പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് വിനോദസഞ്ചാര മേഖല; അമ്പരപ്പിക്കുന്ന നഷ്ടം

By Web Team  |  First Published Aug 31, 2018, 7:37 AM IST

പ്രളയത്തില്‍ തകര്‍ന്നടിഞ്ഞ് വിനോദസഞ്ചാര മേഖല


കൊച്ചി: പ്രളയത്തിൽ സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലക്ക് നഷ്ടം 1500 കോടി രൂപ. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് അടുത്ത മാസത്തേക്കുള്ള ബുക്കിംഗുകൾ പകുതിയായി കുറഞ്ഞു. മൂന്നാറിലെ നീലക്കുറിഞ്ഞി സീസണിൽ ടൂറിസം മേഖല പ്രതീക്ഷ ശതകോടികളുടെ വരുമാനമാണ് മഴയും പ്രളയവും കൂമ്പൊടിച്ചത്.

ആഭ്യന്തര രാജ്യാന്തര ടൂറിസ്റ്റുകൾ ഏറെ എത്തുന്ന കായൽ വിനോദസഞ്ചാര മേഖലകളും, ഹിൽസ്റ്റേഷനുകളും പ്രളയത്തിൽ തകർന്നടിഞ്ഞിരുന്നു. വയനാട്, മൂന്നാർ, തേക്കടി, കുട്ടനാട്, കുമരകം എന്നീ പ്രധാന കേന്ദ്രങ്ങളെല്ലാം ഒറ്റപ്പെട്ട അവസ്ഥയിലായി. കൊച്ചി രാജ്യാന്തര വിമാനത്താവളം രണ്ട് ആഴ്ചയോളം അടച്ചിടേണ്ടി വന്നു. 

Latest Videos

മൂന്നാറിൽ ആദ്യം പൂവിട്ട നീലക്കുറിഞ്ഞികൾ അഴുകാൻ തുടങ്ങിയിട്ടുണ്ട്. വെയിൽ കിട്ടിയാൽ നവംബർ മാസം വരെ ഇനിയും സീസൺ ലഭിക്കുമെന്നാണ് പ്രതീക്ഷ. എന്നാൽ മൂന്നാർ ഉൾപ്പടെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കുള്ള പാതകളെല്ലാം തകർന്നത് വലിയ തിരിച്ചടിയായി. ഇതോടെ സംസ്ഥാനത്ത് ആഭ്യന്തര ടൂറിസ്റ്റുകൾ ഏറെയെത്തുന്ന ഓഗസ്റ്റ് മാസത്തിലെ ബുക്കിംഗ് പൂർണ്ണമായും ഇല്ലാതായി. 

തകർന്നതും, കേടുപാടുകൾ സംഭവിച്ചതുമായി ഹോട്ടൽ കെട്ടിടങ്ങൾ വരുത്തി വെച്ചിരിക്കുന്നത് 500 കോടി രൂപയുടെ നഷ്ടം. അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം സംസ്ഥാനത്തെ പ്രളയം വാർത്തയായതോടെ ഡിസംബർ മുതലുള്ള രാജ്യാന്തര ടൂറിസ്റ്റുകളുടെ വരവിനെ ഇത് ബാധിക്കുമോയെന്ന ആശങ്കയുണ്ട്.

പകര്‍ച്ചവ്യാധി ഭീഷണിയും വിദേശ ടൂറിസ്റ്റുകളുടെ വരവിനെ ബാധിക്കും. ടൂറിസം വകുപ്പ്സംഘടിപ്പിക്കുന്ന കേരള ട്രാവല്‍മാര്‍ട്ട്  അടുത്ത മാസം 27 നാണ്. വിദേശ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പങ്കെടുക്കുന്ന ട്രാവല്‍മാര്‍ട്ടിനു മുന്പ് ടൂറിസം കേന്ദ്രങ്ങളിലെ സ്ഥിതി മെച്ചപ്പെട്ടില്ലെങ്കില്‍  ഈ വര്‍ഷത്തെ സീസണ്‍ പൂര്‍ണ്ണമായും നഷ്ടപ്പെടാനാണ് സാധ്യത.

click me!