കണ്ണൂരിൽ വലിയ യാത്രാവിമാനം നാളെ പറന്നിറങ്ങും

By Web Team  |  First Published Sep 19, 2018, 3:44 PM IST

കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്‍റെ റൺവേയിൽ വലിയ യാത്രാവിമാനം വ്യാഴാഴ്ച (സെപ്‍തംബര്‍ 20) പറന്നിറങ്ങും


കണ്ണൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിന്‍റെ റൺവേയിൽ വലിയ യാത്രാവിമാനം വ്യാഴാഴ്ച പറന്നിറങ്ങും. എയർ ഇന്ത്യ എക്സ്പ്രസിന്റെ 189 സീറ്റുകളുള്ള ബോയിങ് 738 വിമാനമാണു വരുന്നത്. തിരുവനന്തപുരത്തു നിന്നു രാവിലെ ഒൻപതിനു പുറപ്പെടുന്ന വിമാനം പത്തുമണിയോടെ കണ്ണൂർ വിമാനത്താവളത്തിന്റെ റൺവേയിൽ ഇറങ്ങും. എയർപോർട്ട് അതോറിറ്റി കാലിബ്രേഷൻ വിമാനം ഉപയോഗിച്ചു നടത്തിയ പരിശോധനയെത്തുടർന്നു തയാറാക്കിയ ഇൻസ്ട്രുമെന്റ് അപ്രോച്ച് പ്രൊസീജ്യർ അനുസരിച്ചാണു വിമാനം ഇറക്കുക. വിമാനത്താവളത്തിന് അന്തിമ അനുമതി ലഭിക്കുന്നതിനുള്ള അവസാന കടമ്പയാണ് നാളെ നടക്കുന്നത്.

മൂന്നു മണിക്കൂറോളം തുടരുന്ന ഈ പരീക്ഷണ പറക്കലിനിടെ ആറു ലാൻഡിങ്ങുകൾ നടത്തും. എയർ ട്രാഫിക് കൺട്രോളിന്റെ സഹായത്തോടെയാണ് പരീക്ഷണ പറക്കലും ലാൻഡിങ്ങുകളും. 

Latest Videos

ഏതു കാലാവസ്ഥയിലും ഏതു സമയത്തും വിമാനത്താവളം പ്രവർത്തിപ്പിക്കാനുള്ള അനുമതിയാണ് കണ്ണൂർ വിമാനത്താവളത്തിന് ലഭിക്കേണ്ടത്. വിമാനത്താവളത്തിന് ലൈസൻസ് നൽകുന്നതിനു മുന്നോടിയായുള്ള ഡിജിസിഎയുടെ പരിശോധന ഇന്നലെ തുടങ്ങി. ഇന്നു വൈകിട്ടോടെ പരിശോധനകൾ പൂർത്തിയാക്കാൻ കഴിയുമെന്നാണു പ്രതീക്ഷ. 

വിമാനം വിജയകരമായി ഇറക്കി ഫ്ലൈറ്റ് വാലിഡേഷൻ പൂർത്തിയാക്കി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷന് (ഡിജിസിഎ) റിപ്പോർട്ട് നൽകിയ ശേഷമാവും വിമാനത്താവളത്തിന് അന്തിമ അനുമതി നൽകുക.

click me!