിയ കേരളത്തിലെ പ്രളയത്തിനുശേഷമുള്ള ഒരു പ്രമുഖ ടൂറിസം മേളയാണ് ഫിറ്റുര്‍ എന്നു പറഞ്ഞ മന്ത്രി ഈ നഷ്ടങ്ങളെ കേരളത്തിലെ ടൂറിസം മേഖല അതിജീവിച്ചുവെന്ന സന്ദേശം നല്‍കി ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള സഞ്ചാരികളെ സംസ്ഥാനത്തേയ്ക്ക് ആകര്‍ഷിക്കുന്നുണ്ടെന്നു വ്യക്തമാക്കി.
സംസ്ഥാനത്തെ ടൂറിസം വ്യവസായത്തിന് കൂടുതല്‍ ഊര്‍ജം പകരാനും പുത്തന്‍ വ്യാപാര ബന്ധങ്ങള്‍ക്ക് തുടക്കമിടാനും ഫിറ്റുര്‍ മേള ഉപകരിച്ചുവെന്ന് റാണി ജോര്‍ജ് പറഞ്ഞു. തങ്ങള്‍ക്കു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ നൂതനമായ പരിഹാരമാര്‍ഗങ്ങള്‍ തേടി വിപണിയെ രൂപപ്പെടുത്തുമെന്നും അവര്‍ പറഞ്ഞു.
കേരളത്തിന്‍റെ വശ്യമായ പ്രകൃതിദൃശ്യങ്ങള്‍ അനാവരണം ചെയ്യുന്നതിനൊപ്പം പവിലിയനില്‍ അരങ്ങേറിയ തത്സമയ മോഹിനിയാട്ടം സന്ദര്‍ശകര്‍ക്ക് പുതുമയായി. കേരള സംഘത്തില്‍ സിജിഎച്ച് ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്, പയനിയര്‍ ട്രാവല്‍സ്, സന്ദാരി എന്നീ സ്ഥാപനങ്ങളുടെ പ്രതിനിധികളുമുണ്ടായിരുന്നു. ഇത് പതിനഞ്ചാം തവണയാണ് കേരളം ഫിറ്റുര്‍ മേളയില്‍ പങ്കെടുക്കുന്നത്.
ഇതുവരെ സംഘടിപ്പിച്ച ഫിറ്റുര്‍ മേളകളില്‍ ഏറ്റവും വലുതായിരുന്നു ഇക്കൊല്ലം നടന്നത്. 165 രാജ്യങ്ങളുടെയും പ്രദേശങ്ങളുടെയും പ്രാതിനിധ്യവും 886 സ്റ്റാന്‍ഡ്-ഹോള്‍ഡര്‍ പ്രദര്‍ശകരും 10487 കമ്പനികളും മേളയിലുണ്ടായിരുന്നു. ആഗോള ടൂറിസം വ്യവസായത്തിലെ വാണിജ്യ കരാറുകള്‍ക്കും മികച്ച വിപണന തന്ത്രങ്ങള്‍ക്കും രൂപം നല്‍കുന്ന വേദിയായി ഫിറ്റുര്‍ മാറിയിട്ടുണ്ട്.