സഞ്ചാരികളുടെ കണ്ണിലും മനസിലും മായക്കാഴ്ചകളൊരുക്കി മൂന്നാറിലെ മലനിരകളിൽ നീലക്കുറിഞ്ഞി വസന്തമാണ് ഇപ്പോള്‍. എന്നാല്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞി വാര്‍ത്തകള്‍ക്കിടയില്‍ അധികമാരും അറിയാതെ, കാണാതെ പോകുന്ന മറ്റൊരു പൂവസന്തമുണ്ട് ഇങ്ങ് കടലോരത്ത്. വൈപ്പിൻ തീരത്തെ കടൽക്കുറിഞ്ഞികളുടെ വയലറ്റ് വസന്തമാണത്.
സഞ്ചാരികളുടെ കണ്ണിലും മനസിലും മായക്കാഴ്ചകളൊരുക്കി മൂന്നാറിലെ മലനിരകളിൽ നീലക്കുറിഞ്ഞി വസന്തമാണ് ഇപ്പോള്‍. എന്നാല്‍ പൂത്തുലയുന്ന നീലക്കുറിഞ്ഞി വാര്‍ത്തകള്‍ക്കിടയില്‍ അധികമാരും അറിയാതെ, കാണാതെ പോകുന്ന മറ്റൊരു പൂവസന്തമുണ്ട് ഇങ്ങ് കടലോരത്ത്. വൈപ്പിൻ തീരത്തെ കടൽക്കുറിഞ്ഞികളുടെ വയലറ്റ് വസന്തമാണത്.
അടമ്പ് എന്ന ചെടിയുടെ വയലറ്റു നിറമുള്ള പൂക്കളാണ് കടല്‍ക്കുറിഞ്ഞിയെന്ന് അറിയപ്പെടുന്നത്. മൂന്നാറിലെ നീലക്കുറിഞ്ഞികളെ ഓര്‍മ്മിപ്പിക്കുന്നതിനാലാണ് ഇവയ്ക്കു കടൽക്കുറിഞ്ഞിയെന്നു പേരുവീണത്. പ്രളയശേഷം കടൽത്തീരത്തെ മണൽപരപ്പുകൾ ഉപ്പുരസം വീണ്ടെടുത്തതോടെ തീരമാകെ പടർന്നുവളർന്ന് പൂത്തുലഞ്ഞു നില്‍ക്കുന്ന കടല്‍ക്കുറിഞ്ഞികള്‍ തീരദേശ റോഡ് വഴി യാത്രചെയ്യുന്നവർക്കൊരു അപൂര്‍വ്വ കാഴ്ചയാണ്. ചെറായി, കുഴുപ്പിളളി, എടവനക്കാട്, പുതുവൈപ്പ് തീരങ്ങളിലെല്ലാം ഈ ചെടി കാണാം. കിലോമീറ്ററുകളോളം പടര്‍ന്നുവ്യാപിക്കുന്ന അടമ്പ് ചെടിയുടെ പൂക്കള്‍ കൊഴിയാതെ ദിവസങ്ങളോളം നില്‍ക്കും.
കോളാമ്പിയുടെ ആകൃതിയിലുള്ള വയലറ്റ് പൂക്കൾക്ക് അധികദിവസം ആയുസുണ്ടാവില്ല. പക്ഷേ ഒരോ ദിവസവും നൂറുകണക്കിനു പുതിയ പൂക്കൾ വിരിയുമെന്നതിനാൽ ആഴ്ചകളോളം കടൽത്തീരം വയലറ്റ് പരവതാനി വിരിച്ച പ്രതീതിയിലാവും. പുല്ലുപോലും കിളിർക്കാത്ത മണൽപരപ്പ് പൂന്തോട്ടമായി മാറിയതു കണ്ട് വിദേശികളടക്കമുള്ള വിനോദ സഞ്ചാരികള്‍ ഈ ബീച്ചുകളിലേക്ക് എത്തുന്നുണ്ട്.
മണ്ണിലെ ഉപ്പിന്റെ അംശം ബാധിക്കാത്ത സാൾട്ട് റെസിസ്റ്റന്റ് ഇനത്തിൽ പെടുന്നവയാണ് ഈ ചെടികള്‍. ഐപ്പോമിയ ബലോമിയ എന്നാണു ശാസ്ത്രനാമം. പെട്ടെന്നു പടർന്നുവളരുന്നതിനാൽ ആഴ്ചകൾക്കുള്ളിൽ പ്രദേശമാകെ വ്യാപിക്കും. ഇംഗ്ലീഷില്‍ beach morning glory എന്നും goat's foot എന്നും അറിയപ്പെടുന്ന ഈ സസ്യം നിലത്ത് പടർന്ന് തറ അടഞ്ഞു കിടക്കുന്നതു കൊണ്ടാണ് അടമ്പ് എന്ന പേരുവന്നത്. സമുദ്രതീരങ്ങളിലും നദീതീരങ്ങളിലും ധാരാളം പൂഴിമണ്ണുള്ള സ്ഥലത്ത് ഇവ തഴച്ചു വളരുന്നു. മണലിലെ ഉപ്പുരസം ഇവയെ ബാധിക്കുകയില്ല. ഇതിൻറെ ഇലകൾക്ക് ആട്ടിൻകുളമ്പിന്‍റെയും പൂവിന് കോളാമ്പിയുടേയും ആകൃതിയാണുള്ളത്.
വിത്തുകൾ കടൽമാർഗ്ഗം മറ്റിടങ്ങളിലേയ്ക്ക് പോകുന്നതു കാരണം ലോകത്തിൽ ഏറ്റവും വ്യാപകമായി കാണുന്ന ഉപ്പുരസത്തെ അതിജീവിക്കാൻ ശേഷിയുള്ള സസ്യങ്ങളിലൊന്നാണ് അടമ്പ്. കാൾ ലിനേയസ് ആണ് ഈ സസ്യത്തെ ആദ്യമായി വർഗ്ഗീകരിച്ചത്. അറ്റ്ലാന്റിക് മഹാസമുദ്രം, പസിഫിക് മഹാസമുദ്രം, ഇന്ത്യൻ മഹാസമുദ്രം എന്നീ സമുദ്രങ്ങളുടെ തീരങ്ങളിൽ ഇത് വ്യാപകമായി കാണപ്പെടുന്നുണ്ട്. തീരത്തെ മണൽത്തിട്ടകളിൽ കടലിലേയ്ക്കുള്ള ചരിവിലാണ് ഇവയെ കൂടുതലായി കാണപ്പെടുക. സ്പിനിഫെക്സ് എന്ന തരം പുല്ലിനോടൊപ്പം ഈ സസ്യം കാണപ്പെടാറുണ്ട്. ഈ സസ്യം പ്രമേഹചികിത്സയ്ക്കും ഉപയോഗിക്കുന്നു. വീക്കത്തിനും (കോശജ്വലനം), ആമാശയസംബന്ധിയായ അസുഖങ്ങൾക്കും ചികിത്സയായി ബ്രസീലിൽ ഈ സസ്യം ഉപയോഗിക്കാറുണ്ട്.