തോക്കുണ്ടാക്കുന്നവര്‍ ബൈക്കുണ്ടാക്കിയാല്‍..!

By Web Team  |  First Published Aug 29, 2018, 3:15 PM IST

ആയുധ നിര്‍മ്മാണത്തില്‍ നിന്നും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ  നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുകയാണ് കലാഷ്‌നിക്കോവ്


കലാഷ്‌നിക്കോവ് എന്ന തോക്ക് കമ്പനിയെക്കുറിച്ച് കേട്ടിട്ടില്ലേ? കലാഷ്‍നിക്കോവ് എന്നു കേട്ടിട്ടില്ലാത്തവര്‍ പോലും AK-47 എന്ന നാമം കേട്ടിരിക്കും. കലാഷ്‌നിക്കോവ് മോഡലാണ് AK-47 തോക്കുകള്‍. റഷ്യക്കാരായ ഈ കലാഷ്‍നിക്കോവ് കമ്പനി കഴിഞ്ഞ കുറച്ചുകാലമായി വാഹനലോകത്തെ സജീവചര്‍ച്ചാ വിഷയമാണ്. കാരണം ആയുധ നിര്‍മ്മാണത്തില്‍ നിന്നും ഇലക്ട്രിക് മോട്ടോര്‍സൈക്കിളുകളുടെ  നിര്‍മ്മാണത്തിലേക്ക് കടന്നിരിക്കുകയാണ് കലാഷ്‌നിക്കോവ്. 


റഷ്യന്‍ ആര്‍മി ഷോയിലാണ് പുതിയ ഇലക്ട്രിക് ബൈക്കുകളെ കലാഷ്‌നിക്കോവ് കാഴ്ചവെച്ചത്. കലാഷ്‌നികോവ് എസ്.എം-1 എന്ന് പേരിട്ടിരിക്കുന്ന ഈ മോട്ടോര്‍സൈക്കിള്‍ സൈനികര്‍ക്കായാണ് വികസിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടുണ്ട്.   നേക്കഡ് ബൈക്കിനെ ഓര്‍മിപ്പിക്കുന്ന രീതിയിലുള്ളതാണ് ഈ ബൈക്കിന്റെ ബോഡിയുടെ നിര്‍മാണവും മറ്റും. ദീര്‍ഘദൂര യാത്രകള്‍ക്ക് ഉതകുന്നതാണ് സസ്‌പെന്‍ഷന്‍. ഒപ്പം ഓഫ് റോഡ് ഡ്രൈവുകള്‍ക്ക് പിന്തുണയ്ക്കുന്ന ടയറുകളും വാഹനത്തിന്‍റെ പ്രത്യേകതയാണ്. 

Latest Videos

undefined

വാട്ടര്‍ കൂളിങ് ഡിസി മോട്ടര്‍ ലിതിയം ഇയോണ്‍ ബാറ്ററിയുമാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഒറ്റത്തവണ ചാര്‍ജില്‍ 150 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ ശേഷിയുള്ളതാണ് ബാറ്ററി. മണിക്കൂറില്‍ 90 കിലോമീറ്ററാണ് എസ്എം-1 കൈവരിക്കാന്‍ കഴിയുന്ന പരമാവധി വേഗത. ഈ വാഹനം സാധാരണ ജനങ്ങളിലേക്ക് എത്തുന്നത് സംബന്ധിച്ച കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. ഈ ബൈക്കിന്റെ വില ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ നിര്‍മാതാക്കള്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

കലാഷ്‌നിക്കോവിന് കീഴിലുള്ള റഷ്യന്‍ മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ IZH ആണ് ഇലക്ട്രിക് ബൈക്കുകളെ ഒരുക്കുന്നതെന്ന് മുമ്പ് തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1928 മുതല്‍ മോട്ടോര്‍സൈക്കിളുകളുടെ ഉത്പാദനത്തില്‍ സജീവമാണ് IZH.കലാഷ്‌നികോവ് ഇലക്ട്രിക് കാര്‍ നിര്‍മിക്കുന്നെന്ന് അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. അതിന് പിന്നാലെയാണ് ഓഫ് റോഡ് ഇലക്ട്രിക് ബൈക്ക് പുറത്തിറക്കുന്നത്. 

click me!